Saturday, November 29, 2014

ചികില്‍സ വേണ്ടത് മനുഷ്യന്‍റെ ആര്‍ത്തിയ്ക്കാണ്...

ടിവി തുറാക്കാനേ പറ്റുന്നില്ല .. ചാനല്‍കാര്‍ക്ക് കുറച്ചുദിവസത്തെ ഉപജീവനത്തിനായി കിട്ടിയതു പക്ഷിപ്പനിയായതിനാല്‍,ടിവി തുറക്കുമ്പോള്‍ ചീഞ്ഞഴുകിയ താറാവിറച്ചി മണക്കുന്നു,മനംപിരട്ടലുണ്ടാകുന്നു.. അവര്‍ കഴിയുന്നത്ര ആഘോഷിക്കുന്നു ..ചാനല്‍ച്ചര്‍ച്ചാജീവികള്‍ക്കും നേരം പോകാന്‍ കുറച്ചുദിവസത്തെ പണിയായി ..പക്ഷേ യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണ്ണമായും വിസ്മരിച്ചുകൊണ്ട് ,നേരംകൊല്ലല്‍ ചര്‍ച്ചകള്‍ മാത്രം നടക്കുന്നു ..താറാവുകളെ രോഗമില്ലാത്തവയെയും ഉള്ളവയെയും നിഷ്കരുണം കൊന്ന്‍ ചുട്ടുകരിയ്ക്കുന്നു . നഷ്ടപരിഹാരങ്ങളും പിന്നെ കുറെ ഉദ്യോഗസ്ഥര്‍ക്കുള്ള പണവിതരണവും നടക്കുന്നു ..മരുന്നുലോബികള്‍ക്കാണെങ്കില്‍ കൊയ്ത്തോട് കൊയ്തുതന്നെ .. പാര്‍ശ്വഫലങ്ങള്‍ ഉള്ള മരുന്നത്രയും പരീക്ഷിയ്ക്കാനും വിറ്റഴിക്കാനും വലിയ വിപണി തുറന്നുകിട്ടിയിരിയ്ക്കുന്നു .

താറാവുകളുടെ ദീനരോദനങ്ങള്‍ ഏറ്റെടുക്കാന്‍   മനേകാ ഗാന്ധിയുമില്ല ജന്തുസ്നേഹികളുമില്ല ,ആരുമില്ല  ,ലക്ഷക്കണക്കിനു ജീവനുകള്‍ നശിപ്പിക്കപ്പെടുന്നു .. മനുഷ്നു പനി പകര്‍ന്നാലോ എന്നാണാശങ്ക ..
  താറാവിനായാലും മനുഷ്യനായാലും  എന്തുകൊണ്ട് അസുഖം വരുന്നു എന്ന്‍ ശാസ്ത്രീയമായ പഠനം നടത്താന്‍ ആരും തുനിയുന്നുമില്ല.. തുനിയില്ല. എങ്കില്‍ പിന്നെ മരുന്നുവിപണി അടച്ചുപുട്ടേണ്ടി വരും .പ്രശ്നമില്ലെങ്കില്‍ രാഷ്ട്രീയ ഉപജീവികള്‍ ,ചാനലുകാര്‍ ,ചര്‍ച്ചാജിവികള്‍ എല്ലാവരും പട്ടിണിയിലാവും .അപ്പോള്‍ പിന്നെ ,ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടെയിരിക്കണം ..അവയ്ക്കു ശാസ്ത്രീയമായ പരിഹാരങ്ങള്‍ ഒരിക്കലുമുണ്ടാകരുത്..

പശുവും കോഴിയും ആടും താറാവുമൊക്കെ കൃഷിയായപ്പോള്‍ ,അവയ്ക്കു അവയുടെ സ്വാഭാവിക ജീവിതരീതികളും തീറ്റയും നിഷേധിയ്ക്കപ്പെട്ടപ്പോള്‍, ഒപ്പം പാരിസ്ഥിതികമായ മലിനീകരണങ്ങള്‍ കൂടിയായപ്പോള്‍ ,അവയുടെ പ്രതിരോധശേഷി അപ്പാടെ തകരുകയും വൈറസ് രോഗങ്ങള്‍ അവയെ പിടികൂടുകയും ചെയ്യുമ്പോള്‍ എവിടെയാണ് ചികില്‍സിക്കേണ്ടത് ? എന്തിനെ ചികില്‍സിച്ചു മാറ്റിയാലാണ് പാവം താറാവുകളും കോഴികളുമൊക്കെ രക്ഷപ്പെടുക ? ആരെങ്കിലും  ചിന്തിച്ചിട്ടുണ്ടാകുമോ  ?

താറാവുവളര്‍ത്തല്‍ വളരെ മുമ്പേ കേരളത്തിലുണ്ട് .. കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ അവയെ കൂട്ടത്തോടെ മേയാന്‍ വിട്ടിരുന്നപ്പോള്‍ ,പാടങ്ങളിലെ മുഴുവന്‍  കീടങ്ങളേയും അവ നിയന്ത്രിയ്ക്കുകയും നെല്‍കൃഷി കൂടി മെച്ചമാവുകയും ചെയ്തിരുന്നു .. ഇന്ന്‍ അമിതമായ ആര്‍ത്തി മൂത്ത് , താറാവെന്നാല്‍ പണം കിട്ടാനുള്ള ഒരു ഉപാധി എന്ന നിലയിലേയ്ക്ക് തരം താണപ്പോള്‍ ,ഈ ആര്‍ത്തിയാണ് എച്ച്5 എന്‍ 1 എന്നോ പക്ഷിപ്പനി എന്നോ എന്തുപേരിട്ടു വിളിച്ചാലും ഇന്നത്തെ അവസ്ഥ ഉണ്ടാക്കിയിരിയ്ക്കുന്നത് .. മരുന്ന്‍ വേണ്ടത് ഈ ആര്‍ത്തിയ്ക്കാണ്. ഇത് മാറുകയും സ്നേഹം എന്ന മറന്നുപോയ വാക്കിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കി ജീവിയ്ക്കുകയും ചെയ്യുമ്പോള്‍ പാവം താറാവുകളും ഒപ്പം മനുഷ്യരും രക്ഷപ്പെടും .. 

Friday, November 14, 2014

നിര്‍ത്താം ,നമുക്കീ വിഷവ്യാപാരങ്ങള്‍ ...

ഹാരത്തില്‍ വിഷം കലര്‍ത്തി വില്‍ക്കുന്നത് തടയാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ ?.. ആഹാരമെന്നപേരില്‍ മനുഷ്യശരീരത്തിന് താങ്ങാനാകാത്തതിലും എത്രയോ ഇരട്ടി വിഷങ്ങള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും സംസ്കരിച്ച ഭക്ഷ്യ വിഭവങ്ങങ്ങളും ഒപ്പം ഭക്ഷണങ്ങളും ഇവിടെ നിര്‍ബാധം വിറ്റഴിയ്ക്കപ്പെടുന്നു .. 'ഇത് കേരള സ്പെഷ്യല്‍ ' എന്നു ധീരതയോടെ പറഞ്ഞുകൊണ്ടു കൊടും വിഷം ഇവിടെയ്ക്കയക്കാന്‍ തമിഴനും മറ്റും ധൈര്യപ്പെടുന്നു .. ഇവിടെ മലയാളികളില്‍ കൊച്ചുകുട്ടികളുടെ വരെ കിഡ്നി,കരള്‍ ഹൃദയം ,പാന്‍ ക്രിയാസ് ,നാഡീ ഞരമ്പുകള്‍ , കാഴ്ചശക്തി ,ഓര്‍മ്മശക്തി ,എല്ലാം തകരാറിലാകുന്നു ..  

 നമ്മള്‍ കോടികള്‍ മുടക്കി,നമ്മുടെ സ്വന്തം ചെലവില്‍ നിലനിര്‍ത്തുന്ന   പഞ്ചായത്ത്തലം മുതലുള്ള അധികാരികള്‍ക്കൊന്നും ഇതേപ്പറ്റി ഒരു പ്രതികരണവുമില്ല .. കൃഷിചെയ്യാനൊന്നും മെനക്കേടാതെ ചുംബിച്ചും  കെട്ടിപ്പിടിച്ചുമൊക്കെയും പിന്നെ അതിനെകുറിച്ച് പത്രങ്ങളിലും മാസികളിലും എഴുതിയും താരങ്ങളാകുക എന്ന ലക്ഷ്യം ഉള്ളവര്‍ക്കും ഇതൊന്നും ഒരു കാര്യമേയല്ല എന്ന മട്ടാണ്.. 

  ജൈവസംസ്കൃതി യെപ്പോലുള്ള അപൂര്‍വ്വം ചില സംഘടനകളും കൂട്ടായമകളും മോഹനന്‍ വൈദ്യരേപ്പോലെയുള്ള ചില ഒറ്റയാള്‍ പോരാട്ടങ്ങളും മാത്രമുണ്ടിന്ന് ഇതിനെതിരെ പ്രവര്‍ത്തിയ്ക്കാന്‍ .. 

ഇന്ന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ ,ഒരു പരിധിവരെ സാധനങ്ങള്‍ വിഷമില്ലാതെ നട്ടുണ്ടാകാനുള്ള ഒരു മനസ്സ് മലയാളിയ്ക്കുണ്ടാകുന്നില്ലെങ്കില്‍ ,അതിനായുള്ള ശക്തമായ പ്രചാരണങ്ങള്‍ നടത്താന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അവരുടെ ഊര്‍ജ്ജം നേരാം വണ്ണം ഉപയോഗിയ്കുന്നില്ലെങ്കില്‍ , കേരളം മാരകരോഗങ്ങളുടേയും ഒപ്പം ജനിതകതകരാറുകളുടെയും ബുദ്ധിമാന്ദ്യത്തിന്റെയും വന്ധ്യതയുടെയുമൊക്കെ സ്വന്തം നാടായി പൂര്‍ണ്ണമായും ആയിത്തീരും .. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ ജനിക്കാതിരിയ്ക്കും ..
നമുക്ക് തടയാന്‍ കഴിയണം വിഷങ്ങള്‍ ഇവിടെ വിപണികളില്‍ വിറ്റഴിയ്ക്കുന്നതിനെ  . നമുക്ക് തടയാന്‍ കഴിയണം വിഷങ്ങള്‍ ആഹാരം എന്ന ലേബലില്‍ നിറവും മണവും ചേര്‍ത്ത് ആകര്‍ഷകമായ പായ്ക്കറ്റുകളില്‍   വിറ്റഴിയ്ക്കുന്നതിനെ .. ..മായംചെര്‍ക്കല്‍ നിയമം അനുസരിച്ചു പിടിച്ചെടുപ്പിക്കാനാകണം വിഷം കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളും ഭക്ഷണങ്ങളും .. ഇതിനൊക്കെ വേണ്ടി അഹിംസാ മാര്‍ഗ്ഗത്തില്‍ത്തന്നെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍  ജനമുന്നേറ്റങ്ങളായി ഉയര്‍ന്നുവരണം ..ഇതാണ്  കാലഘട്ടം ആവശ്യപ്പെടുന്നത് .. 

കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി  ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .. ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും ഓരോ ജില്ലകളില്‍ നിന്നും ഒരു കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കേണ്ട ഒരു പ്രക്ഷോഭമാണിത് . ഇതിലേര്‍പ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് ചില്ലുകൊട്ടാരങ്ങളില്‍ സുഖജീവിതം നയിച്ചു എന്നും വാഴാം എന്ന വ്യാമോഹം ഉപേക്ഷിച്ച്, മണ്ണിലിറങ്ങി അല്പ്പം ചളിയൊക്കെ പുരണ്ടും വെയില്‍കൊണ്ടും വിയര്‍ത്തുമൊക്കെ  കൃഷി ചെയ്യുക എന്നതാണ്. കൂട്ടായ്മകള്‍ രൂപീകരിച്ച് തരിശുനിലങ്ങളത്രയും വിളവിറക്കുക എന്നതാണ്.. നാടന്‍ വിത്തുകള്‍ ശേഖരിച്ച് വേണ്ടവര്‍ക്ക് എത്തിയ്ക്കുക എന്നതാണ്.. ഇതിനൊക്കെയോപ്പം അധികൃതരെക്കൊണ്ടും അവര്‍ ചെയ്യേണ്ട  കാര്യങ്ങള്‍  ചെയ്യിക്കുകയും വേണം 

പണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ വിദേശ വസ്ത്രങ്ങളും സാധനങ്ങളും ബഹിഷ്കരിച്ച സമരമൊക്കെ നടന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട് .. ഗവര്‍മെന്‍റു തലത്തില്‍  ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്കായി വിഷവ്യാപാരങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അത്തരം വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള മുന്നേറ്റങ്ങള്‍ ഓരോ നഗര ഗ്രാമങ്ങളിലും  നടത്താവുന്നതാണ്.. വിഷങ്ങള്‍ വാങ്ങാനാളില്ലാതെ അത്തരം സാധനങ്ങള്‍ കെട്ടിക്കിടന്നു നശിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാനും ഓരോ നാട്ടിലും ചുണയുള്ള  യുവശക്തി ഉണരണം.. ഒരാഴ്ച ആരും ഒന്നും വാങ്ങാതിരിക്കട്ടെ .. അതോടെ തന്നെ വിഷശക്തികള്‍ ഞെട്ടിത്ത രിച്ചുപോകും. അതിനെക്കാള്‍ വലിയ ഷോക്ക് അവര്‍ക്ക് നമുക്ക് നല്‍കാനില്ല.. .

വിവാദങ്ങള്‍ മാത്രം വിറ്റ്   ബിസിനസ്സാക്കി  കോടികള്‍ കൊയ്യുന്ന മാധ്യമങ്ങളെപ്പോലെ ,വിവാദങ്ങളില്‍ അഭിരമിച്ച് ജീവിതം കെട്ടിപ്പടുക്കുന്ന നേതാക്കന്മാരെപ്പോലെ ജീവിതവും സമയവും ഊര്‍ജ്ജവുമെല്ലാം പാഴാക്കുന്ന  പിഴച്ച വഴികളെ ഉപേക്ഷിച്ച് ,മാനവവംശത്തിന്‍റെ നിലനില്‍പ്പിനായുള്ള ഈ പ്രക്ഷോഭത്തിന് എല്ലാവരും ഒറ്റക്കെട്ടായി അണിചേരുക .. 

ഈ പോസ്റ്റില്‍  ആരെയെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ആരോടെങ്കിലുമുള്ള വ്യക്തിവിരോധം കൊണ്ടല്ല ,നമ്മുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്.. അവര്‍ അഭിമുഖീകരിയ്കുന്ന ഭീകരതകള്‍ കണ്ടു സഹിയ്ക്കാന്‍കഴിയാത്തത്തിലുള്ള വേദനകോണ്ട് മാത്രമാണ്.. കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കാനാകുന്നില്ലെങ്കില്‍ ,ഒരു ജീവിവര്‍ഗ്ഗം എന നിലയില്‍ മറ്റെന്ത് നേടിയിട്ടും  മനുഷ്യന്‍ ഒരു  പരാജയപ്പെട്ട ജീവി മാത്രമാണ്.. 

Saturday, August 23, 2014

എല്ലാ തിന്‍മകളുടെയും ആധാരമാണ് മദ്യം

മദ്യത്തില്‍നിന്നും സര്‍ക്കാരിന് കിട്ടുന്ന വരുമാനത്തെപ്പറ്റിയൊക്കെ ചര്‍ച്ചകളാണ് ചാനലുകളും മദ്യലോബികളും മറ്റും ചര്ച്ച ചെയ്യുന്നത് .. പുകവലി മൂലം ഉണ്ടാകുന്ന രോഗങ്ങളും നഷ്ടങ്ങളും നികത്താന്‍ സര്‍ക്കാരിന് ലക്ഷത്തിലേറെ കോടി രൂപയത്രേ ചെലവാകുന്നത് ..ടൊബാക്കോ ഉല്‍പ്പന്നങ്ങള്‍ വീട് കിട്ടുന്നതിലും എത്രയോ ഭീമമായ തുകയാണിത്.. 1800 കോടിയോ മറ്റോ മദ്യവില്‍പ്പനയിലൂടെ ലഭിയ്ക്കുന്നുണ്ടെങ്കില്‍ ജനകീയ സര്‍ക്കാരിന് അത് എളുപ്പത്തില്‍ നികത്താനാകും ..മദ്യപാനം മൂലം ഈ മഹാവിപത്തിനടിമയായവരും അവരുടെ കുടുംബങ്ങളും സഹിയ്ക്കുന്ന സാമൂഹ്യ സാമ്പത്തിക നഷ്ടങ്ങള്‍ , ഇത്തരക്കാര്‍ സമൂഹത്തിലുണ്ടാക്കുന്ന റോഡപകടങ്ങള്‍ ,കൊലപാതകങ്ങള്‍ എന്നിവയില്‍ പൊളിയുകയും അംഗഭംഗം വരുകയും ചെയ്യപ്പെടുമ്പോള്‍ ഉണ്ടാകുന്ന നഷ്ടങ്ങള്‍ ,ഇത്തരക്കാരുടെ കുടുംബക്കാര്‍ക്ക് പഠനം ,ജോലി എന്നിവ നേരാംവണ്ണം ചെയ്യാനാകാതെ ഉണ്ടാകുന്ന നഷ്ടങ്ങള്‍ , ഇവരാല്‍ മാനസികമായി തകരുന്നവര്‍ക്കുണ്ടാകുന്ന നഷ്ടങ്ങള്‍ ..ഒക്കെ കണക്ക് കൂട്ടിയാല്‍ തന്നെ 1800 കോടിയെന്നത് കേവലം നിസ്സാരമായതും രക്തക്കറ പുരണ്ടതുമായ ധനമാണ്....

മദ്യവ്യവസായികള്‍ പരിദേവനം ചെയ്യുന്നതുകേട്ടു,ഇവിടെ വ്യവസായം ചെയ്യാനിനി ആരും വരില്ല എന്നൊക്കെ .. മറ്റുള്ളവര്‍ക്ക് ദ്രോഹം മാത്രം ഉണ്ടാക്കുന്ന ഒരു വഴിയിലൂടെ പണം വാരിക്കൂട്ടി ഇത്രനാളും കഴിഞ്ഞ അവര്‍ ഇനിയെങ്കിലും കുറച്ചു നന്മകള്‍ ചെയ്തു ജീവിക്കായാണ് വേണ്ടത് .. തങ്ങളുടെ പാപത്തിന് പരിഹാരമായെങ്കിലും അവരത് ചെയ്യട്ടെ ..
ബോധം നശിച്ച ഒരു തലമുറ എന്ന ശാപത്താല്‍ കേരളം നാള്‍ക്കുനാള്‍ കുഴിയിലേയ്ക്ക്, തമസ്സിലേയ്ക്ക് ആണ്ടുപോയ്ക്കൊണ്ടിരിയ്ക്കുകയായിരുന്നു ..വൈകുന്നേരമായാല്‍ മൂക്കറ്റം കുടിച്ചും ഒപ്പം തിന്നും ക്രിയാത്മകമായി സമൂഹനന്‍മയ്ക്കായ കാര്യങ്ങള്‍ ചെയ്യാനോ തിന്‍മയ്ക്കെതിരെ പ്രതികരിയ്ക്കാനോ ഉള്ള ഊര്‍ജ്ജമത്രയും കളഞ്ഞു കുളിച്ചു ,സ്വന്തം ജീവിതവും ഒപ്പം കുടുബത്തേയും നശിപ്പിച്ച് കഴിഞ്ഞവര്‍ക്ക് ഇനിയെങ്കിലും നേര്‍വഴിയിലേക്ക് നടക്കാന്‍ ആരംഭിയ്ക്കാം.. മിക്കവര്‍ക്കും സ്വയം അതിനിന്നു സാധിയ്ക്കാത്തവിധം അടിമത്തം സംഭവിച്ചിരിയ്ക്കാം.. അവരെ അതിനായി സഹായിക്കുക എന്നതാണ് ബാക്കിയുള്ളവരുടെ കടമ .. ഇതൊരു നവോദ്ധാനകാലമാണ്.. എല്ലാവരും ശരിയ്ക്ക് ഉപയോഗപ്പെടുത്തേണ്ട കാലം .. ഒത്തുപിടിച്ചാല്‍ നമുക്കിന്ന് കേരളത്തെ ലഹരിമുക്തമാക്കാം ..ലഹരിമുക്തമായ ഒരു സമൂഹമെന്നാല്‍ ചിന്താശേഷിയും കര്‍മശേഷിയും പണയം വയ്ക്കാത്ത ഒരു സമൂഹം എന്നാണ്.. അതുണ്ടായിക്കഴിഞ്ഞാല്‍ ബാക്കിയെല്ലാം
യുവതയെ മദ്യത്തില്‍ മുക്കി ,മയക്കികിടത്തിയാണ്, ഇവിടെ രാഷ്ട്രീയക്കാരായലും അവരുടെ പിന്തുണയോടെ മാഫിയക ളായാലും കാര്യങ്ങളെല്ലാം ചെയ്തുകൊണ്ടിരുന്നത് എന്നിരിക്കെ, ഇന്ന്‍ സുധീരന്‍ എന്ന ഒരു നേതാവിനാലും ,പിന്നെ പൊറുതിമുട്ടിയിട്ട് അതിബുദ്ധി കാട്ടിയിട്ടാണെന്നാകിലും ബഹു: മുഖ്യമന്ത്രി വഴിയും മദ്യവിമുക്തമായ ഒരു കേരളം ഉണ്ടാവാനുള്ള വഴി തുരന്നുകിട്ടിയിരികുകയാണ്.. ഈ വഴി ഉപയോഗിച്ച് ലക്ഷ്യം നേടണമെങ്കില്‍ ഒരുപാട് ചെയ്യാനുണ്ട് ബാക്കിയുള്ളവര്‍ക്ക് ... കളവാടും വ്യാജമദ്യവും അതിര്‍ത്തി കടന്നുള്ള വരവുമൊക്കെ തടയാന്‍യുവശക്തി ആഞ്ഞടിച്ചു പ്രവര്‍ത്തിയ്ക്കേണ്ടിവരും
ഈ വഴിയേ ശരിയായി ഉപയോഗപ്പെടുത്താതെ ,രാഷ്ട്രീയ തന്ത്രമെന്നും കുരുട്ടു ബുദ്ധിയെന്നും മറ്റും ഈ തീരുമാനങ്ങളെ കുറ്റം പറഞ്ഞി നടന്ന്‍ അവനവന്റെ ഉത്തരവാദിത്തം നിറവേറ്റാതെയിരിക്കാന്‍ ആര്‍ക്കുമാകും .. അത് ശരിയായ വഴിയല്ല ..പരിസ്ഥിതിരംഗത്തുള്ളവര്‍ക്ക് പ്രത്യേകിച്ചും .. ലഹരി ഒടുങ്ങിയ ഒരു കേരളത്തില്‍ ഇത്രയേറെ പരിസ്ഥിതിനാശവും ഉണ്ടാകില്ല .. കാരണം എല്ലാ തിന്‍മകളുടേയും മാതാവാണ് മദ്യം

Tuesday, June 10, 2014

ആക്രിക്കട പോലൊരു കപ്പല്‍പൊളിശാല


ജനകീയ പഞ്ചാ യത്ത്

കണ്ണൂര്‍ വീണ്ടും സമരച്ചൂടിലേയ്ക്ക്.... മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയോ കോസ്റ്റല്‍ നിയമങ്ങളുടേയോ ,ഒന്നും അനുമതിയില്ലാതെ ,പഞ്ചായത്തിന്റ്റെ ലൈസന്‍സുമില്ലാതെ , അതിമാരകം എന്ന വിഭാഗത്തില്‍പ്പെടുന്ന കപ്പല്‍മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വ്യവസായം ,ഒരു ആക്രിക്കടപ്പോലെ ,അഴീക്കലില്‍ 300 ലേറെ ബോട്ടുകള്‍ ഉള്ള ഫേരിയ്ക്ക് തൊട്ടടുത്ത് ,ആയിരക്കണക്കിനാളുകള്‍ താമസിയ്ക്കുന്ന ഒരു ഗ്രാമത്തില്‍ , കപ്പല്‍പൊളിവ്യവസായതിനാവശ്യമായ യാതൊരു സംവിധാനങ്ങളും ഏര്‍പ്പാടാക്കാതെ 27ലേറെ വര്‍ഷങ്ങളായി നടന്നു വരുന്നു .. !!! രോഗങ്ങള്‍കോണ്ട് പൊരുതിമുട്ടിയപ്പോള്‍ ഒടുവില്‍ നാട്ടുകാര്‍ക്ക് സമരത്തിനിറങ്ങേണ്ടിവന്നു ..  

ഏത് കണ്ണുപൊട്ടന്നുപോലും പറയാനാകും എത്ര മാരകമാണ് അവിടത്തെ അവസ്ഥയെന്ന് ..എന്നിട്ടുമവിടം ഒന്നു സന്ദര്‍ശിയ്ക്കാന്‍ പോലും ഇവിടത്തെ കളക്ടര്‍ക്ക് തോന്നുന്നില്ല ,എന്നുമാത്രമല്ല അദ്ദേഹം മാനേജറോട് നിങ്ങള്ക്ക് എത്ര ദിവസം കൊണ്ട്  വേണ്ട രേഖകള്‍ ഉണ്ടാകാനാകും എന്നത്രേ ചോദിച്ചത്,അതും ഒരു പൊതുമീറ്റിംഗില്‍ വച്ച് .. ഇത്തരം ഒരു കളക്ടറെ കണ്ണൂരിന് എന്തിനാണ്?  രണ്ടുവര്‍ഷം മുമ്പ് നാട്ടുകാരുടെ പരാതി അന്വേഷിയ്ക്കാന്‍ ചെന്നപ്പോള്‍ എനിയ്ക്ക് കണ്ണെരിച്ചിലും തലവേദനയും അനുഭവപ്പെട്ടിരുന്നു .. പിന്നീട് ചെന്നപ്പോഴുമൊക്കെ കണ്ണെരിച്ചലും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു ..കേവലം കുറച്ചു മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചപ്പോള്‍ തന്നെ ഇത്രയ്ക്കെങ്കില്‍ 30 വര്‍ഷ ത്തോളമായി അവിടെ താമസിക്കുന്നവരുടെ അവസ്ഥയോ ..ഒരു നാട് ഒന്നാകെ അന്ധതയിലേക്കാണ്  നീങ്ങുന്നത് . കണ്ണില്‍ ചുവന്ന  പാടപോലെ വന്ന്‍ അത് വളര്‍ന്ന് ക്രമേണ കാഴ്ചശക്തി പൂര്‍ണ്ണമായും നശിക്കുന്ന നേത്രരോഗം ഇത്രയേറെ അവിടെ പടരാന്‍ കാരണം കപ്പലുകളില്‍ നിന്നും പുറത്തുവരുന്ന റേഡിയേഷനുകളാകാനേ വഴിയുള്ളൂ ..ആവിടെ താമസിക്കുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന ശ്വാസതടസ്സങ്ങളും മേലാകേയുള്ള ചൊറിയും മറ്റും പിന്നെ കെട്ടുകണക്കിന് മരുന്നുകുറിപ്പുകളും .. ഇത് കൂടുതല്‍ മാരകമായി എന്‍ ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സമാനമായ രോഗങ്ങള്‍ ഇവിടെ പടരാനുള്ള എല്ലാ സാഹചര്യങ്ങളും വ്യക്തമായിട്ടും ,പറമ്പില്‍ ചിരട്ടയില്‍ വെള്ളം വച്ച് കൊതുക് വളര്‍ത്തന്‍ സാഹചര്യമൊരുക്കി എന്നു പറഞ്ഞുപോലും  കേസെടുക്കുന്ന പഞ്ചായത്ത് ഒരന്വേഷണമോ നടപടിയോ എടുക്കുന്നില്ല ..!! 




സമരസമിതി ഇന്ന്‍ കണ്ണൂരില്‍( 10 6 14 ) ഒരു ജനകീയ പഞ്ചായത്തും പിന്നെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ചും അവിടെ ധര്‍ണയും നടത്തി .. ഇനി ജനകീയ കണ്‍വെന്‍ഷന്‍ നടത്താന്‍ പോകുന്നു .. മാട് നടപടികളും ആലോചിയ്ക്കുന്നുണ്ട് .

ഇത് കേവലം കണ്ണൂരിന്‍റെ,അല്ലെങ്കില്‍ അഴീക്കല്‍ എന്ന ഒരു ഗ്രാമത്തിന്‍റെ കൊച്ചുപ്രശ്നമല്ല ..ഒരു സംസ്ഥാനപ്രശ്നം തന്നെയാണ്.. കേരളത്തില്‍ ഒരു കാരണവശാലും കപ്പല്‍പൊളിവ്യവസായം നടത്താനുള്ള ഒരു സാഹചര്യവുമില്ല .. അതുകൊണ്ട് എല്ലാവരും ഈ വിപത്തിനെതിരെ ഒരുങ്ങിയിരിയ്ക്കേണ്ടതാണ്.. എത്രയും പെട്ടെന്ന് അഴീക്കലിലെ കപ്പല്‍പൊളി അവസാനിപ്പിയ്ക്കേണ്ടതാണ്.....

Saturday, June 7, 2014

2014...., ജൂണ്‍ അഞ്ച് ....



   ഇപ്രാവശ്യവും ഞങ്ങള്‍ക്ക്  പരിസ്ഥിതിദിനം  എന്നത്തെയുംപോലെ ഒരു ദിവസം മാത്രമായിരുന്നു .. രാവിലെയും വൈകീട്ടുമായി  നനവില്‍ കുറച്ചു മരങ്ങളും ചെടികളും നട്ടു.. കണ്ണൂരിലെ അങ്കോലത്തിന്‍റെ രണ്ടു തൈകള്‍ ഞങ്ങള്‍ മുളപ്പിച്ചിരുന്നു ..മഴ തുടങ്ങിയതിനാല്‍  നടാന്‍ പറ്റിയ സമയമാണ്. അവയും ഒരു ഉങ്ങും രണ്ടു അയനിപ്ലാവും (ആഞ്ഞിലി) കൂടി നട്ടു ..



പശ്ചിമഘട്ടസംരക്ഷണകൂട്ടായ്മയുടെ ഭാഗമായി ,വിഎസ് വിജയന്‍സാറും മറ്റും ചേര്‍ന്ന്,സംസ്ഥാനവ്യാപകമായി ,നെല്‍വയല്‍-നീര്‍ത്തട നിയമം അട്ടിമറിയ്ക്കുന്നതിനെതിരെ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചിരുന്നു ..കണ്ണൂരില്‍ ജില്ലാപരിസ്ഥിതിസമിതിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒത്തുചെര്‍ന്നു.. 



കളക്ടറേറ്റിന് മുമ്പില്‍ ദളിത് വിഭാഗക്കാര്‍ നീതിയ്ക്കുവേണ്ടി അനിശ്ചിതകാലനിരാഹാര സമരം നടത്തിവരുന്നുണ്ട് ..അഴീക്കല്‍ കപ്പല്‍പോളി വിരുദ്ധ സമരസമിതിയും അവരുടെ പ്രതിഷേധം സത്യാഗ്രഹമാക്കി .. അതിമാരകമായ റേഡിയേഷനുകളടക്കം ലെഡും കാഡ്മിയവും മെര്‍ക്കുറിയും  ഗ്രീസും ഡയോക്സീനുമൊക്കെ പുറന്തള്ളുന്ന ഈ വ്യവസായം ജനങ്ങളെ ഒന്നടങ്കം രോഗികളാക്കിയിട്ടും ,ഒരൊറ്റ  വകുപ്പിന്‍റേയും അനുമതിരേഖകള്‍ ഇല്ലാഞ്ഞിട്ടും ,തുടര്‍ന്നോട്ടെ എന്നു പറഞ്ഞ ഒരു കളക്ടര്‍ ഇവിടെയുണ്ടിപ്പോള്‍.  കപ്പല്‍പൊളിയെപ്പറ്റിയും അതിനു നേരെ ഭരണകൂടത്തിന്റെ സമീപനത്തെപ്പറ്റിയുമൊക്കെ ഒരു പാട് പറയാനുള്ളതിനാല്‍ ഇപ്പോള്‍ വിസ്തരിയ്ക്കുന്നില്ല ..  



പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാലിന്യത്തെപ്പറ്റി ഒറ്റയാള്‍സമരം നടത്തുന്ന അബൂബക്കര്‍ എന്ന യുവാവ് ,കുറേ ഫോട്ടോകളും കൊണ്ട് അവിടെ സമരമിരുന്നു.. കണ്ണൂരിലെ,  കറുത്ത്,കൊഴുകൊഴുത്ത ,പുഴുക്കളും കൊതുകും നുരയ്ക്കുന്ന ,മുകളില്‍ മൂടി പോലുമില്ലാത്ത ഓട , കളക്ടറുടെ മൂക്കിന് താഴെയായിട്ടും ,പല പ്രാവശ്യം ശ്ര ദ്ധയില്‍പ്പെടുത്തിയിട്ടും ഇന്നുവരെ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.. ഇവരുടെയൊക്കെ സമരങ്ങളിലും ഞങ്ങള്‍ പങ്കെടുത്തു..


കാല്‍ടെക്സിലെ തീവെയിലില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന വിഷങ്ങളില്‍നിന്നും അല്പ്പം ആശ്വാസവും നല്കിയിരുന്ന കുറച്ചു മരങ്ങള്‍ ,റോഡുവികസനം മറയാക്കി മുറിച്ചുമാറ്റിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിയ്ക്കുകയാണ്.. ഞങ്ങള്‍ പലപ്രാവശ്യം അധികൃതരെ കണ്ടു ,അവിടെ പകരം മരം നടാന്‍ നിവേദനങ്ങള്‍ നല്കിയപ്പോള്‍ ,മരം കിട്ടുന്ന മുറയ്ക്ക് ,ഒന്നിനുപകരം മൂന്നെണ്ണം  നടാം  എന്നു പറഞ്ഞെന്കിലും ഇന്നേവരെ ഒന്നുപോലും നട്ടില്ല ,എന്നു മാത്രമല്ല ,അവിടെ കോണ്‍ക്രീറ്റ് ചെയ്തു ടൈല്‍സും പാകി ..ജൂണ്‍ അഞ്ചിന് കുറേ മരങ്ങള്‍ എവിടെയൊക്കെയോ കുഴിച്ചിട്ടവര്‍ ,അതിലേറെ മരതൈകള്‍ നശിപ്പിച്ചവര്‍ (10 ലക്ഷത്തില്‍ പാതിയും ഇങ്ങനെ നശിപ്പിക്കപ്പെട്ടു ..കണ്ണൂരില്‍ത്തന്നെ കളക്ടറേറ്റിലും കോടതി പരിസരത്തും നൂറുകണക്കിനു മരതൈകളാണ് നശിപ്പിക്കപ്പെട്ടത് )ആ പൊരിവെയിലില്‍ ഒറ്റ മരത്തൈ പോലും നട്ടില്ല..അതിനാല്‍ ഞങ്ങള്‍ ജൂണ്‍ ആറിന് അവിടെ മരം നടും എന്നറിയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍കും ദേശീയപാത ഓഫീസിലും കത്ത് കൊടുത്ത ശേഷം ,വീട്ടിലേയ്ക്ക് മടങ്ങി ..വൈകുന്നേരം അഞ്ച് മണിയായി വീട്ടിലെത്താന്‍ .. നനവില്‍ കുറച്ചു മരം നട്ടു..ഇതാണ് ഞങ്ങളുടെ ജൂണ്‍ അഞ്ച്..    

Wednesday, May 21, 2014

വീണ്ടുമൊരു മെയ് ഇരുപതുകൂടി.....

ഇപ്രാവശ്യം വാര്‍ഷികത്തിന് ദൂരയാത്രകള്‍ ഒന്നുമുണ്ടായില്ല ..യാ ത്രയൊക്കെ കഴിഞ്ഞ ആഴ്ചകളിലായിരുന്നു ..പശ്ചിമ ഘട്ടസംവാദയാത്രയില്‍ പങ്കെടുക്കുന്നതിനിടയില്‍ ഒരു ദിവസം മൂന്നാറിന്‍റെ സൌന്ദര്യഭൂമിയില്‍  തങ്ങാനായി.. ഒരു പ്രഭാതം അവിടെയുള്ള സസ്യങ്ങളെയും കിളികളെയും നിരീക്ഷിച്ചുകൊണ്ട് ഞങ്ങള്‍ നടന്നു ..രണ്ടാംതവണയാണ് മൂന്നാറില്‍ ..ആദ്യം പോയത് നീലക്കുറിഞ്ഞി പൂത്തവര്‍ഷമായിരുന്നു .. പക്ഷേ മൂന്നാര്‍ മാറിപ്പോയി ..തണുപ്പ് കുറവ് ..സദാ പെയ്യുന്ന നൂല്‍മഴയില്ല . എങ്കിലും മൂന്നാര്‍ സുന്ദരി തന്നെ 

പിന്നെ ,മൂന്നാറില്‍നിന്ന് മലയോരങ്ങളിലൂടെ ഒരു ബസ് യാത്ര,കഞ്ഞി ക്കുഴിവരെ .. അവിടെവച്ച് സംവാദയാത്രയില്‍ ..രണ്ടു ദിവസം മലയോരജനതയുടെ ആശങ്കകളും സങ്കടങ്ങളും പങ്കുവച്ചുകൊണ്ട് നടത്തം.. ഇടുക്കി എന്താണെന്നറിഞ്ഞു.. സാധാരണക്കാരെ പറ്റിക്കുക യായിരുന്നു,സഭകളും രാഷ്ട്രീയക്കാരും എന്നറിഞ്ഞു ..ഇക്കാര്യം ജനങ്ങളും മനസ്സിലാക്കിത്തുടങ്ങി എന്നറിഞ്ഞു .. 


ജനവാതിലുകള്‍ എല്ലാം അടച്ച ഒരു മുറിയില്‍ ,പുറത്തേയ്ക്ക് ചാടാന്‍ ഒരു ദ്വാരം പോലുമില്ലാത്ത ഒരു മുറിയില്‍ ഒരു പൂച്ചയെ ഇട്ടശേഷം ,അതിനെ ആക്രമിച്ചാല്‍ ,അത് നിങ്ങളുടെ ഓമനപ്പൂച്ചയാണെങ്കില്‍ പോലും ,അത്ര സാധുവാണെങ്കില്‍പോലും രക്ഷപ്പെടാനായി നിങ്ങളെ കടിച്ചു കൊന്നെന്നിരിയ്ക്കും .. മലയോരജനത ഇന്നീ പൂച്ചയെപ്പോലെയാണ്... അതിനെപ്പറ്റിയൊക്കെ പറയാന്‍ ഒരുപാടുള്ളതിനാല്‍ ഇപ്പോള്‍ വിശദീകരിയ്ക്കുന്നില്ല ....

13നു രാത്രിയാണറിഞ്ഞത് നാളെ ചിത്രാപൌര്‍ണമി ..മംഗളാദേവി ക്ഷേത്രം തുറക്കുന്ന ഒരേയൊരു ദിവസം ... യാത്രയില്‍ ഉണ്ടായിരുന്ന കോട്ടയക്കാരന്‍ സണ്ണിച്ചേട്ടനും അവിടെ പോകണം .. ഞങ്ങള്‍ അധികമാരോടും പറയാതെ യാത്ര പ്ലാന്‍ ചെയ്തു ..  ചെറുതോണിയില്‍ നിന്നും അതിരാവിലെ അല്പ്പം നടന്ന്‍ ,പിന്നെ ബസ്സിനു കട്ടപ്പനയ്ക്ക് ..അവിടെനിന്നും കുമിളിയ്ക്ക് .. കൂടെ സണ്ണിചേട്ടന്റെരണ്ടു സുഹൃത്തുക്കള്‍ കൂടി വന്നു ..ഏകദേശം 14 കിലോമീറ്റര്‍ യാത്രയുണ്ട് .. ഞങ്ങള്‍ നടന്നു കാട്ടിലൂടെ ,പിന്നെ പുല്‍മേടുകള്‍ കയറിക്കയറി ,മനോഹരമായ മംഗളാദേവിക്കുന്നില്‍,ഒരു സ്വപ്നസാഫല്യമായിരുന്നു അത് . 

തിരിച്ചു ജീപ്പിലാണ് ഇറങ്ങിയത് ..വഴിയ്ക്ക് കട്ടപ്പനയ്ക്കടുത്ത്   സണ്ണിചേട്ടന്റെ അനിയന്‍റെ വീട്ടില്‍ പോകണമെന്ന്‍ അദ്ദേഹത്തിനു നിര്‍ബന്ധം .അവിടെയിറങ്ങി ,അവരുടെ സല്‍ക്കാരം സ്വികരിച്ചു .. അവിടെ നിന്ന്‍ വേഗം മടങ്ങിയെങ്കിലും രാത്രിയായി  കട്ടപ്പനയ്ക്കടുത്ത ലബ്ബക്കടയില്‍ എത്താന്‍ ..അവിടെയുള്ള എസ്‌ ജെ എം കോളേജില്‍ സംവാദയാത്രികര്‍ക്കൊപ്പം ഒരു രാത്രികൂടി ..   നസീര്‍ക്കയും സുധീഷുമൊക്കെ രാത്രി വന്നു ..അല്പ്പം മഞ്ഞും തണുപ്പും ഒക്കെയുണ്ടെങ്കിലും ,ചിത്രാപൌര്‍ണ്ണമിയുടെസൌന്ദര്യം ആസ്വദിയ്കാതിരിക്കരുതെന്ന്‍  നിശ്ചയിച്ച് യാത്രികര്‍ പായുമെടുത്ത് അവിടത്തെ ഗ്രൌണ്ടില്‍ ചെന്നിരുന്നു ,..കുറേനേരം പാട്ടുപാടിത്തകര്‍ത്തു.. 

പിറ്റേന്നുരാവിലെ തന്നെ മടങ്ങി ..  ലബ്ബക്കടനിന്നും ഒരു കെ‌എസ്‌ആര്‍‌ടി‌സിസൂപ്പര്‍ഫാസ്റ്റ് കിട്ടി തൃശൂര്‍വരെ ..  150 രൂപയായി ഒരാള്‍ക്ക് .. പ്രാതല്‍ നാലഞ്ചു ഈത്തപ്പഴവും രണ്ടു അണ്ടിപ്പരിപ്പും മാത്രം    ബസ്സിലിരുന്നു തിന്നു .. പിന്നെ പെരുമ്പാവൂരില്‍ ഭക്ഷണത്തിന് ഒരു പത്തുമിനുറ്റ് ഉണ്ടെന്ന് കണ്ടക്ടര്‍ പറഞ്ഞു.  അവിടത്തെ കാന്‍റീനില്‍ വലിയ സല്‍ക്കാരം ...കറികള്‍ എത്ര വേണമെങ്കിലും വിളമ്പും.. ഭക്ഷണം നന്നായി,പക്ഷേ സമയം അല്പ്പം വൈകി .. വാഗമണ്‍ വഴിയുള്ള ബസ് യാത്ര മനോഹരമായിരുന്നു .. 
രണ്ടുമണിയ്ക്ക് തൃശൂര്‍ എത്തി ..2.30നു മംഗള എക്പ്രസ്സ് ഉണ്ട് .. അതിനു കയറി .. 7 മണിയ്ക്ക് കണ്ണൂരിലെത്തി .. 

പത്തൊമ്പതാംതിയ്യതി  ഹരിയുടെ കസിന്‍റെ മകന്റെ കല്യാണം തലശ്ശേരിവച്ച് .. ആഭരണങ്ങള്‍ തീരെക്കുറച്ചുമാത്രം അണിഞ്ഞ വധു ഒരാശ്വാസക്കാഴ്ചയായിരുന്നു .. കഴുത്തില്‍ താലിമാലമാത്രം ,അതും ചെറുത് ..കൈകളില്‍ കുറച്ചു വളകളും.. കല്യാണം വേഗം കഴിഞ്ഞതിനാല്‍ ഞങ്ങള്‍ കോടതിക്കടുത്തുള്ള പാര്‍ക്കിലേയ്ക്കുപോയി .. കടലുമായി മുഖാമുഖംനോക്കി കുറേനേരം ..  

വൈകുന്നേരം 5 മണിയ്ക്ക് കണ്ണൂരില്‍ നെല്‍വയല്‍നിയമം അട്ടിമറിയ്ക്കുന്നതിനെതിരെ ജില്ലാപരിസ്ഥിതി സമിതിയുടെ പ്രതിഷേധം ഉണ്ട് ..  അതിനു ശേഷം ,കണ്ണൂര്‍ സില്‍ക്കിന്‍റെ കപ്പല്‍പൊളിയ്ക്കെതിരെ നടക്കുന്ന നാട്ടുകാരുടെ സമരത്തിന്‍റെ ഐക്യദാര്‍ഡ്യസമിതിയുടെ മീറ്റിംഗ് .. അതുംകഴിഞ്ഞു വീട്ടിലെത്താന്‍ നേരം വൈകി .. 

വാര്‍ഷികത്തിന് ഇപ്രാവശ്യവും ആഘോഷങ്ങള്‍ ഒന്നുമുണ്ടായില്ല ..ഹരീ രാവിലെ ജോലിയ്ക്കുപോയി ..രാവിലെ മഴയൊന്ന് ചാറിയിരുന്നു .. അല്പ്പം കഞ്ഞിയും സാമ്പാറും മാത്രം ഉച്ചയ്ക്ക് .. പിന്നെ, വീട്ടില്‍ത്തന്നെ ഉണ്ടായിരുന്നതിനാല്‍ പപ്പായകൊണ്ട് ഒരു പ്രഥമന്‍ ഉണ്ടാക്കി , ..വൈകുന്നേരം കണ്ണൂരില്‍ ജൈവസംസ്കൃതിയുടെ മീറ്റിംഗ് ..  സുഹൃത്തുക്കള്‍ക്ക് അല്പ്പം മധുരം  പങ്കുവച്ചു .. 

 അങ്ങനെ ഒരു വര്ഷം കൂടി കടന്നുപോയി ..ജീവിതം സൌന്ദര്യവും ആനന്ദവും നിറഞ്ഞതായി തന്നെ തുടരുന്നു .. അതിനൊരിക്കലും ഇനി കുറവുണ്ടാവുകയില്ല .. കാരണം മണ്ണിനുവേണ്ടി ,മുഴുവന്‍ ജീവജാലങ്ങള്‍ക്കും വേണ്ടി ജീവിതം സമര്‍പ്പിയ്ക്കുമ്പോള്‍ ,ആനന്ദമല്ലാതെ മറ്റെന്തുണ്ടാവാന്‍ ...   

Tuesday, March 25, 2014

എന്‍റെ വോട്ട്..



എന്‍റെ വോട്ട് കണ്ണൂര്‍ നഗരത്തില്‍ 100 തണല്‍ മരങ്ങള്‍  നട്ടുവളര്‍ത്തുകയും ,അവിടത്തെ കൊതുകുകള്‍ നുരയ്ക്കുന്ന ചീഞ്ഞു നാറുന്ന ഓടകള്‍ വൃത്തിയാക്കി അവിടെയെത്തുന്ന ആള്‍ക്കാരുടെ ജീവിതത്തെ സംരക്ഷ്യ്ക്കുന്നവര്‍ക്ക്..

അനാവശ്യമായും അലക്ഷ്യമായും തണല്‍ മരങ്ങള്‍,കണ്ണൂരില്‍നിന്നും  ഒന്നിന് പിറകെ ഒന്നായി  മുറിച്ചുമാറ്റിക്കൊണ്ടിരിക്കുകയാണ് .. താലൂക്കാഫീസിന് മുന്നിലെ ഭീമന്‍ ചക്കരക്കയ്മരം, റെയില്‍വേ കോമ്പൌണ്ടിലെ വന്‍ മരങ്ങള്‍ , മേലെ ചൊവ്വയിലെ വന്‍ മരം , പീതാംബര പാര്‍കിലെ ത ണല്‍മരങ്ങള്‍,കാല്‍ടെക്സ് ജങ്ഷനിലെ തണല്‍ മരങ്ങള്‍ ..... ഇവയത്രയും  സംരക്ഷിയ്ക്കാന്‍ വഴിയുണ്ടായിരുന്നവയും മുറിയ്ക്കേണ്ട അത്യാവശ്യം ഇല്ലാതിരുന്നവയും ,മു റിയ്ക്കാതെ  തന്നെ വികസനങ്ങള്‍ നടത്താമായിരുന്നവയുമാണ്.. 

ഈ പട്ടികയിലേയ്ക്ക് ഇന്നലെ ഒരാള്‍ കൂടി  വന്നിരിയ്ക്കുന്നു .. കണ്ണൂര്‍ ഫോറന്‍റിക് ലാബ് കോമ്പൌണ്ടിലെ തണല്‍ മരം ഇന്നലെ മുറിച്ചിരിയ്ക്കുന്നു .. മതില്‍ തിങ്ങുന്നു എന്നാണ് കാരണം പറഞ്ഞിരിയ്ക്കുന്നത് ..ശരിയാണ്,റോഡ് സൈഡിലെ മതില്‍ പോറ്റാന്‍ തുടങ്ങിയിട്ടുണ്ട് .. പക്ഷേ ,തണലിനായി കേഴുന്ന പൊരിവെയിലില്‍ പൊരിയുന്ന കണ്ണൂരില്‍ ആ മരത്തെ സംരക്ഷിയ്കാമായിരുന്നു ,മതിലല്‍പ്പം ഒന്നു മാറ്റിക്കെട്ടിയാല്‍.. ഒരു മരം വളര്‍ന്ന് തണല്‍ നല്കാന്‍ പത്തിരുപത് വര്‍ഷങ്ങളെങ്കിലും വേണമെന്നിരിയ്ക്കേ ,അമൂല്യമായ ഈ സംപത്തുകള്‍  യാതൊരു പുനരാലോചനയുമി ല്ലാതെ മുറിച്ച്  തള്ളുമ്പോള്‍   ,ജീവിതം അസഹനീയമാവുകയാണ്.. 

കണ്ണൂരിലേയ്ക്കിന്നും പോയി  ..ഞങ്ങള്‍ക്ക് പട്ടണയാത്ര തീരെ ഇഷ്ട മല്ലെങ്കിലും ,ഇടയ്ക്കിടെ പോവേണ്ടിവരുന്നു പല കാരണങ്ങളാല്‍ . ഓരോ യാത്രയും ,ചൂടും പൊടിയും വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയും ,ഓടകളുടെ ചീഞ്ഞുനാറ്റവുംപ്ലാസ്റ്റിക് കത്തിയ്ക്കുന്ന വിഷപ്പുകയും ഒപ്പം മലിനമായ പട്ടണ മനസ്സുകളുടെ ദുര്‍ഗന്ധവും ഒക്കെ ചേര്‍ന്ന് ആരോഗ്യത്തെ ബാധിയ്ക്കാറുണ്ട് .. ഇന്ന് ഉച്ചയ്ക്ക് ബസ്സിലിരുന്നപ്പോള്‍ പോലും സൂര്യ രശ്മികളാല്‍ ചുട്ടുപൊള്ളി.. കൊടും ചൂടിലേയ്ക്ക് നാട് തിളയ്ക്കുമ്പോള്‍  അതിനു പരിഹാരം കാണാന്‍ ആരുമില്ല .. ഇന്ന്‍ ഇതിനെപ്പറ്റി ബോധവാനാകുന്നിലെങ്കില്‍ ജീവിതം അപകടത്തിലേയ്ക്കാണ് പോകുന്നത് എന്നുമാത്രം മലയാളി മനസ്സിലാക്കിയാല്‍ മതി..അതുകൊണ്ട് എന്‍റെ വോട്ട് കണ്ണൂരിനെ വൃത്തിയായി പച്ചപ്പണിയിച്ച് സംരക്ഷിയ്ക്കുന്നവര്‍ക്ക് മാത്രം .

Friday, February 28, 2014

സേവനമെന്നാല്‍ സ്നേഹമാണ്....


തലച്ചോറ് പണയം വയ്ക്കാത്തവര്‍ക്കും  ആരുടെയെങ്കിലും ഹിപ്നോട്ടിസത്തിന് അടിമയാകാത്തവര്‍ക്കും അവനവന്റെ സ്വതന്ത്ര നിരീക്ഷണങ്ങളും ബോധ്യപ്പെടലുകളുമായി ഇവിടെ ജീവിയ്ക്കാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്കുന്നുണ്ട് .. അതുപ്രകാരം , മാധ്യമങ്ങള്‍ കൊട്ടിപ്പാടി വാനോളമുയരത്തില്‍ പ്രതിഷ്ഠിച്ചാലും ,അവാര്‍ഡുകളും സ്ഥാനമാനങ്ങളും ആവോളം ലഭിച്ചാലും , ധനത്തിന്റേയും ഗുണ്ടാപടയുടേയും അധികാര പിന്‍ബലങ്ങളുടേയും മറ്റും   ശക്തിയാല്‍ താന്‍ വിമര്‍ശനാതീതനാണ്/അതീതയാണ് എന്ന്‍ ആരെങ്കിലും ഞെളിഞ്ഞാല്‍ ,....അവരെ വിമര്‍ശിയ്ക്കുന്നവര്‍ക്കെതിരെ പടവാളുമായി അവരെ പിന്തുണയ്ക്കുന്നവര്‍ വന്നാല്‍ നമ്മള്‍   ഭയക്കേണ്ടതില്ല . ഭീരുവായി നൂറുവര്‍ഷം ജീവിയ്ക്കുന്നതിനേക്കാള്‍ ധീരയായി ഒരു ദിവസം ജീവിച്ചാല്‍ മതി  ...... 

  സേവനം ചെയ്യാന്‍   സന്യാസനാമമോ വേഷമോ ധരിയ്ക്കണമെന്നില്ല.   അതില്ലാതെ തന്നെ നിഷ്കാമ കര്മ്മം അനുഷ്ഠിക്കാനും  , ഈ ഭൂമിയില്‍ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളേയും സേവിയ്ക്കാനും സ്നേഹിയ്ക്കാനും കഴിയും എന്നതിനാല്‍ ,അത്തരം പുറംപൂച്ചുകള്‍ ആവശ്യമില്ല  .. മാത്രമല്ല എല്ലാറ്റിനേയും എല്ലാവരേയും സ്നേഹിയ്ക്കുക എന്നതാണു  യഥാര്‍ത്ഥ ഈശ്വരഭക്തിയെന്നും,  എല്ലാറ്റിനേയും എല്ലാവരേയും സേവിയ്ക്കലാണ് യഥാര്‍ത്ഥ ഈശ്വരസേവനമെന്നും കരുതി, യാതൊരു മതാചാരങ്ങളും അനുഷ്ഠിയ്ക്കാതെ ജീവിയ്ക്കാനും  , മതമില്ലാത്ത ആത്മീയതയാണ്  യഥാര്‍ത്ഥ ആത്മീയത  എന്നു മനസ്സിലാക്കി അതിനെ സ്വീകരിയ്കാനും കഴിയുമ്പോള്‍ ,    അയാള്‍ ഏറ്റവും ഉന്നതനായ മനുഷ്യനായി മാറുന്നു.. 

 ആരെയും   ആരാധിയ്ക്കലല്ല,എന്നാല്‍ ബഹുമാനീയരെ ആദരിയ്ക്കലാണ് പക്വതയുള്ള ,വിവേകമുള്ള മനുഷ്യര്‍ ചെയ്യേണ്ടത് .. നമുക്ക് ബഹുമാനിയ്ക്കാന്‍ അനുകരണീയരായ നിരവധി ഗുരുക്കന്മാര്‍ ഉണ്ട്.  ശ്രീനാരായണഗുരുവും ഗാന്ധിജിയും വിവേകാനന്ദനസ്വാമികളും തുടങ്ങി ഒരുപാടുപേരുണ്ട്.  കൂടാതെ മുഴുവന്‍ ജീവിതവും ആതുരസേവനത്തിനായി ഉഴിഞ്ഞുവച്ച  മദര്‍ തെരേസ്സയും, പിന്നെ മണ്ണിന്റെയും ജീവജാലങ്ങളുടെയും  സംരക്ഷണത്തിനായി ജീവിതം മുഴുവനായി സമര്‍പ്പിച്ച   ശിവപ്രസാദ് മാസ്റ്ററും ഒരു നദിയുടെ ജീവന്‍ രക്ഷിയ്ക്കാനായി സ്വന്തം ജീവന്‍ ബലി നല്കിയ  സ്വാമി നിഗമാനന്ദനുമൊക്കെ നമുക്ക് എന്നും വെളിച്ചം വിതറുന്ന വഴികാട്ടികളായുണ്ട് ..  ദയാഭായിയെപ്പോലെ എന്നും ഒരു സാധാരക്കാരിയായി നിന്ന്‍ സേവനം ജീവിതവ്രതമാക്കിയവര്‍ ഉണ്ട് .. ഇവരൊന്നും തന്നെ കൊട്ടാരങ്ങളും പരിചാരകവൃന്ദങ്ങളുമായി  നടന്നില്ല ..  കാല്‍കഴുകിയ്ക്കാന്‍ പ്രധാനമന്ത്രിമാരും മറ്റും  ഇവരെ തേടി വന്നില്ല .. ഇവര്‍ അധികാരത്തിന്റേതായ യാതൊന്നും സ്വന്തം ജീവിതവുമായി കൂട്ടിയിണക്കിയില്ല .. കാരണം അവര്‍ യഥാര്‍ത്ഥ ഗുരുക്കന്മാരായിരുന്നു .. യഥാര്‍ത്ഥ പൂജനീയര്‍ ആയിരുന്നു .. അങ്ങനെയുള്ളവര്‍ക്കു കെട്ടുകാഴ്ചകളെ അതിജീവിയ്ക്കാന്‍ / ഒഴിച്ച്നിര്‍ത്താന്‍ മാത്രം ശക്തി ഉണ്ടായിരിയ്ക്കും .അതില്ലാത്ത ദുര്‍ബലരാണ് കെട്ടുകഥകള്‍ പറഞ്ഞു പരത്തിയും അത്ഭുതശക്തികളെപ്പറ്റി പുസ്തങ്ങള്‍ എഴുതിച്ചുമൊക്കെ ഗുരുവാകാനും ദൈവമാകാനുമൊക്കെ വൃഥാ ശ്രമിയ്ക്കുന്നത് .. മാനസികമായി അവരെക്കാളും തീരെ ബലം കുറഞ്ഞ പലരെയും അവര്‍ക്ക് സ്വന്തം കെണിയില്‍പ്പെടുത്താനും സാധിച്ചേയ്ക്കും .. ഇക്കാലത്ത് ഇത്തരം  ദുര്‍ബലചിത്തര്‍ അധികമായതിനാല്‍ ,ഇത്തരം ആള്‍ക്കാരെ ചുറ്റിപ്പൊതിയാനും കാല്‍കഴുകി വെള്ളം കുടിയ്ക്കാനും സ്വന്തം സമ്പാദ്യമത്രയും അവര്‍ക്ക് സമര്‍പ്പിയ്ക്കാനും ജീവിതം വരെ അടിയറ വയ്ക്കാനുമൊക്കെ ധാരാളം ആള്‍ക്കാരെ കാണാം .. അവര്‍ ഒരു മൂഢലോകത്തില്‍ ജീവിയ്ക്കാന്‍  വിധിക്കപ്പെട്ട പാവങ്ങളാണ്... 

മാധ്യമങ്ങള്‍ക്കും    അധികാരസ്ഥാനങ്ങളില്‍ ഇരിയ്ക്കുന്നവര്‍ക്കും , കെട്ടിച്ചമയ്ച്ച വ്യക്തികളേയും അവര്‍ കെട്ടിപ്പൊക്കുന്ന സാമ്രാജ്യങ്ങളേയും കൊണ്ട് കുറേ കാര്യങ്ങള്‍ നേടാനുണ്ട് എന്നതുകൊണ്ടു മാത്രം അവര്‍ എപ്പോഴും   അത്തരക്കാരെ   പിന്തുണയ്ക്കുകയും ഇത്തരക്കാര്‍ഏത് നിയമവിരുദ്ധതചെയ്താലും സംരക്ഷിയ്ക്കുകയും ചെയ്യും  .... 

പാപങ്ങളുടെ രക്തക്കറകളാല്‍ കെട്ടിപ്പൊക്കപ്പെടുന്നവയാണ് ഇന്ന് കാണുന്ന മിക്ക ആശ്രമങ്ങളും അവയിലെ ആള്‍ദൈവങ്ങള്‍ എന്ന പരാമര്‍ശവുമായി കഴിയുന്നവരും .. അവിടങ്ങളില്‍ എന്തൊക്കെയാണ് നടന്നിരിയ്ക്കുന്നതെന്നും നടന്നുകൊണ്ടിരിയ്ക്കുന്നതെന്നും പലപ്പോഴായി സത്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .. അതുകൊണ്ടുതന്നെ ആശ്രമം എന്ന വാക്കിന്റെ അര്‍ഥത്തെ സ്വീകരിയ്ക്കാവുന്ന ആശ്രമങ്ങള്‍ ,ഇന്ത്യയില്‍ ഉള്ള ആയിരക്കണക്കിനാശ്രമങ്ങളില്‍ ,ഗാന്ധിജിയുടെ സബര്‍മതിയെപ്പോലെ,   വിരലിലെണ്ണാനുള്ളവ മാത്രമേ ഉള്ളൂ ... 

നമുക്ക് തീരെ പരിചയമില്ലാത്തവരാണെങ്കില്‍ പോലും ,  ആത്മീയമായ ഒരു ഔന്നത്യം നേടിയ ആളാണെങ്കില്‍  ഒറ്റനോട്ടത്തില്‍ തന്നെ അവരില്‍ നിന്നും ബഹിര്‍ഗമിയ്ക്കുന്ന ആത്മീയതയെ നമുക്കനുഭവപ്പെടും ..അത്തരക്കാരെ ജാതിമതഭേദമന്യേ ഏവരും ആദരിയ്കും . ആത്മീയമായി  സാധാരണയിലും  ഉയര്ന്ന നില കൈവരിച്ചവര്‍ക്ക്     , ഒരു വ്യക്തിയെ കണ്ടാല്‍ , അയാളുടെ ശരീരഭാഷയും കണ്ണുകളും മുഖഭാവവും ഒരഞ്ചു നിമിഷം ശ്രദ്ധിച്ചാല്‍ മനസ്സിലാകാനാകും അയാള്‍ എവിടെവരെ എത്തിനില്‍ക്കുന്നു എന്ന്‍ ..അതിനു 'വിശുദ്ധ നരകം' പോലെയുള്ള ഗ്രന്ധങ്ങള്‍ വായിക്കേണ്ട ആവശ്യമില്ല ..തനി സാധാരണക്കാരായ ആള്‍ക്കാരെപ്പോലും അമ്മയായും ദൈവമായും ഒക്കെ ആരാധിയ്ക്കാന്‍ ഇവിടെ ആള്‍ക്കാരുണ്ടെന്നത് കേരളം എത്രമാത്രം പിറകോട്ടാണ്സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നത് എന്നതിന് തെളിവാണ്.. ഇവിടെ ശക്തരായ സാമൂഹിക പരിഷ്കര്‍ത്താക്കളുയ്ടെ അഭാവമാണ്ഇത് കാണിയ്ക്കുന്നത് . കേവലം ഒരു മഠത്തിനെതിരെയോ മറ്റൊ സോ ഷ്യല്‍ മീഡിയകളിലും മറ്റും വിമര്‍ശനങ്ങള്‍ വന്നത് കൊണ്ട് മാത്രം ഒന്നുമാകാന്‍ പോകുന്നില്ല .. സമൂഹത്തിന്‍റെ തായ് വേരുകളെ ബാധിച്ചിരിയ്ക്കുന്ന ജീര്‍ണ്ണതകള്‍ക്ക് ആഴത്തിലുള്ള ചികില്‍സകള്‍ തന്നെ വേണ്ടിവരും ... 

പൊതുവേ സന്ന്യാസിമാര്‍ നിര്‍മ്മമരാകേണ്ടതാണ്.അങ്ങനെയല്ലെങ്കില്‍ അവര്‍ക്ക്  ആ പേരുകൊണ്ട് വിളിയ്ക്കപ്പെടാന്‍ യാതൊരര്‍ഹതയുമില്ല .കല്ലേറും പൂച്ചെണ്ടും രത്നഹാരവും ചെരിപ്പുമാലയും ഒരേ ശാന്തഭാവത്തോടെ സ്വീകരിയ്ക്കാനാകുന്നവനാണ് സന്യാസി/ഗുരു .. പതിനായിരങ്ങള്‍ അനുയായികളായി  പാദസേവ ചെയ്യാനുള്ളപ്പോളും കീറവസ്ത്രങ്ങളുമായി ഒറ്റയ്ക്ക് കടത്തിണ്ണയില്‍ കിടക്കേണ്ടിവരുമ്പോഴും അവര്‍ ജീവിതത്തെ ഒരേ പ്രസാദത്മകതയോടെ സ്വീകരിയ്ക്കും .. അതൊന്നും കാണിക്കാത്തവരെ ആള്‍ക്കാര്‍ വിമര്‍ശിയ്ക്കുമ്പോള്‍ , വെറുതെ തിണ്ണബലത്താല്‍ അവരുടെ മേയ്ക്കിട്ട് കേറാന്‍ നോക്കുന്നത് കേവലം ദയനീയതയാണ്... അത്തരക്കാര്‍ ശരാശരിക്കാരായ സാധാരണ മനുഷ്യര്‍ മാത്രമായിരിക്കും ... 

ജീവിതം മുഴുവന്‍ സേവനത്തിനായി നീക്കിവച്ച മഹാമതികള്‍ക്കായി തങ്ങളുടെ മാധ്യമങ്ങളില്‍ പലപ്പോഴും രണ്ടു വരി എഴുതാനുള്ള സ്ഥലം പോലും കാണാത്ത അച്ചടി മാധ്യമങ്ങളും  ദൃശ്യ മാദ്ധ്യമങ്ങളും കപടഐക്കണുകള്‍ക്കായും സരിതയെപ്പോലെ അനവധി കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഒന്നാം പേജിലും ഉള്‍പ്പേജുകളിലുമെല്ലാം ഫുള്‍സൈസ് കളര്‍ഫോട്ടോ സഹിതം പേജുകള്‍ തന്നെ നീക്കിവയ്ക്കുന്നത് മാധ്യമരംഗം ഏതാണ്ട്പൂര്‍ണ്ണമായും ജീര്‍ണിച്ച ഒരു കച്ചവടമായി അധ:പതിച്ചത്തിന്റെ ലക്ഷണമാണ്.. ഇവിടെയാണ് സോഷ്യല്‍ മീഡിയകളുടെ പ്രസക്തിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ പലരുമിപ്പോള്‍ ഇവയെ ഭയന്ന് തുടങ്ങിയിരിക്കുന്നതും . 

ഇതിനൊപ്പം തന്നെ, ഭരണരംഗത്തെ , കെടുകാര്യസ്ഥതയ്ക്ക് എതിരെ ശബ്ദമുയര്‍ത്തേണ്ടത് , അത് തിരുത്തിയ്ക്കേണ്ടത് ഉത്തരവാദിത്തമുള്ള ഓരോ പൌരന്‍റേയും കടമയാണ്.. 'സാധാരണക്കാരന് മാത്രമായി എല്ലാനിയമങ്ങളും ,പ്രമാണിമാര്‍ക്ക് എന്തും ചെയ്യാം 'എന്ന അവസ്ഥയെ ഒരിയ്ക്കലും അംഗീകരിയ്കാന്‍ പറ്റില്ല.. ആയിരങ്ങള്‍ കോടികളായി കണക്കിലേറെ യാതൊരധ്വാനവുമില്ലാതെ   സ്വീകരിയ്ക്കാം ചിലര്‍ക്കിവിടെ ,സാധാരണക്കാരന് ലഭിയ്ക്കേണ്ട  ഒരാനുകൂല്യം നൂറു കടമ്പകള്‍ കടന്ന്‍ ,കൈയ്യില്‍ കിട്ടിയാല്‍ തന്നെ അതിന്മേല്‍ പിന്നേയും നികുതി ചുമത്താം.. ഇവിടെ വിവാദമായിരിയ്ക്കുന്ന ഒരു മഠത്തിന്ക്ലാപ്പന പഞ്ചായത്തില്‍ അനധികൃതമായി നിര്‍മിച്ച 49 കെട്ടിടങ്ങള്‍ ഉളളവയില്‍ 5 എണ്ണം മാത്രമത്രേ പഞ്ചായത്തിന്റെ അനുമതിയോടെ നിര്‍മ്മിച്ചത് .ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് അവിടെ മാത്രം ഉണ്ടത്രേ .. നിയമം ലംഘിച്ച് കണ്ണൂരില്‍ ചതുപ്പ് നികത്തി വിദ്യാലയ ബിസിനസ്സ് നടത്തുമ്പോള്‍ കൊല്ലത്ത് എക്കര്‍കണക്കിന് ചതുപ്പ് നികത്തിയ വാര്‍ത്തയും ഈയിടെ പുറത്തുവന്നിട്ടുണ്ട് .. ..

ചില സേവനങ്ങള്‍ നല്കുന്നു എന്നു പറഞ്ഞു കേരള മുഖ്യമന്ത്രിയടക്കം ഇത്തരക്കാര്‍  ചെയ്യുന്ന എല്ലാ വെട്ടിപ്പുകള്‍ക്കും മൌനാനുവാദം നല്കുമ്പോള്‍,  അതിനെ ചോദ്യം ചെയ്യാന്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമല്ല ,പൊതു സമൂഹധാരയിലും ആള്‍ക്കാര്‍ ഉണ്ടായേ തീരൂ ....  സരിത ശാലു മാരുടേയും മഠങ്ങളുടേയുംമറ്റും കൂത്തരങ്ങായി കേരളത്തെ മാറാന്‍ അനുവദിയ്ക്കരുത്...  മാഡം ഗെയ്ല്‍ തന്റെ ഇരുപതു വര്‍ഷത്തിലേറെ കാലത്തെ അനുഭവങ്ങള്‍ വിവരിയ്കുമ്പോള്‍ അതിനെപ്പറ്റി സത്യസന്ധമായ ഒരന്വേഷണത്തിന് ഉത്തരവിടാന്‍ എന്തേ ബഹു കേരളാ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മടിയ്ക്കുന്നു ?.ഒപ്പം സത്നാം സിംഗ് എന്ന നിഷ്കളങ്കനായ ചെറുപ്പക്കാരന്‍റെ കൊലപാതകത്തെപ്പറ്റി എന്തേ  ശരിയായ ഒരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിയ്ക്കുന്നില്ല ?ഉത്തരം പറയാന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനകീയ അധികാരികള്‍ ബാദ്ധ്യസ്ഥരാണ്.ഇതൊക്കെ കാണുമ്പോള്‍, ഇത്തരം സ്ഥാപനങ്ങളോട് നിഷ്പക്ഷമായ നിലപാടുമായി നില്‍ക്കുന്നവര്‍ക്കുപോലും അവരെ കുറ്റവാളിയുടെ ലേബലില്‍ കാണാന്‍ തോന്നുന്നെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ..തങ്ങളുടെ കൈയ്യില്‍ ഒരു കറയും പുരണ്ടിട്ടില്ലെങ്കില്‍ എന്തുകൊണ്ട്  ഇത്തരക്കാര്‍ വിമര്‍ശനങ്ങളേയും അന്വേഷണങ്ങളേയും ഭയക്കുന്നു ... ?പാപം ചെയ്യാത്തവര്‍ ,ഒന്നും മറച്ചു വയ്ക്കേണ്ടതില്ലാതെ സുതാര്യമായ പ്രവര്‍ത്തനമുള്ളവര്‍ ഒന്നിനേയും ഭയക്കേണ്ടതില്ല .ഭയക്കുന്നവര്‍ പലതും മറച്ചു വയ്ക്കാനുള്ളവര്‍ തന്നെ, തീര്‍ച്ച .... 

Tuesday, February 18, 2014

ചില സമരചിന്തകള്‍....

 
കൊക്കക്കോള കമ്പനിയ്ക്ക് മുമ്പില്‍ 

സമരങ്ങളുടെ ശക്തിയിരിക്കുന്നത് വലിയ ആള്‍ക്കൂട്ടപങ്കാളിത്തത്തിലോ മാധ്യമങ്ങള്‍ നിത്യവും വന്‍ വാര്‍ത്തകള്‍ നല്‍കുന്നതിലോ ഒന്നുമല്ല ... വെറുതെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി      പങ്കെടുക്കുന്നവരും ,തങ്ങളുടെ സംഘടനയാണ്/ പാര്‍ട്ടിയാണ്  ഈ സമരംചെയ്യുന്നത് എന്ന ധാര്‍ഷ്ട്യ വുമായി അനേകം കൊടികളും ബാനറുകളുമായി വരുന്നവരും സത്യത്തില്‍ സമരത്തെ ദുര്‍ബലപ്പെടുത്തുന്നു എന്ന്‍ പല പ്രാവശ്യമായി ഞങ്ങള്‍ക്കൊക്കെ അനുഭവമുണ്ട് .. പത്തോ അമ്പതോ അല്ലെങ്കില്‍ നൂറോ ,അതൊന്നുമല്ലെങ്കില്‍ ഒരേയൊരു വ്യക്തിയോ 100% ആത്മസമര്‍പ്പണത്തോടെ ചെയ്യുന്ന ഒരു സമരമായിരിക്കും  ശക്തമായ സമരം .. ഇവിടെ സത്യത്തിന്‍റെ ശക്തിയാണ് വിജയം കൊയ്യുക ..




.

ബിജുവും വിജയന്‍അമ്പ ലക്കാടും പ്ലാച്ചിലടയില്‍ നിരാഹാരമിരിയ്ക്കുന്നു

വെറുതെ മാധ്യമങ്ങളില്‍ നില്‍ക്കാനായി കണ്ണൂരില്‍ വിജയിക്കേണ്ട ഒരു സമരത്തെ ഡല്‍ഹിയിലേയ്ക്ക് വലിച്ചിഴച്ചു എന്നതാണു ജസീറയുടെ പരാജയം .. മാധ്യമങ്ങളെ അവഗണിയ്ക്കാന്‍ മാത്രം ശക്തി   ഉണ്ടാവണമെന്ന് പറയുമ്പോള്‍  , അവരെ നിരാകരിക്കണമെന്നോ ഓടിയ്ക്കണമെന്നോ  എന്നല്ല, അവര്‍ക്ക് പിറകെ പോകരുത്എന്നുമാത്രം . അവര്‍ക്കുവേണ്ടിയായി സമരം ചെയ്യരുത് . അവര്‍ അവരുടെ പണി ചെയ്തോട്ടെ എന്നുമാത്രം . അവരുടെ അജണ്ടകളില്‍ വീഴാതിരിയ്ക്കുക .. തിരിച്ചറിയുക , മാധ്യമങ്ങള്‍ നിങ്ങളെ വല്ലാതെ പൊക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിയ്ക്കുന്നതെന്ന് . ഈ തിരിച്ചറിവാണ് ഒരു വ്യക്തിയുടെ വിജയം  .സമരം യഥാര്‍ത്ഥത്തില്‍ ശക്തമാകുമ്പോള്‍  എല്ലാവര്‍ക്കും അതിനെ പിന്തുണയ്ക്കാതിരിക്കാനാവില്ല .. 

സമരം എന്ന പേരില്‍ സ്വയം പോസ്റ്ററിംങ്ങുമായി  വലിയ നോട്ടീസുകളും ബാനറുമൊക്കെയായി നടക്കുന്നവര്‍ ഒരിയ്ക്കലും സമൂഹത്തിനായി ഒരു നന്മയും ചെയ്യുന്നില്ല ..തികച്ചും സ്വാര്‍ഥമതികള്‍ മാത്രമാണവര്‍ .. അവരില്‍നിന്നും എന്നും അകലം പാലിച്ച് നിന്നില്ലെങ്കില്‍ അത് അവനവനേയും മോശമായി ബാധിയ്ക്കും. അതുകൊണ്ട് വീണാമണിയെപ്പോലുള്ളവര്‍ സമരം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണയ്കാനാവില്ല .എന്നാല്‍ ഏത് വ്യക്തിയായാലും സംഘടനയായാലും സമരത്തിന് പിന്നില്‍ ശരിയായ ഒരു കാരണം ഉണ്ടെങ്കില്‍ ,ഞങ്ങള്‍ ,   അകലം വേണ്ടയിടത്ത് അത്പാലിച്ച്കൊണ്ടാണെങ്കിലും വേണ്ട  പിന്തുണ നല്‍കാറുണ്ട് .. ജസീറയ്ക്ക് കണ്ണൂരില്‍ ഞങ്ങള്‍ അതാണ് നല്കിയത് .. വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ,കണ്ണൂര്‍ വിട്ട ശേഷവും ,അവരെ   മനസ്സുകൊണ്ട് പിന്തുണച്ചത് , കടല്‍ മണല്‍ എന്ന വിഷയം ചര്‍ച്ചാവിഷയമാകാണെങ്കിലും അത് ഇടയാക്കുമല്ലോ എന്നു കരുതിയായിരുന്നു..സ്ത്രീ,  അമ്മ എന്നീ നിലകളില്‍     വ്യവസ്ഥിതിയോടുള്ള അവരുടെ പോരാട്ടങ്ങളേയും ഞങ്ങള്‍ മാനിയ്ക്കുന്നു  .... ഞങ്ങളുടെ നിരീക്ഷണം ശരിയാണെന്ന് ജസീറയുടെ സമരവും തെളിയിച്ചു.. കടല്‍മണല്‍ വിഷയത്തില്‍ അവരുടെ തെറ്റായ   സമരരീതികൊണ്ട് കണ്ണൂരിനപ്പുറം അവര്‍ക്ക് ഒന്നും നേടാനായില്ല ... 

പശ്ചിമഘട്ട സംരക്ഷണത്തിനായി കണ്ണൂരില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്ഇവിടത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി .. സംസ്ഥാനതലത്തില്‍  ഡോ. വി. എസ് . വിജയന്‍ മുന്‍ കൈ എടുത്തു വിപുലമായ രീതിയില്‍ പ്രവര്‍ത്തനം തുടരാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടു മീറ്റിംഗുകളില്‍ ഞങ്ങള്‍ പോയി .. തികച്ചും നിരാശയായിരുന്നു ഫലം . സുഗതകുമാരിയും  മറ്റു വന്‍കിട നേതാക്കലുമൊക്കെ അടങ്ങുന്ന വലിയ രൂപത്തിലുള്ള ഒരു സമിതിയായി മാറേണ്ട  അതിനെ, ഡോ. വിജയനെപ്പോലും നിര്‍വീര്യമാക്കിക്കൊണ്ട് ചിലര്‍ പിടിച്ചടക്കാന്‍ ശ്രമിയ്ക്കുകയും ഇവരോടൊന്നും പൊരുതാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തപ്പോള്‍,  വലിയ ഒരു ശ്രമമാണ്,ഒരു പ്രതീക്ഷയാണ് പാഴായിപ്പോയത് .. 

പ്ലാച്ചിമട റാലിയില്‍ നിന്നും  

പ്ലാച്ചിമടയില്‍ ദിവസങ്ങളായി അന്നമുപേക്ഷിച്ച്  അതിതീവ്രമായ സമരം നടത്തുന്ന സഖാക്കളെ , അവരുടെ സഹനത്തെ ശക്തമാക്കാന്‍ കൊടികളുടേയും ബാനറുകളുടേയും മാത്രം രാഷ്ട്രീയവുമായി വരുന്നവര്‍ക്കവുമോ? .. ആള്‍ക്കാരെ കാണാന്‍ കൂടി    സമ്മതിയ്ക്കാത്തവിധം   വലിയ കൊടികള്‍ നിറയപ്പെടുകയും 'കൊക്കക്കോള നീതിപാലിയ്ക്കുക'  എന്നതിന് പകരം' സംഘപരിവാര്‍ സിന്ദാബാദ്  ' എന്നൊക്കെ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്ത ഈ ഫെബ്രു. 15 ന്റ്റെ റാലിയില്‍ , രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ജനറല്‍ ബോഗിയില്‍ കഷ്ടപ്പെട്ടു യാത്ര ചെയ്തു പങ്കെടുത്ത ഞങ്ങളേപ്പോലുള്ളവര്‍ക്ക് തികഞ്ഞ നിരാശമാത്രമാണുണ്ടായത് .. കേവലം അമ്പതില്‍ താഴെ പരിസ്ഥിതി പ്രവര്‍ത്തകരാണ്  കൊടിയോ ബാന റോ ഇല്ലാതെ അതില്‍ പങ്കെടുത്തത് ..ആദിവാസികള്‍ വരെ പങ്കെടുത്തത് എസ്‌സി-എസ്‌ടി സംഘടനയുടെ കൊടികളുമായാണ്.. ഇങ്ങനെയാണെങ്കില്‍ സത്യാഗ്രഹികളുടെ ജീവിതം വച്ചുള്ള ഈ കളി നിര്‍ത്തുന്നതായിരിക്കും നല്ലത്.. അല്ലെങ്കില്‍  കൊടികളും ബാനറൂമില്ലാതെ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നടപ്പിലാക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി വരുന്നവരേ ഇനി സമരത്തില്‍ വരേണ്ടതുള്ളൂ എന്ന ഉറച്ച തീരുമാനം നേതൃത്വം എടുക്കേണ്ടിവരും ...


പ്ലാച്ചിമട റാലിയില്‍ നിന്നും 

സമരങ്ങളെപ്പറ്റി ഏറ്റവും ശരിയായ നിലപാടുകള്‍ എടുക്കേണ്ടതുണ്ട് ഇനിയുള്ളകാലത്തെന്ന്,ഒരുപാടാനുഭവങ്ങള്‍ പറഞ്ഞു തരുന്നു .. മുഴുവന്‍ ഊര്‍ജ്ജവും വിഷയത്തിലേയ്ക്ക് പകര്‍ത്തി  സമരം  ചെയ്യുമ്പോള്‍ , അത് വെറുതേ സമരം ചെയ്യുന്നവര്‍ക്കുവേണ്ടി ഇനിയും പാഴാക്കിക്കള യാന്‍ഞങ്ങള്‍ ഒരുക്കമല്ല ..   നനവിലും മറ്റുമായി , മണ്ണിനേയും    ജീവജാലങ്ങളേയും സംരക്ഷിയ്ക്കാനും ജൈവ  കൃഷിയ്ക്കായും  യാത്രകള്‍ക്കും വായനയ്ക്കും മറ്റുമായും  ആ സമയം   ചെലവഴിയ്ക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് .. ഒപ്പം സമരങ്ങള്‍  സ്വയം ഏറ്റെടുക്കേണ്ടവ ഏറ്റെടുത്ത്ചെയ്യുകയും  യഥാര്‍ത്ഥ സമരങ്ങള്‍ നടത്തുകയും നടത്തുന്നവരെ പിന്തുണയ്ക്കുകയും ചെയ്യും ...

മുന്‍നിര നിരന്നൊഴുകുന്നു.. ഈ  റാലിയിലിങ്ങനെ വന്നു നിന്നുഫോട്ടോവി നു പോസ്  ചെയ്തു എന്നല്ലാതെ ഇതില്‍എത്രപേര്‍  സമരത്തെ തുടര്‍ന്നും ശക്തമായി പിന്തുണയ്ക്കും?..