Saturday, August 31, 2013

എന്താണ് വികസനം ? എന്താണ് രാഷ്ട്രീയം ?

നമുക്ക് ഏത് രാഷ്ട്രീയമാണ് വേണ്ടതിനി ?എന്താണ് രാഷ്ട്രീയം  ? നാടുമുടിയ്ക്കാനും കോടികള്‍ പോക്കറ്റിലാക്കാനും മണല്‍ മാഫിയ രാഷ്ട്രീയപാര്‍ട്ടി കൂട്ടുകെട്ടിനെ സഹായിക്കലാണോ അതോ നാടിനെ ഭാവിതലമുറകള്‍ക്കും വേണ്ടി സംരക്ഷിയ്ക്കണമെന്നു പറയുന്നതോ ? ഏത് രാഷ്ട്രീയമാണിനി നാം സ്വീകരിയ്ക്കുക ?   
എന്തു വികസനമാണ് നാം മുന്നോട്ടുവയ്ക്കേണ്ടത്? നാടിന്റെ അടിത്തറതോണ്ടിയും മാഫിയാധികാരരാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് സാമ്രാജ്യങ്ങള്‍ വലുതാക്കിക്കൊണ്ടിരിയ്ക്കാന്‍ വേണ്ടി മാത്രമുള്ള ഇന്നത്തെ വിനാശവികസനമോ  ?  അതോ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയും സമ ഗ്രതയോടേയും നടത്തുന്ന വികസനമോ ?
തിരിച്ചറിയുക ..ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കുക .. 

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായി, മണല്‍ മാഫിയയ്ക്കുവേണ്ടി ,ഒരു എം എല്‍ ഏ യും  മറ്റു  ചില സ്ഥാപിതതാല്‍പര്യക്കാരും ചേര്ന്ന്‍ നീരൊഴുക്കുംചാല്‍ എന്ന പ്രദേശവാസികളെ ഇളക്കിവിടുകയാണിപ്പോള്‍.. . ഒരു പരിസ്ഥിതി  പ്രവര്‍ത്തകനും ആ പ്രദേശവാസികള്‍ക്കെതിരായല്ല പ്രവര്‍ത്തിയ്ക്കുന്നത് .. കടല്‍മണല്‍ വാരലിനു എതിരെ മാത്രമാണ്.. 

പെണ്ണുപിടിച്ചും കൂട്ടികൊടുത്തും ജീവിയ്ക്കുന്നവരുണ്ട് . മോഷണം നടത്തി ജീവിയ്ക്കുന്നവരുണ്ട് . ക്വട്ടേഷന്‍ നടത്തി കൊല്ലും  കൊലയും ചെയ്തു കോടികള്‍  സമ്പാദിയ്ക്കുന്നവരുണ്ട്.. കുട്ടികളേയും  മറ്റും കടത്തിക്കൊണ്ടുപോയി  ഭിക്ഷാടനം നടത്തി കോടികള്‍  സമ്പാദിയ്ക്കുന്നവരും ഇവിടെയുണ്ട് ..  വ്യാജ മുദ്രപ്പത്രങ്ങള്‍ ,ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുണ്ടാക്കി വിറ്റ്കോടികള്‍ സമ്പാദിയ് ക്കു ന്നവരും ഉണ്ട്  .  ഇത്ര മാത്രമല്ല ഇനിയും  നിരവധി നിയമലംഘനങ്ങള്‍   നടത്തി ജീവിയ്ക്കുന്നവര്‍ഇന്ത്യയിലുണ്ട്.. ഇവരൊക്കെ സംഘടിച്ച് ഇത് ഞങ്ങളുടെ പരമ്പരാഗത തൊഴിലാണ് എന്നും പറഞ്ഞു വന്നാല്‍ നാം അതാണോ അംഗീകരിയ്ക്കേണ്ടത് ,അതോ നിയമ ലംഘകരെ ശിക്ഷിയ്ക്കേണമോ? എം എല്‍ ഏമാര്‍ ,ഏഡിഎം തുടങ്ങിയ അധികാരികള്‍ വരെ ഇത്തരം നിയമ ലംഘകര്‍കര്‍ക്ക്  പിന്തുണയുമായി പരസ്യമായി മുന്നോട്ട് വരികയും ,ഇത് എന്റെ സാമൂഹ്യപ്രവര്‍ത്തണം എന്ന ലേബലില്‍ അധികാരത്തിന്റെ എച്ചില്‍നക്കികള്‍ ഒപ്പം കൂടുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കുക ;നാട് അപകടത്തിലാണ്.. ജാഗ്രത...നാട് നശിപ്പിയ്കാന്‍ ആരെയും നാം ഇനിയും അനുവദിയ്ക്കരുത്  

Thursday, August 22, 2013

നിയമം നടപ്പാക്കണമെന്ന് പറയുന്നവരോ കുറ്റക്കാര്‍?!!!!


കുറ്റവാളികള്‍ക്ക് അനുകൂലമായി അവരുടെ ഭാഷയില്‍ റിപ്പോര്ട്ട് നല്കിയ കളക്ടറുടെ നടപടി അക്ഷന്തവ്യമായ കുറ്റംതന്നെയാണ്...  ഇന്നേവരെ ഒരധികാരിയും നാടിന്‍റെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്നതിനെതിരെ നിസ്വാര്‍ഥമായി പ്രവര്‍ത്തിയ്ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ ഒരു റിപ്പോര്‍ട്ടില്‍ പേരെടുത്ത് ആക്ഷേപിച്ചിട്ടില്ല ..കണ്ണൂര്‍ കളക്ടര്‍ താന്‍ തയ്യാറാക്കിയതല്ല റിപ്പോര്ട്ട് എന്നു പറഞ്ഞ് ഒഴിഞ്ഞാലൊന്നും ,തന്‍റെ ഒപ്പിട്ടു മുഖ്യമന്ത്രിയ്ക്ക് അയക്കപ്പെട്ട ഈ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകില്ല .. വേലിത്തന്നെ വിളവുതിന്നാല്‍ ഈ നാട് എങ്ങോട്ട്?...

 ഒരുതരി മണല്‍ പോലും കടല്‍ തീരങ്ങളില്‍നിന്നും വാരരുത്  എന്ന്‍ CRZ അനുശാസിയ്ക്കാന്‍ കാരണം തീരങ്ങള്‍ ഒരു നാടിന്റെ അതിര്‍ത്തിയായതിനാലാണ്.. അത്രയേറെ ജാഗ്രതയോടെ സംരക്ഷിയ്ക്കേണ്ട സ്ഥലങ്ങളാണവ .. ദിവസം 400-500 രൂപ സാധാരണക്കാര്‍ക്കും പതിനായിരങ്ങള്‍ മാഫിയകള്‍ക്കും(രാഷ്ട്രീയക്കാര്‍ക്കും) വരുമാനമുണ്ടാകുന്നവിധം അത്രയേറെ അശ്രദ്ധമായി ഈ നിയമത്തെ ലംഘിയ്ക്കാന്‍ ജില്ലാ-പഞ്ചായത്ത് അധികാരികള്‍ വിട്ടുകൊടുത്തത് പോരാഞ്ഞിട്ട് ,നിയമസംരക്ഷണത്തിനായി പൊരുതുന്നവരെ കുറ്റക്കാരായും കാപട്യക്കാരയും ചിത്രീകരിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്.. 


പലതും മറച്ചുവച്ചാണി റിപ്പോര്ട്ട് വന്നിരിയ്ക്കുന്നത് .. ജസീറ തന്റെ സമരം തുടങ്ങിയത് വാഹനങ്ങളില്‍ മണല്‍ കടത്തുന്നതിന്‍ എതിരെയായിരുന്നു.. വാഹനങ്ങള്‍ക്ക് മുന്നില്‍ അവര്‍ കിടക്കുകവരെ ചെയ്തിട്ടുണ്ട് .അതിന്‍റെ ഫലമായി വാഹനത്തിലുള്ള കടത്ത് കുറേയൊക്കെ നിയന്ത്രിയ്ക്കപ്പെട്ടു ..പിന്നെയാണ് തലച്ചുമറ്റായി കടത്തുന്നതിനെതിരെ അവര്‍ വന്നത്.. 

ജസീറ സമരം തുടങ്ങിയ ശേഷം താസില്‍ദാര്‍ ,മനുഷ്യാവകാശ കമ്മീഷന്‍ ,അസിസ്റ്റന്‍റ് കളക്ടര്‍ , സ്ഥലം എം എല്‍ എ എന്നിവരൊക്കെ  ആ സ്ഥലം സന്ദര്‍ശിയ്ക്കുകയും അവിടെ നിന്ന്‍ മണല്‍ കടത്തിവില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് കടലാക്രമണം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ നല്കിയിട്ടുണ്ട് .. ഇതൊക്കെ ബോധ്യപ്പെട്ടതിനാല്‍ തന്നെയാണ് കളക്ടര്‍ അവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിയ്ക്കാന്‍ ഉത്തരവിട്ടതും .. അത് പ്രാവര്‍ത്തികമാകാത്തതിനാലാണ്ജസീറ വീണ്ടും സമരം തുടങ്ങിയത്.. 

എയ്ഡ് പോസ്റ്റ് വന്നയുടന്‍,സ്വന്തം വരുമാനമാര്‍ഗ്ഗം മുട്ടുമെന്ന് ഭയന്ന്‍ , പരിസ്ഥിതിയ്ക്കാരും ജസീറയും  തങ്ങളുടെ നാട്ടിനെ അപമാനിയ്ക്കുന്നു,മണല്‍വാരല്‍ തൊഴിലാണ് എന്നൊക്കെ പറഞ്ഞു ,ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ നേതൃത്വത്തില്‍ അവിടെ നടത്തിയ മനുഷ്യചങ്ങലയില്‍ ആയിരത്തിലേറെപ്പേരാണ് അണിനിരന്നത് .. ഇതില്‍നിന്നും തന്നെ വ്യക്തമാകുന്നുണ്ട് അത്രയേറെ വ്യാപകമായും വലിയ തോതിലുമാണവിടെ മണല്‍ക്കൊള്ള നടക്കുന്നതെന്ന് . കൂടാതെ സി‌ആര്‍‌സെഡ് നിയമത്തെ അവഹേളീച്ചുകൊണ്ട് മണല്‍വാരല്‍ തൊഴിലാണെന്ന് പറഞ്ഞ ഒരു ADM ആണിപ്പോള്‍ കണ്ണൂരിലുള്ളത്.. 


ചാനലുകള്‍ ഈ പ്രശ്നം പഠിച്ച് സ്ഥലവാസികളുടെ അഭിപ്രായമടക്കമു ള്ള റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട് ..  അവിടങ്ങളില്‍ ധാരാളം ആളുകള്‍ മണല്‍വാരലിന്  എതിരാണ്. ഒരു സ്ഥലവാസി മാതൃഭൂമി പത്രത്തില്‍ കത്തെഴുതിയിരുന്നു . ജസീറയുടെ വീട്ടുകാര്‍ മണല്‍ വാരി പണമുണ്ടാക്കുന്നവറാണ്.പിന്നെയവരെങ്ങിനെ ജസീറയെ അനുകൂലിക്കും !!!ബാക്കിയുള്ളവര്‍ പേടിച്ചിട്ടാണ് മിണ്ടാതിരിയ്ക്കുന്നത് .വലിയ ഒരു റാക്കറ്റാണ് അവിടെയുള്ളത് . കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍ സ്ഥലം മാറ്റിയിട്ടുണ്ട് . മണല്‍ പിടിക്കാന്‍ ചെന്ന ഡെ. താസില്‍ദാരെ ജീവന്‍ വേണമെങ്കില്‍ ഓടിയ്ക്കോ എന്ന്‍ ഓടിച്ചുവിട്ടിട്ടുണ്ട് .. ഇവര്‍ക്കൊക്കെ എതിരെയാണ് ഒരു സ്ത്രീ ഒറ്റയ്ക് മുന്നോട്ടുവന്ന് സമരം ചെയ്യുന്നത് എന്നും കൂടി മനസ്സിലാക്കണം .   പരിസ്ഥിതി - സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരിട്ടുകണ്ട് തന്നെ ഈ അവസ്ഥകള്‍ മനസ്സിലായിട്ടുണ്ട് .. അതുകൊണ്ടു മാത്രമാണ് കടല്‍മണല്‍ വിഷയത്തില്‍ നടന്ന സമരത്തിന് എല്ലാ വിധ സഹായവും സംരക്ഷണവും നല്‍കിക്കൊണ്ടിണ്ടിരിയ്ക്കുന്നത് ..


ജസീറയെ കാണാന്‍ ചെല്ലുന്നവര്‍ അവര്‍ക്ക് സംഭാവനകള്‍ നല്കുന്നുണ്ട്,അതിനാല്‍ ദരിദ്രമായ ചുറ്റുപാടുകളില്‍നിന്നും വന്ന  അവര്‍ സാ മ്പത്തികലാഭത്തിന് വേണ്ടിയാണ് സമരംചെയ്യുന്നതെന്ന് ഒരു തെളിവും ഹാജരാക്കാതെ ഒരാരോപണം ഉന്നയിച്ചിരിക്കുന്നത് ഒരിയ്ക്കലും ഉണ്ടാകരുതാത്തതാണ്.. തെരുവില്‍ സമരം ചെയ്യുന്ന ഒരു അമ്മയ്ക്കും മക്കള്‍ക്കും അവരുടെ നിത്യചെലവിനായി ചെറിയ തുകകള്‍ നല്‍കുന്നതിനെയാണ്സാമ്പത്തിക ലാഭം എന്നൊക്കെ ആരോപിച്ചിരിയ്ക്കുന്നത് .. സമരം നിര്‍ത്താം എന്ന ഒരു അഡ്ജസ്റ്റ്മെന്റിനു ജസീറ തയ്യാറാവുകയാണെങ്കില്‍ അവര്‍ക്ക് ലക്ഷങ്ങള്‍ തന്നെ കിട്ടും എന്നിരിക്കെ അവരെന്തിന് മക്കളേയുംകൊണ്ട് ഇതമാത്രം വിഷമിക്കണം ?


ഇതൊക്കെയാണ്സത്യമെന്നിരിക്കെ നിയമം പ്രാവര്‍ത്തികമാക്കേണ്ട ഒരു അധികാരി ,നിയമം നടപ്പിലാക്കിക്കിട്ടുന്നതിനുവേണ്ടി    ഒരു സാധാരണ പൌരയും പരിസ്ഥിതിപ്രവര്‍ത്തകരും ചെയ്ത സമരത്തെ അവഹേളിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയും അയച്ച റി പ്പോര്‍ട്ടു ഉടന്‍ തിരുത്തി ,ശരിയായ റിപ്പോര്ട്ട് നല്കേണ്ടതാണ്..  തെറ്റ് ആര് ചെയ്താലും തെറ്റു തന്നെയാണ്. അത് തിരുത്തി ക്ഷമ പറയേണ്ടത് തെറ്റ് ചെയ്തവരുടെ ധാര്‍മ്മിക ബാധ്യതയാണ്.. 


പരിസ്ഥിതി -സാമൂഹ്യ പവര്‍ത്തകര്‍ തങ്ങളുടെ പ്രതി ഷേധം  രേഖപ്പെടുത്തിക്കഴിഞ്ഞു . ശനിയാഴ്ച   ( 24.8 13 )രാവിലെ  ഈ വിഷയത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിനുമുമ്പില്‍ ഒരു പൊതു പരിപാടി സംഘടിപ്പിയ്ക്കുന്നുണ്ട് . 

പ്രതിരോധപ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും അവഹേളിച്ചും പേടിപ്പിച്ചുമൊക്കെ ഒതുക്കാനുള്ള ഒരു നീക്കം നടന്നുവരുന്നതിന്റെ ഭാഗമായിതന്നെയാണ് ഇത് നടന്നിരിക്കുന്നത് എന്നതിനാല്‍ മുഴുവന്‍ പേരും കളക്ടറേറ്റിനുമുന്നില്‍ എത്തിചേര്‍ന്ന് ശക്തിപകരണം .. മാഫീയ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട്  ഈനാടിനെ തകര്‍ക്കുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കരുത് .. 

Monday, August 5, 2013

ഇതും പരിസ്ഥിതി പ്രവര്‍ത്തനമോ !!!! ??? ...


ഇക്കാലത്ത് കള്ളന്മാര്‍ ,പിടിച്ചുപറിക്കാര്‍ , പീഡനവീരന്‍മാര്‍ ,പിമ്പുകള്‍, തുടങ്ങിയവരുടെ എണ്ണം വളരെ വലുതാണ്.. ഇത്തരക്കാര്‍ നാടിന്‍റെ നന്‍മയ്ക്കെതിരെ സംഘടിയ്ക്കുകയും നാട് മുടിക്കുന്നതാണ് ശരിയായ പ്രവര്‍ത്തണമെന്നും ,നാടിനെ രക്ഷിയ്കാനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരെ  കുറ്റവാളികള്‍ എന്നു മുദ്ര കുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ,അതിനു ശക്തിയൊന്നും ഉണ്ടാവുകയില്ല .. കാരണം സത്യത്തിനാണ് എപ്പോഴും ശക്തി ,. ഒരേയൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയ്ക്ക് മുന്നില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും മുട്ടുമടക്കിയതു അതുകൊണ്ടാണ്.. 

ഇത് എക്കാലവും, കലിയുഗത്തില്‍  പ്രത്യേകിച്ച്, നടക്കുന്ന കാര്യമാണ്.. സത്യന്യായങ്ങളുടെ പക്ഷത്ത് വളരെ കുറച്ചുപേരേ ഉണ്ടാവുകയുള്ളൂ.. എന്നാല്‍ അന്തിമവിജയം ഇപ്പോഴും സത്യത്തിനായിരിക്കും.. 

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല .. പരിസ്ഥിതി മലിനികരണവും ജനദ്രോഹവും ചെയ്യുന്നവര്‍ക്കൊക്കെ അവരുടേതായ പരിസ്ഥിതിവിങ്ങുകളും ഉണ്ട്.. നാട് മുടിച്ചു കിട്ടുന്ന കോടികളില്‍ ചെറിയ ഒരംശം പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ പ്രവര്‍ത്തിയ്ക്കാനായി ഇത്തരക്കാര്‍ നിക്കിവയ്ക്കും . സ്ഥാന പണ മോഹികളായ ചില 'പരിസ്ഥിതിക്കാര്‍ ' അവര്‍ക്കായി പ്രവര്‍ത്തിയ്ക്കുകയും , ലാഭം കിട്ടുന്ന ഏര്‍പ്പാടായതിനാല്‍ മാദ്ധ്യമബിസിനസ്സുകാര്‍ അതിനൊക്കെ വന്‍ പബ്ലിസിടിയും നല്‍കും .. 

ചതുപ്പുനിലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍  പണിത ശേഷം     ,'മക്കളേ പരിസ്ഥിതിയെ സംരക്ഷിക്കണം 'എന്നൊക്കെ ശ്രിമതി അമൃതാനന്ദമയിയുടെ ലേഖനങ്ങള്‍ പത്രങ്ങളില്‍ വരുന്നതുമൊക്കെ ഇങ്ങനെയാണ്..കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ മുഴുവന്‍  മലകളും സ്വന്തം പേരിലും     ബിനാമികളായും യാതൊരു നിയന്ത്രണവുമില്ലാതെ ഇടിച്ചു പൊട്ടിച്ച് ബാങ്കുബാലന്‍സാക്കിയവര്‍ ഇപ്പോള്‍ ഹരിതരാഷ്ട്രീയവുമായി ഇറങ്ങിയിട്ടുള്ളതും ഇതിന്‍റെ ഭാഗമാണ് ....  

 ഇനി വരാന്‍ പോകുന്നത്  പുഴകയ്യേറ്റക്കാരുടെ പരിസ്ഥിതി സംഘടനക, വനം കൊള്ളക്കാരുടെ പരിസ്ഥിതി സംഘടന, കുന്നിടിക്കുന്നവരുടെ പരിസ്ഥിതി സംഘടന,വിഷക്കമ്പനികളുടെ പരിസ്ഥിതി സംഘടന എന്നിങ്ങനെയാണ്.. അതിന്‍റെ  യാതൊരു മറയുമില്ലാത്ത അരങ്ങേറ്റമാണ് പഴയങ്ങാടിയില്‍ കണ്ടത് . 

ഇനിയൊരു സുനാമിയോ വന്‍ ഭൂചലനമോ ചുഴലിക്കാറ്റോ വരള്‍ച്ചയോ സൂര്യാഘാതമോ,...   സ്വന്തം ജീവിതങ്ങളെ ബാധിയ്ക്കും വിധത്തില്‍ ആഞ്ഞടിച്ചാലേ ഇവര്‍ക്കൊക്കെ ബോധം വരൂ . പക്ഷേ  എല്ലാം  നഷ്ടമായതിന് ശേഷം  ബോധം വന്നത് കൊണ്ട് ഒരുകാര്യവും ഉണ്ടാവില്ല 

Monday, April 29, 2013

കക്കാട് പുഴ വീണ്ടുമൊഴുകണം




പുഴയുടെ വേരുകള്‍ തേടി ഒരു യാത്ര 

അറുപതുകളില്‍ ശുദ്ധജലവാഹിനിയായിരുന്ന കക്കാട്  പുഴ .. നല്ല ആഴവും വീതിയും ഇരു കരകളിലുമായി നൂറുമേനി വിളയുന്ന ഏക്കര്‍ കണക്കിനു കൈപ്പാട് നിലങ്ങളും പുഴയില്‍ വെള്ളമെത്തിക്കുന്ന നിരവധി തോടുകളും തോടുകള്‍ക്ക് ജലമേകിയിരുന്ന ആനക്കുളവും ചീരക്കുളവും മറ്റുമായി  പുഴയന്ന് ഒരു നാടിന്‍റെ ഐശ്വര്യദേവതയായിരുന്നു .. തീരങ്ങളിലെ തെങ്ങുകള്‍ തലപ്പിനു താങ്ങാനാകുന്നതിലുമധികം ഫലഭാരവുമായി കര്‍ഷകരെ അനുഗ്രഹിച്ചിരുന്നു .. ഈ തേങ്ങകള്‍ കയറുകൊണ്ട് കെട്ടി പുഴയിലൂടെയായിരുന്നു കൊണ്ടുപോയിരുന്നത് .. 


നികത്താനുണ്ട് നീര്‍ത്തടങ്ങള്‍ ,

നെല്ലും തേങ്ങയും മാത്രമല്ല വൈവിധ്യമാര്‍ന്ന പുഴമല്‍സ്യങ്ങളും ഞണ്ടും ചെമ്മീനും  കക്കയുമൊക്കെ കക്കാട്ടുവാസികളെയന്ന് ആരോഗ്യവാന്മാരും  സമ്പന്നരുമാക്കിയിരുന്നു .. അന്നവര്‍ ബോട്ടിലൂടെയായിരുന്നു പുഴയില്‍ സഞ്ചരിച്ചിരുന്നത്.. കൂടാതെ കൃഷിയ്ക്കും കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും  കക്കാട്ടുകാര്‍ക്ക് ഏതുവേനലിലും ഇഷ്ടംപോലെ ശുദ്ധജലവും കിട്ടിയിരുന്നു .. നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ പുഴയില്‍ ഒരിയ്ക്കലും ഉപ്പുവെള്ളം കയറിയിരുന്നില്ല .. 



കുടിവെള്ളത്തോട് ധനാര്‍ത്ഥി ഏറ്റുമുട്ടുമ്പോള്‍ 

ഇതൊന്നും ഞാന്‍ പറയുന്നതല്ല .. അന്ന് കക്കാടിന്‍റെ തീരങ്ങളില്‍ ജീവിച്ചിരുന്നവരോട്  ചോദിച്ചപ്പോള്‍ പോയ്പ്പോയൊരാ സുവര്‍ണ്ണ ദിനങ്ങളെപ്പറ്റി അവര്‍ പറഞ്ഞു തന്നതാണ്...അവരില്‍ ചിലരെ ഞങ്ങള്‍ക്കിയിടെ കാണാന്‍ സാധിച്ചു ..  കണ്ണൂര്‍ ജില്ലാ  പരിസ്ഥിതിസമിതി കക്കാട്    പുഴയുടെ വേരുകള്‍ തേടിയുള്ള യാത്ര നടത്തിയപ്പോഴാണ്ഇതൊക്കെയറിഞ്ഞത്. കുറേ കാര്യങ്ങള്‍ പോയ വര്‍ഷങ്ങളില്‍ ചെയ്ത സമരങ്ങളുടെ ഭാഗമായി ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു ... 

പുഴ കൈയ്യേറിയ മരമില്ലുകാരന്‍റെ വെളിപ്പെടുത്തലുകള്‍ 

 ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒന്നാംദിവസത്തെ യാത്രയില്‍ സംഘാംഗങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.ഒരു പുഴയേയും നീര്‍ത്തടത്തേയും എങ്ങനേയും കൊല്ലാം ഇവിടെ കേരളത്തില്‍ ...മണ്ണിടാം ,കയ്യേറി സ്കൂളുകളും മൈദ ഫാക്ടറിയും വീടുകളും ടാക്സിസ്റ്റാന്‍റുമൊക്കെ പണിയാം .എം‌പി ഫണ്ടുപയോഗിച്ച് സ്റ്റേഡിയം പണിയാന്‍ ബഹു. വയലാര്‍ രവി എം‌പി തറക്കല്ലിട്ടിരിക്കുന്നതും പുഴയുടെ സ്വന്തം തീരത്തില്‍ .ഇതിന്റെ ഒരുഭാഗം പുഴ തന്നെയാണ്.. ഇതിനിടയിലും മണ്ണിടല്‍   നിര്‍ബാധം നടക്കുന്നുണ്ടായിരുന്നു ..ഞങ്ങള്‍ ഇടപെട്ട് ഒരിടത്തെ കയ്യേറ്റം താത്കാലികമായി നിര്‍ത്തിച്ചു . 



നാടിന്റെ സമൃദ്ധിയെപ്പറ്റി ഒരമ്മ 

പുഴയുടെ ഒരു കൈവഴിയായ തോടിന്‍റെ ഉറവിടം തേടിയും നാട്ടുകാരില്‍നിന്നും  പുഴയുടെ ചരിത്രം തേടിയും സന്ധ്യവരെ  ഞങ്ങള്‍ നടന്നു .പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തികൊണ്ടുള്ള മൈദ ഫാക്ടറി ,നീര്‍ത്തടം നികത്തിയും നീര്‍ത്തടത്തില്‍ മതില്‍ കെട്ടിയും നിര്‍മ്മിച്ച വിദ്യാമന്ദിര്‍ സ്കൂള്‍ ,പുഴയില്‍ തന്നെയുള്ള വൈദ്യുത തൂണുകള്‍ ,പുഴയോര ചതുപ്പുകള്‍ വന്‍ തോതില്‍ നികത്താനിടയാക്കിയ പഴശ്ശി പദ്ധതിയുടെ ഇറിഗേഷന്‍ കനാല്‍ ,കഞ്ചാവു മദ്യ മാഫിയകള്‍ കൈയ്യേറിയ തീരങ്ങള്‍ ,അഴുക്ക് നുരഞ്ഞു ഒഴുക്കുനിലച്ച പുഴ , ഒരുതുള്ളി  വെള്ളം പോലും ഒഴുകാത്ത ഇറിഗേഷന്‍ കനാല്‍.....   ചങ്ക് പറിയുന്ന കാഴ്ചകള്‍ മാത്രം .. 



ഇവിടം വയലും പുഴയുമൊക്കെയായിരുന്നു 

ഒരു തുള്ളി വെള്ളം പോലും ഇതേവരെ ഒഴുകാതെ ശതകോടികള്‍ പൊടിച്ച് കഴിഞ്ഞ പഴശ്ശികനാല്‍ വയലിന് കുറുകെ ഒരുകൊച്ചുകുന്നോളം ഉയരത്തില്‍  ഇരുപതു  മീറ്ററിലേറെ വീതിയില്‍ വയല്‍ ,പുഴ എന്നിവയെ നശിപ്പിച്ചുകോണ്ട് ,ഒപ്പം ഇതിനായി മണ്ണെടുത്ത കുന്നുകളെയും നശിപ്പിച്ചുകൊണ്ട് ഒരു നോക്കുകുത്തിയേപ്പോലെ പല്ലിളിച്ചു കൊണ്ട് നെടുനീളത്തില്‍ കിടന്നു 
.

ഇറിഗേഷന്‍ സബ്കനാല്‍ .ഇന്നേവരെ വെള്ളം ഒഴുകിയിട്ടില്ല ,കോടികള്‍ തിന്നുതീര്‍ത്തു 

അതിനടിയിലൂടെ ഒരു തുരങ്കം വെട്ടിയാണ്തോടിനെ വിട്ടിരിയ്ക്കുന്നത് .ആദ്യം നിര്‍മ്മിച്ച തുരങ്കം ഇടിഞ്ഞതിനാല്‍ രണ്ടാമതൊന്നുകൂടി ഉണ്ടാക്കിയിരിക്കുന്നു ... അപ്പുറം ഇടച്ചേരി വയലില്‍ നിറയെ കെട്ടിടങ്ങളാണ്..അല്‍പ്പം  കൂടി കിഴക്കോ  ട്ടൂപോയി ആനക്കുളത്തില്‍നിന്നാണ്തോടിന്‍റെ ഉല്‍ഭവം.. 



ആനക്കുളത്തില്‍ നിന്നും വരുന്ന തോട് .അത് കൈയ്യേറിയുള്ള വിദ്യാമന്ദിറിന്‍റെമതിലും കാണാം 

കാട്ടാമ്പള്ളി പദ്ധതി എന്ന നാട് മുടിച്ച തലതിരിഞ്ഞ  വികസന പദ്ധതി നാല്‍പ്പത്തിരണ്ട് വര്‍ഷത്തോളം ഷട്ടറുകള്‍ അടച്ചിട്ട്  ഒരു പുഴയെ പൂര്‍ണ്ണമായും തടുത്തുനിര്‍ത്തിക്കൊണ്ട് വേലിയേറ്റ വേലിയിറക്കങ്ങള്‍ തടഞ്ഞപ്പോള്‍,നശിച്ചത് കക്കാടുപുഴയും അതിന്‍റെ തീരങ്ങളിലെ വിശാലമായ കൈപ്പാടുനിലങ്ങളും കൂടിയായിരുന്നു .ഉപ്പുവെള്ളം കയറാതെ പാറപോലെ ഉറച്ചുപോയ സ്ഥലങ്ങള്‍ കൃഷിക്കാര്‍ തരിശിട്ടപ്പോള്‍ തക്കം പാര്‍ത്തവരൊക്കെ കയ്യേറ്റം തുടങ്ങി .. വീടുകള്‍ മരമില്ലുകള്‍,ഫാക്ടറികള്‍ ,ടാക്സിസ്റ്റാണ്ട്, മല്‍സ്യമാര്‍ക്കറ്റ് വിദ്യാലയങ്ങള്‍    റോഡുകള്‍ ,ഗ്രൌണ്ട് എന്നുവേണ്ട  ഈ തക്കത്തിന്  ഒരു സ്റ്റേഡിയത്തിന്നുവരെ ഇവിടെ തറക്കല്ലിട്ടു .ഒപ്പം പുഴയിലേയ്ക്ക് വെള്ളമെത്തിക്കുന്ന ചീരക്കുളം ആനക്കുളം തുടങ്ങിയവയും അവയിനിന്നും വരുന്ന തോടുകളും കൂടി കയേറ്റത്താലും മാലിന്യനിക്ഷേപത്താലും നാശത്തിന്‍റെ വാക്കിലെത്തി നില്‍ക്കുകയാണ്.. 

ഒരിക്കല്‍ മനോഹരമായിരുന്ന ഈ തീരങ്ങള്‍ ഇന്ന്‍ മാലിന്യക്കൂമ്പാരങ്ങള്‍ 

ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടു മനസ്സുലഞ്ഞു സമീപത്തെ ഒരുവീട്ടില്‍ കയറി അല്പം ദാഹവും ശമിപ്പിച്ച് ,അവരോടുമല്‍പ്പം ചരിത്രം തിരക്കിയശേഷം ഈ ദിനത്തിന്‍റെ യാത്ര അവസാനിപ്പിച്ചു ..വരും ദിനങ്ങളില്‍ കൂടുതല്‍ ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ് ഞങ്ങള്‍ക്ക്   കാണാനുള്ളത് എന്നതിന്‍റെ വേദനയോടെ .. 
ഇറിഗേഷന് വേണ്ടി നിര്‍മ്മിച്ച കുന്നിനടിയിലൂടെ ഒഴുകനാകാത്ത തോട് 

കക്കാട് പുഴ സംരക്ഷിയ്ക്കാനുള്ളയീ അന്തിമസമരം വിജയത്തിലേയ്ക്ക് തന്നെയാണ്  നീങ്ങുന്നത്. വിഷുദിനത്തിലെ പട്ടിണിസമരത്തോടെ ശക്തമായ സമരം ഇന്ത്യയിലെ ജലമനുഷ്യനായ ശ്രീ .രാജേന്ദ്രസിംഹിന്‍റെ കക്കാട് സന്ദര്‍ശനത്തോടെ എങ്ങും ചര്‍ച്ചാവിഷയമായി .മാധ്യമങ്ങള്‍ ഈ വിഷയം ശക്തമാക്കാന്‍ നല്ല പ്രചാരണം നല്കുന്നുണ്ട് .. ഒടുവില്‍ ജില്ലാകളക്ടര്‍ കക്കാടുപുഴ സന്ദര്‍ശിച്ചിരിയ്ക്കുന്നു .അദ്ദേഹം നല്ല മനുഷ്യനാണ്,ഏറ്റവും നല്ല കളക്ടര്‍ക്കുള്ള അവാര്ഡ് നേടിയ ശ്രീ രത്തന്‍ ഖേല്‍ക്കര്‍ .. എങ്കിലും നാല്‍പ്പത്തിമൂന്നോളം വര്‍ഷത്തെ കയ്യേറ്റങ്ങള്‍ ഉള്ളതിനാലും പല വമ്പന്‍മാരും കൈയ്യേറ്റത്തിലുള്ളതിനാലും അത്ര എളുപ്പമാകില്ല കളക്ടര്‍ക്കും പുഴയെ അളന്നു തിട്ടപ്പെടുത്തി ,അതിനെ ആഴം കൂട്ടി ,തീരങ്ങള്‍സ്വതന്ത്രമാക്കി ,  ചെളിയും മാലിന്യങ്ങളും  നീക്കി ,  തോടുകളെ വീണ്ടെടുത്ത് വീണ്ടും  ഒഴുകാനനുവദിയ്ക്കാന്‍ ..എങ്കിലും ...  എന്തുവന്നാലും ഈപുഴയേയും തോടിനേയും ഇവിടെ ഇവയ്ക്ക് ജലമേകുന്ന കുളങ്ങളേയുമൊക്കെ തിരിച്ചുപിടിക്കും എന്ന മനസ്സുറപ്പോടെയാണ് ഞങ്ങള്‍ മടങ്ങിയത് ... 


മൂകസാക്ഷി 

Thursday, March 28, 2013

നമ്മുടെ കുഞ്ഞുങ്ങളെ നമുക്ക് തുണക്കാം


ഈ കുട്ടിയ്ക്ക് നഷ്ടമായ ജീവിതം തിരിച്ചുകൊടുക്കാന്‍ ആര്‍ക്കെങ്കിലുമാകുമോ? ഇതും ഭരണകൂട അനാസ്ഥകൊണ്ട് സംഭവിച്ച ദുരന്തം ,എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തിലെന്നപോലെ ... പരിഹരിക്കാനാകാത്ത ഒരു ദുരന്തം .. മനുഷ്യാവകാശക്കമ്മീഷന്‍ അന്വേഷിക്കുന്നുണ്ടത്രേ .. എന്നിട്ടെന്ത് ?... അവള്‍ക്കിനി മരണം മാത്രം .. എന്തു തെറ്റാണവള്‍ ചെയ്തത്? രോഗം വന്നപ്പോള്‍ സര്‍ക്കാരിന്‍റെസ്വന്തം ആരോഗ്യകേന്ദ്രത്തെ ആശ്രയിച്ചു എന്നതിനാണോ അവള്‍ക്കീ ശിക്ഷ ലഭിച്ചത് .. 

അല്ലെങ്കില്‍ മരുന്ന് കമ്പനികള്‍ക്ക് തടിച്ചുകൊഴുക്കാനായി പാവപ്പെട്ടവനെ എല്ലാത്തരം മരുന്നുപരീക്ഷണങ്ങള്‍ക്കും വിട്ടുകൊടുക്കുന്ന ,നിര്‍ബന്ധിച്ച് മരുന്ന് തീറ്റിയ്ക്കുന്ന ,അശാസ്ത്രീയ ചികില്‍സകളെപ്പറ്റി ബോധവല്‍ക്കരിക്കുന്നവരെപ്പോലും അറസ്റ്റുചെയ്യുന്ന ഒരു സര്‍ക്കാറല്ലെ ഇവിടെയുള്ളത് ..എത്രയെത്രപേര്‍ ബലിയാടുകളായിക്കഴിഞ്ഞു .. 

നാം കണ്ടതാണ്,സാര്‍വത്രിക  മരുന്നുവിതരണങ്ങള്‍....പള്‍സ് പോളിയോവും മന്ത് ഗുളികകളും അതിനു പിറകെ ഇപ്പോഴിതാ സ്കൂളൂകള്‍ വഴിയുള്ള ഇരുമ്പ് ഗുളികകളും  ....  വിദ്യാലയങ്ങളില്‍ നിന്നും തലകറക്കവും ഛര്‍ദ്ദി യും മറ്റും റിപ്പോര്ട്ട് ചെയ്യപ്പെട്ട ശേഷവും  ഇരുമ്പുഗുളികകള്‍ നല്‍കിക്കൊണ്ടിരിക്കുന്നു .. 

എന്താണവര്‍ നല്‍കുന്നതെന്ന് അറിയാനാഗ്രഹമുണ്ടെങ്കില്‍ ,നിങ്ങളുടെ കുട്ടിയുടെ ആരോഗ്യമുള്ള ശരീരത്തിലേയ്ക്ക് ,സൂത്രത്തില്‍ കടത്തിവിടുന്നത് എന്താണെന്ന് അറിയണമെന്ന് ഏതെങ്കിലും രക്ഷിതാവിന് ആഗ്രഹമുണ്ടെങ്കില്‍  ഒരു കാന്തം എടുക്കുക. അത് ഇരുമ്പു ഗുളികയുടെ സമീപം കൊണ്ടുചെല്ലുക .. അപ്പോള്‍ മനസ്സിലാകും ,എന്തു തിന്നാനാണ്നിങ്ങളുടെ കുട്ടി നിര്‍ബന്ധിയ്ക്കപ്പെടുന്നതെന്ന് .. 

കുട്ടിയ്ക്കാവശ്യം ഫോളിക് ആസിഡാണ്.. ഭക്ഷണത്തില്‍നിന്നാണത് ലഭിക്കേണ്ടത് .. കേരളത്തില്‍ സുലഭമായി കിട്ടുന്ന ,വീട്ടുമുറ്റത്ത് അനായാസം ഉണ്ടാകാവുന്ന ,ചീരവര്‍ഗ്ഗങ്ങള്‍, മുരിങ്ങയില ,മാങ്ങപോലുള്ള നാടന്‍ പഴങ്ങള്‍ ,മറ്റിലക്കറികള്‍ ,ശര്‍ക്കര ,ഈത്തപ്പഴം തുടങ്ങിയവയിലെല്ലാം ഇത് ഇഷ്ടം പോലെയുണ്ട് .. 

എന്നിട്ടാണ് കരളിനും വൃക്കകള്‍ക്കും തകരാറുണ്ടാക്കുന്ന ഇരുമ്പു പൊടി പാ യ്ക്കറ്റിലാക്കി കുട്ടികളെക്കൊണ്ട് അനാവശ്യമായി തീറ്റിയ്ക്കുന്നത് .. ഇതിന്റെ പിന്നാംപുറക്കഥകള്‍ കൂടി അറിയുമ്പോഴേ എത്ര കോടികളുടെ ബിസിനസ്സാണ് നടക്കുന്നതെന്ന് മനസ്സിലാകൂ . വിലകുറ ഞ്ഞ  ഇരുമ്പുപൊടി, കൂടിയ വിലയ്ക്ക്  വ്യാപകമായി വില്‍ക്കാനുള്ള ഒരു അക്ഷയഖനി തുറന്നു കിട്ടപ്പെട്ടിരിയ്ക്കുന്നു മരുന്ന് മാഫിയകള്‍ക്ക് .. ഒപ്പം സ്ഥീരമായി ഇരുമ്പു പൊടി തീറ്റപ്പെടുമ്പോള്‍ ,രോഗികളായി മാറുന്ന കുഞ്ഞുങ്ങളെ ചികില്‍സിയ്ക്കാന്‍ ഡോക്ടര്‍മാര്‍ ,മരുന്ന് മാഫിയകള്‍ ,വിതരണക്കാര്‍ എന്നിവര്‍ക്ക് അനന്തമായ സാധ്യതകളും ... 

ഇത്തരം കൊള്ളത്തരങ്ങള്‍ ,കുട്ടികളോട് ചെയ്യുന്ന കുറ്റകൃത്യങ്ങളാണെന്ന് ഇനിയും മനസ്സിലാക്കാതെ പോകരുത്..ജനകീയ പ്രതിരോധങ്ങള്‍ ഉയര്‍ന്നുവരിക തന്നെ വേണം ..നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യം കാക്കാമ് നമുക്ക് ..

Saturday, January 5, 2013

പശ്ചിമഘട്ടം പൊതുസമ്പത്ത്...



യാത്രികര്‍ വൈതലില്‍

കേരളത്തിന്‍റെ കിഴക്കുവശത്ത് നെടുനീളത്തില്‍ പ്രകൃതി കെട്ടിയ കോട്ട- പശ്ചിമഘട്ടത്തിന്‍റെ ഭാഗമായ സഹ്യപര്‍വ്വത നിരകള്‍ ..ദൈവത്തിന്‍റെ സ്വന്തം നാടായി ,മനോഹാരിതയുടെ പര്യായമായി,  നിറയെ നദികളും നീര്‍ച്ചാലുകളും കാടുകളും മലകളുമൊക്കെ അണിനിരന്ന് ,സുഖശീതളമായ കാലാവസ്ഥയുമായി ആരും ജീവിയ്ക്കാന്‍ കൊതിയ്ക്കുന്ന ഒരു നാടായിരുന്നു കേരളം .. ഇവിടെയുള്ളത്ര ജൈവവൈവിധ്യം  ലോകത്തൊരിടത്തുംഇല്ലായിരുന്നു .. 

കേരളത്തിന്‍റെ ഈ ഐശ്വര്യങ്ങള്‍ക്കൊക്കെ കാരണം പല ശാഖകള്‍ ഉള്‍നാട്ടിലേയ്ക്കും നീട്ടി കാവലാളായി നിന്ന പശ്ചിമഘട്ടം മാത്രമായിരുന്നു.. കിഴക്കുനിന്നും വരുന്ന ചൂടേറിയ വരണ്ട കാറ്റിനെ  സഹ്യന്‍ തടുത്തതുകൊണ്ടു മാത്രമാണ്,പശ്ചിമസമുദ്രത്തില്‍ നിന്നും വരുന്ന നീരാവിനിറഞ്ഞ മഴമേഘങ്ങളെ അതിര്‍ത്തി വിട്ടുപോകാതെ തടഞ്ഞുവയ്ക്കുന്നതുകൊണ്ട് മാത്രമാണ് കേരളം ഒരു ഉഷ്ണമരുഭൂമിയായി മാറാതിരുന്നത് .. പാലക്കാടന്‍ ചുരങ്ങളിലെ വിടവുകള്‍ വഴി മഴമേഘങ്ങള്‍ കടന്നുപോവുകയും ഉഷ്ണക്കാറ്റ്     കടന്നുവരികയും  ചെയ്യുന്നതാണ് പാലക്കാട് ജില്ലയിലെ അത്യുഷ്ണത്തിന് കാരണം .  





തെരുവുനാടകം

കുത്തനെ പടിഞ്ഞാറേയ്ക്ക് ചരിഞ്ഞ കിടപ്പും തീരെ വീതിയില്ലായ്മയും പെയ്യുന്ന മഴയത്രയും  കുത്തിയൊലിച്ച്  കടലിലേയ്ക്കെത്താന്‍ കാരണമാകും എന്നതിനാല്‍ അത് തടയാനായി കാടുകളും നദികളും കണ്ടല്‍ച്ചതുപ്പുകളും വയലുകളും ചെങ്കല്‍പ്പാറപ്പരപ്പുകളും ഒക്കെ തന്ന്‍ ,ഒപ്പംചെങ്കല്‍ കരിങ്കല്‍ ചെമ്മണല്‍ കുന്നുകളും തന്ന്‍  ഇവിടം ഒരു സ്വര്‍ഗ്ഗഭൂമിയാക്കി മാറ്റിയ ദൈവത്തിനെ ധിക്കരിച്ചുകൊണ്ട് കേരളത്തിലെ അധികാരിവര്‍ഗ്ഗങ്ങള്‍ ഒക്കെ നശിപ്പിച്ചുതീര്‍ക്കുകയാണ്.... 


കേരളത്തില്‍ മാത്രമല്ല ,കര്‍ണാടക ,തമിള്‍നാട് ,ആന്ധ്രാപ്രദേശ് , ഗോവ ,ഗുജറാത്ത് എന്നീ ആറു സംസ്ഥാനങ്ങളിലായി നീണ്ടുകിടക്കുന്നതാണ്പശ്ചിമഘട്ടം . ഇന്ത്യയിലെ 30 കോടിയോളം ജനങ്ങളുടെ ജീവനെ നേരിട്ടു ബാധിയ്ക്കുന്നതാണ്പശ്ചിമഘട്ടത്തിന്റെ നാശം .അതുകൊണ്ടാണ് മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്ട്ട് അത്രയേറെ പ്രാധാന്യമര്‍ഹിയ്ക്കുന്നത് .. 


മുത്താച്ചിമല യിലെ ക്വാറിയില്‍ (കോഴിക്കോട്)

ഈ റിപ്പോര്‍ട്ട്ഇറങ്ങിയപ്പോള്‍ തൊട്ട് ധാരാളം കുപ്രചരണങ്ങളും നടന്നുവരികയാണ് ഇതിനെതിരെ .. കൃഷിക്കാര്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരാണ്ഈ റിപ്പോര്‍ട്ട് എന്നാണ്പ്രധാന പ്രചരണം .. കാര്യമറിയാതെ കണ്ണടച്ചുള്ള ഈ എതിര്‍പ്പിന് പിന്നില്‍ മണ്ണിലെ പണമുണ്ടാക്കാനുള്ള ഉപാധിയായി മാത്രം കാണുന്ന സമ്പന്നരായ  മാഫിയകളും അവരെ പറ്റിനിന്നും ബിനാമിരൂപം ധരിച്ച മാഫിയയായും പണവും അധികാരവും കൊയ്യുന്ന രാഷ്ട്റീയക്കാരും ഉദ്യോഗസ്ഥ പ്രഭുക്കന്‍മാരുമൊക്കെയാണ്.. കൂട്ടിന് കുഞ്ഞാടുകളെ നേര്‍വഴി നടത്തേണ്ടതിനുപകരം ,കുരിശിന്‍റെ വഴിമറന്ന് സാത്താന്‍റെ വഴിയേ നടക്കാനാരംഭിച്ച ,എന്നേ നല്ല ഇടയനെ ഒറ്റുകൊടുത്തുകഴിഞ്ഞ കപട ഇടയന്‍മാരുമുണ്ട് ..ദീപസ്തംഭംമഹാശ്ചര്യം എന്ന ഒറ്റ ഫോര്‍മുല മാത്രമേ ഇവര്‍യ്ക്കൊക്കെയുമുള്ളൂ . 


അതിവേഗത്തില്‍ ബഹുദൂരത്തില്‍ നാശത്തിന്‍റെ കുതിപ്പില്‍ മരണപ്പാച്ചില്‍ നടത്തുന്ന കേരളം ... ..വികസനമെന്നാണത്രേ ഇതിന്‍റെപേര്.. ഈ കുതിപ്പില്‍ ജീവന്‍ നിലനിര്‍ത്താന്‍ അത്യാവശ്യമായ സാഹചര്യങ്ങളത്രയും അതിവേഗത്തില്‍ നശിപ്പിയ്ക്കപ്പെടുകയും ഒരിയ്ക്കലും തീരാത്തയീ സുഖഭോഗാസക്തിയില്‍ എന്തൊക്കെയാണ്നഷ്ടപ്പെടുന്നതെന്നുപോലുമറിയതെ മലയാളി ആത്മഹത്യയിലേയ്ക്ക് മുന്നേറിക്കൊണ്ടിരിയ്ക്കുകയും  ചെയ്യുമ്പോള്‍ ,എല്ലാം നേരില്‍കണ്ട് മനസ്സിലാക്കാനും , ജനങ്ങളോട് എന്താണ് സംഭവിച്ചുകൊണ്ടിരിയ്ക്കുന്നതെന്ന് പറഞ്ഞു  കൊടുക്കാനും സമരജ്വാലയുയര്‍ത്താനും ഒക്കെ ഡോക്യുമെന്‍റ് ചെയ്തു അധികാരികളെ അറിയിക്കാനുമൊക്കെയായി പശ്ചിമഘട്ടരക്ഷായാത്ര തുടങ്ങിയിരിയ്ക്കുകയാണ്..

 കേരളത്തിലെ പരിസ്ഥിതിരംഗത്തുള്ള ഏറെപ്പേരെ അറിയിച്ചെങ്കിലും സെമിനാറുകള്‍, ക്ലാസ്സുകള്‍ ,  ലേഖനമെഴുത്ത് ,ഗവേഷണങ്ങള്‍ തുടങ്ങിയ മേല് നോവാത്ത കാര്യങ്ങള്‍ ചെയ്യാനാണ് മിക്കവര്‍ക്കും താത്പര്യം എന്നതിനാല്‍ അധികപേരും ഈ യാത്രയിലില്ല . പശ്ചിമചട്ട രക്ഷാസമിതി എന്ന കൂട്ടായ്മയാണീ യാത്ര നടത്തുന്നത്.  കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതിയാണ്നേതൃത്വം വഹിയ്ക്കുന്നത് .. 

ഓരോ ജില്ലകളിലേയും സംരക്ഷണ പ്രവര്‍ത്തകര്‍,സമരസമിതികള്‍ തുടങ്ങിയവയെ ബന്ധപ്പെട്ടുകൊണ്ട് ,പരമാവധി നാശമേഖലകള്‍ കണ്ടും പഠിച്ചും ആള്‍ക്കാരോട് തെരുവുനാടകം, സംഗീതശില്‍പ്പം ,പാട്ടുകള്‍ ,പ്രസംഗം .നോട്ടീസ് ,പത്രം തുടങ്ങിയവയിലൂടെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തിക്കോണ്ട് യാത്ര കോഴിക്കോട് ജില്ലയില്‍ പ്രവേശിച്ചുകഴിഞ്ഞു .പ്രധാന പട്ടണങ്ങളും തൊട്ടുകൊണ്ടാണ് യാത്ര.   തുടര്‍ച്ചയായുള്ള ഒരു യാത്രയല്ലിത്.ഒരുജില്ലയില്‍ കാര്യങ്ങള്‍ മീറ്റിംഗുകള്‍ നടത്തി റൂട്ട് നിശ്ചയിച്ച് പ്ലാന്‍ ചെയ്തശേഷം ജീപ്പുകളിലും കാല്‍നടയായും കാടുകളും കുന്നുകളും കരിങ്കല്‍ ക്വാറികളും പുഴകളുമൊക്കെ കണ്ടു പഠിച്ച്,വിലയിരുത്തി ,പാളിച്ചകള്‍ തിരുത്തി, പിന്നെ ,അടുത്ത ജില്ലയിലേയ്ക്ക് യാത്ര തുടരുന്നു. 

ജനങ്ങളില്‍നിന്നും ആവേശകരമായ പ്രതികരണങ്ങളായിരുന്നു ,അപൂര്‍വ്വം ചില ഉരസലുകളും വിമര്‍ശനങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍ യാത്രയ്ക്ക് ലഭിച്ചതു . സ്കൂള്‍ കുട്ടികളും തീരെ ചെറിയ ശിശുക്കളും ഈ യാത്രയില്‍ പങ്കാളികളായുണ്ട്.. യാത്ര  ഒരുവിധത്തിലുള്ള ഫണ്ടും ഉപയോഗിയ്ക്കാതെയാണ്. ജനങ്ങളില്‍നിന്ന്    ലഭിയ്ക്കുന്ന ചെറിയ സംഭാവനകളും  കൂട്ടുകാരും മറ്റും തരുന്ന ചെറിയ സഹായങ്ങളും ജീപ്പിന്റെ വാടകയ്ക്കായി ഉപയോഗിയ്ക്കുന്നു.. യാത്രാംഗങ്ങള്‍ കൈയ്യില്‍നിന്നും പലപ്പോഴും പണം എടുക്കേണ്ടിവരാറുണ്ട് .. താമസം ,ഭക്ഷണം എന്നിവയേറ്റെടുക്കാന്‍ നാട്ടുകാരായ സമരസമിതികളും ഞങ്ങള്‍ എന്നും ബന്ധപ്പെടാറുള്ള  സുഹൃത്തുക്കളും ഒക്കെയുണ്ടായതിനാല്‍ ആ കാര്യത്തില്‍ ഇതുവരെ ഒരു മുടക്കവും ഉണ്ടായിട്ടില്ല .. 

കാസര്‍ഗോട് ,കണ്ണൂര്‍ ജില്ലകള്‍ക്കുശേഷം  കോഴിക്കോട് ജില്ലയിലെ പര്യടനമാണ്ഇപ്പോള്‍ നടന്നുകൊണ്ടിരിയ്ക്കുന്നത് ..യാതൊരു നിയന്ത്രണവുമില്ലാതെ ,എക്കര്‍കണക്കിനായി മലകളെ 90 ഡിഗ്രിയില്‍ വരെ കുത്തനെ പിളര്‍ന്നും ചെക്ക്പോസ്റ്റുകള്‍  നിര്‍മ്മിച്ച് സന്ദര്‍ശകരെ തടഞ്ഞുമൊക്കെ  വിലസുന്ന ക്വാറിമാഫിയകള്‍,  വറ്റിവരളുന്ന അരുവികളും പുഴകളും ,,ഉരുള്‍പൊട്ടലുകളും ചുഴലികാറ്റും മഴക്കുറവും ഭൂമികുലുക്കങ്ങളും എല്ലാം കൊണ്ട് നശിയ്ക്കുന്ന നാടുകള്‍ ....... ആശങ്കയോടെ ഒരു രക്ഷയും കാണാതെ നിസ്സഹായരായി വിലപിയ്ക്കുന്ന സാധാരണക്കാര്‍ ,ഞങ്ങള്‍ പണമുണ്ടാക്കുന്നതിലുള്ള അസൂയകൊണ്ടല്ലേ നീയൊക്കെ നടക്കുന്നത് എന്ന്‍ കലഹിയ്ക്കാന്‍ വന്ന ക്വാറിക്കാര്‍ , ആരുവിചാരിച്ചാലും ഈ നാടിനി നന്നാവില്ല എന്നു മനസ്സ് മടുത്തുപോയി വിലപിയ്ക്കുന്നവര്‍ ,പുഴകയ്യേറ്റങ്ങള്‍ .. നാശത്തിനെയും ദുരിതങ്ങളുടേയും എണ്ണിയാല്‍ തീരാത്തചിത്രങ്ങള്‍ .... അതാണ് ഞങ്ങള്ക്ക് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത് .......  

നിങ്ങള്ക്കും താത്പര്യമുണ്ടെങ്കില്‍ ,മൂന്നാല് ദിവസമെങ്കിലും നാടീന്‍റെ രക്ഷ്യ്ക്കായി മാറ്റിവയ്ക്കാന്‍ മനസ്സുണ്ടെങ്കില്‍ ഞങ്ങള്‍ക്കൊപ്പം ചേരാം .. നിങ്ങളുടെ ജില്ലയിലെ സന്ദര്‍ശിയ്ക്കേണ്ട സ്ഥലങ്ങള്‍ അറിയിക്കാം .. റൂട്ട് തയ്യാറാക്കാന്‍ സഹകരിയ്ക്കാം ..യാത്രയ്ക്ക് സൌകര്യങ്ങള്‍ ഒരുക്കിത്തരാം ... അല്ലെങ്കില്‍ മനസ്സുകൊണ്ടെങ്കിലും ഞങ്ങള്‍ക്കൊപ്പം ചേരാം.. ഇത് കാലഘട്ടത്തിന്‍റെആവശ്യമാണ്....


അനിയന്ത്രിതമായ ,സുഖങ്ങള്‍ തേടിയുള്ള അന്ധമായ ജീവിതവൃത്തത്തില്‍നിന്നും പുറത്തുകടന്ന് ,ഭാവിതലമുറക്കും നമുക്കും എല്ലാ ജീവജാലങ്ങള്ക്കും വേണ്ടി,  വിശാലമായ അര്‍ഥതലങ്ങള്‍ ഉള്ള ഒരു ജീവിതരീതി നമുക്കിന്ന് സ്വീകരിച്ചേ തീരൂ .. അതിനായി നാമിന്ന്‍ മാറിയേ തീരൂ .. വരള്‍ച്ചാബാധിതമായിക്കഴിഞ്ഞ ഒരു നാട്ടിലാണ് നാമിന്ന്‍ ജീവിയ്ക്കുന്നത് .. നിങ്ങളുടെ ബാങ്കില്‍ കോടികളുടെ പണവും തോലക്കണക്കിന് പൊന്നും മുത്തുമൊക്കെ ഉണ്ടെങ്കിലും അതൊന്നും കൊടുത്താലും നാവ് നനയ്ക്കാന്‍ ഒരിറക്ക് ശുദ്ധജലമോ പശിയടക്കാന്‍ നല്ല ആഹാരമോ കിട്ടില്ലെങ്കില്‍,  നാളെയി എക്സ്പ്രസ് ഹൈവേകളും ഷോപ്പിഗ് മാളുകളും, ലാഭമുണ്ടാക്കാനായി വിഷം വാരിക്കോരിത്തേകിക്കൊണ്ട് നടത്തുന്ന ഏകവിളത്തോട്ടങ്ങളുമൊക്കെക്കൊണ്ട് നിങ്ങള്‍ക്കെന്ത് പ്രയോജനമാണ് ഉണ്ടാകാന്‍ പോകുന്നത്?.. ഇവിടെ എല്ലാവര്ക്കും ആവശ്യത്തിനുള്ള വിഭവങ്ങള്‍ ഉണ്ട്ആരുടേയും  ആര്‍ത്തിയ്ക്കുള്ളതില്ല... 


വട്ടിപ്പനക്കുന്നിലേയ്ക്ക്.... 

(കൂടുതല്‍ ചിത്രങ്ങള്‍ ഫേയ്സ് ബുക്കില്‍ ആല്‍ബമാക്കി ഇടുന്നുണ്ട് .HARIASHA CHAKKARAKKAL)

Contact: HARI-9447089027