Saturday, August 31, 2013

എന്താണ് വികസനം ? എന്താണ് രാഷ്ട്രീയം ?

നമുക്ക് ഏത് രാഷ്ട്രീയമാണ് വേണ്ടതിനി ?എന്താണ് രാഷ്ട്രീയം  ? നാടുമുടിയ്ക്കാനും കോടികള്‍ പോക്കറ്റിലാക്കാനും മണല്‍ മാഫിയ രാഷ്ട്രീയപാര്‍ട്ടി കൂട്ടുകെട്ടിനെ സഹായിക്കലാണോ അതോ നാടിനെ ഭാവിതലമുറകള്‍ക്കും വേണ്ടി സംരക്ഷിയ്ക്കണമെന്നു പറയുന്നതോ ? ഏത് രാഷ്ട്രീയമാണിനി നാം സ്വീകരിയ്ക്കുക ?   
എന്തു വികസനമാണ് നാം മുന്നോട്ടുവയ്ക്കേണ്ടത്? നാടിന്റെ അടിത്തറതോണ്ടിയും മാഫിയാധികാരരാഷ്ട്രീയ കൂട്ടുകെട്ടുകള്‍ക്ക് സാമ്രാജ്യങ്ങള്‍ വലുതാക്കിക്കൊണ്ടിരിയ്ക്കാന്‍ വേണ്ടി മാത്രമുള്ള ഇന്നത്തെ വിനാശവികസനമോ  ?  അതോ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ദീര്‍ഘ വീക്ഷണത്തോടെയും സമ ഗ്രതയോടേയും നടത്തുന്ന വികസനമോ ?
തിരിച്ചറിയുക ..ഒറ്റക്കെട്ടായി പ്രവര്‍ത്തിയ്ക്കുക .. 

പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കെതിരായി, മണല്‍ മാഫിയയ്ക്കുവേണ്ടി ,ഒരു എം എല്‍ ഏ യും  മറ്റു  ചില സ്ഥാപിതതാല്‍പര്യക്കാരും ചേര്ന്ന്‍ നീരൊഴുക്കുംചാല്‍ എന്ന പ്രദേശവാസികളെ ഇളക്കിവിടുകയാണിപ്പോള്‍.. . ഒരു പരിസ്ഥിതി  പ്രവര്‍ത്തകനും ആ പ്രദേശവാസികള്‍ക്കെതിരായല്ല പ്രവര്‍ത്തിയ്ക്കുന്നത് .. കടല്‍മണല്‍ വാരലിനു എതിരെ മാത്രമാണ്.. 

പെണ്ണുപിടിച്ചും കൂട്ടികൊടുത്തും ജീവിയ്ക്കുന്നവരുണ്ട് . മോഷണം നടത്തി ജീവിയ്ക്കുന്നവരുണ്ട് . ക്വട്ടേഷന്‍ നടത്തി കൊല്ലും  കൊലയും ചെയ്തു കോടികള്‍  സമ്പാദിയ്ക്കുന്നവരുണ്ട്.. കുട്ടികളേയും  മറ്റും കടത്തിക്കൊണ്ടുപോയി  ഭിക്ഷാടനം നടത്തി കോടികള്‍  സമ്പാദിയ്ക്കുന്നവരും ഇവിടെയുണ്ട് ..  വ്യാജ മുദ്രപ്പത്രങ്ങള്‍ ,ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ തുടങ്ങിയവയുണ്ടാക്കി വിറ്റ്കോടികള്‍ സമ്പാദിയ് ക്കു ന്നവരും ഉണ്ട്  .  ഇത്ര മാത്രമല്ല ഇനിയും  നിരവധി നിയമലംഘനങ്ങള്‍   നടത്തി ജീവിയ്ക്കുന്നവര്‍ഇന്ത്യയിലുണ്ട്.. ഇവരൊക്കെ സംഘടിച്ച് ഇത് ഞങ്ങളുടെ പരമ്പരാഗത തൊഴിലാണ് എന്നും പറഞ്ഞു വന്നാല്‍ നാം അതാണോ അംഗീകരിയ്ക്കേണ്ടത് ,അതോ നിയമ ലംഘകരെ ശിക്ഷിയ്ക്കേണമോ? എം എല്‍ ഏമാര്‍ ,ഏഡിഎം തുടങ്ങിയ അധികാരികള്‍ വരെ ഇത്തരം നിയമ ലംഘകര്‍കര്‍ക്ക്  പിന്തുണയുമായി പരസ്യമായി മുന്നോട്ട് വരികയും ,ഇത് എന്റെ സാമൂഹ്യപ്രവര്‍ത്തണം എന്ന ലേബലില്‍ അധികാരത്തിന്റെ എച്ചില്‍നക്കികള്‍ ഒപ്പം കൂടുകയും ചെയ്യുമ്പോള്‍ മനസ്സിലാക്കുക ;നാട് അപകടത്തിലാണ്.. ജാഗ്രത...നാട് നശിപ്പിയ്കാന്‍ ആരെയും നാം ഇനിയും അനുവദിയ്ക്കരുത്  

Thursday, August 22, 2013

നിയമം നടപ്പാക്കണമെന്ന് പറയുന്നവരോ കുറ്റക്കാര്‍?!!!!


കുറ്റവാളികള്‍ക്ക് അനുകൂലമായി അവരുടെ ഭാഷയില്‍ റിപ്പോര്ട്ട് നല്കിയ കളക്ടറുടെ നടപടി അക്ഷന്തവ്യമായ കുറ്റംതന്നെയാണ്...  ഇന്നേവരെ ഒരധികാരിയും നാടിന്‍റെ പാരിസ്ഥിതിക സന്തുലനം തകര്‍ക്കുന്നതിനെതിരെ നിസ്വാര്‍ഥമായി പ്രവര്‍ത്തിയ്ക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകരെ ഒരു റിപ്പോര്‍ട്ടില്‍ പേരെടുത്ത് ആക്ഷേപിച്ചിട്ടില്ല ..കണ്ണൂര്‍ കളക്ടര്‍ താന്‍ തയ്യാറാക്കിയതല്ല റിപ്പോര്ട്ട് എന്നു പറഞ്ഞ് ഒഴിഞ്ഞാലൊന്നും ,തന്‍റെ ഒപ്പിട്ടു മുഖ്യമന്ത്രിയ്ക്ക് അയക്കപ്പെട്ട ഈ റിപ്പോര്‍ട്ടിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിവാകില്ല .. വേലിത്തന്നെ വിളവുതിന്നാല്‍ ഈ നാട് എങ്ങോട്ട്?...

 ഒരുതരി മണല്‍ പോലും കടല്‍ തീരങ്ങളില്‍നിന്നും വാരരുത്  എന്ന്‍ CRZ അനുശാസിയ്ക്കാന്‍ കാരണം തീരങ്ങള്‍ ഒരു നാടിന്റെ അതിര്‍ത്തിയായതിനാലാണ്.. അത്രയേറെ ജാഗ്രതയോടെ സംരക്ഷിയ്ക്കേണ്ട സ്ഥലങ്ങളാണവ .. ദിവസം 400-500 രൂപ സാധാരണക്കാര്‍ക്കും പതിനായിരങ്ങള്‍ മാഫിയകള്‍ക്കും(രാഷ്ട്രീയക്കാര്‍ക്കും) വരുമാനമുണ്ടാകുന്നവിധം അത്രയേറെ അശ്രദ്ധമായി ഈ നിയമത്തെ ലംഘിയ്ക്കാന്‍ ജില്ലാ-പഞ്ചായത്ത് അധികാരികള്‍ വിട്ടുകൊടുത്തത് പോരാഞ്ഞിട്ട് ,നിയമസംരക്ഷണത്തിനായി പൊരുതുന്നവരെ കുറ്റക്കാരായും കാപട്യക്കാരയും ചിത്രീകരിക്കുന്നവര്‍ ശിക്ഷാര്‍ഹരാണ്.. 


പലതും മറച്ചുവച്ചാണി റിപ്പോര്ട്ട് വന്നിരിയ്ക്കുന്നത് .. ജസീറ തന്റെ സമരം തുടങ്ങിയത് വാഹനങ്ങളില്‍ മണല്‍ കടത്തുന്നതിന്‍ എതിരെയായിരുന്നു.. വാഹനങ്ങള്‍ക്ക് മുന്നില്‍ അവര്‍ കിടക്കുകവരെ ചെയ്തിട്ടുണ്ട് .അതിന്‍റെ ഫലമായി വാഹനത്തിലുള്ള കടത്ത് കുറേയൊക്കെ നിയന്ത്രിയ്ക്കപ്പെട്ടു ..പിന്നെയാണ് തലച്ചുമറ്റായി കടത്തുന്നതിനെതിരെ അവര്‍ വന്നത്.. 

ജസീറ സമരം തുടങ്ങിയ ശേഷം താസില്‍ദാര്‍ ,മനുഷ്യാവകാശ കമ്മീഷന്‍ ,അസിസ്റ്റന്‍റ് കളക്ടര്‍ , സ്ഥലം എം എല്‍ എ എന്നിവരൊക്കെ  ആ സ്ഥലം സന്ദര്‍ശിയ്ക്കുകയും അവിടെ നിന്ന്‍ മണല്‍ കടത്തിവില്‍ക്കുന്നുണ്ടെന്നും അതുകൊണ്ട് കടലാക്രമണം രൂക്ഷമാണെന്നും റിപ്പോര്‍ട്ടുകള്‍ നല്കിയിട്ടുണ്ട് .. ഇതൊക്കെ ബോധ്യപ്പെട്ടതിനാല്‍ തന്നെയാണ് കളക്ടര്‍ അവിടെ എയ്ഡ് പോസ്റ്റ് സ്ഥാപിയ്ക്കാന്‍ ഉത്തരവിട്ടതും .. അത് പ്രാവര്‍ത്തികമാകാത്തതിനാലാണ്ജസീറ വീണ്ടും സമരം തുടങ്ങിയത്.. 

എയ്ഡ് പോസ്റ്റ് വന്നയുടന്‍,സ്വന്തം വരുമാനമാര്‍ഗ്ഗം മുട്ടുമെന്ന് ഭയന്ന്‍ , പരിസ്ഥിതിയ്ക്കാരും ജസീറയും  തങ്ങളുടെ നാട്ടിനെ അപമാനിയ്ക്കുന്നു,മണല്‍വാരല്‍ തൊഴിലാണ് എന്നൊക്കെ പറഞ്ഞു ,ചില സ്ഥാപിത താല്‍പ്പര്യക്കാരുടെ നേതൃത്വത്തില്‍ അവിടെ നടത്തിയ മനുഷ്യചങ്ങലയില്‍ ആയിരത്തിലേറെപ്പേരാണ് അണിനിരന്നത് .. ഇതില്‍നിന്നും തന്നെ വ്യക്തമാകുന്നുണ്ട് അത്രയേറെ വ്യാപകമായും വലിയ തോതിലുമാണവിടെ മണല്‍ക്കൊള്ള നടക്കുന്നതെന്ന് . കൂടാതെ സി‌ആര്‍‌സെഡ് നിയമത്തെ അവഹേളീച്ചുകൊണ്ട് മണല്‍വാരല്‍ തൊഴിലാണെന്ന് പറഞ്ഞ ഒരു ADM ആണിപ്പോള്‍ കണ്ണൂരിലുള്ളത്.. 


ചാനലുകള്‍ ഈ പ്രശ്നം പഠിച്ച് സ്ഥലവാസികളുടെ അഭിപ്രായമടക്കമു ള്ള റിപ്പോര്‍ട്ടുകള്‍ പ്രക്ഷേപണം ചെയ്തിട്ടുണ്ട് ..  അവിടങ്ങളില്‍ ധാരാളം ആളുകള്‍ മണല്‍വാരലിന്  എതിരാണ്. ഒരു സ്ഥലവാസി മാതൃഭൂമി പത്രത്തില്‍ കത്തെഴുതിയിരുന്നു . ജസീറയുടെ വീട്ടുകാര്‍ മണല്‍ വാരി പണമുണ്ടാക്കുന്നവറാണ്.പിന്നെയവരെങ്ങിനെ ജസീറയെ അനുകൂലിക്കും !!!ബാക്കിയുള്ളവര്‍ പേടിച്ചിട്ടാണ് മിണ്ടാതിരിയ്ക്കുന്നത് .വലിയ ഒരു റാക്കറ്റാണ് അവിടെയുള്ളത് . കാര്യക്ഷമമായി പ്രവര്‍ത്തിച്ച ഒരു പോലീസ് ഉദ്യോഗസ്ഥനെ ഉടന്‍ സ്ഥലം മാറ്റിയിട്ടുണ്ട് . മണല്‍ പിടിക്കാന്‍ ചെന്ന ഡെ. താസില്‍ദാരെ ജീവന്‍ വേണമെങ്കില്‍ ഓടിയ്ക്കോ എന്ന്‍ ഓടിച്ചുവിട്ടിട്ടുണ്ട് .. ഇവര്‍ക്കൊക്കെ എതിരെയാണ് ഒരു സ്ത്രീ ഒറ്റയ്ക് മുന്നോട്ടുവന്ന് സമരം ചെയ്യുന്നത് എന്നും കൂടി മനസ്സിലാക്കണം .   പരിസ്ഥിതി - സാമൂഹ്യ പ്രവര്‍ത്തകര്‍ക്കും നേരിട്ടുകണ്ട് തന്നെ ഈ അവസ്ഥകള്‍ മനസ്സിലായിട്ടുണ്ട് .. അതുകൊണ്ടു മാത്രമാണ് കടല്‍മണല്‍ വിഷയത്തില്‍ നടന്ന സമരത്തിന് എല്ലാ വിധ സഹായവും സംരക്ഷണവും നല്‍കിക്കൊണ്ടിണ്ടിരിയ്ക്കുന്നത് ..


ജസീറയെ കാണാന്‍ ചെല്ലുന്നവര്‍ അവര്‍ക്ക് സംഭാവനകള്‍ നല്കുന്നുണ്ട്,അതിനാല്‍ ദരിദ്രമായ ചുറ്റുപാടുകളില്‍നിന്നും വന്ന  അവര്‍ സാ മ്പത്തികലാഭത്തിന് വേണ്ടിയാണ് സമരംചെയ്യുന്നതെന്ന് ഒരു തെളിവും ഹാജരാക്കാതെ ഒരാരോപണം ഉന്നയിച്ചിരിക്കുന്നത് ഒരിയ്ക്കലും ഉണ്ടാകരുതാത്തതാണ്.. തെരുവില്‍ സമരം ചെയ്യുന്ന ഒരു അമ്മയ്ക്കും മക്കള്‍ക്കും അവരുടെ നിത്യചെലവിനായി ചെറിയ തുകകള്‍ നല്‍കുന്നതിനെയാണ്സാമ്പത്തിക ലാഭം എന്നൊക്കെ ആരോപിച്ചിരിയ്ക്കുന്നത് .. സമരം നിര്‍ത്താം എന്ന ഒരു അഡ്ജസ്റ്റ്മെന്റിനു ജസീറ തയ്യാറാവുകയാണെങ്കില്‍ അവര്‍ക്ക് ലക്ഷങ്ങള്‍ തന്നെ കിട്ടും എന്നിരിക്കെ അവരെന്തിന് മക്കളേയുംകൊണ്ട് ഇതമാത്രം വിഷമിക്കണം ?


ഇതൊക്കെയാണ്സത്യമെന്നിരിക്കെ നിയമം പ്രാവര്‍ത്തികമാക്കേണ്ട ഒരു അധികാരി ,നിയമം നടപ്പിലാക്കിക്കിട്ടുന്നതിനുവേണ്ടി    ഒരു സാധാരണ പൌരയും പരിസ്ഥിതിപ്രവര്‍ത്തകരും ചെയ്ത സമരത്തെ അവഹേളിച്ചും വാസ്തവവിരുദ്ധമായ കാര്യങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയും അയച്ച റി പ്പോര്‍ട്ടു ഉടന്‍ തിരുത്തി ,ശരിയായ റിപ്പോര്ട്ട് നല്കേണ്ടതാണ്..  തെറ്റ് ആര് ചെയ്താലും തെറ്റു തന്നെയാണ്. അത് തിരുത്തി ക്ഷമ പറയേണ്ടത് തെറ്റ് ചെയ്തവരുടെ ധാര്‍മ്മിക ബാധ്യതയാണ്.. 


പരിസ്ഥിതി -സാമൂഹ്യ പവര്‍ത്തകര്‍ തങ്ങളുടെ പ്രതി ഷേധം  രേഖപ്പെടുത്തിക്കഴിഞ്ഞു . ശനിയാഴ്ച   ( 24.8 13 )രാവിലെ  ഈ വിഷയത്തില്‍ കണ്ണൂര്‍ കളക്ടറേറ്റിനുമുമ്പില്‍ ഒരു പൊതു പരിപാടി സംഘടിപ്പിയ്ക്കുന്നുണ്ട് . 

പ്രതിരോധപ്രവര്‍ത്തനങ്ങളെ പൂര്‍ണ്ണമായും അവഹേളിച്ചും പേടിപ്പിച്ചുമൊക്കെ ഒതുക്കാനുള്ള ഒരു നീക്കം നടന്നുവരുന്നതിന്റെ ഭാഗമായിതന്നെയാണ് ഇത് നടന്നിരിക്കുന്നത് എന്നതിനാല്‍ മുഴുവന്‍ പേരും കളക്ടറേറ്റിനുമുന്നില്‍ എത്തിചേര്‍ന്ന് ശക്തിപകരണം .. മാഫീയ രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട്  ഈനാടിനെ തകര്‍ക്കുന്നത് കയ്യുംകെട്ടി നോക്കിനില്‍ക്കരുത് .. 

Monday, August 5, 2013

ഇതും പരിസ്ഥിതി പ്രവര്‍ത്തനമോ !!!! ??? ...


ഇക്കാലത്ത് കള്ളന്മാര്‍ ,പിടിച്ചുപറിക്കാര്‍ , പീഡനവീരന്‍മാര്‍ ,പിമ്പുകള്‍, തുടങ്ങിയവരുടെ എണ്ണം വളരെ വലുതാണ്.. ഇത്തരക്കാര്‍ നാടിന്‍റെ നന്‍മയ്ക്കെതിരെ സംഘടിയ്ക്കുകയും നാട് മുടിക്കുന്നതാണ് ശരിയായ പ്രവര്‍ത്തണമെന്നും ,നാടിനെ രക്ഷിയ്കാനായി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരെ  കുറ്റവാളികള്‍ എന്നു മുദ്ര കുത്താന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍ ,അതിനു ശക്തിയൊന്നും ഉണ്ടാവുകയില്ല .. കാരണം സത്യത്തിനാണ് എപ്പോഴും ശക്തി ,. ഒരേയൊരു മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയ്ക്ക് മുന്നില്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം പോലും മുട്ടുമടക്കിയതു അതുകൊണ്ടാണ്.. 

ഇത് എക്കാലവും, കലിയുഗത്തില്‍  പ്രത്യേകിച്ച്, നടക്കുന്ന കാര്യമാണ്.. സത്യന്യായങ്ങളുടെ പക്ഷത്ത് വളരെ കുറച്ചുപേരേ ഉണ്ടാവുകയുള്ളൂ.. എന്നാല്‍ അന്തിമവിജയം ഇപ്പോഴും സത്യത്തിനായിരിക്കും.. 

ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയ കാര്യമല്ല .. പരിസ്ഥിതി മലിനികരണവും ജനദ്രോഹവും ചെയ്യുന്നവര്‍ക്കൊക്കെ അവരുടേതായ പരിസ്ഥിതിവിങ്ങുകളും ഉണ്ട്.. നാട് മുടിച്ചു കിട്ടുന്ന കോടികളില്‍ ചെറിയ ഒരംശം പരിസ്ഥിതി സംരക്ഷണം എന്ന പേരില്‍ പ്രവര്‍ത്തിയ്ക്കാനായി ഇത്തരക്കാര്‍ നിക്കിവയ്ക്കും . സ്ഥാന പണ മോഹികളായ ചില 'പരിസ്ഥിതിക്കാര്‍ ' അവര്‍ക്കായി പ്രവര്‍ത്തിയ്ക്കുകയും , ലാഭം കിട്ടുന്ന ഏര്‍പ്പാടായതിനാല്‍ മാദ്ധ്യമബിസിനസ്സുകാര്‍ അതിനൊക്കെ വന്‍ പബ്ലിസിടിയും നല്‍കും .. 

ചതുപ്പുനിലങ്ങള്‍ നികത്തി കെട്ടിടങ്ങള്‍  പണിത ശേഷം     ,'മക്കളേ പരിസ്ഥിതിയെ സംരക്ഷിക്കണം 'എന്നൊക്കെ ശ്രിമതി അമൃതാനന്ദമയിയുടെ ലേഖനങ്ങള്‍ പത്രങ്ങളില്‍ വരുന്നതുമൊക്കെ ഇങ്ങനെയാണ്..കേരളത്തിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങളായ മുഴുവന്‍  മലകളും സ്വന്തം പേരിലും     ബിനാമികളായും യാതൊരു നിയന്ത്രണവുമില്ലാതെ ഇടിച്ചു പൊട്ടിച്ച് ബാങ്കുബാലന്‍സാക്കിയവര്‍ ഇപ്പോള്‍ ഹരിതരാഷ്ട്രീയവുമായി ഇറങ്ങിയിട്ടുള്ളതും ഇതിന്‍റെ ഭാഗമാണ് ....  

 ഇനി വരാന്‍ പോകുന്നത്  പുഴകയ്യേറ്റക്കാരുടെ പരിസ്ഥിതി സംഘടനക, വനം കൊള്ളക്കാരുടെ പരിസ്ഥിതി സംഘടന, കുന്നിടിക്കുന്നവരുടെ പരിസ്ഥിതി സംഘടന,വിഷക്കമ്പനികളുടെ പരിസ്ഥിതി സംഘടന എന്നിങ്ങനെയാണ്.. അതിന്‍റെ  യാതൊരു മറയുമില്ലാത്ത അരങ്ങേറ്റമാണ് പഴയങ്ങാടിയില്‍ കണ്ടത് . 

ഇനിയൊരു സുനാമിയോ വന്‍ ഭൂചലനമോ ചുഴലിക്കാറ്റോ വരള്‍ച്ചയോ സൂര്യാഘാതമോ,...   സ്വന്തം ജീവിതങ്ങളെ ബാധിയ്ക്കും വിധത്തില്‍ ആഞ്ഞടിച്ചാലേ ഇവര്‍ക്കൊക്കെ ബോധം വരൂ . പക്ഷേ  എല്ലാം  നഷ്ടമായതിന് ശേഷം  ബോധം വന്നത് കൊണ്ട് ഒരുകാര്യവും ഉണ്ടാവില്ല