Thursday, July 29, 2010

നാട്ടുകാർക്ക് സമാധാനമായി..എനിക്കോ...?

ത് എന്റെ കൂട്ടുകാരി അനുടീച്ചർ പറഞ്ഞ കാര്യമാണ്.സ്ത്രീയുടെ വ്യക്തിത്വത്തിന് സമൂഹം എത്രമാത്രം വില കൽ‌പ്പിക്കുന്നു എന്നതിന് ലക്ഷക്കണക്കിന് ഉദാഹരണങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് അനുടീച്ചറുടെ ജീവിതകഥ...

നുവിന്റെ കഥ പറയും മുമ്പ് എന്റെ ജീവിതത്തെ പറ്റി രണ്ടു വാക്കു പറയേണ്ടി വരും.സ്വന്തം കാലിൽ നിൽക്കാൻ അധ്യാപികയെന്ന മാന്യമായ ജോലിയുണ്ടായിട്ടും സമൂഹത്തിന്റെ പീഢനങ്ങളും അവഹേളനങ്ങളും വളരെയേറെ എനിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്.എന്റെ വ്യക്തിത്വത്തിന് പൂരകമായ വ്യക്തിത്വമുള്ള,എനിക്ക് മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ വിവാഹംചെയ്യൂ എന്ന വാശിപിടിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് എനിക്കതൊക്കെ അനുഭവിക്കേണ്ടി വന്നത്.അതുകൊണ്ടെനിക്കറിയാം സമൂഹം സ്ത്രീയുടെ വ്യക്തിത്വത്തിന് എത്ര മാത്രമേ വില നൽകുന്നുള്ളൂ എന്ന്.വിവാഹം ,കുടുംബം അതിലുപരി ഒരു താത്പര്യവും ഒരു സ്ത്രീക്കുണ്ടാകാ‍ൻ പാടില്ല എന്ന ലക്ഷ്മണരേഖയും വരച്ച് സമൂഹം നിൽ‌പ്പാണ്. ഒടുവിൽ ഞാൻ എനിക്ക് യോജിക്കുന്ന കൂട്ടുകാരനെ കണ്ടെത്തിയപ്പോഴും സമൂഹത്തിന് ആശ്വസിക്കാൻ പറ്റിയില്ല.. ‘കെട്ടിക്കഴിഞ്ഞല്ലോ.ഇനി ഇവൾ വീട്ടിലിരിക്കുംഎന്നു കരുതിയവർക്കുമുമ്പിൽ പൂർവ്വാധികം ശക്തിയോടെ സാമൂഹ്യപ്രവർത്തനം നടത്താൻ എന്റെ കൂട്ടുകാരൻ എനിക്കൊപ്പമുണ്ട്...

നിക്കു ചേരുന്ന ഒരാളെ കണ്ടെത്തിയിട്ടും,വീട്ടുകാർക്കു വേണ്ടി, [മാനം കാക്കാൻ,ജാതി കാക്കാൻ..]അവനെ ഉപേക്ഷിച്ച്,അവർ കാണിച്ചു കൊടുത്തയാളെ കല്യാണം കഴിച്ച് പൊങ്ങുതടിപോലുള്ള[സ്വന്തം ജീവിതത്തെ അവൾ വിശേഷിപ്പിച്ചതാണ്..]ജീവിതം നയിക്കുന്ന എന്റെ പ്രിയസ്നേഹിതയായ വാരസ്യാരുകുട്ടിക്കുവേണ്ടി പോസ്റ്റ് സമർപ്പിക്കുന്നു...
ഇതൊരു വെറും ഫെമിനിസ്റ്റ് പോസ്റ്റായി കണക്കാക്കി വായിച്ചു തള്ളരുതെന്ന് ഒരഭ്യർഥനയുണ്ട്.സ്ത്രീയും മനുഷ്യവംശത്തിലെ ഒരംഗം തന്നെയാണെന്നു കരുതി,അവളുടെ പ്രശ്നത്തെ മാനുഷിക പ്രശ്നംതന്നെയെന്നു മനസ്സിലാക്കുക...

അനുവിന്റെ
ജീവിതകഥ..

വിപ്ലവ പാരമ്പര്യമുള്ള ഒരു ഗ്രാമത്തിലെ ഒരു സഖാവിന്റെ മകളാണ് അനു.ഗൌഡസാരസ്വതബ്രാഹ്മണരാണെങ്കിലും[ഞങ്ങൾ കൊങ്ങിണികൾ എന്നു വിളിക്കും..]വീട്ടിൽ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ഒന്നും നടത്താതെ,തികച്ചും പുരോഗമനവാദിയായ അച്ഛൻ മക്കളെയും അങ്ങനെത്തന്നെ വളർത്തി...അനുവിനെ ടി.ടി.സി.യ്ക്കും വിട്ടു.

ക്കളേ,നിങ്ങൾക്ക് നല്ല ഒരു ജീവിതം വേണമെങ്കിൽ നിങ്ങൾതന്നെ പറ്റിയ ആളെ കണ്ടെത്തണം,‘സ്നേഹനിധിയായ അച്ഛൻ പറഞ്ഞു.പക്ഷെ ,അവർക്കതിനായില്ല, സുന്ദരിമാരായിരുന്നെങ്കിലും....“ഞങ്ങൾ ഒരു പുണ്ണാക്കിനും കൊള്ളാത്തവരായിപ്പോയി..”എന്ന് അനു.പതിനെട്ടു തികയുമ്മുമ്പെ ആലോചനകളുടെ ബഹളമായി.പെണ്ണിനല്പം ശരീരവളർച്ചയും അഴകുമുണ്ടെങ്കിൽ ഏറ്റവും ചെറുപ്രായത്തിൽതന്നെ അവളെ വലയിൽക്കുരുക്കി ബന്ധനസ്ഥയാക്കാൻ കഴുകൻ കണ്ണുകളുമായി നോട്ടമിട്ടുനിൽ‌പ്പാണ് സമൂഹം.ഒരിക്കലും അവളുടെ വ്യക്തിത്വം വികസിക്കാൻ അവസരം നൽകില്ല.നൽകിയാൽ പിന്നെ തങ്ങളുടെ കളിപ്പാവയായി അവളെന്നും കാൽക്കീഴിൽ ചുരുണ്ടുകിടക്കില്ലല്ലോ..

മൂന്നാലുവർഷം അവർ എങ്ങനെയോ പിടിച്ചുനിന്നു.പിന്നെ നാട്ടുകാർ അച്ഛനെ ശകാരിക്കാൻ തുടങ്ങി,‘മക്കളെയിങ്ങനെ വീട്ടിൽ നിർത്താൻ പാടില്ല’..ഒടുവിൽ സമ്മർദ്ദത്തിനു വഴങ്ങി അദ്ദേഹത്തിന് മക്കളെ രണ്ടുപേരെയും പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ ,അവരുടെ സമുദായനീതിപ്രകാരം നൽകേണ്ട പണ്ടങ്ങളും പാത്രങ്ങളുമടക്കം എല്ലാം നൽകി കെട്ടിച്ചുവിടേണ്ടിവന്നു..‘അതോടെ നാട്ടുകാർക്ക് സമാധാനമായി,എന്റെ സമാധാനം പോവുകയും ചെയ്തു’.അനു ഇങ്ങനെ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു...

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ അനുവിന് നരകതുല്യമായ ജീവിതമാണ് കിട്ടിയത്.തികച്ചും യാഥാസ്ഥിതികമായ ഒരിടം.ഇരിക്കുന്നതിനും നിൽക്കുന്നതിനും ചുമയ്ക്കുന്നതിനും കുളിയ്ക്കുന്നതിനും ഒക്കെ സമയവും ശകുനവും നോക്കണം.അതനുസരിച്ചേ എന്തും ചെയ്യാവൂ..ചൊവ്വാഴ്ച വീട്ടിൽനിന്നിറങ്ങാൻ പാടില്ല,നിലാവു നോക്കിക്കൂടാ.സന്ധ്യയായാൽ മുറ്റത്തിറങ്ങാനേ പാടില്ല,ഉറക്കെ സംസാരിക്കാനോ അമ്മായിഅമ്മയും മറ്റും പറയുന്നത് എതിർക്കാനോ പാടില്ല.കണ്ണെഴുതി,പൊട്ടുതൊട്ട് ഉടുത്തൊരുങ്ങി ആഭരണങ്ങളണിഞ്ഞ്,പണികളത്രയും ചെയ്ത്,അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണം..

ങ്ങനെയവിടെ ശ്വാസം മുട്ടിയും എല്ലാം സഹിച്ചും കഴിഞ്ഞ അനുവിന് ഭർത്താവ് തെല്ലും പിന്തുണ നൽകിയില്ല.അയാൾ സ്വന്തം വീട്ടുകാരുടെ കൂടെ കൂടി അവളെ ദ്രോഹിക്കാൻ കൂട്ടുനിന്നു.‘അൽ‌പ്പം സ്നേഹം താലികെട്ടിയവനിൽ നിന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ...’അനു വെറുതേ മോഹിച്ചു...

രഞ്ഞു കരഞ്ഞ് അവൾക്ക് കണ്ണീർ വറ്റി...ജീവിതം മടുത്ത് പല തവണ ആത്മഹത്യയ്ക്കൊരുങ്ങി..ഒരു തവണ മകനെയും ഒക്കത്തെടുത്ത് കിണറ്റിൽ ചാടാൻ പോയപ്പോൾ കിണറ്റിലെ മീനിനെക്കണ്ട് മോൻ,‘അമ്മേ.മീനെ നോക്ക്,എന്തു രസമാണല്ലേഎന്നു നിഷ്കളങ്കതയോടെ ചോദിച്ചപ്പോൾ,അത് അവളുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുപോക്കായി..

പിന്നെ ,അവൾക്ക് ജോലി കിട്ടി.അതോടെ പരോൾ ലഭിച്ച ജീവപര്യന്തം തടവുകാരിയുടെ ആശ്വാസം കിട്ടി.സ്വന്തംകാലിൽ നിൽക്കാമെന്നായപ്പോൾ അൽ‌പ്പം ധൈര്യവുമായി..ഒരു തരിപോലും സ്നേഹം പത്തുപതിനഞ്ചു വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ഒരിക്കൽ പോലും നൽകാത്ത,അവളെ കിടക്ക പങ്കിടാനും അയാളുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാനുമുള്ള ഒരുപകരണം മാത്രമായി കണക്കാക്കിയ അയാളിനി തന്നെ ഉപേക്ഷിച്ചാലും തനിക്കൊന്നുമില്ല എന്ന് ഇന്നവൾക്ക് ചിന്തിക്കാനാകുന്നുണ്ട്.അവളുടെ അച്ഛൻ ധനികനൊന്നുമല്ലെങ്കിലും മകളുടെയവസ്ഥകണ്ട് സഹിക്കാനാകാതെ എങ്ങനെയോ ഒരു വീടും കെട്ടിക്കൊടുത്തിട്ടുണ്ട്.അവിടെയവൾ മറ്റൊരു പൊങ്ങുതടിയായി ജീവിക്കുന്നെങ്കിലും കുറേയൊക്കെ സ്വന്തം സ്വത്വത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാറുണ്ട്,കണ്ണെഴുതി പൊട്ടുതൊടാതെ, ആഭരണങ്ങൾ ധരിക്കാതെ കുറച്ചൊക്കെ അവളായി ജീവിക്കാൻ അനുടീച്ചർക്കിന്നാകുന്നുണ്ട്...എങ്കിലും ഭർതൃസ്നേഹം അതവൾക്ക് ഒരു സ്വപ്നം മാത്രം...

ജോലി ലഭിച്ചതു കൊണ്ടുമാത്രം അൽ‌പ്പം ആശ്വസിക്കാനാകുന്ന അനുമാർ,ജോലി ലഭിച്ചിട്ടും വെറും പൊങ്ങുതടിയായി ജീവിക്കുന്ന എന്റെ വാരസ്യാരുകുട്ടി,ജോലി ലഭിക്കാതെ സ്വത്വം തീർത്തും പണയം വച്ചു ജീവിക്കുന്ന സോദരിമാർ....ബഹുഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്....സ്ത്രീയ്ക്കും ഒരു സ്വത്വം ഉണ്ടെന്ന് ആധുനിക യുഗത്തിലെങ്കിലും സമൂഹം ഒന്നംഗീകരിച്ചെങ്കിൽ....