Tuesday, February 18, 2014

ചില സമരചിന്തകള്‍....

 
കൊക്കക്കോള കമ്പനിയ്ക്ക് മുമ്പില്‍ 

സമരങ്ങളുടെ ശക്തിയിരിക്കുന്നത് വലിയ ആള്‍ക്കൂട്ടപങ്കാളിത്തത്തിലോ മാധ്യമങ്ങള്‍ നിത്യവും വന്‍ വാര്‍ത്തകള്‍ നല്‍കുന്നതിലോ ഒന്നുമല്ല ... വെറുതെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി      പങ്കെടുക്കുന്നവരും ,തങ്ങളുടെ സംഘടനയാണ്/ പാര്‍ട്ടിയാണ്  ഈ സമരംചെയ്യുന്നത് എന്ന ധാര്‍ഷ്ട്യ വുമായി അനേകം കൊടികളും ബാനറുകളുമായി വരുന്നവരും സത്യത്തില്‍ സമരത്തെ ദുര്‍ബലപ്പെടുത്തുന്നു എന്ന്‍ പല പ്രാവശ്യമായി ഞങ്ങള്‍ക്കൊക്കെ അനുഭവമുണ്ട് .. പത്തോ അമ്പതോ അല്ലെങ്കില്‍ നൂറോ ,അതൊന്നുമല്ലെങ്കില്‍ ഒരേയൊരു വ്യക്തിയോ 100% ആത്മസമര്‍പ്പണത്തോടെ ചെയ്യുന്ന ഒരു സമരമായിരിക്കും  ശക്തമായ സമരം .. ഇവിടെ സത്യത്തിന്‍റെ ശക്തിയാണ് വിജയം കൊയ്യുക ..
.

ബിജുവും വിജയന്‍അമ്പ ലക്കാടും പ്ലാച്ചിലടയില്‍ നിരാഹാരമിരിയ്ക്കുന്നു

വെറുതെ മാധ്യമങ്ങളില്‍ നില്‍ക്കാനായി കണ്ണൂരില്‍ വിജയിക്കേണ്ട ഒരു സമരത്തെ ഡല്‍ഹിയിലേയ്ക്ക് വലിച്ചിഴച്ചു എന്നതാണു ജസീറയുടെ പരാജയം .. മാധ്യമങ്ങളെ അവഗണിയ്ക്കാന്‍ മാത്രം ശക്തി   ഉണ്ടാവണമെന്ന് പറയുമ്പോള്‍  , അവരെ നിരാകരിക്കണമെന്നോ ഓടിയ്ക്കണമെന്നോ  എന്നല്ല, അവര്‍ക്ക് പിറകെ പോകരുത്എന്നുമാത്രം . അവര്‍ക്കുവേണ്ടിയായി സമരം ചെയ്യരുത് . അവര്‍ അവരുടെ പണി ചെയ്തോട്ടെ എന്നുമാത്രം . അവരുടെ അജണ്ടകളില്‍ വീഴാതിരിയ്ക്കുക .. തിരിച്ചറിയുക , മാധ്യമങ്ങള്‍ നിങ്ങളെ വല്ലാതെ പൊക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിയ്ക്കുന്നതെന്ന് . ഈ തിരിച്ചറിവാണ് ഒരു വ്യക്തിയുടെ വിജയം  .സമരം യഥാര്‍ത്ഥത്തില്‍ ശക്തമാകുമ്പോള്‍  എല്ലാവര്‍ക്കും അതിനെ പിന്തുണയ്ക്കാതിരിക്കാനാവില്ല .. 

സമരം എന്ന പേരില്‍ സ്വയം പോസ്റ്ററിംങ്ങുമായി  വലിയ നോട്ടീസുകളും ബാനറുമൊക്കെയായി നടക്കുന്നവര്‍ ഒരിയ്ക്കലും സമൂഹത്തിനായി ഒരു നന്മയും ചെയ്യുന്നില്ല ..തികച്ചും സ്വാര്‍ഥമതികള്‍ മാത്രമാണവര്‍ .. അവരില്‍നിന്നും എന്നും അകലം പാലിച്ച് നിന്നില്ലെങ്കില്‍ അത് അവനവനേയും മോശമായി ബാധിയ്ക്കും. അതുകൊണ്ട് വീണാമണിയെപ്പോലുള്ളവര്‍ സമരം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണയ്കാനാവില്ല .എന്നാല്‍ ഏത് വ്യക്തിയായാലും സംഘടനയായാലും സമരത്തിന് പിന്നില്‍ ശരിയായ ഒരു കാരണം ഉണ്ടെങ്കില്‍ ,ഞങ്ങള്‍ ,   അകലം വേണ്ടയിടത്ത് അത്പാലിച്ച്കൊണ്ടാണെങ്കിലും വേണ്ട  പിന്തുണ നല്‍കാറുണ്ട് .. ജസീറയ്ക്ക് കണ്ണൂരില്‍ ഞങ്ങള്‍ അതാണ് നല്കിയത് .. വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ,കണ്ണൂര്‍ വിട്ട ശേഷവും ,അവരെ   മനസ്സുകൊണ്ട് പിന്തുണച്ചത് , കടല്‍ മണല്‍ എന്ന വിഷയം ചര്‍ച്ചാവിഷയമാകാണെങ്കിലും അത് ഇടയാക്കുമല്ലോ എന്നു കരുതിയായിരുന്നു..സ്ത്രീ,  അമ്മ എന്നീ നിലകളില്‍     വ്യവസ്ഥിതിയോടുള്ള അവരുടെ പോരാട്ടങ്ങളേയും ഞങ്ങള്‍ മാനിയ്ക്കുന്നു  .... ഞങ്ങളുടെ നിരീക്ഷണം ശരിയാണെന്ന് ജസീറയുടെ സമരവും തെളിയിച്ചു.. കടല്‍മണല്‍ വിഷയത്തില്‍ അവരുടെ തെറ്റായ   സമരരീതികൊണ്ട് കണ്ണൂരിനപ്പുറം അവര്‍ക്ക് ഒന്നും നേടാനായില്ല ... 

പശ്ചിമഘട്ട സംരക്ഷണത്തിനായി കണ്ണൂരില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്ഇവിടത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി .. സംസ്ഥാനതലത്തില്‍  ഡോ. വി. എസ് . വിജയന്‍ മുന്‍ കൈ എടുത്തു വിപുലമായ രീതിയില്‍ പ്രവര്‍ത്തനം തുടരാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടു മീറ്റിംഗുകളില്‍ ഞങ്ങള്‍ പോയി .. തികച്ചും നിരാശയായിരുന്നു ഫലം . സുഗതകുമാരിയും  മറ്റു വന്‍കിട നേതാക്കലുമൊക്കെ അടങ്ങുന്ന വലിയ രൂപത്തിലുള്ള ഒരു സമിതിയായി മാറേണ്ട  അതിനെ, ഡോ. വിജയനെപ്പോലും നിര്‍വീര്യമാക്കിക്കൊണ്ട് ചിലര്‍ പിടിച്ചടക്കാന്‍ ശ്രമിയ്ക്കുകയും ഇവരോടൊന്നും പൊരുതാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തപ്പോള്‍,  വലിയ ഒരു ശ്രമമാണ്,ഒരു പ്രതീക്ഷയാണ് പാഴായിപ്പോയത് .. 

പ്ലാച്ചിമട റാലിയില്‍ നിന്നും  

പ്ലാച്ചിമടയില്‍ ദിവസങ്ങളായി അന്നമുപേക്ഷിച്ച്  അതിതീവ്രമായ സമരം നടത്തുന്ന സഖാക്കളെ , അവരുടെ സഹനത്തെ ശക്തമാക്കാന്‍ കൊടികളുടേയും ബാനറുകളുടേയും മാത്രം രാഷ്ട്രീയവുമായി വരുന്നവര്‍ക്കവുമോ? .. ആള്‍ക്കാരെ കാണാന്‍ കൂടി    സമ്മതിയ്ക്കാത്തവിധം   വലിയ കൊടികള്‍ നിറയപ്പെടുകയും 'കൊക്കക്കോള നീതിപാലിയ്ക്കുക'  എന്നതിന് പകരം' സംഘപരിവാര്‍ സിന്ദാബാദ്  ' എന്നൊക്കെ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്ത ഈ ഫെബ്രു. 15 ന്റ്റെ റാലിയില്‍ , രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ജനറല്‍ ബോഗിയില്‍ കഷ്ടപ്പെട്ടു യാത്ര ചെയ്തു പങ്കെടുത്ത ഞങ്ങളേപ്പോലുള്ളവര്‍ക്ക് തികഞ്ഞ നിരാശമാത്രമാണുണ്ടായത് .. കേവലം അമ്പതില്‍ താഴെ പരിസ്ഥിതി പ്രവര്‍ത്തകരാണ്  കൊടിയോ ബാന റോ ഇല്ലാതെ അതില്‍ പങ്കെടുത്തത് ..ആദിവാസികള്‍ വരെ പങ്കെടുത്തത് എസ്‌സി-എസ്‌ടി സംഘടനയുടെ കൊടികളുമായാണ്.. ഇങ്ങനെയാണെങ്കില്‍ സത്യാഗ്രഹികളുടെ ജീവിതം വച്ചുള്ള ഈ കളി നിര്‍ത്തുന്നതായിരിക്കും നല്ലത്.. അല്ലെങ്കില്‍  കൊടികളും ബാനറൂമില്ലാതെ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നടപ്പിലാക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി വരുന്നവരേ ഇനി സമരത്തില്‍ വരേണ്ടതുള്ളൂ എന്ന ഉറച്ച തീരുമാനം നേതൃത്വം എടുക്കേണ്ടിവരും ...


പ്ലാച്ചിമട റാലിയില്‍ നിന്നും 

സമരങ്ങളെപ്പറ്റി ഏറ്റവും ശരിയായ നിലപാടുകള്‍ എടുക്കേണ്ടതുണ്ട് ഇനിയുള്ളകാലത്തെന്ന്,ഒരുപാടാനുഭവങ്ങള്‍ പറഞ്ഞു തരുന്നു .. മുഴുവന്‍ ഊര്‍ജ്ജവും വിഷയത്തിലേയ്ക്ക് പകര്‍ത്തി  സമരം  ചെയ്യുമ്പോള്‍ , അത് വെറുതേ സമരം ചെയ്യുന്നവര്‍ക്കുവേണ്ടി ഇനിയും പാഴാക്കിക്കള യാന്‍ഞങ്ങള്‍ ഒരുക്കമല്ല ..   നനവിലും മറ്റുമായി , മണ്ണിനേയും    ജീവജാലങ്ങളേയും സംരക്ഷിയ്ക്കാനും ജൈവ  കൃഷിയ്ക്കായും  യാത്രകള്‍ക്കും വായനയ്ക്കും മറ്റുമായും  ആ സമയം   ചെലവഴിയ്ക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് .. ഒപ്പം സമരങ്ങള്‍  സ്വയം ഏറ്റെടുക്കേണ്ടവ ഏറ്റെടുത്ത്ചെയ്യുകയും  യഥാര്‍ത്ഥ സമരങ്ങള്‍ നടത്തുകയും നടത്തുന്നവരെ പിന്തുണയ്ക്കുകയും ചെയ്യും ...

മുന്‍നിര നിരന്നൊഴുകുന്നു.. ഈ  റാലിയിലിങ്ങനെ വന്നു നിന്നുഫോട്ടോവി നു പോസ്  ചെയ്തു എന്നല്ലാതെ ഇതില്‍എത്രപേര്‍  സമരത്തെ തുടര്‍ന്നും ശക്തമായി പിന്തുണയ്ക്കും?.. 

No comments:

Post a Comment