Monday, October 10, 2016

നനവിന്റെ നേര്‍വഴികള്‍നേരം കൊല്ലാന്‍ വേണ്ടിയോ , അവനവന്‍റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ വേണ്ടിയോ അനാവശ്യ ചര്‍ച്ചകള്‍ നടത്തി മലിനീകരണം നടത്താന്‍ വേണ്ടിയോ ചിലര്‍ ഇവിടെ വരുന്നുണ്ട്. അവര്‍ വിചാരിക്കുന്നത് കേവലം എല്ലാവരെയുംപോലെ ആഴവും പരപ്പും ഇല്ലാത്ത ഒരു സാമാന്യജിവിതം നയിക്കുന്നവര്‍ ആണ് ഞങ്ങളും എന്നാണ് ..വാക്കും പ്രവര്‍ത്തിയും ജീവിതവും ഒന്നാക്കി മാറ്റുകയും പൂര്ണ്ണമായ ബോധ്യം ഉള്ള കാര്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുകയും ചെയ്യുന്നവര്‍ ആണ് ഞങ്ങള്‍ .അതില്‍ നിന്നും ഞങ്ങളെ മാറ്റാന്‍ ആര്‍ക്കും തന്നെ സാധിക്കില്ല . അത്രമേല്‍ ആഴമേറിയ രാഷ്ട്രിയം ആണ് ഞങ്ങള്‍ക്ക് ഉള്ളത് .. നേര്‍വഴികള്‍ ആണ് എല്ലാകാര്യത്തിലും ഞങ്ങള്‍ സ്വീകരിക്കുന്നത് ..നേര്‍വഴി എന്നാല്‍ ജിവിതത്തിന്റെ സ്വാഭാവിക വഴികള്‍ .പരിണാമത്തിന്റെ ഏതൊ turning pointല്‍ വെച്ച് ,വഴി തെറ്റുകയും പിന്നിടു അപപരിണാമം സംഭവിക്കുകയും ചെയ്ത് ,എല്ലാ പ്രശ്നങ്ങളും നേരിട്ട് കുഴഞ്ഞുമറിഞ്ഞ ജീവിതം നയിക്കുന്ന മനുഷ്യന്‍ എന്ന ജീവജാതി . ശരിയായ പരിണാമം മാത്രം സ്വീകരിക്കയാല്‍ ശാരീരികവും  മാനസികവും ആയ തികഞ്ഞ ആരോഗ്യത്തോടെ ജീവിക്കുന്ന ,പരിണാമ ശ്രേണിയില്‍ മനുഷ്യനെക്കാള്‍ എത്രയോ താഴെ നില്‍ക്കുന്നവര്‍ ആയിട്ടും  സ്വഭാവികജിവിതം നയിക്കുന്ന ജന്തുജാലങ്ങള്‍ . മനുഷ്യന് എന്തുകൊണ്ട് നേര്‍വഴിയിലേയ്ക്ക് നടന്നുകൊണ്ട് ജിവിതം തിരിച്ച് പിടിച്ചു കൂട? അതാണ് ഞങ്ങളുടെ അന്വേഷണങ്ങളുടെ കാതല്‍ ..  


social media യെ ഞങ്ങള് ‍,  മറ്റെല്ലാ കാര്യത്തിലും എന്നപോലെ ഇതേ ഗൌരവബുദ്ധ്യാ ആണ് ഉപയോഗിക്കുന്നത് . ഒരു കൊച്ചു നന്മ എങ്കിലും മറ്റുള്ളവരിലേയ്ക്ക് എത്തിക്കാന്‍ ഉള്ള ഒരു വേദി അത്രമാത്രം ..ഗാന്ധിയന്‍ അഹിംസയിലും സ്വരാജിലും ആണ് ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ... ഞങ്ങള്‍ക്ക് ചിലര്‍ പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന  'വെറി' കളുമായി ഒരിക്കലും യോജിക്കാന്‍ പറ്റില്ല .

എന്നിട്ടും ചിലര്‍ ഇവിടെ വന്നു അനാവശ്യമായ ഒച്ചപ്പാടുകള്‍ ഉണ്ടാക്കുന്നുണ്ട് .ചര്‍ച്ചകള്‍ നടക്കണം. അവ ഞങ്ങള്‍ക്കും അതില്‍ പങ്കെടുക്കുന്ന മറ്റുള്ളവര്‍ക്കും കൂടുതല്‍ ആശയവ്യക്തത നേടാന്‍ സഹായകമാകുംവിധത്തില്‍ആയിരിക്കണം . എന്നാല്‍ ,വ്യക്തമായ അജണ്ടകള്‍ ഉള്ള ചിലര്‍ , അവ നടപ്പാക്കാനായി ഇവിടെ വരുന്നുണ്ട് . മനുഷ്യവംശം ഒരിക്കലും നേര്‍വഴിയില്‍ എത്തരുത് എന്ന നിര്‍ബന്ധബുദ്ധി ഉള്ള ചിലരും ഞങ്ങളുടെ താളുകളില്‍ വന്നു ഞങ്ങളെ പരമാവധി അവഹേളിക്കുകയും അവരുടെ നെഗറ്റിവ് ഊര്‍ജ്ജം മുഴുവന്‍ അവിടെ വിസര്‍ജ്ജിക്കുകയും ചെയ്യാറുണ്ട് .. അത്തരക്കാരോട്‌ ചില കാര്യങ്ങള്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മിപ്പിക്കുകയാണ് .. ഇത് നിങ്ങള്‍ക്ക് പറ്റിയ ഇടം ഇല്ല .ഇത് ആളു വേറെയാണ് ... 
ഇന്നത്തെ പാരിസ്ഥിതികവും സാമൂഹ്യവും ആരോഗ്യപരവും ധനപരവും ആയ പ്രശ്നങ്ങൾക്ക്   മറുപടി ആണ് നനവിന്റെ പ്രവർത്തനങ്ങൾ . അതുകൊണ്ടു മാത്രമാണ് ആൾക്കാർ ഞങ്ങളുടെ പ്രവർത്തനങ്ങളിൽ അകൃഷ്ടർ ആകുന്നതും , അവ കാണാനും പഠിക്കാനും ഒക്കെയായി നനവില്‍ വരുന്നതും .  പരിസ്ഥിതി സൌഹൃദ മാതൃകകള്‍ ലോകം മുഴുവന്‍ പ്രചരിപ്പിക്കപെടുകയും സ്വികരിക്കപെടുകയും വേണം ..മാധ്യമ സുഹൃത്തുക്കള്‍ ആയാലും സാധാരണക്കാര്‍ ആയാലും ഇനി   അസാമാന്യ വ്യക്തികള്‍ ആയാലും ആരും ഞങ്ങള്‍ ക്ഷണിച്ചു കൂട്ടിക്കൊണ്ട് വരുന്നവര്‍ അല്ല .നനവിന്റെ നന്മ തനിയെ പടരുമ്പോള്‍  ,അറിഞ്ഞു വരുന്നവര്‍ ആണ് .. കാരണം അറിവ് സ്വയം പ്രകാശിക്കുന്നതാണ് ,സ്വയം വ്യാപിക്കാനും അതിനു സാധിക്കും .ആര്‍ക്കും അതിനെ ഒരു കുടത്തില്‍ ഒളിച്ചുവെക്കാന്‍ പറ്റില്ല ..സത്യമുള്ള അറിവ്   ഹൈഡ്രജന്‍ ബോംബിനെക്കാള്‍ മാരകമായ പ്രസരണ പ്രഹരണ ശേഷിയുള്ളതാണ് .അതുപോലെ നനവും ലോകത്തിലേയ്ക്ക്  ഒഴുകിപ്പരന്നുകൊണ്ടിരിക്കുകയാണ് . അതുകൊണ്ട് തന്നെ ചിലര്‍ ഞങ്ങളെ പേടിക്കുന്നും ഉണ്ട് . അതിന്‍റെ ഭാഗമായാണ് ഇവിടെ പൊലീസ് അതിക്രമം നടന്നത് ..ഇത് ഗാന്ധിയന്‍ പ്രവര്‍ത്തനത്തിന്റെ ശക്തിയാണ് .ഒന്നിനും കീഴടങ്ങാത്ത ,  ആയുധമല്ല ആശയം പോലുമല്ല ,പ്രവൃത്തികളാണ് വേണ്ടത് എന്ന് കരുതുന്നവരോടു ,നേരിടാനാകാതെ ,  അഹിംസയുടെ ശക്തിയില് ‍,  സുതാര്യതയുടെയും വിസ്വാസ്യതയുറെയും തിളക്കത്തില്‍ പോലീസുകാര്‍ പോലും ഇവിടെ വന്നു മുട്ടും മടക്കി മടങ്ങിപ്പോയത് ഞങ്ങളുടെ നന്മയാലാണ്..    ഇവിടെ എത്തുന്നവര്‍ക്ക് കാണിച്ചുകൊടുക്കാന്‍ ഞങ്ങള്‍ക്ക് വിജയം വരിച്ച നിരവധി മാതൃകകള്‍ ഉണ്ട് ,..അത് ഞങ്ങളുടെ തോന്നലുകള്‍ അല്ല  .live modelsആണ് .ഒരാള്‍ ഞങ്ങളുടെ താളില്‍ വന്നു വിസര്‍ജ്ജിച്ചിട്ടു പോയതുപോലെ വിടുവായത്തങ്ങള്‍ അല്ല , അറിവിന്‍റെ നേര്‍ക്കാഴ്ചകള്‍ ആണ് .ആര്‍ക്കും നിഷേധിക്കാന്‍ പറ്റാത്ത തെളിവുകള്‍ ആണ് ..ചെയ്തുകാണിക്കാന്‍ പറ്റാത്ത ഒന്നും ഞങ്ങള്‍ പറയാറില്ല ,എഴുതാറുമില്ല .. 100% സത്യസന്ധമായും ജീവിക്കാന്‍ സാധിക്കും എന്ന കാര്യം വിശ്വസിക്കാന്‍ ആവാത്തവര്‍ ,കള്ളങ്ങള്‍ മാത്രം പരിചയിച്ചവര്‍ ആണ് ഞങ്ങളെ വിശ്വസിക്കാത്തത് . അത്തരം ഒരാളുമായി fb യില്‍സംവാദം നടത്തി കുറേ സമയം  കളയേണ്ടിവന്നു എനിക്ക്  ...അവര്‍ ഇവിടെ വരട്ടെ ..കണ്ടുപഠിക്കട്ടെ ഞങ്ങളുടെ ജിവിതം ..എന്നിട്ട് പറയട്ടെ  ..  ഭൂമിയുടെയും അതുവഴി മനുഷ്യവംശത്തിന്റെയും നിലനില്‍പ്പിനെ മനുഷ്യന്‍റെ അപഗതികള്‍ ഇല്ലാതാക്കുന്ന വര്‍ത്തമാനകാല പ്രതിസന്ധിഘട്ടത്തില്‍ ,നനവുപോലുള്ള ഒരുപാടു നേര്‍വഴികള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു .. അതിനായി ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ എത്രമേല്‍ വ്യാപിച്ചാലും നല്ലതാണ്...അതിന്‍റെ ഭാഗം മാത്രമാണ് ഇവിടെ വരുന്ന എല്ലാവരെയും ഞങ്ങള്‍ കാണുന്നത് .ഇന്നത്തെ ആസുരവികസനവും  അതിന്‍റെ ഉപോല്‍പ്പന്നമായ പ്രകൃതിയെ അമിതചൂഷണം  നടത്തിയുള്ള ജീവിതരീതികളും  മനുഷ്യന് വിനാശം മാത്രമാണ് നല്‍കുക ..ഇന്നത്തെ മനുഷ്യന്‍റെ ഭക്ഷണവും ഭക്ഷണരിതികളും കൂടി ഈ വിനാശ കരമായ പോക്കിന്റെ ഭാഗമാണ് .. .. അവശ്യം ഇല്ലാത്ത അവസരങ്ങളിലും അമിതമായും തീരെ വിശക്കാത്തപോഴും വിഷത്തില്‍ മുക്കിയും രുചി വര്‍ധിപ്പിക്കാനായി വിഷങ്ങളും അപകടവസ്തുക്കളും പൊതിഞ്ഞും ,ലളിതമായ  ആഹാരം കിട്ടാനുള്ളപ്പോഴും അവയവങ്ങള്‍ക്ക് ക്ഷിണം ഉണ്ടാക്കുന്നവ കഴിച്ചും ഒക്കെ ജീവിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ് ..അമിതമായ ക്ഷിണം ,അമിതഉറക്കം ,ഉറക്കമില്ലായ്മ ,  തലവേദന ,തുടങ്ങി നിരവധി അസ്വാസ്ഥ്യങ്ങള്‍ ഉണ്ടാക്കുന്നവ ആയിട്ടും അത്തരം ആഹാരങ്ങളും ആഹാരശിലങ്ങളും ഉപേക്ഷിക്കാന്‍ ഭൂരിപക്ഷത്തിനും സാധിക്കുന്നില്ല  .ഇതിനു കാരണം മനുഷ്യന്‍റെ അടങ്ങാത്ത ഉപഭോഗ തൃഷ്ണ ആണ് ..ഇതിനെ തടയിടാതെ മനുഷ്യവംശത്തിനു യാതൊരു രക്ഷയ്ക്കും സാധ്യത ഇല്ല . തിന്നാനായി ജിവിക്കുന്ന ,തീ റ്റയെ വര്ഷം മുഴുവന്‍ നീ ളുന്ന ആഘോഷമാക്കി പരിണമിപ്പിച്ച ,വയറിലെയ്ക്ക് ജന്മം വല്ലാതെ ചുരുങ്ങിപ്പോയ ഒരു ജീ വിയായി മാറിയ മനുഷ്യന്‍റെ ദയനീ യമായ അവസ്ഥ .. അതില്‍ നിന്നും മോചനം നേടാതെ അവനു കുടുതല്‍ മുകളിലേയ്ക്ക് പരിണാമം സാധ്യമല്ല .ഇനിയും പരിണമിക്കാന്‍ ഉണ്ടവന് ..  


   ടെന്‍ഷനുകള്‍ ഉള്ള ,അതുകാരണം ആരോഗ്യം നശിക്കുന്ന ഒരേയൊരു ജീവി മനുഷ്യന്‍ മാത്രമാണ്.. ഒരു തെന്നല്‍ പോലെയോ തൂവല്‍ പോലെയോ കനരഹിതമായി പാടിപ്പാറി ,സംഗിതം പോലെ ആസ്വദിക്കേണ്ട ജിവിതത്തെ ,കരിങ്കല്ല് തലയില്‍ ചുമന്നു നില്‍ക്കുന്ന ഒന്നാക്കി നൂറുനൂറു ബന്ധനങ്ങളില്‍ അടിമയായി ജിവിതം ജീവിക്കാതെ നശിപ്പിക്കുന്ന ഒരേയൊരു ജീ വി മനുഷ്യന്‍ മാത്രമാണ് .. അത്രമേല്‍ ദയനീയനായ ഒരു ജീവിയായി മനുഷ്യന് കൂടുതല്‍  കൂടുതല്‍ അപപരിണാമം സംഭവിച്ചു കൊണ്ടിരിക്കുമ്പോള്‍ , നേര്‍വഴികള്‍ കാട്ടുക എന്ന ഉദ്ദേശ്യം മാത്രമേ നനവിനുള്ലു   


. ആരുടെയെങ്കിലും അജണ്ടകൾ ഞങ്ങളിലൂടെ നടപ്പിലാക്കാൻ   സാധിക്കില്ല .കാരണം ,അത്രമേൽ ഉറച്ച ബോധ്യം ഞങ്ങൾക്ക് ജീവിതത്തെപ്പറ്റി ഉണ്ട് .അത്രമേല്‍ ശക്തമാണ് ഞങ്ങളുടെ രാഷ്ട്രിയവും ..ഒരിക്കലും അതില്‍ ഒരു മാറ്റവും വരില്ല ആര് എത്രകണ്ട് ശ്രമിച്ചാലും ..അതുകൊണ്ട് അത്തരം കാര്യങ്ങളില്‍ ആരും വൃഥാ വ്യായാമങ്ങള്‍ നടത്തി വിഷമിക്കേണ്ടതില്ല .   ..മാത്രമല്ല എല്ലാ  പ്രലോഭനങ്ങളെയും  അതിജീവിച്ചു കഴിഞ്ഞവര്‍ ആണ് ഞങ്ങള്‍ ..  പണമോ പദവിയോ അവാര്‍ഡുകളോ സമ്മാനങ്ങളോ ഞങ്ങളില്‍ മാറ്റങ്ങള്‍ വരുത്തില്ല..  കണ്ണുരിലെ സാധാരണക്കാരായ തൊഴിലാളികളും വീട്ടമ്മമാരും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങളും 

മധ്യവര്‍ഗ്ഗ ഉപരിവര്‍ഗ്ഗ വിഭാഗക്കാരും പിന്നെ ഏറ്റവും മേലെയുള്ള അധികാരികളും ഒക്കെയുമായി ബന്ധപെട്ടു ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് ..ഇവരില്‍ എല്ലാവരെയും ഒരേ കണ്ണോടെ കാണുന്നതിനാലും ആര്‍ എന്ത് സഹായം ചോദിച്ചാലും കഴിവിന്റെ പരമാവധി സഹായം ചെയ്യാന്‍ ശ്രമിക്കുന്നതിനാലും, ഒരിക്കലും കള്ളം ചെയ്യാത്തതിനാലും , ഒന്നിലും മുതലെടുപ്പ് നടത്താതതിനാലും   ഇവരൊക്കെ ഞങ്ങളെ  ഏറെവിശ്വസിക്കുമുണ്ട് ..


ഇതൊക്കെ വിശദീകരിച്ചത് ,ഞങ്ങളെ ആരെങ്കിലും വീസുന്ന  വലകളില്‍ പെടുന്നവര്‍ ആയി ആരും കരുതേണ്ടെന്നും  ,  ഏതെങ്കിലും നിറങ്ങള്‍ നല്‍കി അതില്‍ അകപ്പെടുതാന്‍ വ്യമോഹിച്ചു ഇങ്ങോട്ട് വരേണ്ടെന്നും പറയാനാണ് .. ഞങ്ങള്‍ നേര്‍വഴി കണ്ടെത്തിക്കഴിഞ്ഞവര്‍ ആണ് .അതിലുടെ സഞ്ചരിക്കുന്നവര്‍ ആണ് . അതില്‍ ഇനി മാര്‍ഗഭ്രംശം ഒരിക്കലും സംഭവിക്കില്ല എന്ന്‍ ഉറപ്പാണ്‌ . തറപ്പിച്ചുതന്നെ പറയാന്‍ മാത്രം ബോധ്യം ഞങ്ങളുടെ വഴിയേ പറ്റി ഞങ്ങള്‍ക്ക് ഉണ്ട് ..  ലോകാ സമസ്താ സുഖിനോ ഭവന്തു .... 

.Sunday, June 5, 2016

ഒരു ദിനം കൂടി ....


 ഇന്ന്‍ ജൂണ്‍ 5..പതിവുപോലെ ഒരുദിനം.. മഴക്കാലം തുടങ്ങുംമുമ്പുള്ള ചെറുമഴകള്‍ ഞങ്ങളുടെ പുര്തിയാകാത്ത കൃഷിപ്പണികള്‍ക്ക്( ചേമ്പ്,വാഴ,മധുരക്കിഴങ്ങ് etc) അനുഗ്രഹമായിരിക്കുന്നു.. ഇന്നലെ തുടങ്ങിയ മധുരക്കിഴങ്ങുനടല്‍ ഇന്ന്  പൂര്‍ത്തിയാക്കി .. വിത്ത്‌സംരക്ഷണത്തിന്റെ ഭാഗമായി അഞ്ചിനം കിഴങ്ങുകള്‍ ആണ് നട്ടത്.

രാവിലെ ചെറിയ ചാററല്‍മഴ ഉണ്ടായിരുന്നു. തറകള്‍ ഇന്നലെ റെഡിയാക്കി വച്ചിരുന്നു..അതിനുമേല്‍ കരിയില യിട്ട്  അല്‍പ്പം ചാണകപ്പൊടി വിതറി ,സുന്ദരമായ മഴനനഞ്ഞുകൊണ്ട് ,രണ്ട്തറയില്‍ നട്ടു . തവളകള്‍ പാടുന്നുണ്ടായിരുന്നു . ചെമ്പോത്തുകളും മൈനകള്‍.തത്തകള്‍, കരിയിലക്കിളികള്‍, താലിക്കുരുവി, തുടങ്ങിയ പലരും ഞങ്ങള്‍ക്കൊപ്പം കൂടി. breeding plumageല്‍ അതിസുന്ദരനായ കാലിമുണ്ടി വളരെ അടുത്തു വന്നുനിന്നു .അവനെ നോക്കിനിന്നുപോകും ആരും..കൂട്ടുകാരികളും കൂടെയുണ്ടായിരുന്നു.. താലിക്കുരുവികള്‍ അവര്‍ക്കായി വച്ചുകൊടുത്ത തുവരചെടിയില്‍ വന്നിരുന്നുപാടി.. ധാരാളംപ്രാണികളെ ആകര്ഷിക്കുന്ന ചെടിയാണ് തുവര. ..
ഹരിയ്ക്ക് ഓഫീസില്‍ പോകേണ്ടതിനാല്‍ നട്ടു തീരാതെ മടങ്ങി.. 
 ഭക്ഷണശേഷം പാറുവിനേയും കണ്ണനേയും പറമ്പില്‍കൊണ്ടുപോയി കെട്ടി.. പുതുമഴസമയത്ത് ചോരകുടിക്കുന്ന വലിയ ഈച്ചകള്‍ അവയെ ആക്രമിക്കാനെത്തുന്നു.കുറച്ചുനേരം പാറുവിനെ അവയുടെ ശല്യത്തില്‍നിന്നും രക്ഷിച്ചു..പിന്നെ ആല വൃത്തിയാക്കുമ്പോള്‍  ,തലശ്ശേരിനിന്നും ഒരു ഡോക്ടര്‍ദമ്പതികള്‍ വീടുകാണാന്‍വന്നു. കുറച്ചു സമയം അവര്‍ക്കായി നല്‍കി . പിന്നെ,ചെറുമഴയത്ത് പാളത്തൊപ്പിയുംവച്ചു വയലിലേയ്ക്ക്..

കിഴങ്ങ്നട്ടു പൂര്‍ത്തിയാക്കി.. പിന്നെ, കുറച്ച് മറ്റ് പണികളും പുല്ലരിയലും.. സമയംപോയതറിഞ്ഞില്ല.. അതിനിടക്ക് കുളക്കോഴികളുടെ ചങ്ങാത്തം.. പൊതുവേ നാണംകുണ്‌ങ്ങികളായ അവര്‍ കുറച്ചുനാളായി അടുത്തുവരുന്നുണ്ട്.. അവര്‍ക്കായി വയലില്‍ ചാലുകള്‍ക്ക് അരികില്‍ തീററപ്പുല്ലും, പിന്നെ കരിമ്പും മറ്റും നല്ല ആവാസം ഒരുക്കുന്നുണ്ട് . ഞങ്ങളുടെ കാടന്‍കൃഷി അവര്‍ക്ക്നന്നായി ഇഷ്ടമായിട്ടുണ്ട്,ഒപ്പം കുളവും ഉണ്ടല്ലോ .. പക്ഷെ ഇന്നവര്‍ എന്നെ ,അത്രമേല്‍അടുപ്പംകാട്ടി അതിശയിപ്പിച്ചുകളഞ്ഞു.. കിഴങ്ങ്നടുന്നതിന് ഒന്നുരണ്ടുമീററര്‍ അപ്പുറത്ത് ഒരുകരിമ്പിന്റെ ചുവട്ടില്‍ അവള്‍ നില്‍പ്പായിരുന്നു.. പീലികളില്‍നിന്നും വെള്ളം ഉരുണ്ടുവീണുകൊണ്ടിരുന്നു.. നല്ല ചാരംകലര്‍ന്ന കറുപ്പും മുഖവും അടിവശവും വെള്ളയും ചുണ്ടിലെ ചുവപ്പും ,പിന്നെശാലീനമായ രൂപഭാവങ്ങളും..  അവളുടെ നിഷ്കളങ്കസൌന്ദര്യം എത്രനോക്കിനിന്നാലും മതിയാവില്ല. കുറച്ചുനേരം അവളോടു സംസാരിച്ചു -എന്താപരിപാടി.. ഞങ്ങളുടെ കരിമ്പില്‍ കൂടുകെട്ടാന്‍  ആഗ്രഹമുണ്ടോ? എങ്കില്‍  ഞങ്ങള്‍  അതു വെട്ടാതെ നിനക്കായിട്ടുതരാം എന്നൊക്കെപറഞ്ഞു.
. അധികനേരം കളയാനില്ലാത്തതിനാല്‍ ഞാന്‍ പണിതുടര്‍ന്നു.അപ്പോഴുണ്ട് അവള്‍ ചെറിയചിലക്കലുകള്‍.പിന്നെ ഉറക്കെ ശബ്ദിച്ചു.. കൂടുകെട്ടാനായി ഞങ്ങള്‍ കരാര്‍  ഉണ്ടാക്കിയകാര്യം കൂട്ടുകാരനെ  അറിയിച്ചതായിരിക്കുമോ .. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവളുണ്ട്  നേരെ എന്‍റെ അടുത്തേക്ക് വരുന്നു !  കിഴങ്ങിന്റെ തറകളില്‍  പ്രാണികളെ അന്വേഷിച്ചു നടന്നു ..അപ്പുറത്ത് കൂട്ടുകാരന്‍ ഇരതേടുന്നുണ്ടായിരുന്നു.. 
പണി കഴിഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ രണ്ടര ..സമയം പോയതറിഞ്ഞില്ല .. പിന്നെ ഉച്ചക്ക്  വേവിക്കാത്ത ആഹാരം . കണ്ണൂരില്‍ ഒരു മീററിംഗ് വച്ചിരുന്നു വൈകുന്നേരം .. കഴിഞ്ഞ ഒരു ദിവസം , ഹ്യുമന്‍ റൈട്സ് പ്രവര്‍ത്തകന്‍   ചന്ദ്രബാബു വിളിച്ചിട്ട് ഒരു പ്രാരംഭ മീററിംഗ്  ഞങ്ങള്‍ നാലഞ്ചുപേര്‍ കണ്ണൂരില്‍ കൂടിയിരുന്നു  .വിഷയം മരം ആണ് .. മരസംരക്ഷണത്തിനു മാത്രമായി വിശാലമായ കാന്‍വാസില്‍  ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ആണ് ചര്‍ച്ചകള്‍ നടത്തിയത് .പക്ഷെ ഇന്ന്‍ പലര്‍ക്കും എത്താന്‍ പറ്റിയില്ല . എങ്കിലും 8 പേര്‍ വന്നു .. 

ജില്ലാ മരസംരക്ഷണ സമിതിക്കു കണ്ണൂര്‍ വീററ് ഹൌസിലെ ഈ മീടിംഗില്‍ തുടക്കം ആയിരിക്കയാണ് ,ഇത് മരങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കും അണിചേരാവുന്ന  അയഞ്ഞ ചട്ടക്കൂടുള്ള  ഒരു സമിതിയാണ് വ്യക്തി കേന്ദ്രികൃതവും വാര്‍ത്തകളിലും  പബ്ളിസിറ്റിയിലും അധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതില്‍ സ്ഥാനം ഉണ്ടായിരിക്കില്ല .എല്ലാവരും വളണ്ടിയര്‍മാര്‍ മാത്രമാണ് ..മൈക്കിനു മുമ്പില്‍ മാത്രം മരസ്നേഹം തുളുമ്പുന്നവരും സ്ഥാനമോഹികളും ഇതില്‍ വന്നിട്ട് കാര്യമില്ല ..കണ്ണൂരിലെ പൊതുജനങ്ങളെ കൂടി പരമാവധി സഹകരിപിച്ചുകൊണ്ട് മരങ്ങളെ സംരക്ഷിക്കാനാണ്  വിചാരിക്കുന്നത് .. 

പ്രാരംഭമായി വിദഗ്ദരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്  ഒരു സര്‍വ്വേ വരുന്ന രണ്ടാംശനി (11 6 നു ) നടത്തുന്നു .വൃക്ഷങ്ങളുടെ കണക്കെടുപ്പ് അവയുടെ പ്രായം ആരോഗ്യം ഗുണങ്ങള്‍ ഒക്കെ കണക്കെടുപ്പില്‍ രേഖപ്പെടുത്തും ...ഒപ്പം മരം നടേണ്ട സ്ഥലങ്ങളും കണ്ടെത്തും .പിന്നൊരു പ്രവര്‍ത്തനം മരങ്ങള്‍ ആണികളും ബാനറുകളും പരസ്യങ്ങളും വൃത്തിയാക്കാന്‍  നടപടി എടുക്കാന്‍ കലക്ടരോട് ആവസ്യപ്പെടും എന്നതാണ് .. ജില്ലാ പരിസ്ഥിതി സമിതി ഇത് മുമ്പ് പല പ്രാവശ്യം ചെയ്തിരുന്നു ..അധികൃതര്‍ ചെയ്യേണ്ട കാര്യം അവരെക്കൊണ്ട് തന്നെ ചെയ്യിക്കണം .അല്ലെങ്കില്‍ പിന്നെയും മരങ്ങളെ ആള്‍ക്കാര്‍ ദ്രോഹിക്കും ,,. 
ഒരു പഠനംകൂടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട് .. നഗരത്തിലെ ഓക്സിജന്‍ ,,കാര്‍ബണ്‍ ഡൈ ഓക്സൈഡ് ,കാര്‍ബണ്‍ മൊണോക്സൈഡ് തുടങ്ങിയവയുടെ അളവ് മലിനീകരണനിയന്ത്രണ ബോര്‍ഡിനെ കൊണ്ട് ചെയ്യിച്ച് , ഇത്ര വാഹനങ്ങളും ഇത്ര മനുഷ്യരും ദിവസേന എത്തുന്ന ഒരു സ്ഥലത്ത് ശുദ്ധവായു ലഭിക്കാന്‍ ഇത്ര മരങ്ങള്‍ ഉണ്ടാവണം എന്ന ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി .,അതിനനുസരിച്ച് മരങ്ങള്‍ നിലനിര്‍ത്താനും  അധികാരികളെ ക്കൊണ്ട് ചെയ്യിക്കണം ,ഇത്തരം പഠനങ്ങള്‍ ജനങ്ങളില്‍ എത്തുമ്പോള്‍ ശുദ്ധവായു തങ്ങളുടെ അവകാശവും അത് തങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത് അധികാരികളുടെ കര്‍ത്തവ്യവും ആണെന്ന പൊതുബോധം ഉണ്ടാവുകയും ,അവര്‍ മരങ്ങള്‍ക്കായി മുന്നോട്ട് വരികറയും ചെയ്യും .. 

ഇതൊക്കെയാണ് പ്രാരംഭമായി ചെയ്യാന്‍ പോകുന്നത് . താത്കാലിക ഭാരവാഹികളായി ഹരിയെ ചെയര്‍മാനും ,ചന്ദ്രബാബുവിനെ കണ്‍വീനറും ആക്കി .ഉപദേശകരായി ചന്ദ്രാംഗദന്‍,ഡോ. മനോഹരന്‍  എന്നിവരെയും നിയമിച്ചു 

Tuesday, May 24, 2016

നനവില്‍ നിന്നും ..

വയല്‍ ഒരു നല്ല ആവാസവ്യവസ്ഥയായി മാറികൊണ്ടിരിക്കുന്നു.കുളങ്ങള്‍ രണ്ടും തുമ്പികള്‍ക്ക് പ്രിയംകരമാണ്.. ഈ വര്‍ഷത്തെ വേനലൊടുവില്‍ ഒരുകുളം വററിപ്പോയി എങ്കിലും ഒന്നില്‍ വെള്ളമുണ്ട്.പക്ഷികള്‍ അതിനാല്‍ വയലില്‍ കുടുതല്‍ എത്തി. . താലിക്കുരുവികള്‍, ഇരട്ടത്തലച്ചി ബുള്‍ബുളുകള്‍ എന്നിവര്‍ വയലില്‍തന്നെ കൂടുണ്ടാക്കുന്നുണ്ട്.. പുല്ലുകള്‍,വാഴകള്‍ എന്നിവയിലാണവര്‍ കൂടു കൂട്ടുന്നത്.പറമ്പില്‍ കാണാത്ത നാട്ടുബുല്‍ബുളും വയലില്‍ ഉണ്ട്.പിന്നെ ആററക്കറുപ്പന്‍, ചെമ്പോത്ത്, മൈന, പൊന്മാന്‍, തേങ്കുരുവികള്‍ ,കാക്കത്തമ്പുരാട്ടി, കുളക്കൊക്ക്,കാലിമുണ്ടി, കുളക്കോഴി, വയല്‍ക്കോതി കത്രികപ്പക്ഷി , ഷിക്ര,ഓലഞ്ഞാലി, കാട്ടുകരിയിലകിളി, പൂത്താങ്കിരി തുടങ്ങിയവര്‍ പകലും , പലയിനം മുങ്ങകള്‍ രാത്രിയുംഇവിടെസസുഖം വാഴുന്നു.. ഈ വറ്ഷം ഒരു ചേരാക്കോക്കനും ഒരു കഷണ്ടിക്കൊക്കും വന്നിരുന്നു.. രാത്രിയില്‍ കുറച്ചു കുറുനരികളും എത്തും..
നാണംകുണുങ്ങികളായ കുളക്കോഴികള്‍ ഇപ്പോള്‍ കുറച്ച് അടുപ്പമോക്കെ കാട്ട്ന്നുണ്ട്.. ഇടയ്ക്ക്ചെന്ന്‍ കുളത്തിന്നും വെള്ളംകുടിച്ചു, കുറെ ഒച്ചപ്പാടും ഉണ്ടാക്കി, ഇവര്‍ വയലില്‍ത്തന്നെയാണ്കുടുകുട്ടുക .പരുന്തുവര്ഗ്ഗക്കര്‍ മീതെക്കൂടി പറക്കാറുണ്ട്.
വയലില്‍ പിന്നുള്ള ഒരു സവിശേഷ വ്യക്തിയാണ് കാട്ടുപൂച്ച. അവള്‍ വന്നാല്‍ കിളികളൊക്കെ ഭയങ്കരബഹളം വെക്കും.. വേട്ടക്കാരി ആണല്ലോ. ഹരി ഒരു പ്രാവശ്യം അതിന്‍റെ കുഞ്ഞിനേയും പിന്നൊരിക്കല്‍ വലുതിനേയും കണ്ടു.എനിക്ക്‌ കാണാന്‍ഭാഗ്യംഉണ്ടായില്ല.. ഒരിക്കല്‍ പററുമായിരിക്കും .

കാട്ടുപൂച്ചയെ കാണാന്‍ പററിയില്ല എന്ന സങ്കടം മാറുംമുമ്പേ ,ഹരിക്ക് പിന്നെയും ഒരു അസുലഭ കാഴ്ചകിട്ടി.. സമീപത്ത് ഇടവഴിയോ ഇലഞ്ഞിയിലോ എവിടെയോ ഒരു മൂര്ഖന്‍ വസിക്കുന്നുണ്ട്..ഇന്നേവരെ വീട്ടിനടുത്തേക്ക് വന്നിട്ടില്ല .. കുളത്തിനടുത്ത് ഫോണ്‍ ചെയ്യുമ്പോള്‍ അവന്‍ ഹരിക്കടുത്ത്.. ഞാന്‍ കുറച്ച് ദൂരെയായിരുന്നു. തവളയെ പിടിക്കാന്‍ വന്നതായിരിക്കും.. മെല്ലെ ഇഴഞ്ഞ്. ചോരപ്പഴത്തിന്റെ (Blood berry) ഇല നക്കിയ ശേഷം ,ഫണം വിടര്‍ത്തിയത്രേ ..അതെന്തൊരു കാഴ്ച്ചയായിരിക്കും.പേടിക്കാനൊന്നും ഇല്ല..കുറച്ചുകൂടി ശ്രദ്ധവേണംഎന്നുമാത്രം..

എന്തായാലും നനവില്‍ മാററങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു.. സന്തോഷം പകരുന്ന ജീ
വന്റെ കളിയാട്ടങ്ങള്‍..