Tuesday, October 6, 2015

നനവിലെ നവാതിഥി



പാറുപെറ്റു..ആണ്‍കുട്ടിയാണ്.. നല്ല മഴയുള്ള ഒരു പ്രഭാതത്തില്‍ 4.10 15 നു ആണവള്‍   പെറ്റത്..അമ്മയും മോനും സുഖമായിരിക്കുന്നു .. തലേന്നുതന്നെ അവള്‍ അല്‍പ്പം ക്ഷീണമൊക്കെ കാണിച്ചിരുന്നു ..രാത്രി തന്നെ പ്രസവം ഉണ്ടാകും എന്നു ഞങ്ങള്‍ കരുതി ..ആലയുടെ വാതിലൊക്കെ നന്നായി മറച്ചുകെട്ടിക്കൊടുത്തു..ഒരു ചെറിയ LED ബള്‍ബും ഇട്ടുകൊടുത്തു .. രാത്രി അലാറം വച്ച് 2 മണിക്കും 5 മണിക്കും ചെന്നു നോക്കി .. ഇനി പകലേ ഉണ്ടാകൂ എന്നു വിചാരിച്ച് ചെന്നു കിടന്നു .. ഉറങ്ങിപ്പോയ ഞങ്ങള്‍ 7 30 യായി  എണീക്കാന്‍..വേഗം ആലയിലെക്കോടി..ചെന്നപ്പോഴുണ്ട് കുഞ്ഞ് തത്തിതത്തി നടന്ന്പാല് കുടിക്കാന്‍ പോകുന്നു .. 6 മണിക്കോ 6.30 ക്കോ പ്രസവം നടന്നിരിക്കും .... 

പ്രസവം പ്രകൃതിയില്‍ ഏറ്റവും സ്വാഭാവികമായ കാര്യമാണെന്നും ,അതിനു ആരുടേയും സഹായം വേണ്ടെന്നും കാണിക്കാനായിരിക്കും പ്രകൃതി ഞങ്ങളെ ഉറക്കിക്കിടത്തിയത്..അല്ലെങ്കില്‍ പാറുവിന്‍റെ വെപ്രാളങ്ങള്‍ കണ്ടു ,ഞങ്ങള്‍ വിഷമിയ്ക്കണ്ട എന്നു കരുതിയിരിക്കും .. 

 മറുപിള്ള വീഴുന്നതും കാത്ത് ഞങ്ങളിരിരുന്നു ..10 മണിയായി  അത് വീഴാന്‍ .. ഞങ്ങളുടെ ചില സുഹൃത്തുക്കളോട് പ്രസവാനുഭവങ്ങള്‍ ചോദിച്ചിരുന്നു ..കൂടാതെ ഞങ്ങള്‍ രണ്ടുപേരുടെ  വീടുകളിലും  മുമ്പ് സ്ഥിരമായി പശുവിനെ പോറ്റീരുന്നു... മറുപിള്ള വേഗം വീഴാന്‍ അല്‍പം പ്ലാവില വെട്ടിക്കൊടുത്തു .. പിന്നെ പച്ചവെള്ളം കുടിക്കാനും കൊടുത്തു ..പച്ചവെള്ളവും പച്ചപ്പുല്ലും മാത്രം തിന്നു വളര്‍ന്ന, മഴയും വെയിലുമേറ്റ് അല്‍പ്പം മേഞ്ഞുനടന്നിരുന്ന തനി നാടന്‍ പശുവാണ്.. 

ഒന്നു കിടന്ന്‍ ,എണീറ്റ്,കുറച്ചു കഴിഞ്ഞു വീണ്ടും കിടന്നപ്പോള്‍ അത് വീണു. മറുപിള്ള വീണാല്‍ അത് തിന്നാന്‍ പശു ആര്‍ത്തി  കാണിക്കാറുണ്ടത്രേ..എന്നാല്‍ പാറുവിന് അതില്‍ താത്പര്യം കണ്ടില്ല ..അത് വീണയുടന്‍ അവള്‍ എഴുന്നേറ്റുമാറി .. നിലത്തു വിരിച്ചിരുന്ന ചണച്ചാക്കിലാണത് വീണത് ..എടുത്തു കൊണ്ടുപോയി ബയോഗ്യാസിലിട്ടു.  അവള്‍ക്ക് കുറച്ച് നല്ല പച്ചപ്പുല്ല് കൊടുത്തു .. 

രണ്ടു ദിവസം അവള്‍ കുറച്ചു വിശ്രമത്തില്‍ ആയിരുന്നു ..അധികനേരവും കിടത്തം ..ശരീരത്തില്‍നിന്നും കുറെ ഭാഗങ്ങള്‍ കൂടി മെല്ലെ പുറത്തുകളയാനുള്ളവ കളഞ്ഞു കൊണ്ടിരുന്നു..തീറ്റക്കൊതിച്ചിയായിരുന്നവള്‍ കുറച്ചേ തിന്നുള്ളൂ ..മകനോടു വലിയ കരുതല്‍ ഉണ്ട് ..ആദ്യദിവസം അവള്‍ ഞങ്ങളെക്കൂടി  വിശ്വസിച്ചില്ല ..ആക്രമിയ്ക്കാന്‍ വന്നു .. ഞങ്ങള്‍ കുറച്ചധികം സമയം  അവള്‍ക്കരികില്‍ ചെലവഴിച്ചു..അവളുടെ മോന് ഞങ്ങള്‍ കാരണം ആപത്തില്ലെന്ന് മനസ്സിലാക്കിക്കൊടുത്തു ..രണ്ടാം ദിവസം അവളുടെ പേടി മാറി .. 


മോന് വലുപ്പം അല്‍പ്പം കുറവാണ്.. കണ്ണന്‍ എന്നാണവന് പേരിട്ടിരിക്കുന്നത് .
ഞങ്ങള്‍ക്ക് പാറുവിനെ കിട്ടുമ്പോള്‍   ചെന പിടിച്ചിട്ട് രണ്ടുമാസം ആയിരുന്നു ..അവര്‍ വെച്ചുരിന്‍റെ ബീജം അത്രേ കുത്തിവച്ചത് .. കുട്ടന് വെച്ചൂരിന്റെ പ്രകൃതമാണ് അധികം എന്നു തോന്നുന്നു .. മങ്ങിയ വെള്ള നിറമാര്‍ന്ന തവിട്ടുനിറം ..ചെറിയ പൂഞ്ഞയും ചെവിയില്‍ നീളന്‍ രോമങ്ങളും ഉണ്ട് ... അമ്മയുടെ വയറ്റിലെ സുഖശീതളകാലാവസ്ഥയില്‍ നിന്നും പുറത്തു വന്ന അവന് തണുപ്പുള്ള പ്രഭാതത്തില്‍ ചെറിയ വിറയല്‍ ഉണ്ടായി .. പക്ഷേ ,എത്ര പെട്ടെന്നാണ് അവന്‍ കാര്യങ്ങള്‍ പഠിച്ചത്..!! എണീറ്റുവന്നു, ആലയുടെ ഏറ്റവും പ്രകാശം കിട്ടുന്ന സ്ഥലത്തു ,വെയില്‍ കായാന്‍ കിടന്നു ..അമ്മയാണെങ്കില്‍ അവളുടെ അവശതയിലും ,അടുത്ത് വന്നു കിടന്ന്‍ അവന്‍റെ മേല്‍ തല വച്ച്  ചൂട് പകര്‍ന്നു .. മനുഷ്യനു മാത്രമാണു ഒന്നും അറിയാത്തത് .. പ്രസവിയ്ക്കാനോ കുഞ്ഞിനെ ശരിയായി  പരിചരിക്കാനോ ഒക്കെയുള്ള അറിവുകള്‍ നഷ്ടമാക്കിയ ജീവി മനുഷ്യനല്ലാതെ വേറേതുണ്ട് ?..