Friday, November 14, 2014

നിര്‍ത്താം ,നമുക്കീ വിഷവ്യാപാരങ്ങള്‍ ...

ഹാരത്തില്‍ വിഷം കലര്‍ത്തി വില്‍ക്കുന്നത് തടയാന്‍ ഇവിടെ ഒരു നിയമവും ഇല്ലേ ?.. ആഹാരമെന്നപേരില്‍ മനുഷ്യശരീരത്തിന് താങ്ങാനാകാത്തതിലും എത്രയോ ഇരട്ടി വിഷങ്ങള്‍ അടങ്ങിയ പച്ചക്കറികളും പഴങ്ങളും ധാന്യങ്ങളും സംസ്കരിച്ച ഭക്ഷ്യ വിഭവങ്ങങ്ങളും ഒപ്പം ഭക്ഷണങ്ങളും ഇവിടെ നിര്‍ബാധം വിറ്റഴിയ്ക്കപ്പെടുന്നു .. 'ഇത് കേരള സ്പെഷ്യല്‍ ' എന്നു ധീരതയോടെ പറഞ്ഞുകൊണ്ടു കൊടും വിഷം ഇവിടെയ്ക്കയക്കാന്‍ തമിഴനും മറ്റും ധൈര്യപ്പെടുന്നു .. ഇവിടെ മലയാളികളില്‍ കൊച്ചുകുട്ടികളുടെ വരെ കിഡ്നി,കരള്‍ ഹൃദയം ,പാന്‍ ക്രിയാസ് ,നാഡീ ഞരമ്പുകള്‍ , കാഴ്ചശക്തി ,ഓര്‍മ്മശക്തി ,എല്ലാം തകരാറിലാകുന്നു ..  

 നമ്മള്‍ കോടികള്‍ മുടക്കി,നമ്മുടെ സ്വന്തം ചെലവില്‍ നിലനിര്‍ത്തുന്ന   പഞ്ചായത്ത്തലം മുതലുള്ള അധികാരികള്‍ക്കൊന്നും ഇതേപ്പറ്റി ഒരു പ്രതികരണവുമില്ല .. കൃഷിചെയ്യാനൊന്നും മെനക്കേടാതെ ചുംബിച്ചും  കെട്ടിപ്പിടിച്ചുമൊക്കെയും പിന്നെ അതിനെകുറിച്ച് പത്രങ്ങളിലും മാസികളിലും എഴുതിയും താരങ്ങളാകുക എന്ന ലക്ഷ്യം ഉള്ളവര്‍ക്കും ഇതൊന്നും ഒരു കാര്യമേയല്ല എന്ന മട്ടാണ്.. 

  ജൈവസംസ്കൃതി യെപ്പോലുള്ള അപൂര്‍വ്വം ചില സംഘടനകളും കൂട്ടായമകളും മോഹനന്‍ വൈദ്യരേപ്പോലെയുള്ള ചില ഒറ്റയാള്‍ പോരാട്ടങ്ങളും മാത്രമുണ്ടിന്ന് ഇതിനെതിരെ പ്രവര്‍ത്തിയ്ക്കാന്‍ .. 

ഇന്ന്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടന്നില്ലെങ്കില്‍ ,ഒരു പരിധിവരെ സാധനങ്ങള്‍ വിഷമില്ലാതെ നട്ടുണ്ടാകാനുള്ള ഒരു മനസ്സ് മലയാളിയ്ക്കുണ്ടാകുന്നില്ലെങ്കില്‍ ,അതിനായുള്ള ശക്തമായ പ്രചാരണങ്ങള്‍ നടത്താന്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ അവരുടെ ഊര്‍ജ്ജം നേരാം വണ്ണം ഉപയോഗിയ്കുന്നില്ലെങ്കില്‍ , കേരളം മാരകരോഗങ്ങളുടേയും ഒപ്പം ജനിതകതകരാറുകളുടെയും ബുദ്ധിമാന്ദ്യത്തിന്റെയും വന്ധ്യതയുടെയുമൊക്കെ സ്വന്തം നാടായി പൂര്‍ണ്ണമായും ആയിത്തീരും .. ആരോഗ്യമുള്ള കുഞ്ഞുങ്ങള്‍ ഇവിടെ ജനിക്കാതിരിയ്ക്കും ..
നമുക്ക് തടയാന്‍ കഴിയണം വിഷങ്ങള്‍ ഇവിടെ വിപണികളില്‍ വിറ്റഴിയ്ക്കുന്നതിനെ  . നമുക്ക് തടയാന്‍ കഴിയണം വിഷങ്ങള്‍ ആഹാരം എന്ന ലേബലില്‍ നിറവും മണവും ചേര്‍ത്ത് ആകര്‍ഷകമായ പായ്ക്കറ്റുകളില്‍   വിറ്റഴിയ്ക്കുന്നതിനെ .. ..മായംചെര്‍ക്കല്‍ നിയമം അനുസരിച്ചു പിടിച്ചെടുപ്പിക്കാനാകണം വിഷം കലര്‍ന്ന ഭക്ഷ്യ പദാര്‍ത്ഥങ്ങളും ഭക്ഷണങ്ങളും .. ഇതിനൊക്കെ വേണ്ടി അഹിംസാ മാര്‍ഗ്ഗത്തില്‍ത്തന്നെ ഏറ്റവും ശക്തമായ പ്രക്ഷോഭങ്ങള്‍  ജനമുന്നേറ്റങ്ങളായി ഉയര്‍ന്നുവരണം ..ഇതാണ്  കാലഘട്ടം ആവശ്യപ്പെടുന്നത് .. 

കണ്ണൂര്‍ ജില്ലാ പരിസ്ഥിതി സമിതി  ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു .. ഗ്രാമഗ്രാമാന്തരങ്ങളില്‍ നിന്നും ഓരോ ജില്ലകളില്‍ നിന്നും ഒരു കൊടുങ്കാറ്റായി ആഞ്ഞടിയ്ക്കേണ്ട ഒരു പ്രക്ഷോഭമാണിത് . ഇതിലേര്‍പ്പെടുന്നവര്‍ ആദ്യം ചെയ്യേണ്ടത് ചില്ലുകൊട്ടാരങ്ങളില്‍ സുഖജീവിതം നയിച്ചു എന്നും വാഴാം എന്ന വ്യാമോഹം ഉപേക്ഷിച്ച്, മണ്ണിലിറങ്ങി അല്പ്പം ചളിയൊക്കെ പുരണ്ടും വെയില്‍കൊണ്ടും വിയര്‍ത്തുമൊക്കെ  കൃഷി ചെയ്യുക എന്നതാണ്. കൂട്ടായ്മകള്‍ രൂപീകരിച്ച് തരിശുനിലങ്ങളത്രയും വിളവിറക്കുക എന്നതാണ്.. നാടന്‍ വിത്തുകള്‍ ശേഖരിച്ച് വേണ്ടവര്‍ക്ക് എത്തിയ്ക്കുക എന്നതാണ്.. ഇതിനൊക്കെയോപ്പം അധികൃതരെക്കൊണ്ടും അവര്‍ ചെയ്യേണ്ട  കാര്യങ്ങള്‍  ചെയ്യിക്കുകയും വേണം 

പണ്ട് ഗാന്ധിജിയുടെ നേതൃത്വത്തില്‍ വിദേശ വസ്ത്രങ്ങളും സാധനങ്ങളും ബഹിഷ്കരിച്ച സമരമൊക്കെ നടന്ന ഒരു പാരമ്പര്യം ഇന്ത്യയ്ക്കുണ്ട് .. ഗവര്‍മെന്‍റു തലത്തില്‍  ജനങ്ങളുടെ ജീവന്‍റെ സുരക്ഷയ്കായി വിഷവ്യാപാരങ്ങള്‍ക്കെതിരെ നടപടികള്‍ ഉണ്ടാകുന്നില്ലെങ്കില്‍ അത്തരം വസ്തുക്കള്‍ പിടിച്ചെടുത്ത് നശിപ്പിക്കാനുള്ള മുന്നേറ്റങ്ങള്‍ ഓരോ നഗര ഗ്രാമങ്ങളിലും  നടത്താവുന്നതാണ്.. വിഷങ്ങള്‍ വാങ്ങാനാളില്ലാതെ അത്തരം സാധനങ്ങള്‍ കെട്ടിക്കിടന്നു നശിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടാക്കാനും ഓരോ നാട്ടിലും ചുണയുള്ള  യുവശക്തി ഉണരണം.. ഒരാഴ്ച ആരും ഒന്നും വാങ്ങാതിരിക്കട്ടെ .. അതോടെ തന്നെ വിഷശക്തികള്‍ ഞെട്ടിത്ത രിച്ചുപോകും. അതിനെക്കാള്‍ വലിയ ഷോക്ക് അവര്‍ക്ക് നമുക്ക് നല്‍കാനില്ല.. .

വിവാദങ്ങള്‍ മാത്രം വിറ്റ്   ബിസിനസ്സാക്കി  കോടികള്‍ കൊയ്യുന്ന മാധ്യമങ്ങളെപ്പോലെ ,വിവാദങ്ങളില്‍ അഭിരമിച്ച് ജീവിതം കെട്ടിപ്പടുക്കുന്ന നേതാക്കന്മാരെപ്പോലെ ജീവിതവും സമയവും ഊര്‍ജ്ജവുമെല്ലാം പാഴാക്കുന്ന  പിഴച്ച വഴികളെ ഉപേക്ഷിച്ച് ,മാനവവംശത്തിന്‍റെ നിലനില്‍പ്പിനായുള്ള ഈ പ്രക്ഷോഭത്തിന് എല്ലാവരും ഒറ്റക്കെട്ടായി അണിചേരുക .. 

ഈ പോസ്റ്റില്‍  ആരെയെങ്കിലും വിമര്‍ശിച്ചിട്ടുണ്ടെങ്കില്‍ അത് ആരോടെങ്കിലുമുള്ള വ്യക്തിവിരോധം കൊണ്ടല്ല ,നമ്മുടെ കുഞ്ഞുങ്ങളോടുള്ള സ്നേഹം ഒന്നുകൊണ്ടുമാത്രമാണ്.. അവര്‍ അഭിമുഖീകരിയ്കുന്ന ഭീകരതകള്‍ കണ്ടു സഹിയ്ക്കാന്‍കഴിയാത്തത്തിലുള്ള വേദനകോണ്ട് മാത്രമാണ്.. കുഞ്ഞുങ്ങളെ സംരക്ഷിയ്ക്കാനാകുന്നില്ലെങ്കില്‍ ,ഒരു ജീവിവര്‍ഗ്ഗം എന നിലയില്‍ മറ്റെന്ത് നേടിയിട്ടും  മനുഷ്യന്‍ ഒരു  പരാജയപ്പെട്ട ജീവി മാത്രമാണ്.. 

1 comment:

  1. വരും തലമുറക്ക് വേണ്ടി നമ്മൾ പൊരുതിയെ പറ്റൂ....
    വാചകക്കസർത്തല്ല , പ്രവർത്തിയാണ് വേണ്ടത്. കണ്ണൂർ ജില്ലയോടൊപ്പം മറ്റു ജില്ലകളും താമസിയാതെ കൈ കോർക്കുമെന്ന് പ്രതീക്ഷിക്കാം .

    ReplyDelete