Saturday, November 13, 2010

മനുഷ്യജീവനെക്കാൾ വലുതാണോ ഏതെങ്കിലും കീടനാശിനി?......


ഒരു ജന്മം കൂടി അനാഥമായി അകാലത്തിൽ പൊലിഞ്ഞുപോയി. ജനനവും ജീവിതം മുഴുവനും നരകസമാനതയിൽ കഴിഞ്ഞ കവിതയും ഈ നവമ്പറിൽ വേദനമാത്രം സമ്മാനിച്ച ഈ മണ്ണിനെ വിട്ട് മരണത്തിന്റെ മടിത്തട്ടിലേയ്ക്ക് യാത്രയായി...ഒരു രണ്ടുനിമിഷം ആ കുഞ്ഞിനെ ടെലിവിഷനിൽ കണ്ടപ്പോൾത്തന്നെ, തടിച്ചുവീർത്ത നാവ് വായ്ക്കകത്തേക്ക് പ്രവേശിപ്പിക്കാനാകാതെ കുഴങ്ങുന്ന അവളുടെ യാതന കണ്ടപ്പോൾതന്നെ സഹിക്കാനായില്ല...അപ്പോൾ എന്നുമിതു കണ്ടുകൊണ്ടിരുന്ന ,അവളെ ഒരുതരത്തിലും ആശ്വസിപ്പിക്കാൻപോലും കഴിയാതിരുന്ന അച്ഛനമ്മമാരുടെ കാര്യമൊന്നാലോചിച്ചുനോക്കൂ..യാതനകളുടെ ലോകത്തു നിന്നും അവൾ യാത്രയായതിൽ അവർപോലും ആശ്വസിച്ചിരിക്കും...



പൊന്നോമന മരിച്ചല്ലോ എന്നാശ്വസിക്കുകയലാതെ നിത്യവൃത്തിക്കു പോലും കഷ്ടപ്പെടുന്ന ആ പാവങ്ങൾ മറ്റെന്തു ചെയ്യാൻ...മകളെ കൊല്ലാക്കൊല ചെയ്ത്, അകാലമൃത്യുവിനിരയാക്കിയ കൊലയാളികൾക്കെതിരെ അവർക്ക് ഒന്നുംചെയ്യാനാവില്ലല്ലോ...അവർക്ക് താങ്ങായി മന്ത്രിമാരും ഭരണകൂടവും എല്ലാമുള്ളപ്പോൾ , കവിതമാരെയും സുജിത്തുമാരെയും സൈനബമാരെയുമൊക്കെ പ്രസവിക്കെണ്ടിവന്നവർ എന്തു ചെയ്യാൻ...

അവർ കൊലയാളികളാണ് .ആയിരം വട്ടം തൂക്കിലേറ്റേണ്ടത്ര പാതകമാണവർ ചെയ്യ്തതെന്ന് ഓരോ മനുഷ്യനുമിന്ന് മനുഷ്യവംശത്തിലാണു പിറന്നതെങ്കിൽ വിധിയെഴുതണം...ഒരുറുമ്പിനേപ്പോലും കൊല്ലാൻ ആഗ്രഹിക്കാത്തവർകൂടി , പണമുണ്ടാക്കാൻ വേണ്ടി ഇങ്ങനെ കൊടുംക്രൂരത ചെയ്തവർക്ക് മാപ്പുകൊടുക്കില്ല....അത്രയ്ക്ക് അരുതാത്തതാണ് ഇവിടെ ചെയ്തിരിക്കുന്നത്...

അന്തസ്രാവഗ്രന്ഥികളെ ബാധിക്കുന്ന ഒരു ഉഗ്രവിഷം, 5 മില്ലീലിറ്റർ ഉള്ളിൽചെന്നാൽ ഒരാളുടെ ജീവനൊടുക്കാൻ പര്യാപ്തമായ ഒരു കൊടുംവിഷം, പ്രത്യുത്പാദന കോശങ്ങളിൽ മ്യൂട്ടേഷൻ സംഭവിക്കുകയും തലമുറകളിൽനിന്നും തലമുറകളിലേയ്ക്ക് ജനിതകത്തകരറുകൾ പകരുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട ഒരു വിഷം ,20 വർഷങ്ങൾ കശുമാവിന്റെ പൂക്കളത്രയും കായാക്കി മാറ്റാനെന്ന വ്യാജേന, ഹെലിക്കോപ്റ്റർവഴി, നിറയെ കുന്നുകളും താഴ്വാരങ്ങളും ജലാശയങ്ങളുമുള്ള ഗ്രാമങ്ങളിൽ ,മഴപെയ്യുമ്പോലെ ടൺ കണക്കിനു തളിക്കുക ..എന്നിട്ട് ഇതാണ് ആധുനിക കൃഷിയെന്നും വിഷം തളിക്കാതെ കൃഷി പരാജയമാണെന്നും പ്രചരിപ്പിക്കുക...!!!!ഒരു ഗവർമെന്റ് തങ്ങളുടെ പൊതുമേഖലാ സ്ഥാപനത്തിലാണ് ഈ മാരണം ഉത്പാദിപ്പിക്കുന്നത് എന്നതിനാൽ ഇതിനൊക്കെ അനുവാദം നൽകുക...ആൾക്കാരുടെ ശരീരത്തിൽ നേരിട്ടു പതിച്ചതിനാലും ജലത്തിലൂടെയും പതിനായിരങ്ങളുടെ ജീവിതങ്ങളെയിത് ചവച്ചുതുപ്പിയ കരിമ്പിൻ ചണ്ടിപോലാക്കുക...അവരുടെ ജീവനുകൾക്ക് കൃമികീടങ്ങളുടെ വിലപോലും കൽ‌പ്പിക്കാതിരിക്കുക...ഒന്നുകൊണ്ടും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ നേരിട്ടവർക്ക് തങ്ങൾ ചെയ്തതിന് ഒരിറ്റു സമാശ്വാസം എന്നനിലയിൽ വിദഗ്ധചികിത്സയ്ക്കുള്ള പണമ്പോലും നൽകാതിരികുക... നിരവധി പഠനങ്ങൾ എന്റോസൾഫാനാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്ന് തെളിയിച്ചിട്ടും അത്തരം റിപ്പോർട്ടുകൾ ചവറ്റുകൊട്ടയിലിട്ട് ഒന്നും കണ്ടില്ലെന്നു നടിയ്ക്കുക...കീടനാശിനിക്കമ്പനി ഏജന്റുമാരെ അംഗങ്ങളാക്കി പഠനാഭാസങ്ങൾ നടത്തുക...നിരോധനത്തിന് എട്ടുവർഷങ്ങൾക്കുശേഷം വീണ്ടും ,അതും കീടനാശിനി ലോബിക്കാരനെ ചെയർമാനാക്കിക്കൊണ്ട് ഒരന്വേഷണംകൂടി വരാൻ പോകുന്നത്രെ...ഇന്ത്യയിൽ ജനിച്ചുപോയല്ലോ എന്ന് നാണിക്കേണ്ടി വരുന്നു ...

ഇവിടെ ദൂബെമാരും മല്ല്യമാരും മായിമാരും ഇനിയുമിനിയും കോടികൾ സമ്പാദിച്ചുകൂട്ടണം...അവരെ പിന്തുണച്ചുകൊണ്ട് കോടീകളും അധികാരവും കയ്യാളി നമ്മുടെ മന്ത്രിമാരും എം.പി.മാരും സുഖിച്ചുവാഴണം...അതിനായി സാമാന്യജനങ്ങൾ ചത്താലെന്ത്...ചത്തതിനൊക്കുമേ ജീവിച്ചിരിക്കിലും എന്നമട്ടിൽ നരകിച്ചാലെന്ത്....എന്നിട്ടും നാം മലയാളികൾക്കുപോലും ഈ ഭരണകൂടഭീകരതയ്ക്കെതിരെ ഒറ്റയ്ക്കെട്ടായി പോരാടാൻ വയ്യ...തനിക്കല്ലല്ലോ ദുരന്തങ്ങൾ സംഭവിച്ചത്, ഏതോ കവിതയ്ക്കും അഞ്ജുവിനും കുമാരന്മാഷിനും മറ്റുമല്ലേ...

പെരിയയിലെ ലീലാകുമാരിയമ്മ ,അവരുടെ വീടുണ്ടാക്കാ‍ൻ സഹായിക്കാനായി വന്ന സഹോദരന്റെ ജീവനും ഈ വിഷം അപഹരിച്ചപ്പോൾ കോടതിയിൽ പോകുകയുണ്ടായി....ഞങ്ങൾ പല പ്രാവശ്യം ലീലേട്ടിയുടെ വീട്ടിൽ പോയിട്ടുണ്ട്...കശുമാവിൻ തോട്ടത്തിനു തൊട്ടരികിലാണ് അവരുടെ വീട്...അവർ കണ്ണീരോടെ പറഞ്ഞിട്ടുണ്ട് തനിക്കും കുടുംബത്തിനും അനുഭവിക്കേണ്ടിവന്ന യാതനകൾ...അവർക്കറിയാമായിരുന്നു ഈ വിഷത്തെപറ്റി..കാരണം കൃഷിവകുപ്പിലെ തന്നെ ഉദ്യോഗസ്ഥയായിരുന്നു അവർ...ഒടുവിൽ സഹികെട്ട് അവർ കേസിനുപോയി വിജയിച്ചു .കേരളത്തിൽ ഈ വിഷം നിരോധിപ്പിക്കാൻ അവർക്കായി.എങ്കിലും അവരതിനു തന്റെ ജീവിതംകൊണ്ട് വില നൽകേണ്ടിവന്നു..കേവലം ഒരു വാഹനാപകടം എന്ന് തെളിവില്ലാതെ ഒഴിവാക്കപ്പെട്ട ഒരു ക്രൂരത..ഇടിച്ചിട്ടശേഷം ഓടിപ്പോയ ഒരു ലോറി...നിരവധി ചികിത്സകൾക്കുശേഷവും അവരിന്നും വേദന തിന്ന് മറ്റൊരിരയായി ജീവിക്കുന്നു...

ലീലേട്ടി പറയുന്നു;‘തേയിലക്കൊതുക് എന്ന ഒരു പ്രാണിയേ അവിടില്ല..വിഷം തളി നിത്തിയ ശേഷം ഉൽ‌പ്പാദനം കൂടുകയാണുണ്ടായത്...പരാഗണത്തിനു സഹായിക്കേണ്ട പക്ഷികളടക്കമുള്ള ജീവികളെയൊക്കെ ആ വിഷം കൊന്നിരുന്നു...അതു നിർത്തിയപ്പോൾ പൂമ്പാറ്റകളും തേനീച്ചകളുമൊക്കെ
തിരിച്ചു വന്നിരിക്കുന്നു’.അവർ സന്തോഷത്തോടെ,ഏറെക്കാലത്തിനുശേഷം മുറ്റത്തു പറക്കുന്ന പൂമ്പാറ്റകളെ കാട്ടിത്തന്നു...


അഞ്ജുവും മരിച്ചുപോയി...രണ്ടുവർഷങ്ങൾക്കുമുമ്പ് ഞങ്ങൾ ചെന്നപ്പോൾ ആ കുഞ്ഞ് ഒരു കീറപ്പായയിൽ കിടക്കുകയായിരുന്നു..ശരീരത്തിനകത്തായിരിക്കേണ്ട അവയവങ്ങൾ പുറത്തായി ജനിച്ച ആ പാവത്തിന്റെ മേൽ ഒരു കീറത്തുണി ഇട്ടിട്ടുണ്ടായിരുന്നു...നിരവധി സർജറികൾ നടത്തി അവളെയൊന്ന് ജീവിപ്പിക്കാമോ എന്ന് ശ്രമിച്ചുകൊണ്ടിരികുകയായിരുനു മനുഷ്യസ്നേഹം വറ്റാത്തവർ..സഹായിക്കാൻ ബാധ്യസ്ഥരായവർ അഞ്ചുപൈസപോലും നൽകിയില്ല...ഒടുവിൽ ഒന്നിനും കാത്തു നിൽക്കാതെ ആ പിഞ്ചുജീവനും ആ കീറപ്പായിൽതന്നെ പൊലിഞ്ഞു...

ഇനി അശ്വതിയിലേയ്ക്കൊന്നു വരിക..അവൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്...കാസർഗോട്ടെ ഒരെൻഡോസൾഫാൻ ഗ്രാമമായ ചീമേനിയിൽ... നാമിന്ന് ഗ്രാമങ്ങൾക്കിങ്ങനെ വിശേഷണങ്ങൾ നൽകിയിരിക്കയാണല്ലോ...നാശംവിതയ്ക്കുന്ന കൊടുങ്കാറ്റുകൾക്ക് മനോഹരമായ പേരുകൾ നൽകുന്നതുപോലെ....ചീമേനിയിലുള്ള അവളുടെ വീട്ടിലും ഞങ്ങൾ പോയിരുന്നു...തല ഒഴികെയുള്ള ശരീരഭാഗങ്ങൾ വളരാത്ത അശ്വതി.പതിനാലുവയസ്സുകാരിയുടെ കൈകാലുകൾ അഞ്ചുവയസുകാരിയുടേതുപോൽ...എപ്പോഴും പുഞ്ചിരി തൂകുന്ന , തന്നെ കാത്തിരിക്കുന്ന ദുരന്തങ്ങളെപറ്റി ഇപ്പോഴുമറിയാത്ത ആ പെൺകുട്ടി തന്റെ കൊച്ചു കൂരയിൽ കഴിയുന്നു..ഒരണപോലും സഹായമായി കിട്ടിയിട്ടില്ലവൾക്ക്......അവളുടെ അച്ഛൻ പറഞ്ഞുതന്നു ആൾമറപോലുമില്ലാത്ത കിണറുകളും കുന്നിഞ്ചെരിവുകളും തോടുകളുമൊക്കെയുള്ള ആ നാട്ടിലെ വിഷവർഷത്തിന്റെ വിശേഷങ്ങൾ.... ചിലപ്പോൾ കിണർ മൂടണമെന്നും പുറത്തിറങ്ങരുതെന്നും ഒരു മുന്നറിയിപ്പ് ഉണ്ടായെങ്കിലായി..കാര്യം മനസ്സിലാക്കാൻ പഠിപ്പില്ലാത്ത ആ പാവങ്ങൾ ഹെലിക്കോപ്റ്റർ കാണാൻ കൌതുകപൂർവ്വം പുറത്തിറങ്ങി വിഷമഴയിൽ കുളിച്ചു...ചിലപ്പോൾ ഓലക്കീറുകൾ കൊണ്ട് കിണർ മൂടി...മൂടിയിട്ടെന്ത്...ഒറ്റമഴ മതിയല്ലോ തോട്ടങ്ങളിൽ തളിച്ച വിഷമത്രയും ജലാശയങ്ങളിലേയ്ക്ക് ഒലിച്ചിറങ്ങാൻ...കുളങ്ങളും തോടുകളും കിണറുകളുമൊക്കെ വിഷമിങ്ങനെ അടിഞ്ഞുകൂടി അവരെ കീടങ്ങളാക്കി മാറ്റി .ആ വിഷവർഷക്കാലത്തായിരുന്നു അശ്വതിയുടെ അമ്മ അവളെ ഗർഭം ധരിച്ചത്....


ഹിന്തുസ്ഥാൻ ഇൻസെക്ടിസൈഡ്സിനും എക്സൽകമ്പനിക്കും ലാഭം കൊയ്യാൻ വേണ്ടി മാത്രമായിരുന്നു,അല്ലാതെ ചിലരൊക്കെ ഇന്നും കരുതുമ്പോലെ കശുമാവു കൃഷിയെ രക്ഷിക്കാനായിരുന്നില്ല,ജലാശയങ്ങൾ ഉള്ളയിടങ്ങളിൽ തളിക്കരുതാത്ത ഈ ജീവനാശിനി ,എല്ലാ മാനദണ്ഢങ്ങളും കാറ്റിൽ പറത്തിക്കൊണ്ട്, ടൺ കണക്കിനു വർഷിച്ചത്....എല്ലാ കണക്കുകളും ഇതിലേയ്ക്കാണ് വിരൽചൂണ്ടുന്നത്..അല്ലെങ്കിൽ ഒരു കീടനാശിനിയും തുടർച്ചയായി മൂന്നു വർഷത്തിലധികം കാലത്ത് ,കീടങ്ങൾ അതിനെതിരെ പ്രതിരോധശക്തി നേടും എന്നതിനാൽ ,അടിക്കാൻ ശുപാർശ ചെയ്യില്ലെന്നിരിക്കെ ,20 വർഷക്കാലം തുടർച്ചയായി എന്തിനടിച്ചു??? ഉത്തരം പറയിപ്പിക്കേണ്ടിയിരിക്കുന്നു അടിച്ചവരോട്... സാധാരണ മനുഷ്യജീവന് ഇന്ത്യാഗവർമെന്റ് എന്തെങ്കിലും വില കാണുന്നുണ്ടെങ്കിൽ ചോദിയ്ക്കേണ്ടിയിരിക്കുന്നു...എന്നിട്ടിന്ന് ഇരകൾക്ക് മനുഷ്യത്ത്വപരമായി ലഭിക്കേണ്ട ഇത്തി സമാശ്വാസങ്ങൾപോലും നൽകാതിരിക്കാൻ, എന്റോസൾഫാൻ നിരോധിക്കാതെ,അതിനുവേണ്ടി വാദിക്കുന്നത് കോടികളിൽ കണ്ണു നട്ടുമാത്രമാണ്...

അല്ലെന്നാകിൽ ,മുൻപഠനങ്ങളും കാസർഗോട്ടെ രക്തസാക്ഷികളെയും ജീവിക്കുന്ന രക്തസാക്ഷികളേയും കണക്കിലെടുത്ത് ,എന്റോസൾഫാന്റെ ഉല്പാദനം വിതരണം ഉപയോഗം എന്നിവ ഇന്ത്യയിൽ പൂർണ്ണമായും നിരോധിക്കുകയും , ഇരകളായി കഷ്ടപ്പെടുന്നവർക്ക് മതിയായ സഹായങ്ങൾ ,ഇതു വിറ്റ് കോടികൾ കൊയ്തവരിൽ നിന്ന് വാങ്ങിക്കൊടുക്കുകയും,ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണം...നഷ്ടങ്ങൾക്ക് ഒന്നും പരിഹാരമാവില്ലെങ്കിലും അത്രയെങ്കിലും പ്രായശ്ചിത്തം അവർ ചെയ്യേണ്ടിയിരിക്കുന്നു...അവരെക്കൊണ്ടത് ചെയ്യിക്കാൻ ഓരോ ഇന്ത്യൻ പൌരനും ഉത്തരവാദിത്തമുണ്ട്.....
ബന്ധപ്പെട്ട മറ്റ് ലിങ്കുകൾ:
1-അവിശുദ്ധ രാഷ്ട്രീയത്തിലെ അവിഹിത ബന്ധങ്ങള്‍ -എം.എ.റഹ്മാന്‍
2-ഞങ്ങളുറ്റടെ ഗര്‍ഭപാത്രം എന്തു പാപം ചെയ്തു -ജി.നിര്‍മ്മല...കേന്ദ്ര കൃഷിവകുപ്പ് കമ്പനികളുടെ ദല്ലാളോ?
3-ഇന്ത്യക്കാരനായതിൽ നാണിച്ച അഞ്ച് ദിനങ്ങൾ-സി. ജയകുമാർ
4-എന്തുകൊണ്ട് നിങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍ നിരോധിച്ചു കൂടാ…?-റ്റോംസ് കോനുമഠം-തട്ടകം