Wednesday, October 13, 2010

ഫ്ലക്സ് ബോർഡുകൾ പ്രചരണത്തിനുപയോഗിക്കുന്ന സ്ഥാനാർത്ഥികൾക്ക് വോട്ടില്ല.....

ഫ്ലക്സ് ബോർഡുകൾ അതിന്റെ ഭീകരത മനസ്സിലാക്കിക്കൊണ്ട് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നിരോധിച്ചിരുന്നല്ലോ?പക്ഷെ ഫ്ലക്സ് മുതലാളിമാർ കൊടുത്ത ഒരു കേസിൽ ഇന്നലെ കേരള ഹൈക്കോടതി നിർഭാഗ്യകരമായ ഒരു വിധിയിലൂടെ വീണ്ടും അതിന് അനുമതി നൽകിയിരിക്കയാണ്.
തീർച്ചയായും ഒരു രാഷ്ട്രീയപാർട്ടിയും പ്രചരണത്തിന് ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കണമെന്ന് നിർബ്ബന്ധമുള്ളവരായിരുന്നില്ല.എളുപ്പവും ലഭ്യതയും മാത്രമേ അവർ നോക്കാറുള്ളൂ.ഇവിടേയും മുതലാളിമാരാണ് യഥാർത്ഥ വില്ലൻമാർ.അവരുടെ സാധനങ്ങൾ ചിലവാകാനുള്ള സൂത്രം അവർ പയറ്റിക്കൊണ്ടേയിരിക്കും.പക്ഷെ സ്ഥാനാർത്ഥികളും വോട്ടർമാരും എന്നും പരസ്പരം കാണേണ്ടുന്നവരാണ്.


കേരളത്തിൽ 977 ഗ്രാമപ്പഞ്ചായത്തുകളിൽ16,629 വാർഡുകളിലായി 53,617 പേരും,152 ബ്ലോക്ക് പഞ്ചായത്തുകളിൽ 2093 വാർഡുകളിലായി 6582 പേരും,14 ജില്ലാ പഞ്ചായത്തുകളിൽ332 ഡിവിഷനുകാളിലായി 1422 പേരും,59 നഗരസഭകളിൽ 2182 വാർഡുകളിലായി 7337 പേരും,5 കോർപ്പറേഷനുകളിൽ359 വാർഡുകളിലായി1957 പേരുമായി മൊത്തം70,915 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ട്.


ജില്ലാ പഞ്ചായത്തിലും,ഗ്രാമപ്പഞ്ചായത്തിലുമൊക്കെ എണ്ണം വ്യത്യസ്ഥമായിരിക്കുമെങ്കിലും വളരെ മിനിമത്തിൽ കണക്കുകൂട്ടിയാൽത്തന്നെ 10ലക്ഷത്തോളം ഫ്ലക്സ് ബോർഡുകൾ ഇവിടെ മാലിന്യമാക്കപ്പെടാൻ പോവുകയാണ്.ഈ കൊച്ചു കേരളത്തിൽ ഇത് താങ്ങാവുന്നതിനുമപ്പുറമാണ്.
ഈ മാലിന്യങ്ങൾ നമ്മൾ എങ്ങിനെ സംസ്കരിക്കും?കത്തിച്ചുകളഞ്ഞാൽ ഇതൊരിക്കലും നശിക്കില്ലെന്ന് മാത്രമല്ല അതിഭീകരനായതും,മാരകശേഷിയുള്ളതുമായ ഡയോക്സിൻ മുതലായ വാതകങ്ങൾ പുറത്തേയ്ക്ക് വമിക്കുകയും പി.വി.സി ചെറിയ ഉണ്ടകളായി മണ്ണിൽ അവശേഷിക്കുകയും ചെയ്യും.ഡയോക്സിൻ വായുവിനേക്കാൾ ഭാരക്കൂടുതലുള്ളതിനാൽ കുറേക്കാലം അതേസ്ഥലത്ത് തന്നെ തങ്ങി നിൽക്കുകയും ശ്വസിക്കുന്നവർക്ക് മാരകമായ രോഗങ്ങൾ ഉണ്ടാക്കുകയും ചെയ്യും.ചർമ്മ രോഗങ്ങൾ,ജനിതക വൈകല്യങ്ങൾ,ക്യാൻസർ,പ്രമേഹം,തുടങ്ങിയവ ഇതിൽ ചിലത് മാത്രം.


മ്മുടെ കുട്ടികൾ രോഗികളാകാതിരിക്കണമെങ്കിൽ,കുടിവെള്ളം മലിനമാകതിരിക്കണമെങ്കിൽ,മണ്ണ് നശിക്കാതിരിക്കണമെങ്കിൽ,വായു വിഷമയമാകാതിരിക്കാൻ ഈ വസ്തു ഒഴിവാക്കിയേ പറ്റൂ. ഇന്നിത് അനുവദിച്ചു കൊടുത്താൽ ഇനിവരുന്ന തിരഞ്ഞെടുപ്പുകളിലും ആവർത്തിക്കും.പണമുണ്ടാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രം മുന്നിലുള്ളവർ എപ്പോഴും ജയിച്ചുകൊണ്ടേയിരിക്കും.തിരഞ്ഞെടുപ്പിനെപ്പോലും ഇത് സ്വാധീനിക്കും.


ല്ലാ രാഷ്ട്രീയ പാർട്ടികളും പ്രഖ്യാപിക്കുന്നത് ആരോഗ്യം,കുടിവെള്ളം,ഭക്ഷണം,സംരക്ഷണം,സ്വൈരവിഹാരം മുതലായവ സുഗമമാക്കും എന്നാണ്.പക്ഷെ വിരോധാഭാസമെന്നു പറയട്ടെ പ്രചരണോപാധിയായ ഫ്ലക്സ് ബോർഡ് തന്നെ അവരുടെ പ്രഖ്യാപനങ്ങൾക്ക് വിരുദ്ധമാകുന്നു.


മുക്ക് എന്ത് ചെയ്യാൻ പറ്റും?തീർച്ചയായും ചെയ്യാൻ പറ്റും.ജനാധിപത്യ പ്രക്രിയയിൽ നമ്മുടെ ഉത്തരവാദിത്വം നമുക്ക് നിറവേറ്റാം.ഫ്ലക്സ് ബോർഡുകളിൽ പ്രചരണം നടത്തുന്നവർക്ക് വോട്ട് ഇല്ല എന്ന് നമുക്ക് ഉറക്കെ വിളിച്ച്പറയാം.പഞ്ചായത്ത് വാർഡുകളിൽ ഒന്നും രണ്ടും വോട്ടുകളാണ് വിജയികളെ നിശ്ചയിക്കുക.അതിനാൽ അതായിരിക്കും നമുക്ക് ഈ കാര്യത്തിൽ ചെയ്യാൻ പറ്റുന്ന ഏറ്റവും വലിയ ഇടപെടൽ.....