Monday, April 29, 2013

കക്കാട് പുഴ വീണ്ടുമൊഴുകണം




പുഴയുടെ വേരുകള്‍ തേടി ഒരു യാത്ര 

അറുപതുകളില്‍ ശുദ്ധജലവാഹിനിയായിരുന്ന കക്കാട്  പുഴ .. നല്ല ആഴവും വീതിയും ഇരു കരകളിലുമായി നൂറുമേനി വിളയുന്ന ഏക്കര്‍ കണക്കിനു കൈപ്പാട് നിലങ്ങളും പുഴയില്‍ വെള്ളമെത്തിക്കുന്ന നിരവധി തോടുകളും തോടുകള്‍ക്ക് ജലമേകിയിരുന്ന ആനക്കുളവും ചീരക്കുളവും മറ്റുമായി  പുഴയന്ന് ഒരു നാടിന്‍റെ ഐശ്വര്യദേവതയായിരുന്നു .. തീരങ്ങളിലെ തെങ്ങുകള്‍ തലപ്പിനു താങ്ങാനാകുന്നതിലുമധികം ഫലഭാരവുമായി കര്‍ഷകരെ അനുഗ്രഹിച്ചിരുന്നു .. ഈ തേങ്ങകള്‍ കയറുകൊണ്ട് കെട്ടി പുഴയിലൂടെയായിരുന്നു കൊണ്ടുപോയിരുന്നത് .. 


നികത്താനുണ്ട് നീര്‍ത്തടങ്ങള്‍ ,

നെല്ലും തേങ്ങയും മാത്രമല്ല വൈവിധ്യമാര്‍ന്ന പുഴമല്‍സ്യങ്ങളും ഞണ്ടും ചെമ്മീനും  കക്കയുമൊക്കെ കക്കാട്ടുവാസികളെയന്ന് ആരോഗ്യവാന്മാരും  സമ്പന്നരുമാക്കിയിരുന്നു .. അന്നവര്‍ ബോട്ടിലൂടെയായിരുന്നു പുഴയില്‍ സഞ്ചരിച്ചിരുന്നത്.. കൂടാതെ കൃഷിയ്ക്കും കുടിക്കാനും മറ്റെല്ലാ ആവശ്യങ്ങള്‍ക്കും  കക്കാട്ടുകാര്‍ക്ക് ഏതുവേനലിലും ഇഷ്ടംപോലെ ശുദ്ധജലവും കിട്ടിയിരുന്നു .. നല്ല ഒഴുക്കുണ്ടായിരുന്നതിനാല്‍ പുഴയില്‍ ഒരിയ്ക്കലും ഉപ്പുവെള്ളം കയറിയിരുന്നില്ല .. 



കുടിവെള്ളത്തോട് ധനാര്‍ത്ഥി ഏറ്റുമുട്ടുമ്പോള്‍ 

ഇതൊന്നും ഞാന്‍ പറയുന്നതല്ല .. അന്ന് കക്കാടിന്‍റെ തീരങ്ങളില്‍ ജീവിച്ചിരുന്നവരോട്  ചോദിച്ചപ്പോള്‍ പോയ്പ്പോയൊരാ സുവര്‍ണ്ണ ദിനങ്ങളെപ്പറ്റി അവര്‍ പറഞ്ഞു തന്നതാണ്...അവരില്‍ ചിലരെ ഞങ്ങള്‍ക്കിയിടെ കാണാന്‍ സാധിച്ചു ..  കണ്ണൂര്‍ ജില്ലാ  പരിസ്ഥിതിസമിതി കക്കാട്    പുഴയുടെ വേരുകള്‍ തേടിയുള്ള യാത്ര നടത്തിയപ്പോഴാണ്ഇതൊക്കെയറിഞ്ഞത്. കുറേ കാര്യങ്ങള്‍ പോയ വര്‍ഷങ്ങളില്‍ ചെയ്ത സമരങ്ങളുടെ ഭാഗമായി ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു ... 

പുഴ കൈയ്യേറിയ മരമില്ലുകാരന്‍റെ വെളിപ്പെടുത്തലുകള്‍ 

 ഞെട്ടിക്കുന്ന കാര്യങ്ങളാണ് ഒന്നാംദിവസത്തെ യാത്രയില്‍ സംഘാംഗങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞത്.ഒരു പുഴയേയും നീര്‍ത്തടത്തേയും എങ്ങനേയും കൊല്ലാം ഇവിടെ കേരളത്തില്‍ ...മണ്ണിടാം ,കയ്യേറി സ്കൂളുകളും മൈദ ഫാക്ടറിയും വീടുകളും ടാക്സിസ്റ്റാന്‍റുമൊക്കെ പണിയാം .എം‌പി ഫണ്ടുപയോഗിച്ച് സ്റ്റേഡിയം പണിയാന്‍ ബഹു. വയലാര്‍ രവി എം‌പി തറക്കല്ലിട്ടിരിക്കുന്നതും പുഴയുടെ സ്വന്തം തീരത്തില്‍ .ഇതിന്റെ ഒരുഭാഗം പുഴ തന്നെയാണ്.. ഇതിനിടയിലും മണ്ണിടല്‍   നിര്‍ബാധം നടക്കുന്നുണ്ടായിരുന്നു ..ഞങ്ങള്‍ ഇടപെട്ട് ഒരിടത്തെ കയ്യേറ്റം താത്കാലികമായി നിര്‍ത്തിച്ചു . 



നാടിന്റെ സമൃദ്ധിയെപ്പറ്റി ഒരമ്മ 

പുഴയുടെ ഒരു കൈവഴിയായ തോടിന്‍റെ ഉറവിടം തേടിയും നാട്ടുകാരില്‍നിന്നും  പുഴയുടെ ചരിത്രം തേടിയും സന്ധ്യവരെ  ഞങ്ങള്‍ നടന്നു .പുഴയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തികൊണ്ടുള്ള മൈദ ഫാക്ടറി ,നീര്‍ത്തടം നികത്തിയും നീര്‍ത്തടത്തില്‍ മതില്‍ കെട്ടിയും നിര്‍മ്മിച്ച വിദ്യാമന്ദിര്‍ സ്കൂള്‍ ,പുഴയില്‍ തന്നെയുള്ള വൈദ്യുത തൂണുകള്‍ ,പുഴയോര ചതുപ്പുകള്‍ വന്‍ തോതില്‍ നികത്താനിടയാക്കിയ പഴശ്ശി പദ്ധതിയുടെ ഇറിഗേഷന്‍ കനാല്‍ ,കഞ്ചാവു മദ്യ മാഫിയകള്‍ കൈയ്യേറിയ തീരങ്ങള്‍ ,അഴുക്ക് നുരഞ്ഞു ഒഴുക്കുനിലച്ച പുഴ , ഒരുതുള്ളി  വെള്ളം പോലും ഒഴുകാത്ത ഇറിഗേഷന്‍ കനാല്‍.....   ചങ്ക് പറിയുന്ന കാഴ്ചകള്‍ മാത്രം .. 



ഇവിടം വയലും പുഴയുമൊക്കെയായിരുന്നു 

ഒരു തുള്ളി വെള്ളം പോലും ഇതേവരെ ഒഴുകാതെ ശതകോടികള്‍ പൊടിച്ച് കഴിഞ്ഞ പഴശ്ശികനാല്‍ വയലിന് കുറുകെ ഒരുകൊച്ചുകുന്നോളം ഉയരത്തില്‍  ഇരുപതു  മീറ്ററിലേറെ വീതിയില്‍ വയല്‍ ,പുഴ എന്നിവയെ നശിപ്പിച്ചുകോണ്ട് ,ഒപ്പം ഇതിനായി മണ്ണെടുത്ത കുന്നുകളെയും നശിപ്പിച്ചുകൊണ്ട് ഒരു നോക്കുകുത്തിയേപ്പോലെ പല്ലിളിച്ചു കൊണ്ട് നെടുനീളത്തില്‍ കിടന്നു 
.

ഇറിഗേഷന്‍ സബ്കനാല്‍ .ഇന്നേവരെ വെള്ളം ഒഴുകിയിട്ടില്ല ,കോടികള്‍ തിന്നുതീര്‍ത്തു 

അതിനടിയിലൂടെ ഒരു തുരങ്കം വെട്ടിയാണ്തോടിനെ വിട്ടിരിയ്ക്കുന്നത് .ആദ്യം നിര്‍മ്മിച്ച തുരങ്കം ഇടിഞ്ഞതിനാല്‍ രണ്ടാമതൊന്നുകൂടി ഉണ്ടാക്കിയിരിക്കുന്നു ... അപ്പുറം ഇടച്ചേരി വയലില്‍ നിറയെ കെട്ടിടങ്ങളാണ്..അല്‍പ്പം  കൂടി കിഴക്കോ  ട്ടൂപോയി ആനക്കുളത്തില്‍നിന്നാണ്തോടിന്‍റെ ഉല്‍ഭവം.. 



ആനക്കുളത്തില്‍ നിന്നും വരുന്ന തോട് .അത് കൈയ്യേറിയുള്ള വിദ്യാമന്ദിറിന്‍റെമതിലും കാണാം 

കാട്ടാമ്പള്ളി പദ്ധതി എന്ന നാട് മുടിച്ച തലതിരിഞ്ഞ  വികസന പദ്ധതി നാല്‍പ്പത്തിരണ്ട് വര്‍ഷത്തോളം ഷട്ടറുകള്‍ അടച്ചിട്ട്  ഒരു പുഴയെ പൂര്‍ണ്ണമായും തടുത്തുനിര്‍ത്തിക്കൊണ്ട് വേലിയേറ്റ വേലിയിറക്കങ്ങള്‍ തടഞ്ഞപ്പോള്‍,നശിച്ചത് കക്കാടുപുഴയും അതിന്‍റെ തീരങ്ങളിലെ വിശാലമായ കൈപ്പാടുനിലങ്ങളും കൂടിയായിരുന്നു .ഉപ്പുവെള്ളം കയറാതെ പാറപോലെ ഉറച്ചുപോയ സ്ഥലങ്ങള്‍ കൃഷിക്കാര്‍ തരിശിട്ടപ്പോള്‍ തക്കം പാര്‍ത്തവരൊക്കെ കയ്യേറ്റം തുടങ്ങി .. വീടുകള്‍ മരമില്ലുകള്‍,ഫാക്ടറികള്‍ ,ടാക്സിസ്റ്റാണ്ട്, മല്‍സ്യമാര്‍ക്കറ്റ് വിദ്യാലയങ്ങള്‍    റോഡുകള്‍ ,ഗ്രൌണ്ട് എന്നുവേണ്ട  ഈ തക്കത്തിന്  ഒരു സ്റ്റേഡിയത്തിന്നുവരെ ഇവിടെ തറക്കല്ലിട്ടു .ഒപ്പം പുഴയിലേയ്ക്ക് വെള്ളമെത്തിക്കുന്ന ചീരക്കുളം ആനക്കുളം തുടങ്ങിയവയും അവയിനിന്നും വരുന്ന തോടുകളും കൂടി കയേറ്റത്താലും മാലിന്യനിക്ഷേപത്താലും നാശത്തിന്‍റെ വാക്കിലെത്തി നില്‍ക്കുകയാണ്.. 

ഒരിക്കല്‍ മനോഹരമായിരുന്ന ഈ തീരങ്ങള്‍ ഇന്ന്‍ മാലിന്യക്കൂമ്പാരങ്ങള്‍ 

ഞെട്ടിക്കുന്ന കാര്യങ്ങള്‍ കണ്ടു മനസ്സുലഞ്ഞു സമീപത്തെ ഒരുവീട്ടില്‍ കയറി അല്പം ദാഹവും ശമിപ്പിച്ച് ,അവരോടുമല്‍പ്പം ചരിത്രം തിരക്കിയശേഷം ഈ ദിനത്തിന്‍റെ യാത്ര അവസാനിപ്പിച്ചു ..വരും ദിനങ്ങളില്‍ കൂടുതല്‍ ഞെട്ടിപ്പിയ്ക്കുന്ന കാര്യങ്ങളാണ് ഞങ്ങള്‍ക്ക്   കാണാനുള്ളത് എന്നതിന്‍റെ വേദനയോടെ .. 
ഇറിഗേഷന് വേണ്ടി നിര്‍മ്മിച്ച കുന്നിനടിയിലൂടെ ഒഴുകനാകാത്ത തോട് 

കക്കാട് പുഴ സംരക്ഷിയ്ക്കാനുള്ളയീ അന്തിമസമരം വിജയത്തിലേയ്ക്ക് തന്നെയാണ്  നീങ്ങുന്നത്. വിഷുദിനത്തിലെ പട്ടിണിസമരത്തോടെ ശക്തമായ സമരം ഇന്ത്യയിലെ ജലമനുഷ്യനായ ശ്രീ .രാജേന്ദ്രസിംഹിന്‍റെ കക്കാട് സന്ദര്‍ശനത്തോടെ എങ്ങും ചര്‍ച്ചാവിഷയമായി .മാധ്യമങ്ങള്‍ ഈ വിഷയം ശക്തമാക്കാന്‍ നല്ല പ്രചാരണം നല്കുന്നുണ്ട് .. ഒടുവില്‍ ജില്ലാകളക്ടര്‍ കക്കാടുപുഴ സന്ദര്‍ശിച്ചിരിയ്ക്കുന്നു .അദ്ദേഹം നല്ല മനുഷ്യനാണ്,ഏറ്റവും നല്ല കളക്ടര്‍ക്കുള്ള അവാര്ഡ് നേടിയ ശ്രീ രത്തന്‍ ഖേല്‍ക്കര്‍ .. എങ്കിലും നാല്‍പ്പത്തിമൂന്നോളം വര്‍ഷത്തെ കയ്യേറ്റങ്ങള്‍ ഉള്ളതിനാലും പല വമ്പന്‍മാരും കൈയ്യേറ്റത്തിലുള്ളതിനാലും അത്ര എളുപ്പമാകില്ല കളക്ടര്‍ക്കും പുഴയെ അളന്നു തിട്ടപ്പെടുത്തി ,അതിനെ ആഴം കൂട്ടി ,തീരങ്ങള്‍സ്വതന്ത്രമാക്കി ,  ചെളിയും മാലിന്യങ്ങളും  നീക്കി ,  തോടുകളെ വീണ്ടെടുത്ത് വീണ്ടും  ഒഴുകാനനുവദിയ്ക്കാന്‍ ..എങ്കിലും ...  എന്തുവന്നാലും ഈപുഴയേയും തോടിനേയും ഇവിടെ ഇവയ്ക്ക് ജലമേകുന്ന കുളങ്ങളേയുമൊക്കെ തിരിച്ചുപിടിക്കും എന്ന മനസ്സുറപ്പോടെയാണ് ഞങ്ങള്‍ മടങ്ങിയത് ... 


മൂകസാക്ഷി