Tuesday, October 6, 2015

നനവിലെ നവാതിഥി



പാറുപെറ്റു..ആണ്‍കുട്ടിയാണ്.. നല്ല മഴയുള്ള ഒരു പ്രഭാതത്തില്‍ 4.10 15 നു ആണവള്‍   പെറ്റത്..അമ്മയും മോനും സുഖമായിരിക്കുന്നു .. തലേന്നുതന്നെ അവള്‍ അല്‍പ്പം ക്ഷീണമൊക്കെ കാണിച്ചിരുന്നു ..രാത്രി തന്നെ പ്രസവം ഉണ്ടാകും എന്നു ഞങ്ങള്‍ കരുതി ..ആലയുടെ വാതിലൊക്കെ നന്നായി മറച്ചുകെട്ടിക്കൊടുത്തു..ഒരു ചെറിയ LED ബള്‍ബും ഇട്ടുകൊടുത്തു .. രാത്രി അലാറം വച്ച് 2 മണിക്കും 5 മണിക്കും ചെന്നു നോക്കി .. ഇനി പകലേ ഉണ്ടാകൂ എന്നു വിചാരിച്ച് ചെന്നു കിടന്നു .. ഉറങ്ങിപ്പോയ ഞങ്ങള്‍ 7 30 യായി  എണീക്കാന്‍..വേഗം ആലയിലെക്കോടി..ചെന്നപ്പോഴുണ്ട് കുഞ്ഞ് തത്തിതത്തി നടന്ന്പാല് കുടിക്കാന്‍ പോകുന്നു .. 6 മണിക്കോ 6.30 ക്കോ പ്രസവം നടന്നിരിക്കും .... 

പ്രസവം പ്രകൃതിയില്‍ ഏറ്റവും സ്വാഭാവികമായ കാര്യമാണെന്നും ,അതിനു ആരുടേയും സഹായം വേണ്ടെന്നും കാണിക്കാനായിരിക്കും പ്രകൃതി ഞങ്ങളെ ഉറക്കിക്കിടത്തിയത്..അല്ലെങ്കില്‍ പാറുവിന്‍റെ വെപ്രാളങ്ങള്‍ കണ്ടു ,ഞങ്ങള്‍ വിഷമിയ്ക്കണ്ട എന്നു കരുതിയിരിക്കും .. 

 മറുപിള്ള വീഴുന്നതും കാത്ത് ഞങ്ങളിരിരുന്നു ..10 മണിയായി  അത് വീഴാന്‍ .. ഞങ്ങളുടെ ചില സുഹൃത്തുക്കളോട് പ്രസവാനുഭവങ്ങള്‍ ചോദിച്ചിരുന്നു ..കൂടാതെ ഞങ്ങള്‍ രണ്ടുപേരുടെ  വീടുകളിലും  മുമ്പ് സ്ഥിരമായി പശുവിനെ പോറ്റീരുന്നു... മറുപിള്ള വേഗം വീഴാന്‍ അല്‍പം പ്ലാവില വെട്ടിക്കൊടുത്തു .. പിന്നെ പച്ചവെള്ളം കുടിക്കാനും കൊടുത്തു ..പച്ചവെള്ളവും പച്ചപ്പുല്ലും മാത്രം തിന്നു വളര്‍ന്ന, മഴയും വെയിലുമേറ്റ് അല്‍പ്പം മേഞ്ഞുനടന്നിരുന്ന തനി നാടന്‍ പശുവാണ്.. 

ഒന്നു കിടന്ന്‍ ,എണീറ്റ്,കുറച്ചു കഴിഞ്ഞു വീണ്ടും കിടന്നപ്പോള്‍ അത് വീണു. മറുപിള്ള വീണാല്‍ അത് തിന്നാന്‍ പശു ആര്‍ത്തി  കാണിക്കാറുണ്ടത്രേ..എന്നാല്‍ പാറുവിന് അതില്‍ താത്പര്യം കണ്ടില്ല ..അത് വീണയുടന്‍ അവള്‍ എഴുന്നേറ്റുമാറി .. നിലത്തു വിരിച്ചിരുന്ന ചണച്ചാക്കിലാണത് വീണത് ..എടുത്തു കൊണ്ടുപോയി ബയോഗ്യാസിലിട്ടു.  അവള്‍ക്ക് കുറച്ച് നല്ല പച്ചപ്പുല്ല് കൊടുത്തു .. 

രണ്ടു ദിവസം അവള്‍ കുറച്ചു വിശ്രമത്തില്‍ ആയിരുന്നു ..അധികനേരവും കിടത്തം ..ശരീരത്തില്‍നിന്നും കുറെ ഭാഗങ്ങള്‍ കൂടി മെല്ലെ പുറത്തുകളയാനുള്ളവ കളഞ്ഞു കൊണ്ടിരുന്നു..തീറ്റക്കൊതിച്ചിയായിരുന്നവള്‍ കുറച്ചേ തിന്നുള്ളൂ ..മകനോടു വലിയ കരുതല്‍ ഉണ്ട് ..ആദ്യദിവസം അവള്‍ ഞങ്ങളെക്കൂടി  വിശ്വസിച്ചില്ല ..ആക്രമിയ്ക്കാന്‍ വന്നു .. ഞങ്ങള്‍ കുറച്ചധികം സമയം  അവള്‍ക്കരികില്‍ ചെലവഴിച്ചു..അവളുടെ മോന് ഞങ്ങള്‍ കാരണം ആപത്തില്ലെന്ന് മനസ്സിലാക്കിക്കൊടുത്തു ..രണ്ടാം ദിവസം അവളുടെ പേടി മാറി .. 


മോന് വലുപ്പം അല്‍പ്പം കുറവാണ്.. കണ്ണന്‍ എന്നാണവന് പേരിട്ടിരിക്കുന്നത് .
ഞങ്ങള്‍ക്ക് പാറുവിനെ കിട്ടുമ്പോള്‍   ചെന പിടിച്ചിട്ട് രണ്ടുമാസം ആയിരുന്നു ..അവര്‍ വെച്ചുരിന്‍റെ ബീജം അത്രേ കുത്തിവച്ചത് .. കുട്ടന് വെച്ചൂരിന്റെ പ്രകൃതമാണ് അധികം എന്നു തോന്നുന്നു .. മങ്ങിയ വെള്ള നിറമാര്‍ന്ന തവിട്ടുനിറം ..ചെറിയ പൂഞ്ഞയും ചെവിയില്‍ നീളന്‍ രോമങ്ങളും ഉണ്ട് ... അമ്മയുടെ വയറ്റിലെ സുഖശീതളകാലാവസ്ഥയില്‍ നിന്നും പുറത്തു വന്ന അവന് തണുപ്പുള്ള പ്രഭാതത്തില്‍ ചെറിയ വിറയല്‍ ഉണ്ടായി .. പക്ഷേ ,എത്ര പെട്ടെന്നാണ് അവന്‍ കാര്യങ്ങള്‍ പഠിച്ചത്..!! എണീറ്റുവന്നു, ആലയുടെ ഏറ്റവും പ്രകാശം കിട്ടുന്ന സ്ഥലത്തു ,വെയില്‍ കായാന്‍ കിടന്നു ..അമ്മയാണെങ്കില്‍ അവളുടെ അവശതയിലും ,അടുത്ത് വന്നു കിടന്ന്‍ അവന്‍റെ മേല്‍ തല വച്ച്  ചൂട് പകര്‍ന്നു .. മനുഷ്യനു മാത്രമാണു ഒന്നും അറിയാത്തത് .. പ്രസവിയ്ക്കാനോ കുഞ്ഞിനെ ശരിയായി  പരിചരിക്കാനോ ഒക്കെയുള്ള അറിവുകള്‍ നഷ്ടമാക്കിയ ജീവി മനുഷ്യനല്ലാതെ വേറേതുണ്ട് ?.. 

Friday, September 4, 2015

ജൈവസംസ്കൃതി ഓണമേള

ഓണത്തിന് ജൈവസംസ്കൃതി ശുദ്ധമായ നാടന്‍   പച്ചക്കറികളും ജൈവഅരിയും  മറ്റുമായി  ആഗസ്ത് 25- 26 തിയ്യതികളില്‍ കണ്ണൂരില്‍ മേള നടത്തിയിരുന്നു ..ജൈവം എന്ന ലേബലില്‍ ഹോര്‍മോണ്‍ -ജീവാണുവാളങ്ങള്‍, ജൈവ കീടനാശിനികള്‍ എന്ന പേരില്‍ കുറെ സാധനങ്ങള്‍ , രാസവളം ഉപയോഗിച്ചുള്ള രാസകീടനാശിനി ഒഴിവാക്കിക്കൊണ്ടുള്ള so called ജൈവകൃഷിയുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയാണ് മിക്കവരും വിപണിയില്‍  എത്തിക്കുന്നത് .. ഇന്ന്‍ ഏറ്റവും മാര്‍ക്കറ്റ് വാല്യു ഉള്ളത് ജൈവത്തിനായതിനാല്‍ സകലരും ഇറങ്ങുന്നുണ്ട് ..അതിലെ കളവും തിരിവും പലര്‍ക്കും അറിയില്ല .. അപ്പോഴും   പ്രകൃതിയുടേതായ തനതു കൃഷി രീതിയിലൂടെ ഉല്പ്പാദിപ്പിക്കുന്നവ മാത്രം നല്‍കിക്കൊണ്ട് ജൈവസംസ്കൃതി പ്രയാണം തുടരുകയാണ്.. എല്ലായിനം സാധനങ്ങളും നല്‍കാനോ ,വേണ്ട അളവില്‍ നല്‍കാനോ ഞങ്ങള്‍ മെനക്കെടാറില്ല..ജനങ്ങളെ ഉല്പ്പാദനത്തിലേയ്ക്ക് നയിക്കുക ,അതിന്റെ മുന്നോടിയായി കൃഷിക്കാര്‍ ഉണ്ടാക്കുന്നവ പങ്കുവയ്ക്കുക ,അതാണ് ഞങ്ങള്‍ ചെയ്യുന്നത് ,..

ലാഭം ഉണ്ടാക്കുന്ന ഏര്‍പ്പാടല്ല ജൈവ സംസ്കൃതിയുടേത് .. കര്‍ഷകരാണ് വില നിശ്ചയിക്കുന്നത് .. അവരുടെ കൃഷിചെലവും ട്രാസ്പോര്‍ട്ട് ചെലവും അതിനൊപ്പം അല്പ്പം ലാഭവും ഈടാക്കാം.. അമിതവില എടുക്കാന്‍ പറ്റില്ല... ഹാള്‍വാടക പന്തല്‍ച്ചെലവ് തുടങ്ങിയ ചെലവുകള്‍ക്ക് ചെറിയ ഒരു പങ്കുവയ്ക്കല്‍ കര്‍ഷകര്‍ നടത്തണം .. ജൈവ സംസ്കൃതിയുടെ ട്രസ്റ്റിമാരും  അഭ്യുദയ കാംക്ഷികളും മുഴുവന്‍ സമയമോ ഭാഗികമായോ സൌജന്യമായി സേവനം നടത്തുന്നു ....

ഓണത്തിന് കാസര്‍ഗോട്ടെ പാലേക്കര്‍ മോഡല്‍ കര്‍ഷകരില്‍നിന്നും വലിയ ചെലവും വഹിച്ചാണ് പച്ചക്കറികള്‍ എത്തിച്ചത് . (അവരുടെ പല പച്ചക്കറികള്‍ക്കും മാര്‍ക്കറ്റ് വിലയേക്കാള്‍ അധികമായിരുന്നു വില , 3000 ത്തിലേറെ രൂപ ട്രാന്‍സ്പോട്ടിനായി .. ) ഹാള്‍ ബുക്കിംഗിനും പ്രയാസമായിരുന്നു .. സര്‍വ്വത്ര മേളകള്‍ അരങ്ങുകൊഴുപ്പിച്ച കണ്ണൂര്‍ .വഴിയോരങ്ങള്‍ മുഴുവനായും കച്ചവടക്കാര്‍ കയ്യടക്കിയുമിരുന്നു ..ഒടുവില്‍ ഗവ . HSS ലെ റോഡില്‍നിന്നും ഉളിലോട്ടു മാറിയുള്ള ഒരു ഹാളാണ് കിട്ടിയത്.. എന്നിട്ടും നല്ല  തിരക്കായിരുന്നു .. ആള്‍ക്കാര്‍ ഏറെ നേരം ക്യു നിന്നുവരെ സാധനങ്ങള്‍ വാങ്ങി .. ഒരു ലോഡ് സാധനങ്ങള്‍ ഇറക്കിയത് ഉച്ചയോടെ തന്നെ ഏകദേശം കാലിയായി.. ഞങ്ങള്‍ക്ക് വിയര്‍ത്ത് പണിയെടുക്കേണ്ടിവന്നു ,ഭക്ഷണം കഴിച്ചതു പോലും വൈകുന്നേരമായിരുന്നു .എന്നാലും , നല്ല ഭക്ഷണം എന്തെന്ന് ജനങ്ങള്‍ക്ക് കാണിച്ചുകൊടുക്കാനായിരുന്നല്ലോ.. ദക്ഷിണേന്ത്യന്‍ കാര്ഷിക മേളയും കുടുംബ സ്ത്രീകളുടെ മേളയും മാട് പല മേളകളും തരാതരം പച്ചക്കറികളുമായി കാത്തിരുന്നിട്ടും അവയെക്കാളൊക്കെ ആള്‍ക്കാര്‍ക്ക് ജൈവ സംസ്കൃതിയിലാണ് വിശ്വാസം എന്നവര്‍ തെളിയിച്ചു..  

Sunday, July 19, 2015

മുക്കുഴി മലയിലെ പ്രകൃതിപാഠങ്ങള്‍

  

  ര്‍ഷത്തില്‍ എട്ടുമാസവും മഴ പെയ്യുന്ന , വര്‍ഷം   മുഴുവന്‍ മൂടല്‍മഞ്ഞു  തൊട്ടുരുമ്മുന്ന മുക്കുഴിമല .....  മൂന്ന്‍ ആനക്കുഴികള്‍ ഉള്ള മലയാണ്.. കണ്ണൂരില്‍നിന്നും ആലക്കോടെത്തി പിന്നെ .ഉദയഗിരിവഴി അരിവിളഞ്ഞ പൊയിലിലൂടെ ജോസ്ഗിരിയിലെത്തി അവിടന്നും,   അല്പ്പം പൊട്ടിപ്പൊളിഞ്ഞതും മഴക്കാലത്ത് ഇരുവശത്തും  നിറയെ വെള്ളച്ചാട്ടങ്ങളും കുത്തിയൊഴുകുന്ന അരുവികളുമൊക്കെ കാണാന്‍ കഴിയുന്നതുമായ റോഡിലൂടെ രണ്ടുകിലോമീറ്ററോളം പോകണം ,ഞങ്ങള്‍ അനില്‍ ആലക്കോട് എന്നു വിളിക്കുന്ന ,ജൈവസംസ്കൃതി കൂട്ടായ്മയിലെ അനിലിന്‍റെ കൃഷിയിടത്തില്‍ എത്താന്‍ ...എഴുപതോളം   ഇനം പഴവര്‍ഗ്ഗങ്ങളും  മറ്റുപച്ചക്കറികളും തികച്ചും പ്രകൃതികൃഷി രീതിയിലാണ്  അനില്‍ ഇവിടെ തനിച്ചു താമസിച്ച് കൃഷി ചെയ്യുന്നത് .. ഭാര്യയും മക്കളും ആലക്കോടുള്ള വീട്ടിലാണ് താമസം .. ഇവിടെ ഇടയ്ക്കു സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു .. സാഹസിക വിനോദസഞ്ചാരികള്‍ക്ക് (Rafting) ഇവിടെ ഹോം സ്റ്റേയും ഒരുക്കാറുണ്ട് ..ജൈവകൃഷിചെയ്യാനോ പഠിയ്ക്കാനോ താത്പര്യമുള്ളവര്‍ക്ക് അവിടെ ചെല്ലാം . പത്തേക്കറോളം സ്ഥലമുണ്ട് . അതില്‍ പകുതിയോളമേ ഇപ്പോള്‍ കൃഷിയുള്ളൂ .









നന്നായി മഴ പെയ്യുന്ന .കര്‍ക്കിടകത്തിലെ കറുകറുത്ത ദിനത്തിലാണ് ഞങ്ങള്‍ ആദ്യമായി മുക്കുഴിയില്‍ എത്തിയത് .. അനിലിന്‍റെ കൃഷിയിടം കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമാണ്.. നനവില്‍ നടന്ന ,ഗൌരവമാര്‍ന്ന കാര്‍ഷിക നേര്‍ജീവിത ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഒരു രണ്ടുദിന ക്യാമ്പ് അവിടെ വയ്ക്കണമെന്ന് കുറെക്കാലമായി  പറയാന്‍ തുടങ്ങിയതാണെങ്കിലും ഇപ്പോഴാണ് അവസരമായത് .. ഈ മഴയത്ത് അവിടേയ്ക്ക് യാത്ര അനുചിതമെന്നൊന്നും   മണ്ണിനെ സ്നേഹിയ്ക്കുന്ന കൂട്ടായ്മയിലെ കൂട്ടുകാരാരും ചിന്തിച്ചില്ല .. സംക്രമത്തിന്നാരംഭിച്ച്    ഒന്നിനവസാനിച്ച  ക്യാമ്പ് തികച്ചും ലളിതമായതായിരുന്നു ..ഇവിടത്തെ പ്രാരാബ്ദങ്ങള്‍ കാരണം  ഞങ്ങള്‍ക്ക് ശനിയാഴ്ചയെ പോകാനായുള്ളൂ.. 

 ഏഴുമണിയ്ക്ക് ധര്‍മ്മശാലയിൽ , എത്തിയാല്‍  തന്‍റെ ജീപ്പില്‍ ഒന്നിച്ചു പോകാമെന്ന് വിനോദ് പറഞ്ഞതിനാല്‍ അങ്ങനെയാവാമെന്നുവച്ചു  അതിരാവിലെത്തന്നെ പുറപ്പെട്ടു..ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രണ്ടു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ ബസ്സ് കിട്ടിയില്ല .. ഞങ്ങളുടെ കണ്‍മുന്നിലൂടെ 5.40 ന്റ്റെ സ്റ്റേറ്റ് ചീറിപ്പാഞ്ഞുപോയി ..അല്പം ചാറ്റല്‍ മഴയും തുടങ്ങി .. അവിടെ നിന്നാല്‍   വൈകുമെന്നതിനാല്‍ നേരെ ചക്കരക്കല്ലിലേയ്ക്ക് നടന്നു .. അവിടെനിന്നും ഒരു ബസ്സ് പോകാനുണ്ട് .. വസ്ത്രങ്ങള്‍ അല്‍പ്പം നനഞ്ഞതിന്റെയും മറ്റും മുഷിവോടെ അവിടെ നിന്നപ്പോഴുണ്ട്  ഒരു ബാഗ്ലൂര്‍ ബസ്സ് തൊട്ടുമുന്നില്‍ വന്നുനില്‍ക്കുന്നു .... അധികവും പെരുന്നാള്‍ ആഘോഷിയ്ക്കാന്‍ നാട്ടിലെത്തുന്ന യാത്രക്കാരുള്ള ബസ്സാണ്.. ഞങ്ങളെ കണ്ടപ്പോള്‍ കിളി , കണ്ണൂരെക്കാണെങ്കില്‍ കേറിയ്ക്കോ എന്നായി ..നടന്നതിന്റെ ക്ഷീണവും നനഞ്ഞതിന്റെ വിഷമവും ഒക്കെ മാറി അതില്‍ കയറിയപ്പോള്‍ ..  ദൈവം പറഞ്ഞയച്ചപ്പോലെ എത്തിയ ആ ബസ്സ് കൃത്യസമയത്തുതന്നെ ഞങ്ങളെ കണ്ണൂരെത്തിച്ചു ....അവര്‍ പണം വാങ്ങിയതുമില്ല .. 



റമ്പൂട്ടാന്‍
പുതിയതെരുനിന്നും വസന്തേച്ചിയെയുംകൂടി കൂട്ടി  ധര്‍മ്മശാലയിലെത്തിയപ്പോൾ  എഴുമണിയായതേ ഉണ്ടായിരുന്നുള്ളൂ ..അല്‍പ്പനേരം വിനോദിനെയും കാത്തുനിന്നു ..  ചെറിയ മോനെയും ഭാര്യയെയുമൊക്കെ കുട്ടിയാണ് വിനോദ് വന്നത് .. പിന്നെ ബോലേറോയില്‍ ഒരു യാത്ര ... അരി വിളഞ്ഞ പോയിലിന് ശേഷം മോശമായ റോഡായിരുന്നു ..അതുവരെയും ഒന്നാംതരം റോഡ് ..  ഒമ്പതു മണിക്ക് മുമ്പേ   മുക്കുഴിമലയില്‍ എത്തി .. ഞങ്ങള്‍ എത്തിയപ്പോള്‍ തലേ ദിവസം വന്നവരൊക്കെ ചാറ്റല്‍മഴയത്തു   നടക്കാന്‍ പോയിരിക്കയായിരുന്നു .. കുറച്ചു പേര്‍ കൂടി ശനിയാഴ്ച വന്നു.. ആകെ കുട്ടികളും മുതിര്‍ന്നവരുമടക്കം ഇരുപതിലേറെപ്പേര്‍.. അവിടെ അനിലിന്റെ ഇന്‍റര്‍ലോക്കിംഗ് ഇഷ്ടികകള്‍ കൊണ്ടുപണിത ലളിതമായ വീട് ..തറ  സിമന്‍റിട്ടതാണ് എന്നതാണ് തണുപ്പ് അധികമുള്ള ആ സ്ഥലത്തു ആ വീടിന്‍റെ പോരായ്മ .. നനവിലെ തറയോടിന്‍റെ ഊഷ്മളത പരിചയിച്ചശേഷം ,മഴക്കാലത്ത് തീരെ പറ്റാത്ത സാധനമാണ് സിമന്‍റിട്ട  നിലം .. ടൈല്‍സ് മാര്‍ബിള്‍ എന്നിവയും ഇങ്ങനെ തന്നെ ... കാലിലൂടെ ശരീരത്തിലെ ചൂടത്രയും  സിമന്‍റ് വലിച്ചെടുക്കുന്നതിനാല്‍ തറയില്‍ കാലുകുത്താന്‍  ഏറെ വിഷമിച്ചു . സാമ്പത്തികപ്രതിസന്ധികൊണ്ടത്രേ സിമന്‍റാക്കേണ്ടിവന്നത്..  മേല്‍ക്കൂര ഓടുതന്നെ.. 






നടക്കാന്‍ പോയവര്‍ വന്ന ശേഷം പ്രാതലിനൊരുക്കങ്ങള്‍... അല്‍പ്പം കപ്പ പുഴുങ്ങിയതും പിന്നെ ചക്കക്കുരു കൊണ്ട് ഉപ്പുമാവും  എരിവ് കൂടിയ കൃസ്ത്യന്‍ സ്റ്റൈലില്‍ കാന്താരിചമ്മന്തിയും.. കുരു തൊലികളഞ്ഞു വേവിച്ച് ,മിക്സിയില്‍ പൊടിച്ചാണ് ഉപ്പുമാവ് ഉണ്ടാക്കിയത് ..അല്‍പ്പം മധുരമുള്ള ഉപ്പുമാവ് .. കുറച്ചു വെളിച്ചെണ്ണയും ഉപ്പും  മാത്രമാണ് കടയില്‍നിന്നും വാങ്ങിയ സാധനം . ചമ്മന്തിയുടെ എരിവ് അസഹ്യമായിരുന്നെങ്കിലും കപ്പയും ഉപ്പുമാവും ഉഗ്രന്‍ സ്വാദായിരുന്നു ..കുഞ്ഞുങ്ങള്‍ക്ക് നിലത്തിരുന്ന് ഇലക്കീറില്‍  നാടന്‍ ഭക്ഷണം കഴിയ്ക്കാന്‍ ഒരു പരിശീലനവും .. ചൂട് വെള്ളം മാത്രമാണ് കുടിക്കാന്‍ ഒരുക്കിയത് .. 


ഭക്ഷണ ശേഷം ചര്‍ച്ചതുടങ്ങി ..കുഞ്ഞുങ്ങള്‍ അവരുടേതായ കളികളിലും ഏര്‍പ്പെട്ടു .. നന്മ  എന്ന മിടുക്കിക്കുട്ടി  മറ്റുള്ളവര്‍ക്ക് പലതരം കടലാസ് തൊപ്പികളും തോക്കും മറ്റും ഉണ്ടാക്കിക്കൊടുത്തു.. ചര്‍ച്ചകള്‍ക്ക് അധികം സമയം കിട്ടിയില്ല .കൂര്‍ക്ക നടാന്‍   അനിലിനെ സഹായിക്കാനും അല്‍പ്പം കൃഷിപരിശീലനത്തിനും കൂടി ഈ അവസരം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു .. ചൂടും മഞ്ഞുമൂടിയ മലകളെയും പിന്നെ ചെറിയ മഴയും വകവയ്ക്കാതെ എല്ലാവരും പറമ്പിലേയ്ക്കിറങ്ങി..


 മാറ്റാന്‍ വസ്ത്രങ്ങള്‍ കരുതാത്തതിനാല്‍ കുടയെടുത്തു..കുറച്ചു ഫോട്ടോയെടുപ്പും നടത്തേണ്ടതുണ്ട് ..മഴകാരണം കൂടുതല്‍ നടക്കാനായില്ലെങ്കിലും  കുറച്ചു കൃഷികള്‍ കണ്ടു ..റമ്പൂട്ടാന്‍ കായ്ച്ചുതുടങ്ങിയിരുന്നു . ഫാഷന്‍ഫ്രൂട്ട് നിറയെ കായ്ച്ചുകിടക്കുന്നു ..മലയോരമായതിനാല്‍ പുളി കുറവായിരുന്നു, തേന്‍ ചേര്‍ക്കാതെ തന്നെ കഴിയ്കാം.. പിന്നെ  മിറാക്കിള്‍ ഫ്രൂട്ട്,പലതരം മാവുകള്‍ , വെണ്ണപ്പഴം ,മാംഗോസ്റ്റീന്‍,ഓറഞ്ച്,മാതളം,മലയന്‍ ആപ്പിള്‍    തുടങ്ങി പലതരം മരങ്ങള്‍ ..പലതും തൈകള്‍ അത്രേ .. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നല്ല വരുമാനം കിട്ടും .. ഇവിടെ ഓറഞ്ച് ,മുന്തിരി എന്നിവ നന്നായി വിളയുമെന്നു തോന്നുന്നു .ഊട്ടിയ്ക്ക് സമാനമായ കാലാവസ്ഥയാണ്... 


കൂര്‍ക്ക നടല്‍ യജ്ഞത്തില്‍ കുറച്ചുപേര്‍ പങ്കുചേര്‍ന്നു ..മൂന്നാംക്ലാസുകാരന്‍ അമോലും അവനെക്കാള്‍ വലിയ തുമ്പാ കൊണ്ട് അല്‍പ്പം കിളക്കാന്‍ ശ്രമിച്ചു ..  ആദ്യം പുല്ലു ചെത്തി നിലം ഒരുക്കല്‍ .. പിന്നെ നീളത്തില്‍   തറകള്‍ നിര്‍മ്മിയ്ക്കല്‍ ,മണ്ണൊലിച്ചുപോകാതിരിയ്കാന്‍  ചപ്പിട്ട്  മൂടല്‍.. മൂന്നുപേര്‍ കൊന്നച്ചപ്പ് വെട്ടാന്‍ പോയി ..   പൊതുവേ കിഴങ്ങു വിളകള്‍ക്ക്  ഈ രീതി തന്നെയെങ്കിലും പച്ചശീമക്കൊന്ന  മൂടിയത് അല്‍പ്പം ചിന്താക്കുഴപ്പം ഉണ്ടാക്കി ..നാളെയ്ക്കത് വാടും എന്ന്‍ അനില്‍ പറഞ്ഞു .. തലേ  ദിവസം  തൂപ്പിട്ട് വച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത് . പച്ചിലകളില്‍ തന്നെ ഒരു ചാണ്‍ അകലത്തിലായി  തലപ്പുകള്‍ നട്ടു.. ഒരു മാസം കഴിയുമ്പോള്‍ പടര്‍ന്ന തണ്ടുകളില്‍ ഇനി മണ്ണിടണം.. മണ്ണിട്ട മുട്ടുകളിലാണ് കൂര്‍ക്ക പിടിക്കുക .. 
അനില്‍ വിളകള്‍ക്കായി ചെയ്യുന്ന വളപ്രയോഗരീതി തികച്ചും ചെലവുകുറഞ്ഞതും ലളിതവുമാണ് .. സ്വന്തം നാടൻ പശുവിനെ ഇണ പിടിപ്പിക്കാനായി കുട്ട്ന്റെയടുത്ത് കൊണ്ടുപോയതിനാൽ ആരുടെയോ രണ്ടു പശുക്കളെ അവിടെ ആലകെട്ടി പോറ്റുന്നുണ്ട്..   ആലയ്ക്ക് സമീപത്തെ കുഴിയിലേക്ക് ആല കഴുകിയ വെള്ളവും  മൂത്രവും  എത്തും ..ഇതിലേയ്ക്ക് ബയോഗ്യാസ് സ്ലറിയും എത്തും .. മഴവെള്ളവും ഇതിലെത്തും .. മോട്ടോര്‍ വച്ച് പമ്പ് ചെയ്തു ഇത് മുഴുവന്‍ കൃഷിയ്ക്കും എത്തിയ്ക്കുന്നു..  ഇവിടെ എല്‍‌പി‌ജി ഗ്യാസ് ഇല്ല . വെളിച്ചം സോളാറുമാണ്..



കുറച്ചുപേര്‍ കൃഷിയ്ക്കിടയില്‍ പാചകത്തിനായി പോയി .. പച്ചരി കൊണ്ട് കഞ്ഞിയും ഇലകള്‍ ചേര്‍ത്ത ചമ്മന്തിയും പിന്നെ വാഴക്കൂമ്പും ചെറുപയറും ചേര്‍ത്ത തോരനും .. ഭക്ഷണശേഷം കുറച്ചു പാട്ടുകള്‍ ..കുട്ടി കളും പാടി .. പിന്നെ   അഞ്ചു മണിവരെ നീണ്ട ചര്‍ച്ചകള്‍ . ഫാം ടൂറിസം , കൃഷിപ്പണികള്‍ക്കായി പരസ്പര സഹായ നെറ്റ് വര്‍ക്കുകള്‍ ഉണ്ടാകേണ്ടതിന്റെ പ്രധാന്യം  , വാക്കും പ്രവര്‍ത്തിയും ഒന്നാകേണ്ടത്തിന്റെ ആവശ്യം ,പ്രകൃതിയില്‍ ഷോര്‍ട്ട് കട്ടുകള്‍ ഇല്ല  എന്നും  പണത്തിന്റെ വഴിയേ പോകുമ്പോള്‍ ആരോഗ്യവും ഒപ്പം ജീവിതത്തിന്‍റെ ആനന്ദവും നഷ്ടമാകും എന്നുമൊക്കെയുള്ള യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയവയായിരുന്നു ചര്ച്ച ചെയ്തത് . മനുഷ്യന്‍ യഥാര്‍ഥത്തില്‍  മിശ്രഭുക്കോ സസ്യഭുക്കോ എന്ന വിഷയത്തിലും ചര്‍ച്ചനടന്നു .. മാംസാഹാരവും കഴിക്കുമെങ്കിലും സസ്യാഹാരമാണ് മനുഷ്യന്‍റെ സ്വാഭാവിക ആഹാരം എന്ന്‍ കൂട്ടത്തിലെ സ്യഭുക്കുകള്‍ സമര്‍ഥിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മിശ്രഭുക്കുകള്‍ക്ക് അതിനോടു യോജിക്കാനായില്ല .. എങ്കിലും അവര്‍ക്ക് ചെറിയ ഒരു മാറ്റം ചിന്തയിലുണ്ടാക്കാനായി കൊച്ചു അമോല്‍വരെ നന്നായി വാദിച്ചു ..    

ക്യാമ്പവലോകനം .. സമയക്കുറവ് വല്ലാതെ ബാധിച്ചു ..ഒരു ദിവസം കൂടി ഇരിക്കാനായിരുന്നെങ്കില്‍.. പക്ഷേ പ്രാരാബ്ദങ്ങള്‍ ..തീന്‍മേശയില്‍ മൂടല്‍മഞ്ഞു നനവ് തീര്‍ക്കുന്ന ,  അവിടത്തെ മഞ്ഞുമൂടിയ സന്ധ്യയെയും രാത്രിയെയും ആസ്വദിയ്ക്കാന്‍ ഇനിയും പോകണം എന്നെങ്കിലും .. അല്‍പ്പം മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു . വഴിയിലെ കുന്നുകളില്‍  മൂടല്‍ ഉണ്ടായിരുന്നു .. തിരിച്ചുവരുമ്പോള്‍ ബോലെറോയില്‍  ഹാഷിമിക്കയും അമോലും പ്രദീപും  കൂടി ഉണ്ടായിരുന്നു .കണ്ണൂര്‍വരെയും ചര്‍ച്ചകള്‍ തുടര്‍ന്നു.. ഗംഭീരമായ ഗിരിനിരകളും പിന്നെ തൊട്ടുതലോടാന്‍ ഓടിവരുന്ന മഞ്ഞിന്‍കണങ്ങളും എന്റെ മനസ്സില്‍ ഗംഭീരമായ മൌനം നിറച്ചിരിക്കുകയായിരുന്നു .....          

Wednesday, July 8, 2015

മരമാണോ കുറ്റവാളി?




റോഡരികില്‍ നടേണ്ടത് എങ്ങനെയുള്ള മരങ്ങളാണ്? പെട്ടെന്ന് മറിഞ്ഞുവീഴുകയും കൊമ്പുകള്‍ പൊട്ടുകയും ചെയ്യുന്ന മെയ്ഫ്ളവരാണോ ..നല്ല തായ് വേരുള്ള ,പെട്ടെന്ന് പൊട്ടാത്തയിനം മരങ്ങളാണോ ?.. മരങ്ങള്‍ നട്ടാല്‍ അവയിലെ ഉത്തരവാദിത്തം തീര്‍ന്നോ ? അവയ്ക്കു അസുഖങ്ങളോ കേടുപാടുകളോ വരുന്നുണ്ടോ എന്ന്‍ യഥാസമയം അന്വേഷിയ്ക്കണ്ടെ?.. ഉണങ്ങിയ മരങ്ങളും ഉണങ്ങിയ കൊമ്പുകളുമൊക്കെ യഥാസമയം മുറിച്ചുമാറ്റാണ്ടെ ? ... മഴക്കാലം തുടങ്ങുമ്പോള്‍ പ്രത്യേകിച്ചും ,  മരങ്ങളുടെ അവസ്ഥയെന്തെന്ന് നോക്കി ,അപകടാവസ്ഥയിലുള്ളവയില്‍ വേണ്ട നടപടികള്‍ എടുക്കണ്ടെ .. കോതമംഗലത്ത് അങ്ങനെയൊരു മരം മുറിക്കാതിരുന്നതല്ലേ പിഞ്ചു കുഞ്ഞുങ്ങള്‍ മരിക്കാനിടയായ അപകടം വരുത്തിയത്.. ഇതില്‍ കുറ്റംചെയ്തത് മരമല്ലല്ലോ? വേണ്ട ട്രീ മാനേജുമെന്‍റ് നടത്താത്ത അധികാരികളല്ലെ ?... 

അവസരം കാത്തിരുന്ന ലോബികള്‍ സട കുടഞ്ഞു ,ഉണര്‍ന്ന്  മുതലാക്കുകയാണ്..  ചുളു വിലയ്ക്ക്   തടി ലേലം കൊള്ളാന്‍ വമ്പന്‍മാരുടെ ബിനാമികള്‍ , കടയുടെ കാഴ്ച മറയാതിരിക്കാര്‍ രസം കുത്തി വച്ചും തീയിട്ടും പിന്നെ രാത്രിയുടെ മറവില്‍ മരം മുറിച്ചും അഴിഞ്ഞാടിയ കടയുടമകള്‍ , ..ഇപ്പോഴാണെങ്കില്‍ മരം മുറിക്കാര്‍ക്ക് മറ്റൊരു സുവര്‍ണ്ണാവസരം കൂടി ... മരം മുറിച്ചുമാറ്റാന്‍ പണം ഇങ്ങോട്ട് കിട്ടും .. 40000 മുതല്‍ 100000 വരെ കിട്ടണം എന്നും പറഞ്ഞു ഒരു നഗര സഭ അപേക്ഷ കൊടുത്തത്രേ മരം മുറിക്കാനാണേ... 

മരം ചെയ്ത കുറ്റമെന്ത്.. എല്ലാം നല്കി ,തണലും  തണുപ്പും ജീവവായുവും ,അന്നവും മണ്ണിന്റെയുര്‍വ്വരതയും കുടിനീരും ... മരമില്ലെങ്കിലീ മണ്ണില്‍ ജീവന്‍റെ സ്പന്ദനം തന്നെ നിലക്കില്ലേ .... കാര്‍ബണ്‍ മോണോക്സൈടും  മറ്റനേകം വിഷവാതകങ്ങളും പൊടിയും ചൂടും  നിറഞ്ഞ്, ഓക്സിജന്‍ കുറഞ്ഞു കുറഞ്ഞ് റോഡുവക്കില്‍, നഗരങ്ങളില്‍ മനുഷ്യജീവിതങ്ങള്‍ വീര്‍പ്പുമുട്ടുമ്പോള്‍ ,കണ്ണിലെ കൃഷ്ണ മണിപോലെ കാക്കേണ്ട മരങ്ങളെയാണ് യാതൊരു മാനദണ്ഡവും പാലിക്കാതെ മുറിച്ചുതള്ളിക്കൊണ്ടിരിക്കുന്നത് .. . മണ്ട ശിരോമണികളായ ചില അധികാരികള്‍ ഉടന്‍ മരങ്ങളുടെ ലിസ്റ്റ് നല്‍കണമെന്നും ഇനി എന്തെങ്കിലും അപകടമുണ്ടായാല്‍ അവര്‍ക്ക് നടപടി നേരിടേണ്ടി വരുമെന്നും  കിഴുദ്യോഗസ്ഥര്‍ക്ക് ഉത്തരവിട്ടിരിയ്ക്കുന്നു .. പേടിച്ച് ലിസ്റ്റ് നല്‍കുകയാണ് അവര്‍ ..ഒരിയ്ക്കലും പൊട്ടാനോ വീഴാനോ ഇടയില്ലാത്ത ആയിരക്കണക്കിന് മരങ്ങളാണ് മുറിയാന്‍ പോകുന്നത് .. അഞ്ചാറു വിലയേറിയ ജീവനുകള്‍ പൊലിഞ്ഞതിനാല്‍ ഇതെല്ലാം കണ്ടിട്ടും ഒന്നും മിണ്ടാതെ ഗതികേടിലായിരിക്കുകയാണ് സുമനസ്സുകളും .

പക്ഷേ ,മിണ്ടാതിരികാനാവില്ല ,ഞങ്ങള്‍ക്ക്..കണ്ണുര്‍ജില്ലാ പരിസ്ഥിതി  സമിതിയ്ക്ക് ... ഭരണകൂടം നടത്തുന്ന,  മരപ്പേടിയുണ്ടാക്കി മരം മുറിപ്പിക്കലിനെതിനെ സമിതി ഏകദിന പ്രതിഷേധ ബോധവല്‍ക്കരണ ഉപവാസം നടത്തി .. കടയുടമകളുടെ  തീയിടലിനെ അതിജീവിച്ച് , ബസ്റ്റാണ്ട് പരിസരത്ത് സ്റ്റേഡിയം കോര്‍ണറില്‍  തണലും തണുപ്പും പടര്‍ത്തി ഒരു ദേവദൂത നെപ്പോലെ നില്‍ക്കുന്ന മഴമരത്തിന്‍റെ ചുവട്ടില്‍ ,അല്പ്പം മഴയൊക്കെ ഉണ്ടായിട്ടും പന്തല്‍  കെട്ടാതെ ,കുറച്ചു കസേരകളുമിട്ട് ,ഞങ്ങള്‍ കുറച്ചുപേര്‍ ഉപവാസമിരുന്നു..കിളികളുടെ ചേക്കേറലും കൂടുകെട്ടലുമുള്ള മരമായതിനാല്‍ ആല്‍പ്പം കാഷ്ടമൊക്കെ ദേഹത്തുവീണു .. അല്‍പം കവിതാ ലാപനം നടന്നു ..സുഗതകുമാരിയുടെ മരത്തിന്  സ്തു തിയും പാടി ... അന്ധരായ അധികാരികളുടെ കണ്ണു തുറപ്പിക്കാന്‍ ഒരു ചെറുശ്രമം .... മനുഷ്യര്‍ക്കും മണ്ണിലെ ജീവജാലങ്ങള്ക്കും ഏകാഭയമായ വരവൃക്ഷങ്ങള്‍ കാക്കാനൊരു മൌന പ്രാര്‍ഥനയുമായിരുന്നു ഈ ഉപവാസം .. കേരളം മുഴുവന്‍ ആളുകള്‍ ഇനിയി കൊള്ളരുതായ്മയ്ക്കേതിരെ പ്രതികരിയ്ക്കട്ടെ ..പ്രതിരോധവുമായി പ്രതിഷേധവുമായി ,മരങ്ങളെ മഴുത്തലകളില്‍ നിന്നും രക്ഷിയ്കാനായി മുന്നോട്ടുവരട്ടെ ..അപകടാവസ്ഥയിലുള്ള മരങ്ങളും ഉണങ്ങിയ കൊമ്പുക  ളും മാത്രം മുറിച്ചു നീക്കിക്കൊള്ളട്ടെ .. മറക്കാതിരിക്കാം മരങ്ങള്‍ ചെയ്യുന്ന സേവനങ്ങള്‍ ..കാക്കാമവയെ  കണ്ണിലെ കൃഷ്ണ മണിപോലെ.... 

Friday, June 12, 2015

അധികാരികള്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുമ്പോള്‍


രണ്ടു പ്രാവശ്യം മുമ്പ് അപകടമുണ്ടായ    ചക്കരക്കല്‍ കുന്ന്‍ .. ടാക്സിസ്റ്റാണ്ട്പണിയാന്‍കുത്തനെഇടിക്കുമ്പോള്‍ ജെ‌സി‌ബിയടക്കം മറിഞ്ഞതായിരുന്നു .. അത് കഴിഞ്ഞ്,കഴിഞ്ഞ മഴക്കാലത്ത് പഞ്ചായത്ത് ബില്‍ഡിംഗിന് മുകളിലേയ്ക്ക് കുന്നിടിഞ്ഞു വീണു..പരമാവധി മണ്ണ് വില്‍ക്കാനായി 90 ഡിഗ്രിയില്‍ കുത്തനെയായിരുന്നു  അന്ന്‍ ഇടിച്ചിരുന്നത് .  പെട്ടെന്നിടിയുന്ന   ചേടിമണ്ണുള്ള പരിസ്ഥിതിലോലമായ ആ കുന്ന്‍ തീരെ ഇടിക്കാന്‍ പറ്റാത്തതാണ് .. 

ഇന്നലെ വീണ്ടും കുന്ന്‍ ഇടിഞ്ഞു ..സംഭവമറിഞ്ഞു വൈകുന്നേരം ഞങ്ങള്‍ പോയപ്പോള്‍ കുന്ന്‍  വലിയൊരു പാളി ഇടിഞ്ഞു വീണിരിക്കുന്നു.. അപ്പോഴും ഇടിഞ്ഞു കൊണ്ടിരിക്കുന്നു.വലിയൊരു കട്ട വന്‍ശബ്ദത്തോടേ കണ്‍മുന്നില്‍  ഇടിഞ്ഞു വീണു . ഒരു വീട് വീഴാനായി നില്‍ക്കുന്നു.  തൊട്ടു താഴെ  പണിതു തുടങ്ങിയ ഷോപ്പിംഗ് കൊമ്പ്ളാസ് കെട്ടിടത്തിനു മേലാണ് മണ്ണു വീണീരിക്കുന്നത്..വീടീന്ടെ കക്കൂസ്ടാങ്ക് വിണൂ കഴിഞ്ഞു.. മറ്റൊരു  വീടു കൂടി അപകടാവസ്ഥയിലാണ്. എന്നിട്ടും ഒരു വീട്ടുകാരേമാത്രം മാറ്റി.കുറച്ചു നാട്ടുകാര്‍  സംഭവ സ്ഥലത്തുണ്ട് ..പലരും  ഉറക്കെ  പാര്‍ട്ടി നേതാക്കളെയും പഞ്ചായത്ത് അധികാരികളെയും കുറ്റം പറയുന്നുണ്ട് .. ഭീകരമായിരുന്നു അവിടത്തെ കാഴ്ച ,.. മഴ അല്പ്പം നിന്നതിനാല്‍ ഇടിച്ചില്‍ കുറഞ്ഞു ..കേവലം ഒന്നര മണിക്കൂറോളം നല്ല മഴ പെയ്തതിന്റെ ഫലമാണീ ഇടിച്ചില്‍ ..ഇനി എത്രയേറെ പെയ്യാനിരിക്കുന്നു .കുന്നത്രയും ,ഒപ്പം മൂന്നു വീടുകളും മിക്കവാറും വീഴും .. 
  ബില്‍ഡിംഗ് പണി ഉച്ചക്ക് മതിയാക്കിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി .. രണ്ടു അന്യഭാഷാ തൊഴിലാളികള്‍ ഓടി രക്ഷപ്പെട്ടത്രേ . 

ഇനി ഈ കുന്നിടിക്കലിന്റെ പിറകില്‍ നടന്ന  കളികളെപ്പറ്റിയും, അധികൃതര്‍ ഒന്നടങ്കം ഒത്തു കളിച്ചപ്പോള്‍ഞങ്ങള്‍ അത്രയേറെ ശ്രമിച്ചിട്ടും അത് തടയാനകാഞ്ഞതിന്‍റെ വേദനയെപ്പറ്റിയും പറയാം .. മുമ്പ് ഇടിഞ്ഞു വീണ മണ്ണ്‍ അവിടെത്തന്നെ കിടക്കുകയായിരുന്നു .. അവിടെ മൂന്ന്‍ സ്ഥലമുടമകള്‍ ഉണ്ട് ..അവര്‍ക്ക് ഒരു ഷോപ്പിംഗ് കോപ്ലക്സ് പണിയണം.. പലര്‍ക്കും, രാഷ്ട്രീയക്കാര്‍ക്കും പഞ്ചായത്തുകാര്‍ക്കും, പണം കിട്ടുന്ന സംഭവമാണ്.. ഇതിനായി പഞ്ചായത്തധികൃതര്‍ അവിടെ , ഇടിഞ്ഞു വീണ മണ്ണ് മാറ്റി കുന്നിന് സംരക്ഷണ  ഭിത്തികെട്ടാന്‍  അനുവദിക്കണമെന്നാവശ്യപ്പെട്ടപ്പോള്‍ കളക്ടര്‍ ഉടന്‍ അനുവദിച്ചു ..അതു വളച്ചൊടിച്ച്  സെക്രട്ടറി മൂന്നു സ്വകാര്യവ്യക്തികള്‍ക്ക് യാതൊരു നിയന്ത്രണവുമില്ലാതെ എത്ര വേണമെങ്കിലും മണ്ണ്‍ ഇടിച്ചു കടത്താന്‍ അനുവാദം നല്‍കി..ആ ഓര്‍ഡറിന്റെ കോപ്പി ഞങ്ങള്‍ കണ്ടിരുന്നു .. 18 അടിയിലധികം മണ്ണ് നീ ക്കാന്‍ അനുവദിയ്ക്കാന്‍  പഞ്ചായത്ത് സെക്രട്ടറിയ്ക്ക് അധികാരമില്ല . ഇതൊന്നും തന്നെ റവന്യൂ ചുമതലയുള്ള വില്ലേജോഫീസര്‍ അറിഞ്ഞിട്ടുതന്നെയില്ല .. ഞങ്ങള്‍ വിളിച്ചപ്പോള്‍ സ്ഥലം സന്ദശിയ്ക്കാന്‍ വന്ന മേഡം തന്നെ പറഞ്ഞതാണ് ഇക്കാര്യം .ഇപ്പോഴവര്‍ സ്ഥലം മാറിപ്പോയി .മാറിയതോ മാറ്റിയതോ എന്നറിയില്ല . 

  അതിനു ശേഷം അവര്‍ പണി തുടങ്ങിയപ്പോള്‍ നാട്ടുകാര്‍ പലരും പരാതി പറയാന്‍ തുടങ്ങി .ഷോപ്പിംഗ് കോംപ്ലക്സിന്റെ കാര്യം എങ്ങനേയോ പുറത്തറിഞ്ഞുപോയിരുന്നു.. ആദ്യം ഞങ്ങള്‍ രണ്ടുപേരും ചെന്ന്‍ അന്വേഷിച്ചു .. പഞ്ചായത്ത് ബില്‍ഡിംഗിന് ഒരിയ്ക്കലും പ്രശ്നമാകാത്ത ,18-20 മീറ്റര്‍ അപ്പുറത്തെ മരങ്ങള്‍ ഒക്കെ മുറിച്ചുമാറ്റി മണ്ണെടുക്കാനായി തയാറാക്കിയ കാഴ്ചയാണ് കണ്ടത് .. അതിന്‍റെ ഫോട്ടോ ഒക്കെ എടുത്തു ..പിന്നെ പരിസ്ഥിതിസമിതി ടീം പഠനം നടത്തി .. അന്നു തന്നെ പഞ്ചായത്ത് പ്രസിഡണ്ട് ,വില്ലേജാഫീസര്‍ എന്നിവര്‍ക്ക് പരാതി നല്കി ..പിറ്റേന്ന് കളക്ടര്‍ ശ്രീ ബാലകിരണിനെ നേരില്‍ക്കണ്ട് പരാതി നല്കുകയും ,അവിടെ കൂടുതല്‍ മണ്ണിടിയാതിരിക്കാന്‍  ചെയ്യേണ്ടത് എന്താണെന്ന് സ്കെച്ച് വരച്ചു വിശദീകരിച്ചു കൊടുക്കുകയും ചെയ്തു ..ഇപ്പോള്‍ നടക്കുന്നതു കുന്നിടിച്ചു മണ്ണ് വില്‍ക്കാനുള്ള പരിപാടിയാണെന്നും അതിനു ശേഷം അവിടെ ബില്‍ഡിംഗ് വരുമെന്നും ഞങ്ങള്‍ കളക്ടറോട് പറഞ്ഞിരുന്നു ..കളക്ടര്‍ എല്ലാം അംഗീകരിച്ചപോലെ അഭിനയിക്കുകയും ഞങ്ങള്‍ പറഞ്ഞതുപോലെ 3 സ്റ്റെപ്പുകളാക്കി കുന്നിനെ സംരക്ഷിയ്ക്കുമെന്നും ഉറപ്പു തരികയും ചെയ്തു  .. 
പക്ഷേ അതൊന്നും നടന്നില്ല.. രാത്രിയും പകലും യാതൊരു നിയമമോ നിയന്ത്രണമോ ഇല്ലാതെ മണ്ണ് മാന്തി ,വി ല്‍പ്പന നടന്നു .. ഞങ്ങള്‍ പല പ്രാവശ്യം വില്ലേജോഫീസര്‍ , ആര്‍‌ഡി‌ഓ. താസില്‍ദാര്‍,കളക്ടര്‍ എന്നിവരെ നേരില്‍ കണ്ടും പരാതി പറഞ്ഞു..ആരും ഒന്നും  ചെവിക്കൊണ്ടില്ല ,,സ്ഥലം സന്ദര്‍ശിയ്ക്കാന്‍ തയ്യാറായില്ല ,മാത്രമല്ല ,ഹരിയും ഞാനും വേറെ വേറെ വിളിച്ച് പറഞ്ഞപ്പോള്‍ , ഈ കുന്നിന്‍റെ കാര്യം പറഞ്ഞു വിളിക്കുകയെ വേണ്ട ,ഞാന്‍ ഇതില്‍ ഇടപെടില്ല എന്നാണ് താസില്‍ദാര്‍ ശ്രീ .ഗോപിനാഥന്‍ പറഞ്ഞത് .. രാത്രി നടക്കുന്ന പണിയുടെ ഫോട്ടോ സഹിതം കളക്ടര്‍ക്ക് അയച്ചപ്പോള്‍ ഒരു ദിവസം രാത്രിയിലെ പണി നിര്‍ത്തി വയ്പ്പിച്ചു ,പിന്നെയതും നിര്‍ബാധം തുടര്‍ന്നു.. അങ്ങിനെ രാത്രി പണിതവര്‍ ഉറക്കച്ചടവില്‍ വണ്ടിയോടിച്ചാണ്
അതിരാവിലെ നടക്കാന്‍ പോയ രണ്ടു സ്ത്രീകളെ കൊന്നത് ..  
മോണിറ്ററിംഗ് ചെയ്യണം ,അനധികൃതപ്രവര്‍ത്തനമാണ് നടക്കുന്നതെന്ന് പല പ്രാവശ്യം പറഞ്ഞിട്ടും  കേള്‍ക്കാത്ത കളക്ടര്‍ ,ഒടുവില്‍ മണ്ണെടുപ്പിന്‍റെ ഭീകരമായ ഫോട്ടോകളുമായി ഞങ്ങള്‍ കാണാന്‍ പോയപ്പോഴാണ്  തെറ്റു പറ്റിയതായി സമ്മതിച്ചത് ... 


കളക്ടറുടെ  ഒറ്റ ഉത്തരവിന്റെ മറവിലാണ്

ഇതത്രയും നടന്നത് .. അതുകൊണ്ട് മാത്രമാണ് പരിസ്ഥിതിസമിതിയ്ക്ക് അത് തടയാന്‍ പറ്റാതായതും..പരമാവധി ഫൈന്‍ അടിപ്പിക്കും എന്നാണ് കളക്ടര്‍ പറഞ്ഞത് . എന്നിട്ടെന്ത് ..ജലദൌര്‍ലഭ്യം അനുഭവിയ്കുന്ന ചക്കരക്കല്ലുകാര്‍ക്ക് അവരുടെ കുന്നിനെ തിരിച്ചുനല്‍കാന്‍ അനാസ്ഥ കാട്ടിയ ഈ ഉദ്യോഗസ്ഥര്‍ക്ക് സാധിയ്ക്കുമോ ? വരാനിരിയ്ക്കുന്ന വലിയ ദുരന്തം തടയാന്‍ അവര്‍ക്കാകുമോ ? .. 

ഇടയ്ക്കു കനത്ത മഴ പെയ്യുന്നുണ്ട് ..ഇന്ന് പെയ്ത മഴയില്‍ വീണ്ടും ഇടിഞ്ഞുകൊണ്ടിരിയ്ക്കുകയാണ്.. അവിടെ ഒരു പ്രോഗ്രാം വച്ച് ഞങ്ങള്‍ എല്ലാം നാട്ടുകാരോട് വിശദീകരിയ്ക്കുന്നുണ്ട്.. ഇത്രയും കുന്നിടിച്ചത് തടയാന്‍ നിങ്ങളെന്തെ വന്നില്ല എന്ന്‍ ഒന്നുമറിയാത്ത പലരും കുറ്റപ്പെടുത്തുന്നുണ്ട് .. അവര്‍ കാര്യം അറിയണം .എന്നു മാത്രമല്ല അവിടന്നും ഇനി മണ്ണ് മാറ്റാനോ കെട്ടിടം പണിയാനോ അനുവദിയ്ക്കില്ല .സമരം നടത്താനാണ് പരിസ്ഥിതി സമിതി ഉദ്ദേശിയ്ക്കുന്നത്..ഒപ്പം ഇതിന് പിറകില്‍ നടന്ന അഴിമതികള്‍ പുറത്തുകൊണ്ടുവരികയും വേണം .. 




Friday, June 5, 2015

കൃഷി ആരോഗ്യത്തിലേയ്ക്കുള്ള ചവിട്ടുപടിയാണ്..


..

മൂന്നുമാസത്തെ കഠിനമായ പ്രയത്നങ്ങള്‍ .രാവിലെയ് വൈകുന്നേരവുമായി  ,മിക്കവാറും ഒഴിവാകാനാകാത്ത ചില പരിപാടികള്‍ മാത്രം ചെയ്തുകൊണ്ട് ,ദിവസവും 4-5 മണിക്കൂറുകള്‍ അദ്ധ്വാനിച്ചതിന്റെ ഫലമായി വയലിനെ ഒരു വിധം വയലാക്കി മാറ്റി .. അടുത്ത വര്‍ഷമാകുമ്പോഴേ ശരിക്കും വയലാകൂ ,, പച്ചക്കറികള്‍,വാഴകള്‍ ,പൂച്ചെടികള്‍ ..ഒടുവില്‍ നെല്‍വിത്തുകളും .. ഈ വര്ഷം എല്ലാം പരീക്ഷണങ്ങള്‍ആണ്.. അനാവശ്യ ചാലുകള്‍ കളകള്‍ കൊത്തിയിട്ട് നികത്തി .അടഞ്ഞ ചാലുകള്‍ ശരിയാക്കി നെല്ലിനായി   8 പാടങ്ങളാണ് പണിതത് .. മേയ്31, ജൂണ്‍ 1,2 ദിവസങ്ങളിലായി കട്ടയുടച്ച് ,കളനീക്കി ഒരുവിധം നിരപ്പാക്കിയ പാടങ്ങളില്‍ വിത്തിട്ടു .. കൈക്കോട്ടും ചെറിയ കൈപ്പിക്കാസുമാണ് ഇതിനായി ഉപയോഗിച്ചത് .. കൃഷി ഒരു ധ്യാനമാണെന്നും മണ്ണും മനസ്സും പിന്നെല്ലാ ജീവികളുമായുള്ള ആത്മബന്ധമാണ് കൃഷിയെ വിജയിപ്പിക്കുന്നത് എന്ന മന്നറിവു നേടിയതിനാല്‍ ,പണിയുന്നതിന്റെ ആഹ്ലാദവും ഞങ്ങള്‍ രണ്ടുപേരും മറ്റാര്‍ക്കും വീതിക്കാതെ ചെയ്തു .. 

ഇപ്പോള്‍ അഭിമാനമുണ്ട് .. മനസ്സുറച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാനാകും .. തൊട്ടാവാടികള്‍ വിരലുകളെ കീറിമുറിച്ചിട്ടും , കളകളുടെ കറയും വല്ലാതെ ചൊറിയുന്ന അലര്‍ജ്ജിയും ഒക്കെയുണ്ടായിട്ടും പിന്‍മാറിയില്ല .. 3 വയലുകളില്‍ തവളക്കണ്ണനും ,രണ്ടെണ്ണത്തില്‍ പൊന്നാര്യനും ഓരോന്നില്‍ ഗന്ധകശാല ,കുഞ്ഞിനെല്ല് ,തൊണ്ണൂരാന്‍ എന്നിവയും നുരി വച്ചു.കളകള്‍ ധാരാളമായി പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കയര്‍ കെട്ടി .അല്പ്പം അകലത്തില്‍ തന്നെ  ചാലു കീറിയാണ്  നുരി വച്ചത് .. ഇവിടെ യോജിച്ച  വിത്തുകള്‍ കണ്ടെത്തി ,പറ്റാത്തവ അടുത്ത വര്ഷം മാറ്റും .. ബസുമതി ,ചുവന്ന കയമ എന്നീ വിത്തുകളും വളരെ കുറച്ചു കിട്ടിയിട്ടുണ്ട് ..വന്‍പയര്‍ ഉള്ള ഒരു പാടം വൃത്തിയാക്കി അവയും നടണം..വിത്തിട്ട് കുരവയിട്ട് മണിനെയും വിത്തിനെയും ഉണര്‍ത്തി .. അര്‍പ്പോ .ഈര്‍റോ ......ഇപ്രാവശ്യം ഞങ്ങള്‍ തനിച്ചു ചെയ്തു ,അടുത്ത വര്ഷം ഇതില്‍ കൂട്ടക്കാരെയും പങ്കാളികളാക്കാം 
മഴ ഞങ്ങളെ ചതിച്ചില്ല .വിത്തിടുമ്പോള്‍ തന്നെ അടക്കാനാകാത്ത ആഹ്ലാടംപോലെ ചാറ്റല്‍മഴ ഓടിപ്പാഞ്ഞുവന്ന് ചെറുതായി നനച്ച് തന്നു ..വിളവു മോശമാകാനിടയില്ല എന്ന്‍ മനസ്സ് പറയുന്നു ..പ്രകൃതിക്കൊപ്പം നമ്മള്‍ നിന്നാല്‍ നമ്മള്‍ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ പ്രകൃതിയ്ക്കാകില്ലല്ലോ .. 

Friday, March 6, 2015

കൃഷി ഒരു ജീവിതരീതിയാണ്


സമയക്കുറവുണ്ട് .. വയലില്‍ പണികള്‍ ഓരോന്നായി നടക്കുകയാണ്.. നട്ടതിനൊക്കെ പുതയിട്ടു ..കൈവളം കൊടുത്തു .    ഇടയ്ക്കു മല്ലിക തൈകള്‍ നട്ടു. കീട നിയന്ത്രണത്തിന് മാത്രമല്ല പരാഗണകാരികളെ ആകര്‍ഷിയ്ക്കാനും മല്ലിക സഹായിക്കും .. ഇടയ്ക്കു ചാണകം ,സ്ലറി എന്നിവ ചെര്‍ത്ത് കലക്കി ഒഴിക്കുന്നുണ്ട് .. യൂറിയ ഇടുന്ന ചെടിയുടെ തിമര്‍ത്ത വളര്‍ച്ച ഇല്ലെങ്കിലും ,കരുത്ത് വന്നു തുടങ്ങി .. പല പ്രാവശ്യം ചീര പൊട്ടിച്ചു കഴിഞ്ഞു .. ചുവപ്പ്ചീര, മഴച്ചീര ,പൂച്ചീര എന്നിവയാണ് പ്രധാന ചീരകള്‍ നട്ടത് .പാലക്കും ചെറുചീരയും ആരോഗ്യ ചീരയും അല്പം നട്ടിട്ടുണ്ട്.. സ്വര്‍ണ്ണച്ചീര എന്ന ബത്താസ് ചീര പടര്‍ന്നിട്ടുണ്ട് 

കുറച്ചു കരിമ്പ് നട്ടത് മുളയ്ക്കുന്നുണ്ട് ,, വന്‍പയര്‍ തീരെ കുറച്ചു നാട്ടതും ഉഴുന്നും പൊടിച്ച് വളരുന്നുണ്ട് ,, നാരില്ലാ പയര്‍,നീളന്‍പയര്‍,കുറ്റിപ്പയര്‍,നാടന്‍പയര്‍, കാന്താരികള്‍ , പച്ചമുളക് ,ആന ക്കൊമ്പന്‍വേണ്ട . മരവെണ്ട,മുന്തിരിത്തക്കാളി തുടങ്ങിയവ വളര്‍ന്നുവരുന്നുണ്ട് .. നടുമ്പോള്‍ ചാണപ്പൊടി നല്കിയത് അല്പ്പം കുറഞ്ഞത് വളര്‍ച്ചയെ ബാധിച്ചു ..മാത്രമല്ല സാമാന്യം ഉപദ്രവം ചുവന്ന ഞണ്ടുകള്‍ ചെയ്യുന്നുണ്ട് .. കുറേ തൈകള്‍ അവര്‍ നശിപ്പിച്ചു .. വീണ്ടും മാറ്റി നട്ടുകൊണ്ടിരികുന്നു.. അവരോടു യുദ്ധത്തിനൊന്നും ഞങ്ങളില്ല ..അവരുടെ സാമ്രാജ്യമായിരുന്നല്ലോ .. അവര്‍ ക്രമേണ ഒഴിയും എന്നു വിശ്വസിയ്ക്കുന്നു .. അതുപോലെ തന്നെ കളകളോടും കരുതുന്നത്.. നാലഞ്ചു വര്ഷം മണ്ണ്‍ ഒലിച്ചുപോകാതെയും ചൂടാവാതെയും മണ്ണിരകളേയും മറ്റു ജീവികളെയും സംരക്ഷിച്ചത് അവരാണല്ലോ .. ഇനി ഞങ്ങള്‍ പുതയിട്ട് കൃഷി ചെയ്തുകൊള്ളാം ,നിങ്ങളുടെ ദൌത്യം അവസാനിച്ചു എന്ന്‍ അവരോടു പറഞ്ഞിട്ടാണ് കലകള്‍ നിയന്ത്രിയ്ക്കുന്നത് ..
മൂന്നു കൂവ്വലുകള്‍ കുഴിച്ചതില്‍ വെള്ളം കുറയുന്ന മുറയ്ക്ക് അല്പ്പം കുഴിയ്ക്കുന്നു .. ഒരു കോണില്‍ കുളം കുഴിയ്ക്കുന്ന പണിയും തുടങ്ങി .. നിലക്കടല നട്ടത് പൂത്തിരിയ്ക്കുന്നു .. നാലഞ്ചിനം മഴുരക്കിഴങ്ങുകളുടെ വള്ളികള്‍/ വിത്തുകള്‍ നട്ടവ വളര്‍ന്നുതുടങ്ങി .. അല്പം ചെറിയ ഉള്ളി പരീക്ഷണാര്‍ഥം നട്ടിട്ടുണ്ട്.. 

വയലിന്‍റെ വെള്ളം അധികമുള്ള ഭാഗത്താണ് കുളം വരിക ..അതിന്റെയടുത്ത തട്ടില്‍ കുറച്ചുവാഴകള്‍ വച്ചവ വളരുന്നുണ്ട് .. ഒരു വളവും ഇടാതെ ,നട്ട് പുതയിട്ടു കൊടുത്തു .. എതിര്‍ വശത്തും ഒരു നിരയില്‍ വാഴ നട്ടിട്ടുണ്ട് .. .നാടാണ്‍ പറ്റാതിരുന്നത് ചെറുപയര്‍ ,വന്‍പയര്‍ മരച്ചീനി എന്നിവയാണ്.. നേരം വൈകിയതിനാല്‍ വെള്ളത്തിന്റെ പ്രശ്നം ,പിന്നെ കളനീക്കുക എന്ന  പ്രശ്നം.. എന്നാലും നാലഞ്ച് കമ്പുകള്‍ മരച്ചീനി നട്ടു കുറച്ചുകൂടി നടണം.. നാലാഞ്ജ്ച് പപ്പായകള്‍ ചിറയില്‍ നട്ടത് വളരുന്നുണ്ട് ,കവുങ്ങ് പേരിന് ഒന്നുമാത്രം നട്ടു..രണ്ടു ചിറകളിലായി കുറച്ചു തെങ്ങുകള്‍ ഉണ്ട് ..അവയ്ക്കു പൂത്ത നല്കിയിട്ടുണ്ട് . ഇപ്പോള്‍ ഓരോ ദിവസമായി സ്ലരി നല്‍കിക്കൊണ്ടിരിക്കുന്നു . വഴുതന പാകിയിട്ടുണ്ട് പറിച്ചുനടാന്‍. ചൂട് കൂടുമ്പോള്‍ തക്കാളിയില്‍ പരാഗണം നടക്കാതെ പൂക്കള്‍ കരിയുകയാണ് പതിവ് .എന്നാല്‍ നാടന്‍ തക്കാളിവേനലിനെ അതിജീവിയ്ക്കുന്നുണ്ട് .. അല്പ്പം വിത്ത് പാകിയിട്ടുണ്ട് .. കുളത്തിനടുത്ത തട്ടില്‍ പയര്‍ ,വഴുതന ,തക്കാളി എന്നിവ നടണം .. 

പിന്നെ കാര്യമായ പണിയുണ്ട് .. 45 സെന്‍റ് സ്ഥലം ഉള്ളത്തില്‍ പാതിയില്‍ കൃഷിയായി .ബാക്കിഭാഗത്ത് കള മാറ്റണം .. ചാലുകള്‍ ശരിയാക്കണം .ആവശ്യമില്ലാത്ത ചാലുകള്‍ നീക്കി ,നെല്‍കൃഷിയ്ക്കായി വയല്‍ ഒരുക്കണം .. വെള്ളരിവര്‍ഗ്ഗങ്ങള്‍ (വെള്ളരി,കുമ്പളം ,വത്തയ്ക്ക കക്കിരി ,മത്തന്‍..) നട്ട സ്ഥലത്തും അല്പ്പം കൂടി സ്ഥലവും കൂട്ടിയാണ് നെല്ല് നടുക ..അത്  ഏപ്രിലിന് ശേഷം.. ബാകിയുള്ള സ്ഥലത്തു വാഴകളും മരച്ചീനിയും ഇടവിളകളും നടണം .. കള അല്പം മാത്രം നിയന്ത്രിയ്ക്കും .. ചിറയിലും അതോട് ചേര്‍ന്ന  തെങ്ങിന്റെ തണലുള്ള ഭാഗത്തും മഞ്ഞള്‍ ,ചെമ്പ് ,കൂവ ചേന തുടങ്ങിയവയാണ് നടാന്‍ വിചാരിക്കുന്നത് .. .

ഇത് ഒരു പ്രകൃതികൃഷി ഗവേഷണ - പരീക്ഷണ പ്ലോട്ടാക്കാനാണ് വിചാരിക്കുന്നത് .. ഒരു ബോര്‍ഡ് വയ്ക്കണം .. പശുവിനും ആടിനും പുല്ലരിയാന്‍ അല്പ്പം സൂത്രകാരായ സ്ത്രീകള്‍ എത്തുന്ന സ്ഥലമായതിനാല്‍ ഇതിനെ ഒന്നല്‍പ്പം എസ്റ്റാബ്ലിഷ് ആകാതെ വഴിയില്ല .. ആടിനെ അഴിച്ചു വിടുന്നവരോട് പല തവണ അരുതെന്ന് പറയേണ്ടി വന്നിട്ടുണ്ട് .. ചുറ്റും മുസ്ലിം ഗൃഹങ്ങളാണ്..വര്‍ഗ്ഗീയത പറയുന്നതല്ല എങ്കിലും അല്പ്പം ഒറത്ത ആള്‍ക്കാരാണ് ചുറ്റുമുള്ളവര്‍ ..  ഞങ്ങള്‍ ഇത്രയേറെ കഷ്ടപ്പെട്ടു  വിയര്‍പ്പൊഴുക്കി കൃഷി ചെയ്യുന്നത് കണ്ടിട്ടും ആടിനെ കെട്ടാന്‍ പല   തവണ പറഞ്ഞിട്ടും കണ്ണു തെറ്റിയാല്‍ ആട് വയലില്‍ എത്തുന്നു .. അതൊക്കെ നിയന്ത്രിയ്കാന്‍ കളിയല്ല ,കാര്യമായ കൃഷിയാണ് നടക്കുന്നതെന്ന് ബോധ്യപ്പെടണം .കള നീക്കാതെ വച്ചിരിക്കുന്നത് തന്നെ അവരുടെ കണ്ണില്‍ തമാശയാണ്.. ജീവിയ്കാനുള്ള പണമുണ്ടായിട്ടും, സമ്പാദ്യമത്രയും ഇങ്ങനെയൊരു വയലില്‍ മുടക്കി ,കഷ്ടപ്പെടുന്നത് അവര്‍ക്ക് വെറും ഭ്രാന്താണ് ..ഞങ്ങള്‍ ഒന്നുകൊണ്ടും നിരാശപ്പെടാനോ പിന്തിരിയാനോ പോകുന്നില്ല ..ഈ വയല്‍ ഞങ്ങള്‍ക്ക് ഒരു നിയോഗം പോലെ ലഭിച്ചതാണ്.. ഇവിടെ കൃഷിയുടെ യഥാര്‍ത്ഥ മാതൃക കാണിച്ചുകൊടുക്കാനും ജൈവ വൈവിധ്യം സംരക്ഷിയ്ക്കാനും ഒപ്പം കുറെ നല്ല വിത്തുകള്‍ ഉണ്ടാക്കി വിതരണം ചെയ്യാനും പ്രകൃതി ഞങ്ങളെ ഏല്‍പ്പിച്ചിരിക്കുകയാണ് .. അതുകൊണ്ട് ,മണ്ണും കാലാവസ്ഥയും മറ്റെല്ലാ ഘടകങ്ങളും ഒത്തുചേര്ന്ന് ,പ്രശ്നങ്ങള്‍ എല്ലാം മാറി ഞങ്ങള്‍ക്കൊപ്പം പ്രകൃതി ഉണ്ടാകും ,തീര്‍ച്ച ..കൃഷി എന്ന വ്യവസായമോ , കൃഷി എന്ന പണമുണ്ടാക്കലോ അല്ല ,കൃഷി എന്ന ജീവിതരീതിയാണ്ഞങ്ങള്‍ പിന്തുടരുന്നതും പ്രചരിപ്പിക്കുന്നതും .. അതുകൊണ്ട് ഒരിയ്ക്കലും ഞങ്ങള്‍ പരാജയപ്പെടില്ല