Sunday, December 18, 2011

പ്ലാച്ചിമടയില്‍ ജനാധികാരത്തിന്‍റെ കൊടുങ്കാറ്റ്പ്ലാച്ചീമടയിലെ കൊക്കോക്കോള എന്ന ബഹുരാഷ്ടഭീമന്‍ ഒരു നാടിനെയാകെ നശീപ്പിച്ചിട്ടും പാവപ്പെട്ട ആദിവാസികള്‍ക്ക് നഷ്ടപരിഹാരം ഒന്നും നല്‍കാതെ വിലസുകയാണ്.ശ്രീ വിളയോടി വേണുഗോപാലിന്‍റെ നേതൃത്വത്തില്‍ പത്തുവര്‍ഷത്തോളം നീണ്ട സമരത്തിനൊടുവില്‍  കമ്പനി പൂട്ടിച്ചെങ്കിലും, നശിപ്പിയ്ക്കപ്പെട്ട ജലസമ്പത്തിനു ഇന്നും ഒരു പരിഹാരവുമായിട്ടില്ല. അതുപോലെ ഒരു നാടിന്‍റെ കാര്‍ഷികാഭിവൃദ്ധി കൂടിയാണ് നശിപ്പിയ്ക്കപ്പെട്ടത് .                                                

കേരള സര്‍ക്കാര്‍ കോളക്കമ്പനിയില്‍നിന്ന് ജനങ്ങള്‍ക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനായി പ്ലാച്ചിമട നഷ്ടപരിഹാര  ട്രൈബ്യൂണല്‍ ബില്‍ പാസ്സാക്കി അംഗീകാരത്തിനായി ഇന്ത്യന്‍ പ്രസിഡണ്ടിന് അയച്ചുകൊടുത്തുവെങ്കിലും, ഇതുവരെയും അതിലവര്‍ ഒപ്പുവച്ചിട്ടില്ല.കോളഭീമന്ഠെ സ്വാധീനം തന്നെയാണു ഇതിന്കാരണം .                                                                       

ഇതിനെതിരെ പ്ലാച്ചിമടയിലെ പാവങ്ങളും ,ഒപ്പം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് കേരളത്തിലെ ഏല്ലാ ജില്ലാകളില്‍നിന്നുമുള്ള ആള്‍ക്കാരും ചേര്‍ന്ന ആയിരത്തോളം പേര്‍ കഴിഞ്ഞ ദിവസം പ്ലാച്ചിമടയില്‍ വീണ്ടും ഒത്തുചേര്‍ന്നു.കോളക്കമ്പനിയുടെ സ്വത്ത് പിടിച്ചെടുക്കുക എന്നതായിരുന്നു   ഈ ഒത്തുചേരലിന്ഠെലക്ഷ്യം.                                                                         
 
കോളക്കമ്പനിയ്ക്ക് സംരക്ഷണമേകാന്‍ നൂറുകണക്കിനു പോലീസുകാര്‍ ഉണ്ടായിട്ടും സമരഭടന്‍മാരില്‍ ചിലര്‍ മതിലിനുള്ളില്‍ക്കയറി ആധിപത്യം സ്ഥാപിച്ചു. 22 പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു .രണ്ടാഴ്ചത്തേയ്ക്ക് ഇവരെ റിമാണ്ടുചെയ്തിരിയ്ക്കുകയാണ് .                                    
 
കേരളജനത ഈ സമരം ഏറ്റെടുക്കേണ്ടതാണ് .ബഹു പ്രസഡണ്ടിന് ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുക. മന്ത്രിമാര്‍, എം.പി.മാര്‍,എം.എല്‍.എ മാര്‍ തുടങ്ങിയവര്‍ക്കും ഇക്കാര്യത്തില്‍ കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കത്തെഴുതുക. അറസ്റ്റില്‍ പ്രതിഷേധിയ്ക്കുക. സമരം ശക്തമാക്കുക 
 
ഇത് കുറേ പാവങ്ങളുടെ നിലനില്‍പ്പിന്‍റെ പ്രശ്നം മാത്രമല്ല,മണ്ണും വെള്ളവും ഊറ്റി കോടികള്‍ കൈക്കലാക്കാന്‍ കുത്തകഭീമന്‍മാര്‍ നടത്തിക്കൊണ്ടിരിയ്ക്കുന്ന ഗൂഡാലോചനകള്‍ തുടര്‍ന്നുകൊണ്ടിരിയ്ക്കുമ്പോള്‍ അതിനെ തടഞ്ഞു നിര്‍ത്താന്‍ ഇന്ന് നമുക്കാകുന്നില്ലെങ്കില്‍ നാളെ നാം ദാഹജലത്തിനായി ഇവര്‍ക്കൊക്കെ മുമ്പില്‍ വലിയ വിലയും കൊടുത്ത് കൈനീട്ടിനില്‍ക്കേണ്ടി വരും

Monday, May 30, 2011

ജനത്തിനു വേണ്ടത് ജൈവം..ജൈവം മാത്രം...നങ്ങൾ ആഗ്രഹിക്കുന്നത് ജൈവ ഉത്പന്നങ്ങൾ മാത്രമാണെന്ന് അടിവരയിട്ടു തെളിയിക്കുന്നതായിരുനു കണ്ണൂർ ജില്ലാ പരിസ്ഥിതിസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 27-28 തീയ്യതികളിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ജൈവോൽ‌പ്പന്ന പ്രദർശനവിപണനമേള...വളരെ ചെറിയ തോതിൽ ,ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്നറിയാനും, ജൈവകൃഷി എന്ന ശരിയായതും 100% ശാസ്ത്രീയമായതുമായ കൃഷിരീതി കൂടുതൽ പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു മുഖ്യമായും ഈ സംരംഭം.... വിഷലിപ്തമായ വായു,ജലം ,ആഹാരം,കുടിവെള്ളം എന്നിവമാത്രം നമുക്കേകി,മാരകരോഗങ്ങളും ജനിതകവൈകല്യങ്ങളും നൽകി,മണ്ണിന്റേയും സസ്യങ്ങളുടേയും ആരോഗ്യം ക്രമേണ നശിപ്പിച്ചില്ലാതാക്കി ,കീടങ്ങളെ കൂടുതൽക്കൂടുതൽ ശക്തരാക്കിമാറ്റി അവയെ നേരിടാൻ കൂടുതൽക്കൂടൂതൽ മാരകമായ വിഷങ്ങൾ ഉപയോഗിക്കാന്മാത്രം ശുപാർശചെയ്യുന്ന,വിഷം എന്നത് ആഹാരത്തിലും കുടിവെള്ളത്തിലും കലർത്തരുതാത്ത വസ്തുവാണെന്ന പ്രാഥമികതത്വം മറന്ന്, കോടികൾ കൊയ്യാനെത്തുന്ന കീടനാശിനിക്കമ്പനിക്കാർക്കും അവരുടെ സിൽബന്ധികളായ അധികാരിവർഗ്ഗത്തിനും ,പിന്നെ ഇവരെ ആശ്രയിച്ചു നേട്ടമുണ്ടാക്കുന്ന മരുന്നു കച്ചവടക്കാരെയും അലോപ്പതി ഡോക്ടർമാരെയും ഒക്കെ മാത്രം സഹായിക്കുന്ന ,വിഷലിപ്തമായ ഒരു ലോകസൃഷ്ടിക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമെതിരെ വിഷവിമുക്തലോകം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് നടത്തിയ ഈ മേള ഒരു തുടക്കം മാത്രമായിരുന്നു.വരുംനാളുകളിൽ ഈ മേഖലയിൽ അതിശക്തമായ മുന്നേറ്റമാണ് പരിസ്ഥിതിസമിതി നടത്താൻ പോകുന്നത്..

കണ്ണൂരിലെ പ്രമുഖ പ്രകൃതിജീവനക്കാ‍രിയും പ്രകൃതിപാചകവിദഗ്ധയുമായ വസന്തേച്ചിക്ക് ചക്ക നൽകിക്കൊണ്ട് പ്രമുഖ ഗാന്ധിയനായ അപ്പേട്ടൻ [അപ്പനായർ] മേള ഉദ്ഘാടനം ചെയ്തു.
ചില ദൃശ്യങ്ങൾ
ണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ ജൈവകർഷകരായ കണ്ണേട്ടൻ, ഹരിആശ,കൃഷ്ണൻ മാസ്റ്റർ,ഹാഷിം ,രവീന്ദ്രന്മാസ്റ്റർ, തുടങ്ങിയവർ ഉൽ‌പ്പന്നങ്ങൾ എത്തിച്ചു.അരി,തവിട് ,വെള്ളരി, നരയൻ കുമ്പളം,വെണ്ട,ചോളം, പലതരം ചീരകൾ തുടങ്ങിയ പച്ചക്കറികൾ,തേങ്ങ, ചക്ക കൈതച്ചക്ക ,ഔഷധമായും ഉപയോഗിക്കാവുന്ന ആഹാരസസ്യങ്ങൾ,തേൻ, പച്ചക്കറി വിത്തുകൾ, കുറ്റ്യാട്ടൂർ മാങ്ങാവിത്ത്, ചോളം,എള്ള്,കുരുമുളക്, കപ്പ, പച്ചക്കറിവിത്തുകൾ,ജൈവകീടനാശിനിയായ ചെണ്ടുമല്ലി [ബന്തി] വിത്ത്, ഇളനീർ,തുണിസഞ്ചി തുടങ്ങി നിരവധി ഉൽ‌പ്പന്നങ്ങൾ മേളയിൽ അണിനിരന്നിരുന്നു.ജൈവകൃഷി ക്ലാസ്സുകളും ഉണ്ടായിരുന്നു...തനിയ്ക്ക് ജൈവകീടനാശിനിപോലും ഉപയോഗിയ്ക്കേണ്ടി വരാറില്ലെന്നാണ് കണ്ണേട്ടൻ സാക്ഷ്യപ്പെടുത്തുന്നത്...ജൈവകൃഷി ഒരു ഫാഷനായിമാത്രമേ നടത്താനാകൂ എന്ന് ഇന്നും വാദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് മേളയിലെ ഉൽ‌പ്പന്നങ്ങൾ രാവിലെ സമയമില്ലാത്തതിനാ ൽ ഉച്ചയ്ക്കു ശേഷമാണ് കൃഷിമന്ത്രി ശ്രീ.കെ.പി. മോഹനൻ മേളയിലെത്തിയത്.അദ്ദേഹത്തെ പ്രമുഖ ജൈവകർഷകനായ കണ്ണേട്ടൻ ചോളപ്പൂനൽകി സ്വീകരിച്ചു.ബഹു, മന്ത്രി മേള വീക്ഷിക്കുന്നു
.
നല്ല കുമ്പളങ്ങ,ഒരെണ്ണം വാങ്ങിയാലോ...
25 രൂപ തന്ന് ബഹു. മന്ത്രി ഒരു കുമ്പളങ്ങ വാങ്ങി.75 രൂപ സംഭാവനയും തന്നു.


ബഹു.മന്ത്രി മേളയിൽ സംസാരിയ്ക്കുന്നു.സന്ദർശകഡയറിയിലെ മന്ത്രിയുടെ കുറിപ്പ്


കേരളത്തിലെ പ്രമുഖ ജൈവ കൃഷി വിദഗ്ധനും, ഒരേഭൂമി ഒരേ ജീവൻ മാസികയുടെ പത്രാധിപരുമായ ശ്രീ. കെ.വി. ശിവപ്രസാദ് മാസ്റ്റർ ക്ലാസ്സെടുക്കുന്നുമേളയിലെ തിരക്ക്..ചില ദൃശ്യങ്ങൾ.

നങ്ങളുടെ പ്രതികരണം അത്ഭുതകരമായിരുന്നു..സാധനങ്ങൾ പെട്ടെന്ന് തീർന്നു..ഒരുപാടുപേരെ മടക്കേണ്ടിവന്നു..ആഴ്ച്ചച്ചന്ത തുടങ്ങിക്കൂടെ മാസത്തിലൊരു ചന്ത നടത്തിക്കൂടെ എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ...ഓണത്തിനു ശേഷം ഞങ്ങൾ ആ വഴിയ്ക്ക് ശ്രമിയ്ക്കുന്നുണ്ട്...വിഷവിമുക്തമായ ഒരു ലോകത്തിനായി, വിഷം സമ്മാനിയ്ക്കുന്ന ബുദ്ധിമാന്ദ്യവും മാരകരോഗങ്ങളും ജനിതകവൈകല്യങ്ങളും ഒന്നുമില്ലാതെ പുഞ്ചിതൂകി ഓടിച്ചാടിക്കളിയ്ക്കുന്ന കുഞ്ഞുങ്ങളുള്ള ഒരു ലോകത്തിനായുള്ള വലിയ ഒരു പോരാട്ടമാണിത്..എല്ലാവരും പങ്കാളികളാകേണ്ട ഒരു അതിമഹത്തായ പോരാട്ടം..

Thursday, April 28, 2011

വിഷം തീണ്ടുന്ന മനുഷ്യജീവിതങ്ങൾ......
സ്വരക്ഷയ്ക്കായി ഇത്തിരി വിഷം, അതും ചവിട്ടിയാലോ ഉപദ്രവിച്ചാലോ മാത്രം ആക്രമിക്കുന്ന ഒരു സാധുവിന് ,ദൈവം കൊടുത്തു എന്നതിനാൽ കാണുന്നിടത്തുവച്ച് വിഷമുള്ളതും ഇല്ലാത്തതുമൊക്കെയായ സർവ്വ പാമ്പുകളെയും കൊന്നൊടുക്കുന്നവനാണ് മലയാളി...എന്നിട്ട് ഇതേ മലയാളി തന്നെ ഈ പാമ്പിൻ വിഷത്തെക്കാൾ എത്രയോ മടങ്ങ്  മാരകമായ എന്റോസൾഫാനും അതിനേക്കാൾ ഏറിയും കുറഞ്ഞും മാരകഗുണങ്ങളുള്ള നിരബധി വിഷങ്ങളും ചേർന്ന ഭക്ഷണസാധനങ്ങൾ കഴിച്ചുകൊണ്ടിരിക്കുന്നു...പിഞ്ചു മക്കളുടെ വായിലേയ്ക്ക് സ്നേഹപൂർവ്വം വച്ചുകൊടുക്കുന്ന ചോ‍റിലും പച്ചക്കറികളിലും പഴങ്ങളിലും ചോക്കലേറ്റുകളടക്കം വായിലിട്ടുകൊടുക്കുന്ന ബേയ്ക്കറി പായ്ക്കറ്റ് സാധനങ്ങളിലുമൊക്കെയടങ്ങിയ മാരകവിഷങ്ങൾ....,ഒപ്പം  ജീവികളുടെ ചീഞ്ഞ ശരീരഭാഗങ്ങളിൽ  മാരകമായ മെർകുറിയും  മറ്റും ചേർത്ത് അതിമാരക രോഗാണുക്കളെ കൾച്ചർ ചെയ്തുണ്ടാക്കുന്ന പൾസ് പോളിയോ വാക്സിൻ, മന്തുഗുളികാദി  വിപത്തുകളേയും  സ്നേഹപൂർവ്വം നൽകാ‍നും മാത്രം ചിന്താശേഷി നശിച്ച തികച്ചും പ്രതികരണമില്ലാത്ത ഒരു തലമുറയാണ് മലയാളി!!!...
ലയാളി തന്നെയാണ് എന്റോസൾഫാനെയും മറ്റെല്ലാ മാരകവിഷങ്ങളേയും തങ്ങളുടെ ജീവിതത്തിൽ കുടിയിരുത്തുന്നത്...അവന് എന്തുകൊണ്ട് ജൈവകൃഷി ചെയ്തുകൂട? കീടനാശിനികളല്ല ,മണ്ണാണ് കൃഷിയുടെ വിജയവും പരാജയവും നിശ്ചയിക്കുന്നത്. മണ്ണിനെ ജൈവ വളങ്ങൾ ചേത്ത് സന്തുലിതമാക്കുക..100% സന്തുലിതമായ മണ്ണിൽ വളരുന്ന ഒരു ചെടിയേ ആക്രമിച്ചു നശിപ്പിക്കാൻ ഒരു കീടത്തിനുമാവില്ല...അതുപോലെ പ്രതിരോധശേഷിയെന്നത് മനുഷ്യ്യനോ മറ്റേതെങ്കിലും ജീവികൾക്കോ മരുന്നുകൊണ്ട് ലഭിക്കുന്നതല്ല:  ആരോഗ്യമുള്ള ശരീരത്തെ ആക്രമിച്ചു കീഴടക്കാൻ ഒരു രോഗാണുവിനുമാവില്ല...ജീവിതരീതി, ഭക്ഷണശീലങ്ങൾ എന്നിവ പ്രകൃത്യനുസൃതമാക്കുക...രോഗങ്ങൾ പമ്പ കടക്കും..വെറുതേ പറയുന്നതല്ല..ഞങ്ങളുടേയും മറ്റനേകം പേരുടേയും അനുഭവമാണ്..


തിരക്കെന്നും സമയമില്ലെന്നും പറഞ്ഞ് പണമുണ്ടാക്കാൻ നെട്ടോട്ടമോടുമ്പോൾ രോഗങ്ങളാണ് സമ്പാദിക്കുന്നത്.ആരോഗ്യം നഷ്ടപ്പെടുത്തിയിട്ട് മറ്റെന്തു നേടീയിട്ടെന്ത് പ്രയോജനം?...അതിനാൽ മലയാളി പൊളിച്ചെഴുതുക ജീവിതചര്യകളെ...ബേയ്ക്കറികളെ ബഹിഷ്ക്കരിക്കുക..വീട്ടിൽ പരമാവധി സാധനങ്ങൾ കൃഷിചെയ്തുണ്ടാക്കുക..അതിന് അധികം സമയമൊന്നും വേണ്ടിവരില്ല.രാവിലേയും പറ്റുമെങ്കിൽ വൈകീട്ടും ഓരോ അരമണിക്കൂർ ചെലവിട്ടാൽ മതി..കുടുംബത്തിലെ എല്ലാവരും ഒരു ജീവിതരീതിയായി ഇതു ചെയ്യണം..നമ്മുടെ മഹത്തായ, നമ്മൾ കളഞ്ഞുകുളിച്ച ഒരു സംസ്കാരമാണിത്...


കുട്ടികളെ ,മുതിർന്നവരേയും ശരിയായ ,ശരീരത്തിനു ഹാനികരമല്ലാത്തതും ആരോഗ്യവും ബുദ്ധിശക്തിയും അഴകുമൊക്കെ നൽകുന്ന ആഹാരശീലങ്ങളിലേയ്ക്ക് തിരിച്ചുകൊണ്ടുവരിക...അതിനായി അടുക്കളകളും അടുക്കളത്തോട്ടങ്ങളും സജീവമാകട്ടെ...


പ്പം ചിന്തിക്കുക,ഗവർമെന്റ്  ,കൃഷിവകുപ്പ്, പ്ലാന്റേഷൻ കോർപ്പറേഷൻ ,ആരോഗ്യവകുപ്പ് തുടങ്ങിയ ഏജൻസികളിലൂടെ  നമ്മേയും നമ്മുടെ മക്കളേയും നശീപ്പിക്കാനായി, ബഹുരാഷ്ട്ര കമ്പനികൾക്കും മറ്റും കോടികൾ കൊയ്യാനായി ,കമ്മീഷൻ കിട്ടാനായി നടത്തുന്ന പിണിയാൾ പണികളെ തിരിച്ചറിയുക...അവയുടെ കുരുക്കുകളിൽ ഇരയായി വീണു കൊടുക്കാതിരിക്കുക..ശക്തമായി അവയ്ക്കെതിരെ ഒന്നടങ്കം പ്രതിരോധിയ്ക്കുക...ഒരു ജനത ഉണർന്നുകഴിഞ്ഞാൽ ഒരു സ്വേച്ഛാധിപതിയ്ക്കും ഒന്നും ചെയ്യാനാവില്ല...എന്റോസൾഫാനുകൾ ഇനിയൊരിക്കലും ആവർത്തിക്കാതിരിക്കട്ടെ...
അയൂബ്.വയസ്സ് 35..പക്ഷെ...
മരിച്ചു ജീവിക്കുന്ന ....മരണത്തേക്കാൾ വേദനാജനകമായ ജീവിതങ്ങൾ നയിക്കാൻ, കോടികളിൽമാത്രം  ലാഭക്കണ്ണൂള്ള കീടനാശിനി ഉത്പാദകരും വിപണനക്കാരും അവരെ മാത്രം തുണയ്ക്കുന്ന ഭരണകൂടവുംചേർന്ന്  വിധിയെഴുതിയ മനുഷ്യജീവനുകളെ സാക്ഷിയാക്കിക്കൊണ്ട്, മനസ്സാക്ഷി മരവിക്കാത്തവർക്ക് ദൃഡപ്രതിജ്ഞയെടുക്കാം..വിഷങ്ങൾക്കെതിരെ....

ഉണ്ണീകൃഷ്ണൻ .കഴുത്ത് നേരെ വയ്ക്കാൻ പറ്റില്ല.നടക്കില്ല .മിണ്ടില്ല..


 

ധന്യ 15വയസ്സ്...കൈകാലുകൾ വളഞ്ഞു പിരിഞ്ഞിരിക്കുന്നു...സുകേഷ്..30 വയസ്സ്..വീൽചെയറിൽ തന്നെ ജീവിതം...ഒരാൾ എപ്പോഴും അടുത്തു വേണം...ആകെ കിട്ടുന്നത് 300 രൂപ വികലാംഗ പെൻഷന്മാത്രം..

ഗോപി.39 വയസ്സ്.. നൂറു ശതമാനം മാനസിക വൈകല്യവും ബുദ്ധിമാന്ദ്യവുംകണ്ണൻ .ഗുരുതരമായ ത്വഗ് രോഗം

അഭിനവ് 9 വയസ്സ്...ഇരിക്കാനും നിൽക്കാനും കിടക്കാനും പറ്റാതെ...

ത് ഒരു ചെറു പട്ടികമാത്രം...ആയിരങ്ങളിലേയ്ക്കു നീളുന്ന പട്ടികയിലെ ചിലർ മാത്രം...അവർക്കായി ചെയ്തുകൊടുക്കാനാകുന്നതൊക്കെയും നൽകുക, മാനവികത എന്ന വാക്കിന്റെ അർഥമറിയുന്നവർ...ഇവരെ ഇങ്ങനെയാക്കിയവർക്കും അതിനു കൂട്ടുനിൽക്കുന്നവർക്കുമെതിരെ കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുക...ഇനി നാളെ നമ്മുടെ പ്രിയപ്പെട്ടവർക്കോ നമുക്കോ ഇങ്ങനെ വരാതിരിക്കാനും...പ്രതിരോധിക്കുക...

Wednesday, March 2, 2011

ജോൺ....നികത്താനാകാത്ത നഷ്ടം...
വിശ്വസിക്കാനേയാകുന്നില്ല..ജോൺ മരിച്ചെന്ന്... കഴിഞ്ഞ ജനുവരിയിൽകൂടി രണ്ടുതവണ അദ്ദേഹം കണ്ണൂരിൽ വന്നതായിരുന്നു...75 വയസ്സിന്റെ ക്ഷീണമേതും കാട്ടാതെ എത്ര ചുറുചുറുക്കോടെയാണദ്ദേഹം എൻഡോസൾഫാനെതിരെ പെരിയവരെ നടന്ന യാത്രയിലും തുടർന്ന നിരാഹാ‍രത്തിലും പങ്കെടുത്തത്...

തിനു മുമ്പ് , ഹിരോഷിമാദിനത്തിലാരംഭിച്ച നാലു ദിവസം നീണ്ട, കീടനാശിനികൾ എന്ന ജീവനാശിനികൾക്കെതിരെ  നിരാഹാരത്തിൽ അദ്ദേഹം പങ്കെടുത്തതും കണ്ണൂരിലായിരുന്നു..


പിന്നെ,  രാഷ്ട്രീയ ഭരണ പൊതുരംഗങ്ങളിലും സ്വകാര്യമേഖലകളിലും വ്യക്തിജീവിതങ്ങളിലും സർവ്വത്ര പടർന്നുകയറിയ അഴിമതിക്കെതിരെ നിരാഹാര സത്യഗ്രഹത്തിൽ പങ്കെടുത്ത് അദ്ദേഹം പ്രസംഗിച്ചത് വളരെയേറെ ഊർജ്ജസ്വലതയോടെയായിരുന്നു.ഞങ്ങൾക്കൊക്കെ അദ്ദേഹം ഏറെ ഊർജ്ജം പകർന്നേകി..വലിയൊരു മലയ്ക്കെതിരെ കുറേ കല്ലുകൾ വലിച്ചെറിഞ്ഞെങ്കിലും പ്രതികരിച്ചുനോക്കാൻ അഴിമതിവിരുദ്ധകൂട്ടായ്മയ്ക്ക് തുടക്കമിട്ടപ്പോൾ സർവ്വ ആശീർവ്വാദവും തന്ന ജോൺ ,പിന്നെയും തുടരുന്ന നിരവധി സമരങ്ങളിൽ ഞങ്ങളേപ്പോലുള്ളവർക്ക് ശക്തി പകരേണ്ട ജോൺ  ....   ഈ  വേർപാട് തീരാനഷ്ടം തന്നെയാണ്..


സംശുദ്ധജീവിതത്തിന്റെ തേജസ്സാർന്ന പ്രതിരൂപമായിരുന്നു ജോൺ .രാഷ്ട്രീയക്കാരനായിരുന്നിട്ടും മറ്റൊരു രാഷ്ട്രീയക്കാരനും അവകാശപ്പെടാനാകാത്ത ഒരു ഗുണം അദ്ദേഹത്തിനുണ്ടായിരുന്നു,സ്ഥാനമാനങ്ങളോടുള്ള ആർത്തിയില്ലായ്മ...ഒപ്പം ധനാ‍ർത്തിയില്ലായ്മ, എളിമ..ലാളിത്യം,സഹജീവിസ്നേഹം,നിസ്വാർഥത.....നീളുന്നു ഈ പട്ടിക...ജോണിനു പകരം വയ്ക്കാൻ മറ്റാരുമില്ല...

ഹൃദ്രോഗബാധിതനായി, അലോപ്പതി ഡോക്ടമാർ കയ്യൊഴിഞ്ഞതായിരുന്നു ഒരിക്കൽ ജോണിനെ..‘ഇനി നിങ്ങൾക്ക് ഇത്രമാസം കൂടിയേ ആയുസ്സുള്ളൂ‘.എന്നു പറഞ്ഞ് ,പ്രതീക്ഷിക്കാനേറെയില്ലാത്ത ഒരു സർജ്ജറി നിർദേശിച്ച അവരുടെ മുറിഅറിവിൽനിന്ന് രക്ഷപ്പെട്ട് ,പ്രകൃതിജീവനത്തിൽ അഭയംനേടാനായത് ജോണിന് പിന്നെയും ഏറെ വർഷങ്ങൾ ജീവിതം തിരിച്ചുകിട്ടാൻ സഹായിച്ചു..ആയുസ്സിനിയില്ല എന്നു പറഞ്ഞ ഡോക്ടൽ തന്നെ, ജോൺ നിങ്ങൾ പൂർണ്ണാരോഗ്യവാനാണ് എന്നു സാക്ഷ്യപ്പെടുത്തിക്കൊടുത്തു..

ല്ലാ അസുഖങ്ങളും ശരീരത്തിൽ അനാവശ്യവസ്തുക്കൾ കണക്കിലേറെ അടിയുന്നതിന്റെ പരിണിത ഫലങ്ങൾ മാത്രമാണെന്നും,ആഹാരക്രമീകരണം, അല്പം യോഗ,വെയിൽ കായൽ തുടങ്ങിയ നിസ്സാരമായ ചില പ്രവർത്തനങ്ങളിലൂടെ ഈ അഴുക്കുകളെ പുറംതള്ളി ശുദ്ധീകരിക്കാനുള്ള അവസരം ശരീരത്തിനുനൽകുക മാത്രമേ നാം ചെയ്യേണ്ടതുള്ളൂവെന്നും പറഞ്ഞുതരുന്ന ,ശരീരത്തിന് സ്വയം ഏതു കേടുപാടും ശരിയാക്കാനുള്ള ശക്തിയുണ്ടെന്നും നാം ശരീരത്തെ അതിനനുവദിക്കുക മാത്രം ചെയ്താൽ മതിയെന്നു പഠിപ്പിക്കുന്ന പ്രകൃതിജീവനത്തിന് അദ്ദേഹം ഏറ്റവും നല്ല ഒരു ഉദാഹരണമായിരുന്നു....

രു ചികിത്സാവിധിയല്ല,ഒരു ജീവിതരീതിയാണ് പ്രകൃതിജീവനം.നിഷ്ഠകൾ കടുകിട തെറ്റിക്കാതെ പിന്തുടരണം ഒരിക്കൽ രോഗം മാറിയവർ....വീണ്ടുമൊരിക്കൽകൂടി രോഗം തിരിച്ചുവന്നാൽ പിന്നെ രക്ഷ അസാധ്യമാണ്....ജോണാണെങ്കിൽ ഒരു നിമിഷമ്പോലും വിശ്രമിക്കാതെ ഏറെ തിരക്കേറിയ ഒരു ജീവിതമാണു പിന്നെയും തുടർന്നത്...അദ്ദേഹത്തിൽ അവശേഷിച്ചതിലും അധികം ജീവശക്തി അദ്ദേഹം നിരന്തരമായ യാത്രകളിലും പ്രസംഗങ്ങളിലുമായി ഉപയോഗിച്ചു...അദ്ദേഹത്തിനാവില്ലായിരുന്നു വെറുതെയിരിക്കാൻ....

ങ്കിലും ആശിച്ചുപോകുന്നു...അദ്ദേഹം കുറച്ചു വിശ്രമിച്ചിരുന്നെങ്കിൽ....കുറേക്കാലം കൂടി നമുക്കിടയിൽ ഉണ്ടായിരുന്നെങ്കിൽ...ഒരിക്കലും വാടാത്ത ഒരായിരം സ്നേഹപുഷ്പങ്ങൾ ആ സ്മരണയ്ക്കു മുമ്പിൽ അർപ്പിച്ചുകൊണ്ട്....

Friday, February 11, 2011

ഇതാണ് കേരളം !!!......


 ഭാസ്ക്കരൻ വെള്ളൂർ പരിയാരം മെഡിക്കൽ കോളേജിൽ

രിസ്ഥിതിയെന്നത് ആരുടെയെങ്കിലും സ്വകാര്യസമ്പത്തല്ല... എല്ലാ ജീവജാലങ്ങൾക്കും സുഖമായി ജീവിക്കാൻ സുസ്ഥിരവും സന്തുലിതവുമായ ഒരു പരിസ്ഥിതി ആവശ്യമാണ്...പരിസ്ഥിതി പ്രവർത്തനം  നടത്തേണ്ടത്  ആ ലേബൽ കിട്ടിയിട്ടുള്ള ചിലരുടെ മാത്രം ജോലിയല്ല..ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റേയും കടമയാണിത് . മനുഷ്യൻ ഒഴികേയുള്ള എല്ലാ ജീവികളും പരിസ്ഥിതിയെ  സംരക്ഷിച്ചുകൊണ്ടും  അതിന് പോറലൊന്നുമേൽക്കാതെയുമാണ് ജീവിക്കുന്നത്...

ന്നാൽ ഇതൊന്നുമോർക്കാതെ ഭൌതികസുഖങ്ങൾ വർധിപ്പിക്കാ‍നും ലക്ഷങ്ങളിൽ നിന്ന് കോടികളിലേയ്ക്ക് ബാങ്ക് ബാലൻസ് വർധിപ്പിക്കാനും വേണ്ടി ജീവൻ നിലർത്താൻ അത്യാവശ്യമായ  കാടും കുന്നും വയലും പുഴയും  കണ്ടൽക്കാടുകളും ,ഒപ്പം വൈവിധ്യമാർന്ന സസ്യജന്തുജാതികളുടെ പാരസ്പര്യവും ഒക്കെ അത്യാവശ്യമാണെന്നു മനസ്സിലാക്കിയ ചിലർ  ,അവയുടെ നാശം ഭാവിതലമുറയുടെ നാശമാണെന്നു തിരിച്ചറിഞ്ഞ്  സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ  ; ആവശ്യത്തിലേറെ പണം, വിലയ്ക്കെടുക്കാവുന്ന ചാനൽ പത്ര മാധ്യമങ്ങളും ജുഡീഷ്യറിയും, പണവും മദ്യവും ജോലിയുമൊക്കെ നൽകി ആരെയും കൈകാര്യം ചെയ്യാനായി തയ്യാറാക്കി നിർത്തുന്ന അനുയായികൾ എന്ന ക്വട്ടേഷൻ സംഘങ്ങൾ ,ഇവയ്ക്കെല്ലാമുപരി അധികാരത്തിന്റെ പിൻബലവും ഉപയോഗിച്ച് ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെ മുടിച്ചു തകർക്കുകയാണ്...

ണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി എന്ന പ്രതിബദ്ധതമാത്രം കൈമുതലായുള്ള സത്യത്തിൽ അടിയുറച്ച് പ്രവർത്തിക്കുന്ന കൊച്ചു സംഘടനയുടെ പ്രവർത്തകരെ  ഈ ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടിന് വളരെയേറെ പേടിയുണ്ട്..കാരണം അവർ ഉയർത്തുന്ന ഓരോ പ്രതിരോധവും പ്രകൃതിയെ കൊള്ളയടിക്കുന്നവരെ ഞെട്ടിക്കുന്നവയാണ്...സത്യത്തിന്റെ ശക്തി...അതു സഹിക്കാൻ പറ്റാതാകുമ്പോൾ,  ആശയങ്ങൾ ഒന്നും അതിനെ നേരിടാനായി ഇല്ലാതിരിക്കുമ്പോൾ  കൈയൂക്കുകൊണ്ട് കാര്യം നേടുകതന്നെ... അതാണിപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്...

ണ്ണൂർ ജില്ലാ പരിസ്ഥിതിയുടെ ആ ഉപവാസവും അതിനെ ഭീകരമായി മർദ്ദിച്ചൊതുക്കിയതുമാണ് യഥാർഥത്തിൽ കണ്ടൽ പാർക്ക് പൂട്ടാൻ കാരണമെന്ന് ഇക്കോ ടൂറിസക്കർക്കും അവരെ പിന്തുണക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്കുമറിയാം...അതു മാത്രമല്ല അവരാണ്  പരിസ്ഥിതി സമിതി ,നാട്ടുകാരുടെ സഹായാഭ്യർഥന കേട്ടും  സ്വയം കണ്ണിൽ പെടുമ്പോഴും ഇടപെടുന്ന മിക്ക പ്രശ്നങ്ങളിലും മറ്റെത്തലയ്ക്കൽ ഉണ്ടാവുക..അതിനാൽ സമിതിയുടെ പ്രവർത്തകരെ എങ്ങനെയും ഒതുക്കിയാലേ  തങ്ങളുടെ കോടികളേറുന്ന സാമ്രാജ്യം യാതൊരു പ്രശ്നവുമില്ലാതെ  കെട്ടിപ്പൊക്കാനാകൂ ...അതിനാലവർ നിരന്തരമായി  സമിതിപ്രവർത്തകരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്..

 


 ഭാസ്ക്കരനെ ആക്രമിച്ചതിൽ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ രമേശൻ മാമ്പ പ്രസംഗിക്കുന്നു

തിലേറ്റവും ഒടുക്കം നടന്ന രണ്ടു കാര്യങ്ങളാണ്  രമേശൻ മാമ്പ, ഭാസ്കരൻ വെള്ളൂർ എന്നിവർക്കു നേരെ നടന്നിരിക്കുന്നത്..പൊതു സ്ഥലം ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കൈയ്യേറി, കുന്നിടിച്ച് നശിപ്പിക്കുമ്പോൾ തടഞ്ഞ രമേശനെ ജെസിബി  ടിപ്പർ മാഫിയ മൊബൈൽ ഫോൺ തട്ടിയെടുത്ത് അദ്ദേഹം വിളിക്കുകയാ‍യിരുന്ന ആർ.ഡി.ഓ വിനെ വരെ തെറി പറഞ്ഞു..കേസു വന്നപ്പോൾ രമേശനെ ടിപ്പർ കയറ്റി കൊല്ലാൻ ശ്രമിച്ചു...റോഡിൽനിന്നും ചാടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി..

ഴയങ്ങാടിയിലെ വളരെ നല്ല ഒരു കുന്നായിരുന്നു കാപ്പുങ്ങൽകുന്ന്..പാർട്ടി ബ്രാഞ്ച് സെക്രട്ടറി  ഈ കുന്നു വിലയ്ക്കു വാങ്ങി മണ്ണുവിൽ‌പ്പന തുടങ്ങിയപ്പോൾ ആദ്യം സ്ഥലവാസികൾ എതിർത്തിരുന്നു...രണ്ടു സെന്റ് സ്ഥലം ഒരു ക്ലബ്ബുണ്ടാക്കാനായി നൽകാം എന്നു പറഞ്ഞപ്പോഴേയ്ക്ക് അവരുടെ പ്രതിഷേധം ഇല്ലാതായത്രെ!!...ഒരു നാടിനു മുഴുവൻ സമ്പന്നതയേകേണ്ട ,തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കുടിവെള്ളവും  ജീവിതവുമേകേണ്ട ,നാട്ടിന്റെ കാർഷികസുരക്ഷയ്ക്ക് കാവലാകേണ്ട  കുന്നിന് ഇത്രമാത്രമേ അവർ വില കണ്ടുള്ളൂ....

നാട്ടുകാരനായ ഒരു പോലീസുകാരന്  ഒരു എ.എസ്.ഐ.യ്ക്ക് ഇതൊന്നും സഹിക്കാനായില്ല..സാധാരണ പോലീസുകാർ ചെയ്യാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു..തന്റെ നാടിനെ പണക്കൊതി മൂത്ത ചിലർ നശിപ്പിക്കുന്നതു കണ്ട് സഹിക്കാനാകാതെ അദ്ദേഹം  സഹായത്തിനായി പരിസ്ഥിതിസമിതിയുടെ ഭാസ്ക്കരൻ വെള്ളൂരിനെ സമീപിച്ചു.. സ്ഥലം കാണാൻ വരണമെന്നും എങ്ങനെയും ആ പാതകം അവസാനിപ്പിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഇത്തരം സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകരുതെന്ന ഞങ്ങളുടെയൊക്കെ മുന്നറിയിപ്പ്  ഭാസ്കരൻ മറന്നുപോയി .കുന്നിടിക്കൽ തടയാനൊന്നുമായിരുന്നില്ല ,എന്താണു സംഭവിക്കുന്നതെന്ന് കണ്ടുപഠിക്കാനും തന്റെ കൊച്ചു ക്യാമറയിൽ കുറച്ചു ഫോട്ടോകൾ എടുക്കാനുമത്രെ അദ്ദേഹം ചെന്നത്..അതിന് ഒറ്റയ്ക്ക് പോയാലെന്താ എന്ന് അദ്ദേഹം ചിന്തിച്ചുകാണും ...

പോലീസുകാരനൊപ്പം കുന്നിൽ കയറിയ ഭാസ്കരനെ ബ്രാഞ്ച് സെക്രട്ടറിയും മധുസൂദനൻ എന്ന ഒരാളും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു...റബ്ബർ വെട്ടുന്ന കത്തി കൊണ്ട് കുത്തിമലർത്താനായിരുന്നു നീക്കം ..മണ്ണിൽ ഉരുണ്ട്  ഒരുവിധം ഭാസ്കരൻ കത്തിയിൽനിന്ന് ഒഴിഞ്ഞുമാറി..പിന്നെ അദ്ദേഹത്തെ ചവിട്ടുകയും അടിക്കുകയും ചെയ്തു.കയ്യിലുണ്ടായിരുന്ന ക്യാമറ തട്ടിയെടുത്ത് തല്ലിപ്പൊട്ടിച്ച്,അതിന്റെ കഷണങ്ങളും എടുത്ത് സ്ഥലം വിട്ടു..പോലീസുകാരൻ ഭാസ്കരനെ പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കി...

തൊഴിൽ രഹിതനായ ഭാസ്കരന് ഒരു ബന്ധു സമ്മാനിച്ച ആ ക്യാമറ ഏറേ സഹായമായിരുന്നു..പന്ത്രണ്ടായിരം രൂപ വില വരുന്ന ആ ഡിജിറ്റൽ ക്യാമറ പലതും നേരിട്ടു പകർത്താനുള്ള ഏക സഹായമായിരുന്നു.അതാണ്  തല്ലിത്തകർത്തത്..പാപ്പിനിശ്ശേരി സംഭവത്തിൽ സമിതിക്ക് ആകെയുണ്ടായിരുന്ന ഹാൻഡ് മൈക്ക് സെറ്റ് അടിച്ചുതകർത്ത കാര്യവും ഇവിടെ ഓർക്കേണ്ടതാണ്.സമിതിയ്ക്കിന്നും മൈക്ക് വാങ്ങാനായിട്ടില്ല.ഫണ്ടുകളൊന്നും സ്വീകരിക്കാത്ത, ഫണ്ടഡ് സംഘടനകളുടെ പ്രവർത്തന പരിമിതി ബാധിക്കാതിരിക്കാൻ വേണ്ടി റജിസ്റ്റർ പോലും ചെയ്യാതെയിരിക്കുന്ന സംഘടനയാണ് പരിസ്ഥിതി സമിതി..

  കാര്യത്തിന്റെ ഭീകരത ഇവിടെ അവസാനിക്കുന്നില്ല...തന്നെ ആക്രമിച്ചവർക്കെതിരെ ഭാസ്കരൻ കൊടുത്ത പരാതി പിൻ വലിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണിപ്പോഴവർ ..ബ്രാഞ്ച് സെക്രട്ടറിയും മധുസൂദനനും തങ്ങളെ ഭാസ്കരനും പോലീസുകാരനും ചേന്ന് ആക്രമിച്ചു എന്നും പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായത്രെ...എന്നിട്ട് അവർക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്.!!!പോലീസുകാരനെ നന്നായി പേടിപ്പിക്കുകയും ചെയ്തു....ജോലി കളയിക്കും എന്നാണ് ഭീഷണിയത്രെ...അദ്ദേഹത്തെ സസ്പെന്റ് ചെയ്യുമെന്നും കേൾക്കുന്നു..എന്താണയാൾ അതിനായി ചെയ്ത തെറ്റെന്നോ!!നാടിനെ രക്ഷിക്കാൻ ശ്രമിച്ചു എന്നുമാത്രം..വെറുതെയാ സ്ഥലത്തു നിന്നയാ‍ളിനെതിരെയാണ് ആക്രമിച്ചു എന്നും പറഞ്ഞ് കള്ളക്കേസെടുത്ത് ദ്രോഹിക്കാൻ തുടങ്ങുന്നത്..ഇത് ആരുമിനി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാതിരിക്കാൻ പേടിപ്പിച്ച് പിന്തിരിപ്പിക്കൽ എന്ന തന്ത്രമാണ്...   

പോലീസുകാരന്റെ അനുജൻ പേടിച്ച് ഭാസ്കരന്റെ വീട്ടിലേയ്ക്കു ചെന്നു.ഒരു സാധാരണ വീട്ടമ്മയായ ഭാസ്കരന്റെ ഭാര്യ മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ...കേസ് പിൻ വലിച്ചില്ലേങ്കിൽ തന്റെ ജ്യേഷ്ഠന്റെ ജോലി പോകും എന്നയാൾ അവരോടു പറഞ്ഞു... കാര്യം ഒതുക്കി തീർക്കണമത്രെ...

താണ് കേരളത്തിന്റെ അവസ്ഥ.. ഒരു കുന്നിന്റെ ഫോട്ടോ എടുക്കാൻ പോയതിനാണ് ഒരാൾക്ക് ഇതൊക്കെ സഹിക്കേണ്ടി വന്നിരിക്കുന്നത്..
കേരളീയർ ഇനിയും  ഇതിനെതിരെയൊന്നും പ്രതികരിക്കാതെ ഈ രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടിന്റെ  ഫാസിസക്കോപ്രായങ്ങൾ സഹിക്കാനാണോ ഭാവം?...അവസാനത്തെ കുന്നും ടിപ്പറിലേറി, അവസാന തണ്ണീർത്തടവും നികത്തി ഒരു മരുഭൂവാക്കി കേരളത്തെ മാറ്റുന്നത് നിസ്സംഗരായി എല്ലാവർക്കും ഇനിയും നോക്കിയിരിക്കാം..നോക്കിയിരിക്കാൻ പറ്റാത്തവർ ഇങ്ങനെ അടിയും ഇടിയും ചവിട്ടും കുത്തുമൊക്കെയേറ്റ് രക്തസാക്ഷികളാകാം...ഇതാണ് സാക്ഷരസുന്ദര കേ രളം...