Friday, February 28, 2014

സേവനമെന്നാല്‍ സ്നേഹമാണ്....


തലച്ചോറ് പണയം വയ്ക്കാത്തവര്‍ക്കും  ആരുടെയെങ്കിലും ഹിപ്നോട്ടിസത്തിന് അടിമയാകാത്തവര്‍ക്കും അവനവന്റെ സ്വതന്ത്ര നിരീക്ഷണങ്ങളും ബോധ്യപ്പെടലുകളുമായി ഇവിടെ ജീവിയ്ക്കാന്‍ പൂര്‍ണ്ണസ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്കുന്നുണ്ട് .. അതുപ്രകാരം , മാധ്യമങ്ങള്‍ കൊട്ടിപ്പാടി വാനോളമുയരത്തില്‍ പ്രതിഷ്ഠിച്ചാലും ,അവാര്‍ഡുകളും സ്ഥാനമാനങ്ങളും ആവോളം ലഭിച്ചാലും , ധനത്തിന്റേയും ഗുണ്ടാപടയുടേയും അധികാര പിന്‍ബലങ്ങളുടേയും മറ്റും   ശക്തിയാല്‍ താന്‍ വിമര്‍ശനാതീതനാണ്/അതീതയാണ് എന്ന്‍ ആരെങ്കിലും ഞെളിഞ്ഞാല്‍ ,....അവരെ വിമര്‍ശിയ്ക്കുന്നവര്‍ക്കെതിരെ പടവാളുമായി അവരെ പിന്തുണയ്ക്കുന്നവര്‍ വന്നാല്‍ നമ്മള്‍   ഭയക്കേണ്ടതില്ല . ഭീരുവായി നൂറുവര്‍ഷം ജീവിയ്ക്കുന്നതിനേക്കാള്‍ ധീരയായി ഒരു ദിവസം ജീവിച്ചാല്‍ മതി  ...... 

  സേവനം ചെയ്യാന്‍   സന്യാസനാമമോ വേഷമോ ധരിയ്ക്കണമെന്നില്ല.   അതില്ലാതെ തന്നെ നിഷ്കാമ കര്മ്മം അനുഷ്ഠിക്കാനും  , ഈ ഭൂമിയില്‍ മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങളേയും സേവിയ്ക്കാനും സ്നേഹിയ്ക്കാനും കഴിയും എന്നതിനാല്‍ ,അത്തരം പുറംപൂച്ചുകള്‍ ആവശ്യമില്ല  .. മാത്രമല്ല എല്ലാറ്റിനേയും എല്ലാവരേയും സ്നേഹിയ്ക്കുക എന്നതാണു  യഥാര്‍ത്ഥ ഈശ്വരഭക്തിയെന്നും,  എല്ലാറ്റിനേയും എല്ലാവരേയും സേവിയ്ക്കലാണ് യഥാര്‍ത്ഥ ഈശ്വരസേവനമെന്നും കരുതി, യാതൊരു മതാചാരങ്ങളും അനുഷ്ഠിയ്ക്കാതെ ജീവിയ്ക്കാനും  , മതമില്ലാത്ത ആത്മീയതയാണ്  യഥാര്‍ത്ഥ ആത്മീയത  എന്നു മനസ്സിലാക്കി അതിനെ സ്വീകരിയ്കാനും കഴിയുമ്പോള്‍ ,    അയാള്‍ ഏറ്റവും ഉന്നതനായ മനുഷ്യനായി മാറുന്നു.. 

 ആരെയും   ആരാധിയ്ക്കലല്ല,എന്നാല്‍ ബഹുമാനീയരെ ആദരിയ്ക്കലാണ് പക്വതയുള്ള ,വിവേകമുള്ള മനുഷ്യര്‍ ചെയ്യേണ്ടത് .. നമുക്ക് ബഹുമാനിയ്ക്കാന്‍ അനുകരണീയരായ നിരവധി ഗുരുക്കന്മാര്‍ ഉണ്ട്.  ശ്രീനാരായണഗുരുവും ഗാന്ധിജിയും വിവേകാനന്ദനസ്വാമികളും തുടങ്ങി ഒരുപാടുപേരുണ്ട്.  കൂടാതെ മുഴുവന്‍ ജീവിതവും ആതുരസേവനത്തിനായി ഉഴിഞ്ഞുവച്ച  മദര്‍ തെരേസ്സയും, പിന്നെ മണ്ണിന്റെയും ജീവജാലങ്ങളുടെയും  സംരക്ഷണത്തിനായി ജീവിതം മുഴുവനായി സമര്‍പ്പിച്ച   ശിവപ്രസാദ് മാസ്റ്ററും ഒരു നദിയുടെ ജീവന്‍ രക്ഷിയ്ക്കാനായി സ്വന്തം ജീവന്‍ ബലി നല്കിയ  സ്വാമി നിഗമാനന്ദനുമൊക്കെ നമുക്ക് എന്നും വെളിച്ചം വിതറുന്ന വഴികാട്ടികളായുണ്ട് ..  ദയാഭായിയെപ്പോലെ എന്നും ഒരു സാധാരക്കാരിയായി നിന്ന്‍ സേവനം ജീവിതവ്രതമാക്കിയവര്‍ ഉണ്ട് .. ഇവരൊന്നും തന്നെ കൊട്ടാരങ്ങളും പരിചാരകവൃന്ദങ്ങളുമായി  നടന്നില്ല ..  കാല്‍കഴുകിയ്ക്കാന്‍ പ്രധാനമന്ത്രിമാരും മറ്റും  ഇവരെ തേടി വന്നില്ല .. ഇവര്‍ അധികാരത്തിന്റേതായ യാതൊന്നും സ്വന്തം ജീവിതവുമായി കൂട്ടിയിണക്കിയില്ല .. കാരണം അവര്‍ യഥാര്‍ത്ഥ ഗുരുക്കന്മാരായിരുന്നു .. യഥാര്‍ത്ഥ പൂജനീയര്‍ ആയിരുന്നു .. അങ്ങനെയുള്ളവര്‍ക്കു കെട്ടുകാഴ്ചകളെ അതിജീവിയ്ക്കാന്‍ / ഒഴിച്ച്നിര്‍ത്താന്‍ മാത്രം ശക്തി ഉണ്ടായിരിയ്ക്കും .അതില്ലാത്ത ദുര്‍ബലരാണ് കെട്ടുകഥകള്‍ പറഞ്ഞു പരത്തിയും അത്ഭുതശക്തികളെപ്പറ്റി പുസ്തങ്ങള്‍ എഴുതിച്ചുമൊക്കെ ഗുരുവാകാനും ദൈവമാകാനുമൊക്കെ വൃഥാ ശ്രമിയ്ക്കുന്നത് .. മാനസികമായി അവരെക്കാളും തീരെ ബലം കുറഞ്ഞ പലരെയും അവര്‍ക്ക് സ്വന്തം കെണിയില്‍പ്പെടുത്താനും സാധിച്ചേയ്ക്കും .. ഇക്കാലത്ത് ഇത്തരം  ദുര്‍ബലചിത്തര്‍ അധികമായതിനാല്‍ ,ഇത്തരം ആള്‍ക്കാരെ ചുറ്റിപ്പൊതിയാനും കാല്‍കഴുകി വെള്ളം കുടിയ്ക്കാനും സ്വന്തം സമ്പാദ്യമത്രയും അവര്‍ക്ക് സമര്‍പ്പിയ്ക്കാനും ജീവിതം വരെ അടിയറ വയ്ക്കാനുമൊക്കെ ധാരാളം ആള്‍ക്കാരെ കാണാം .. അവര്‍ ഒരു മൂഢലോകത്തില്‍ ജീവിയ്ക്കാന്‍  വിധിക്കപ്പെട്ട പാവങ്ങളാണ്... 

മാധ്യമങ്ങള്‍ക്കും    അധികാരസ്ഥാനങ്ങളില്‍ ഇരിയ്ക്കുന്നവര്‍ക്കും , കെട്ടിച്ചമയ്ച്ച വ്യക്തികളേയും അവര്‍ കെട്ടിപ്പൊക്കുന്ന സാമ്രാജ്യങ്ങളേയും കൊണ്ട് കുറേ കാര്യങ്ങള്‍ നേടാനുണ്ട് എന്നതുകൊണ്ടു മാത്രം അവര്‍ എപ്പോഴും   അത്തരക്കാരെ   പിന്തുണയ്ക്കുകയും ഇത്തരക്കാര്‍ഏത് നിയമവിരുദ്ധതചെയ്താലും സംരക്ഷിയ്ക്കുകയും ചെയ്യും  .... 

പാപങ്ങളുടെ രക്തക്കറകളാല്‍ കെട്ടിപ്പൊക്കപ്പെടുന്നവയാണ് ഇന്ന് കാണുന്ന മിക്ക ആശ്രമങ്ങളും അവയിലെ ആള്‍ദൈവങ്ങള്‍ എന്ന പരാമര്‍ശവുമായി കഴിയുന്നവരും .. അവിടങ്ങളില്‍ എന്തൊക്കെയാണ് നടന്നിരിയ്ക്കുന്നതെന്നും നടന്നുകൊണ്ടിരിയ്ക്കുന്നതെന്നും പലപ്പോഴായി സത്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട് .. അതുകൊണ്ടുതന്നെ ആശ്രമം എന്ന വാക്കിന്റെ അര്‍ഥത്തെ സ്വീകരിയ്ക്കാവുന്ന ആശ്രമങ്ങള്‍ ,ഇന്ത്യയില്‍ ഉള്ള ആയിരക്കണക്കിനാശ്രമങ്ങളില്‍ ,ഗാന്ധിജിയുടെ സബര്‍മതിയെപ്പോലെ,   വിരലിലെണ്ണാനുള്ളവ മാത്രമേ ഉള്ളൂ ... 

നമുക്ക് തീരെ പരിചയമില്ലാത്തവരാണെങ്കില്‍ പോലും ,  ആത്മീയമായ ഒരു ഔന്നത്യം നേടിയ ആളാണെങ്കില്‍  ഒറ്റനോട്ടത്തില്‍ തന്നെ അവരില്‍ നിന്നും ബഹിര്‍ഗമിയ്ക്കുന്ന ആത്മീയതയെ നമുക്കനുഭവപ്പെടും ..അത്തരക്കാരെ ജാതിമതഭേദമന്യേ ഏവരും ആദരിയ്കും . ആത്മീയമായി  സാധാരണയിലും  ഉയര്ന്ന നില കൈവരിച്ചവര്‍ക്ക്     , ഒരു വ്യക്തിയെ കണ്ടാല്‍ , അയാളുടെ ശരീരഭാഷയും കണ്ണുകളും മുഖഭാവവും ഒരഞ്ചു നിമിഷം ശ്രദ്ധിച്ചാല്‍ മനസ്സിലാകാനാകും അയാള്‍ എവിടെവരെ എത്തിനില്‍ക്കുന്നു എന്ന്‍ ..അതിനു 'വിശുദ്ധ നരകം' പോലെയുള്ള ഗ്രന്ധങ്ങള്‍ വായിക്കേണ്ട ആവശ്യമില്ല ..തനി സാധാരണക്കാരായ ആള്‍ക്കാരെപ്പോലും അമ്മയായും ദൈവമായും ഒക്കെ ആരാധിയ്ക്കാന്‍ ഇവിടെ ആള്‍ക്കാരുണ്ടെന്നത് കേരളം എത്രമാത്രം പിറകോട്ടാണ്സഞ്ചരിച്ചുകൊണ്ടിരിയ്ക്കുന്നത് എന്നതിന് തെളിവാണ്.. ഇവിടെ ശക്തരായ സാമൂഹിക പരിഷ്കര്‍ത്താക്കളുയ്ടെ അഭാവമാണ്ഇത് കാണിയ്ക്കുന്നത് . കേവലം ഒരു മഠത്തിനെതിരെയോ മറ്റൊ സോ ഷ്യല്‍ മീഡിയകളിലും മറ്റും വിമര്‍ശനങ്ങള്‍ വന്നത് കൊണ്ട് മാത്രം ഒന്നുമാകാന്‍ പോകുന്നില്ല .. സമൂഹത്തിന്‍റെ തായ് വേരുകളെ ബാധിച്ചിരിയ്ക്കുന്ന ജീര്‍ണ്ണതകള്‍ക്ക് ആഴത്തിലുള്ള ചികില്‍സകള്‍ തന്നെ വേണ്ടിവരും ... 

പൊതുവേ സന്ന്യാസിമാര്‍ നിര്‍മ്മമരാകേണ്ടതാണ്.അങ്ങനെയല്ലെങ്കില്‍ അവര്‍ക്ക്  ആ പേരുകൊണ്ട് വിളിയ്ക്കപ്പെടാന്‍ യാതൊരര്‍ഹതയുമില്ല .കല്ലേറും പൂച്ചെണ്ടും രത്നഹാരവും ചെരിപ്പുമാലയും ഒരേ ശാന്തഭാവത്തോടെ സ്വീകരിയ്ക്കാനാകുന്നവനാണ് സന്യാസി/ഗുരു .. പതിനായിരങ്ങള്‍ അനുയായികളായി  പാദസേവ ചെയ്യാനുള്ളപ്പോളും കീറവസ്ത്രങ്ങളുമായി ഒറ്റയ്ക്ക് കടത്തിണ്ണയില്‍ കിടക്കേണ്ടിവരുമ്പോഴും അവര്‍ ജീവിതത്തെ ഒരേ പ്രസാദത്മകതയോടെ സ്വീകരിയ്ക്കും .. അതൊന്നും കാണിക്കാത്തവരെ ആള്‍ക്കാര്‍ വിമര്‍ശിയ്ക്കുമ്പോള്‍ , വെറുതെ തിണ്ണബലത്താല്‍ അവരുടെ മേയ്ക്കിട്ട് കേറാന്‍ നോക്കുന്നത് കേവലം ദയനീയതയാണ്... അത്തരക്കാര്‍ ശരാശരിക്കാരായ സാധാരണ മനുഷ്യര്‍ മാത്രമായിരിക്കും ... 

ജീവിതം മുഴുവന്‍ സേവനത്തിനായി നീക്കിവച്ച മഹാമതികള്‍ക്കായി തങ്ങളുടെ മാധ്യമങ്ങളില്‍ പലപ്പോഴും രണ്ടു വരി എഴുതാനുള്ള സ്ഥലം പോലും കാണാത്ത അച്ചടി മാധ്യമങ്ങളും  ദൃശ്യ മാദ്ധ്യമങ്ങളും കപടഐക്കണുകള്‍ക്കായും സരിതയെപ്പോലെ അനവധി കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കും ഒന്നാം പേജിലും ഉള്‍പ്പേജുകളിലുമെല്ലാം ഫുള്‍സൈസ് കളര്‍ഫോട്ടോ സഹിതം പേജുകള്‍ തന്നെ നീക്കിവയ്ക്കുന്നത് മാധ്യമരംഗം ഏതാണ്ട്പൂര്‍ണ്ണമായും ജീര്‍ണിച്ച ഒരു കച്ചവടമായി അധ:പതിച്ചത്തിന്റെ ലക്ഷണമാണ്.. ഇവിടെയാണ് സോഷ്യല്‍ മീഡിയകളുടെ പ്രസക്തിയിരിക്കുന്നത്.. അതുകൊണ്ടുതന്നെ പലരുമിപ്പോള്‍ ഇവയെ ഭയന്ന് തുടങ്ങിയിരിക്കുന്നതും . 

ഇതിനൊപ്പം തന്നെ, ഭരണരംഗത്തെ , കെടുകാര്യസ്ഥതയ്ക്ക് എതിരെ ശബ്ദമുയര്‍ത്തേണ്ടത് , അത് തിരുത്തിയ്ക്കേണ്ടത് ഉത്തരവാദിത്തമുള്ള ഓരോ പൌരന്‍റേയും കടമയാണ്.. 'സാധാരണക്കാരന് മാത്രമായി എല്ലാനിയമങ്ങളും ,പ്രമാണിമാര്‍ക്ക് എന്തും ചെയ്യാം 'എന്ന അവസ്ഥയെ ഒരിയ്ക്കലും അംഗീകരിയ്കാന്‍ പറ്റില്ല.. ആയിരങ്ങള്‍ കോടികളായി കണക്കിലേറെ യാതൊരധ്വാനവുമില്ലാതെ   സ്വീകരിയ്ക്കാം ചിലര്‍ക്കിവിടെ ,സാധാരണക്കാരന് ലഭിയ്ക്കേണ്ട  ഒരാനുകൂല്യം നൂറു കടമ്പകള്‍ കടന്ന്‍ ,കൈയ്യില്‍ കിട്ടിയാല്‍ തന്നെ അതിന്മേല്‍ പിന്നേയും നികുതി ചുമത്താം.. ഇവിടെ വിവാദമായിരിയ്ക്കുന്ന ഒരു മഠത്തിന്ക്ലാപ്പന പഞ്ചായത്തില്‍ അനധികൃതമായി നിര്‍മിച്ച 49 കെട്ടിടങ്ങള്‍ ഉളളവയില്‍ 5 എണ്ണം മാത്രമത്രേ പഞ്ചായത്തിന്റെ അനുമതിയോടെ നിര്‍മ്മിച്ചത് .ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് അവിടെ മാത്രം ഉണ്ടത്രേ .. നിയമം ലംഘിച്ച് കണ്ണൂരില്‍ ചതുപ്പ് നികത്തി വിദ്യാലയ ബിസിനസ്സ് നടത്തുമ്പോള്‍ കൊല്ലത്ത് എക്കര്‍കണക്കിന് ചതുപ്പ് നികത്തിയ വാര്‍ത്തയും ഈയിടെ പുറത്തുവന്നിട്ടുണ്ട് .. ..

ചില സേവനങ്ങള്‍ നല്കുന്നു എന്നു പറഞ്ഞു കേരള മുഖ്യമന്ത്രിയടക്കം ഇത്തരക്കാര്‍  ചെയ്യുന്ന എല്ലാ വെട്ടിപ്പുകള്‍ക്കും മൌനാനുവാദം നല്കുമ്പോള്‍,  അതിനെ ചോദ്യം ചെയ്യാന്‍ സോഷ്യല്‍ മീഡിയകളില്‍ മാത്രമല്ല ,പൊതു സമൂഹധാരയിലും ആള്‍ക്കാര്‍ ഉണ്ടായേ തീരൂ ....  സരിത ശാലു മാരുടേയും മഠങ്ങളുടേയുംമറ്റും കൂത്തരങ്ങായി കേരളത്തെ മാറാന്‍ അനുവദിയ്ക്കരുത്...  മാഡം ഗെയ്ല്‍ തന്റെ ഇരുപതു വര്‍ഷത്തിലേറെ കാലത്തെ അനുഭവങ്ങള്‍ വിവരിയ്കുമ്പോള്‍ അതിനെപ്പറ്റി സത്യസന്ധമായ ഒരന്വേഷണത്തിന് ഉത്തരവിടാന്‍ എന്തേ ബഹു കേരളാ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും മടിയ്ക്കുന്നു ?.ഒപ്പം സത്നാം സിംഗ് എന്ന നിഷ്കളങ്കനായ ചെറുപ്പക്കാരന്‍റെ കൊലപാതകത്തെപ്പറ്റി എന്തേ  ശരിയായ ഒരന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിയ്ക്കുന്നില്ല ?ഉത്തരം പറയാന്‍ ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ജനകീയ അധികാരികള്‍ ബാദ്ധ്യസ്ഥരാണ്.ഇതൊക്കെ കാണുമ്പോള്‍, ഇത്തരം സ്ഥാപനങ്ങളോട് നിഷ്പക്ഷമായ നിലപാടുമായി നില്‍ക്കുന്നവര്‍ക്കുപോലും അവരെ കുറ്റവാളിയുടെ ലേബലില്‍ കാണാന്‍ തോന്നുന്നെങ്കില്‍ അവരെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല ..തങ്ങളുടെ കൈയ്യില്‍ ഒരു കറയും പുരണ്ടിട്ടില്ലെങ്കില്‍ എന്തുകൊണ്ട്  ഇത്തരക്കാര്‍ വിമര്‍ശനങ്ങളേയും അന്വേഷണങ്ങളേയും ഭയക്കുന്നു ... ?പാപം ചെയ്യാത്തവര്‍ ,ഒന്നും മറച്ചു വയ്ക്കേണ്ടതില്ലാതെ സുതാര്യമായ പ്രവര്‍ത്തനമുള്ളവര്‍ ഒന്നിനേയും ഭയക്കേണ്ടതില്ല .ഭയക്കുന്നവര്‍ പലതും മറച്ചു വയ്ക്കാനുള്ളവര്‍ തന്നെ, തീര്‍ച്ച .... 

Tuesday, February 18, 2014

ചില സമരചിന്തകള്‍....

 
കൊക്കക്കോള കമ്പനിയ്ക്ക് മുമ്പില്‍ 

സമരങ്ങളുടെ ശക്തിയിരിക്കുന്നത് വലിയ ആള്‍ക്കൂട്ടപങ്കാളിത്തത്തിലോ മാധ്യമങ്ങള്‍ നിത്യവും വന്‍ വാര്‍ത്തകള്‍ നല്‍കുന്നതിലോ ഒന്നുമല്ല ... വെറുതെ ശ്രദ്ധ പിടിച്ചുപറ്റാന്‍ വേണ്ടി      പങ്കെടുക്കുന്നവരും ,തങ്ങളുടെ സംഘടനയാണ്/ പാര്‍ട്ടിയാണ്  ഈ സമരംചെയ്യുന്നത് എന്ന ധാര്‍ഷ്ട്യ വുമായി അനേകം കൊടികളും ബാനറുകളുമായി വരുന്നവരും സത്യത്തില്‍ സമരത്തെ ദുര്‍ബലപ്പെടുത്തുന്നു എന്ന്‍ പല പ്രാവശ്യമായി ഞങ്ങള്‍ക്കൊക്കെ അനുഭവമുണ്ട് .. പത്തോ അമ്പതോ അല്ലെങ്കില്‍ നൂറോ ,അതൊന്നുമല്ലെങ്കില്‍ ഒരേയൊരു വ്യക്തിയോ 100% ആത്മസമര്‍പ്പണത്തോടെ ചെയ്യുന്ന ഒരു സമരമായിരിക്കും  ശക്തമായ സമരം .. ഇവിടെ സത്യത്തിന്‍റെ ശക്തിയാണ് വിജയം കൊയ്യുക ..
.

ബിജുവും വിജയന്‍അമ്പ ലക്കാടും പ്ലാച്ചിലടയില്‍ നിരാഹാരമിരിയ്ക്കുന്നു

വെറുതെ മാധ്യമങ്ങളില്‍ നില്‍ക്കാനായി കണ്ണൂരില്‍ വിജയിക്കേണ്ട ഒരു സമരത്തെ ഡല്‍ഹിയിലേയ്ക്ക് വലിച്ചിഴച്ചു എന്നതാണു ജസീറയുടെ പരാജയം .. മാധ്യമങ്ങളെ അവഗണിയ്ക്കാന്‍ മാത്രം ശക്തി   ഉണ്ടാവണമെന്ന് പറയുമ്പോള്‍  , അവരെ നിരാകരിക്കണമെന്നോ ഓടിയ്ക്കണമെന്നോ  എന്നല്ല, അവര്‍ക്ക് പിറകെ പോകരുത്എന്നുമാത്രം . അവര്‍ക്കുവേണ്ടിയായി സമരം ചെയ്യരുത് . അവര്‍ അവരുടെ പണി ചെയ്തോട്ടെ എന്നുമാത്രം . അവരുടെ അജണ്ടകളില്‍ വീഴാതിരിയ്ക്കുക .. തിരിച്ചറിയുക , മാധ്യമങ്ങള്‍ നിങ്ങളെ വല്ലാതെ പൊക്കുന്നുണ്ടെങ്കില്‍ അവര്‍ നിങ്ങളെ ദുര്‍ബലപ്പെടുത്താനാണ് ശ്രമിയ്ക്കുന്നതെന്ന് . ഈ തിരിച്ചറിവാണ് ഒരു വ്യക്തിയുടെ വിജയം  .സമരം യഥാര്‍ത്ഥത്തില്‍ ശക്തമാകുമ്പോള്‍  എല്ലാവര്‍ക്കും അതിനെ പിന്തുണയ്ക്കാതിരിക്കാനാവില്ല .. 

സമരം എന്ന പേരില്‍ സ്വയം പോസ്റ്ററിംങ്ങുമായി  വലിയ നോട്ടീസുകളും ബാനറുമൊക്കെയായി നടക്കുന്നവര്‍ ഒരിയ്ക്കലും സമൂഹത്തിനായി ഒരു നന്മയും ചെയ്യുന്നില്ല ..തികച്ചും സ്വാര്‍ഥമതികള്‍ മാത്രമാണവര്‍ .. അവരില്‍നിന്നും എന്നും അകലം പാലിച്ച് നിന്നില്ലെങ്കില്‍ അത് അവനവനേയും മോശമായി ബാധിയ്ക്കും. അതുകൊണ്ട് വീണാമണിയെപ്പോലുള്ളവര്‍ സമരം ചെയ്യുമ്പോള്‍ ഞങ്ങള്‍ക്ക് പിന്തുണയ്കാനാവില്ല .എന്നാല്‍ ഏത് വ്യക്തിയായാലും സംഘടനയായാലും സമരത്തിന് പിന്നില്‍ ശരിയായ ഒരു കാരണം ഉണ്ടെങ്കില്‍ ,ഞങ്ങള്‍ ,   അകലം വേണ്ടയിടത്ത് അത്പാലിച്ച്കൊണ്ടാണെങ്കിലും വേണ്ട  പിന്തുണ നല്‍കാറുണ്ട് .. ജസീറയ്ക്ക് കണ്ണൂരില്‍ ഞങ്ങള്‍ അതാണ് നല്കിയത് .. വിമര്‍ശനങ്ങള്‍ ഒഴിവാക്കിക്കൊണ്ട് ,കണ്ണൂര്‍ വിട്ട ശേഷവും ,അവരെ   മനസ്സുകൊണ്ട് പിന്തുണച്ചത് , കടല്‍ മണല്‍ എന്ന വിഷയം ചര്‍ച്ചാവിഷയമാകാണെങ്കിലും അത് ഇടയാക്കുമല്ലോ എന്നു കരുതിയായിരുന്നു..സ്ത്രീ,  അമ്മ എന്നീ നിലകളില്‍     വ്യവസ്ഥിതിയോടുള്ള അവരുടെ പോരാട്ടങ്ങളേയും ഞങ്ങള്‍ മാനിയ്ക്കുന്നു  .... ഞങ്ങളുടെ നിരീക്ഷണം ശരിയാണെന്ന് ജസീറയുടെ സമരവും തെളിയിച്ചു.. കടല്‍മണല്‍ വിഷയത്തില്‍ അവരുടെ തെറ്റായ   സമരരീതികൊണ്ട് കണ്ണൂരിനപ്പുറം അവര്‍ക്ക് ഒന്നും നേടാനായില്ല ... 

പശ്ചിമഘട്ട സംരക്ഷണത്തിനായി കണ്ണൂരില്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തിയവരാണ്ഇവിടത്തെ പശ്ചിമഘട്ട സംരക്ഷണ സമിതി .. സംസ്ഥാനതലത്തില്‍  ഡോ. വി. എസ് . വിജയന്‍ മുന്‍ കൈ എടുത്തു വിപുലമായ രീതിയില്‍ പ്രവര്‍ത്തനം തുടരാന്‍ ഒരുങ്ങിയപ്പോള്‍ രണ്ടു മീറ്റിംഗുകളില്‍ ഞങ്ങള്‍ പോയി .. തികച്ചും നിരാശയായിരുന്നു ഫലം . സുഗതകുമാരിയും  മറ്റു വന്‍കിട നേതാക്കലുമൊക്കെ അടങ്ങുന്ന വലിയ രൂപത്തിലുള്ള ഒരു സമിതിയായി മാറേണ്ട  അതിനെ, ഡോ. വിജയനെപ്പോലും നിര്‍വീര്യമാക്കിക്കൊണ്ട് ചിലര്‍ പിടിച്ചടക്കാന്‍ ശ്രമിയ്ക്കുകയും ഇവരോടൊന്നും പൊരുതാന്‍ തനിക്കാവില്ലെന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തപ്പോള്‍,  വലിയ ഒരു ശ്രമമാണ്,ഒരു പ്രതീക്ഷയാണ് പാഴായിപ്പോയത് .. 

പ്ലാച്ചിമട റാലിയില്‍ നിന്നും  

പ്ലാച്ചിമടയില്‍ ദിവസങ്ങളായി അന്നമുപേക്ഷിച്ച്  അതിതീവ്രമായ സമരം നടത്തുന്ന സഖാക്കളെ , അവരുടെ സഹനത്തെ ശക്തമാക്കാന്‍ കൊടികളുടേയും ബാനറുകളുടേയും മാത്രം രാഷ്ട്രീയവുമായി വരുന്നവര്‍ക്കവുമോ? .. ആള്‍ക്കാരെ കാണാന്‍ കൂടി    സമ്മതിയ്ക്കാത്തവിധം   വലിയ കൊടികള്‍ നിറയപ്പെടുകയും 'കൊക്കക്കോള നീതിപാലിയ്ക്കുക'  എന്നതിന് പകരം' സംഘപരിവാര്‍ സിന്ദാബാദ്  ' എന്നൊക്കെ മുദ്രാവാക്യങ്ങള്‍ ഉയരുകയും ചെയ്ത ഈ ഫെബ്രു. 15 ന്റ്റെ റാലിയില്‍ , രാത്രി മുഴുവന്‍ ഉറക്കമൊഴിച്ച് ജനറല്‍ ബോഗിയില്‍ കഷ്ടപ്പെട്ടു യാത്ര ചെയ്തു പങ്കെടുത്ത ഞങ്ങളേപ്പോലുള്ളവര്‍ക്ക് തികഞ്ഞ നിരാശമാത്രമാണുണ്ടായത് .. കേവലം അമ്പതില്‍ താഴെ പരിസ്ഥിതി പ്രവര്‍ത്തകരാണ്  കൊടിയോ ബാന റോ ഇല്ലാതെ അതില്‍ പങ്കെടുത്തത് ..ആദിവാസികള്‍ വരെ പങ്കെടുത്തത് എസ്‌സി-എസ്‌ടി സംഘടനയുടെ കൊടികളുമായാണ്.. ഇങ്ങനെയാണെങ്കില്‍ സത്യാഗ്രഹികളുടെ ജീവിതം വച്ചുള്ള ഈ കളി നിര്‍ത്തുന്നതായിരിക്കും നല്ലത്.. അല്ലെങ്കില്‍  കൊടികളും ബാനറൂമില്ലാതെ പ്ലാച്ചിമട ട്രിബ്യൂണല്‍ ബില്‍ നടപ്പിലാക്കുക എന്ന ഒരേയൊരു ലക്ഷ്യവുമായി വരുന്നവരേ ഇനി സമരത്തില്‍ വരേണ്ടതുള്ളൂ എന്ന ഉറച്ച തീരുമാനം നേതൃത്വം എടുക്കേണ്ടിവരും ...


പ്ലാച്ചിമട റാലിയില്‍ നിന്നും 

സമരങ്ങളെപ്പറ്റി ഏറ്റവും ശരിയായ നിലപാടുകള്‍ എടുക്കേണ്ടതുണ്ട് ഇനിയുള്ളകാലത്തെന്ന്,ഒരുപാടാനുഭവങ്ങള്‍ പറഞ്ഞു തരുന്നു .. മുഴുവന്‍ ഊര്‍ജ്ജവും വിഷയത്തിലേയ്ക്ക് പകര്‍ത്തി  സമരം  ചെയ്യുമ്പോള്‍ , അത് വെറുതേ സമരം ചെയ്യുന്നവര്‍ക്കുവേണ്ടി ഇനിയും പാഴാക്കിക്കള യാന്‍ഞങ്ങള്‍ ഒരുക്കമല്ല ..   നനവിലും മറ്റുമായി , മണ്ണിനേയും    ജീവജാലങ്ങളേയും സംരക്ഷിയ്ക്കാനും ജൈവ  കൃഷിയ്ക്കായും  യാത്രകള്‍ക്കും വായനയ്ക്കും മറ്റുമായും  ആ സമയം   ചെലവഴിയ്ക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത് .. ഒപ്പം സമരങ്ങള്‍  സ്വയം ഏറ്റെടുക്കേണ്ടവ ഏറ്റെടുത്ത്ചെയ്യുകയും  യഥാര്‍ത്ഥ സമരങ്ങള്‍ നടത്തുകയും നടത്തുന്നവരെ പിന്തുണയ്ക്കുകയും ചെയ്യും ...

മുന്‍നിര നിരന്നൊഴുകുന്നു.. ഈ  റാലിയിലിങ്ങനെ വന്നു നിന്നുഫോട്ടോവി നു പോസ്  ചെയ്തു എന്നല്ലാതെ ഇതില്‍എത്രപേര്‍  സമരത്തെ തുടര്‍ന്നും ശക്തമായി പിന്തുണയ്ക്കും?..