Tuesday, June 10, 2014

ആക്രിക്കട പോലൊരു കപ്പല്‍പൊളിശാല


ജനകീയ പഞ്ചാ യത്ത്

കണ്ണൂര്‍ വീണ്ടും സമരച്ചൂടിലേയ്ക്ക്.... മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റേയോ കോസ്റ്റല്‍ നിയമങ്ങളുടേയോ ,ഒന്നും അനുമതിയില്ലാതെ ,പഞ്ചായത്തിന്റ്റെ ലൈസന്‍സുമില്ലാതെ , അതിമാരകം എന്ന വിഭാഗത്തില്‍പ്പെടുന്ന കപ്പല്‍മാലിന്യങ്ങള്‍ ഉള്‍പ്പെടുന്ന ഒരു വ്യവസായം ,ഒരു ആക്രിക്കടപ്പോലെ ,അഴീക്കലില്‍ 300 ലേറെ ബോട്ടുകള്‍ ഉള്ള ഫേരിയ്ക്ക് തൊട്ടടുത്ത് ,ആയിരക്കണക്കിനാളുകള്‍ താമസിയ്ക്കുന്ന ഒരു ഗ്രാമത്തില്‍ , കപ്പല്‍പൊളിവ്യവസായതിനാവശ്യമായ യാതൊരു സംവിധാനങ്ങളും ഏര്‍പ്പാടാക്കാതെ 27ലേറെ വര്‍ഷങ്ങളായി നടന്നു വരുന്നു .. !!! രോഗങ്ങള്‍കോണ്ട് പൊരുതിമുട്ടിയപ്പോള്‍ ഒടുവില്‍ നാട്ടുകാര്‍ക്ക് സമരത്തിനിറങ്ങേണ്ടിവന്നു ..  

ഏത് കണ്ണുപൊട്ടന്നുപോലും പറയാനാകും എത്ര മാരകമാണ് അവിടത്തെ അവസ്ഥയെന്ന് ..എന്നിട്ടുമവിടം ഒന്നു സന്ദര്‍ശിയ്ക്കാന്‍ പോലും ഇവിടത്തെ കളക്ടര്‍ക്ക് തോന്നുന്നില്ല ,എന്നുമാത്രമല്ല അദ്ദേഹം മാനേജറോട് നിങ്ങള്ക്ക് എത്ര ദിവസം കൊണ്ട്  വേണ്ട രേഖകള്‍ ഉണ്ടാകാനാകും എന്നത്രേ ചോദിച്ചത്,അതും ഒരു പൊതുമീറ്റിംഗില്‍ വച്ച് .. ഇത്തരം ഒരു കളക്ടറെ കണ്ണൂരിന് എന്തിനാണ്?  രണ്ടുവര്‍ഷം മുമ്പ് നാട്ടുകാരുടെ പരാതി അന്വേഷിയ്ക്കാന്‍ ചെന്നപ്പോള്‍ എനിയ്ക്ക് കണ്ണെരിച്ചിലും തലവേദനയും അനുഭവപ്പെട്ടിരുന്നു .. പിന്നീട് ചെന്നപ്പോഴുമൊക്കെ കണ്ണെരിച്ചലും അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നു ..കേവലം കുറച്ചു മണിക്കൂറുകള്‍ അവിടെ ചെലവഴിച്ചപ്പോള്‍ തന്നെ ഇത്രയ്ക്കെങ്കില്‍ 30 വര്‍ഷ ത്തോളമായി അവിടെ താമസിക്കുന്നവരുടെ അവസ്ഥയോ ..ഒരു നാട് ഒന്നാകെ അന്ധതയിലേക്കാണ്  നീങ്ങുന്നത് . കണ്ണില്‍ ചുവന്ന  പാടപോലെ വന്ന്‍ അത് വളര്‍ന്ന് ക്രമേണ കാഴ്ചശക്തി പൂര്‍ണ്ണമായും നശിക്കുന്ന നേത്രരോഗം ഇത്രയേറെ അവിടെ പടരാന്‍ കാരണം കപ്പലുകളില്‍ നിന്നും പുറത്തുവരുന്ന റേഡിയേഷനുകളാകാനേ വഴിയുള്ളൂ ..ആവിടെ താമസിക്കുമ്പോള്‍ മാത്രം അനുഭവപ്പെടുന്ന ശ്വാസതടസ്സങ്ങളും മേലാകേയുള്ള ചൊറിയും മറ്റും പിന്നെ കെട്ടുകണക്കിന് മരുന്നുകുറിപ്പുകളും .. ഇത് കൂടുതല്‍ മാരകമായി എന്‍ ഡോസള്‍ഫാന്‍ ഇരകള്‍ക്ക് സമാനമായ രോഗങ്ങള്‍ ഇവിടെ പടരാനുള്ള എല്ലാ സാഹചര്യങ്ങളും വ്യക്തമായിട്ടും ,പറമ്പില്‍ ചിരട്ടയില്‍ വെള്ളം വച്ച് കൊതുക് വളര്‍ത്തന്‍ സാഹചര്യമൊരുക്കി എന്നു പറഞ്ഞുപോലും  കേസെടുക്കുന്ന പഞ്ചായത്ത് ഒരന്വേഷണമോ നടപടിയോ എടുക്കുന്നില്ല ..!! 




സമരസമിതി ഇന്ന്‍ കണ്ണൂരില്‍( 10 6 14 ) ഒരു ജനകീയ പഞ്ചായത്തും പിന്നെ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ഓഫീസിലേയ്ക്ക് മാര്‍ച്ചും അവിടെ ധര്‍ണയും നടത്തി .. ഇനി ജനകീയ കണ്‍വെന്‍ഷന്‍ നടത്താന്‍ പോകുന്നു .. മാട് നടപടികളും ആലോചിയ്ക്കുന്നുണ്ട് .

ഇത് കേവലം കണ്ണൂരിന്‍റെ,അല്ലെങ്കില്‍ അഴീക്കല്‍ എന്ന ഒരു ഗ്രാമത്തിന്‍റെ കൊച്ചുപ്രശ്നമല്ല ..ഒരു സംസ്ഥാനപ്രശ്നം തന്നെയാണ്.. കേരളത്തില്‍ ഒരു കാരണവശാലും കപ്പല്‍പൊളിവ്യവസായം നടത്താനുള്ള ഒരു സാഹചര്യവുമില്ല .. അതുകൊണ്ട് എല്ലാവരും ഈ വിപത്തിനെതിരെ ഒരുങ്ങിയിരിയ്ക്കേണ്ടതാണ്.. എത്രയും പെട്ടെന്ന് അഴീക്കലിലെ കപ്പല്‍പൊളി അവസാനിപ്പിയ്ക്കേണ്ടതാണ്.....

Saturday, June 7, 2014

2014...., ജൂണ്‍ അഞ്ച് ....



   ഇപ്രാവശ്യവും ഞങ്ങള്‍ക്ക്  പരിസ്ഥിതിദിനം  എന്നത്തെയുംപോലെ ഒരു ദിവസം മാത്രമായിരുന്നു .. രാവിലെയും വൈകീട്ടുമായി  നനവില്‍ കുറച്ചു മരങ്ങളും ചെടികളും നട്ടു.. കണ്ണൂരിലെ അങ്കോലത്തിന്‍റെ രണ്ടു തൈകള്‍ ഞങ്ങള്‍ മുളപ്പിച്ചിരുന്നു ..മഴ തുടങ്ങിയതിനാല്‍  നടാന്‍ പറ്റിയ സമയമാണ്. അവയും ഒരു ഉങ്ങും രണ്ടു അയനിപ്ലാവും (ആഞ്ഞിലി) കൂടി നട്ടു ..



പശ്ചിമഘട്ടസംരക്ഷണകൂട്ടായ്മയുടെ ഭാഗമായി ,വിഎസ് വിജയന്‍സാറും മറ്റും ചേര്‍ന്ന്,സംസ്ഥാനവ്യാപകമായി ,നെല്‍വയല്‍-നീര്‍ത്തട നിയമം അട്ടിമറിയ്ക്കുന്നതിനെതിരെ പ്രതിഷേധകൂട്ടായ്മകള്‍ സംഘടിപ്പിയ്ക്കാന്‍ തീരുമാനിച്ചിരുന്നു ..കണ്ണൂരില്‍ ജില്ലാപരിസ്ഥിതിസമിതിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ കുറച്ചുപേര്‍ ഒത്തുചെര്‍ന്നു.. 



കളക്ടറേറ്റിന് മുമ്പില്‍ ദളിത് വിഭാഗക്കാര്‍ നീതിയ്ക്കുവേണ്ടി അനിശ്ചിതകാലനിരാഹാര സമരം നടത്തിവരുന്നുണ്ട് ..അഴീക്കല്‍ കപ്പല്‍പോളി വിരുദ്ധ സമരസമിതിയും അവരുടെ പ്രതിഷേധം സത്യാഗ്രഹമാക്കി .. അതിമാരകമായ റേഡിയേഷനുകളടക്കം ലെഡും കാഡ്മിയവും മെര്‍ക്കുറിയും  ഗ്രീസും ഡയോക്സീനുമൊക്കെ പുറന്തള്ളുന്ന ഈ വ്യവസായം ജനങ്ങളെ ഒന്നടങ്കം രോഗികളാക്കിയിട്ടും ,ഒരൊറ്റ  വകുപ്പിന്‍റേയും അനുമതിരേഖകള്‍ ഇല്ലാഞ്ഞിട്ടും ,തുടര്‍ന്നോട്ടെ എന്നു പറഞ്ഞ ഒരു കളക്ടര്‍ ഇവിടെയുണ്ടിപ്പോള്‍.  കപ്പല്‍പൊളിയെപ്പറ്റിയും അതിനു നേരെ ഭരണകൂടത്തിന്റെ സമീപനത്തെപ്പറ്റിയുമൊക്കെ ഒരു പാട് പറയാനുള്ളതിനാല്‍ ഇപ്പോള്‍ വിസ്തരിയ്ക്കുന്നില്ല ..  



പാപ്പിനിശ്ശേരി പഞ്ചായത്തിലെ മാലിന്യത്തെപ്പറ്റി ഒറ്റയാള്‍സമരം നടത്തുന്ന അബൂബക്കര്‍ എന്ന യുവാവ് ,കുറേ ഫോട്ടോകളും കൊണ്ട് അവിടെ സമരമിരുന്നു.. കണ്ണൂരിലെ,  കറുത്ത്,കൊഴുകൊഴുത്ത ,പുഴുക്കളും കൊതുകും നുരയ്ക്കുന്ന ,മുകളില്‍ മൂടി പോലുമില്ലാത്ത ഓട , കളക്ടറുടെ മൂക്കിന് താഴെയായിട്ടും ,പല പ്രാവശ്യം ശ്ര ദ്ധയില്‍പ്പെടുത്തിയിട്ടും ഇന്നുവരെ ഒരു മാറ്റവുമില്ലാതെ തുടരുകയാണ്.. ഇവരുടെയൊക്കെ സമരങ്ങളിലും ഞങ്ങള്‍ പങ്കെടുത്തു..


കാല്‍ടെക്സിലെ തീവെയിലില്‍ വാഹനങ്ങള്‍ പുറംതള്ളുന്ന വിഷങ്ങളില്‍നിന്നും അല്പ്പം ആശ്വാസവും നല്കിയിരുന്ന കുറച്ചു മരങ്ങള്‍ ,റോഡുവികസനം മറയാക്കി മുറിച്ചുമാറ്റിയിട്ട് ഒരുവര്‍ഷം കഴിഞ്ഞിരിയ്ക്കുകയാണ്.. ഞങ്ങള്‍ പലപ്രാവശ്യം അധികൃതരെ കണ്ടു ,അവിടെ പകരം മരം നടാന്‍ നിവേദനങ്ങള്‍ നല്കിയപ്പോള്‍ ,മരം കിട്ടുന്ന മുറയ്ക്ക് ,ഒന്നിനുപകരം മൂന്നെണ്ണം  നടാം  എന്നു പറഞ്ഞെന്കിലും ഇന്നേവരെ ഒന്നുപോലും നട്ടില്ല ,എന്നു മാത്രമല്ല ,അവിടെ കോണ്‍ക്രീറ്റ് ചെയ്തു ടൈല്‍സും പാകി ..ജൂണ്‍ അഞ്ചിന് കുറേ മരങ്ങള്‍ എവിടെയൊക്കെയോ കുഴിച്ചിട്ടവര്‍ ,അതിലേറെ മരതൈകള്‍ നശിപ്പിച്ചവര്‍ (10 ലക്ഷത്തില്‍ പാതിയും ഇങ്ങനെ നശിപ്പിക്കപ്പെട്ടു ..കണ്ണൂരില്‍ത്തന്നെ കളക്ടറേറ്റിലും കോടതി പരിസരത്തും നൂറുകണക്കിനു മരതൈകളാണ് നശിപ്പിക്കപ്പെട്ടത് )ആ പൊരിവെയിലില്‍ ഒറ്റ മരത്തൈ പോലും നട്ടില്ല..അതിനാല്‍ ഞങ്ങള്‍ ജൂണ്‍ ആറിന് അവിടെ മരം നടും എന്നറിയിച്ചുകൊണ്ട് ജില്ലാ കളക്ടര്‍കും ദേശീയപാത ഓഫീസിലും കത്ത് കൊടുത്ത ശേഷം ,വീട്ടിലേയ്ക്ക് മടങ്ങി ..വൈകുന്നേരം അഞ്ച് മണിയായി വീട്ടിലെത്താന്‍ .. നനവില്‍ കുറച്ചു മരം നട്ടു..ഇതാണ് ഞങ്ങളുടെ ജൂണ്‍ അഞ്ച്..