Monday, May 28, 2012

ഈ നാടകങ്ങളില്‍ മതിമയങ്ങേണ്ട..

ക്കെ വെറും നാടകങ്ങള്‍ മാത്രമാണ്.. സാധാരണക്കാരുടെ മുമ്പിലേയ്ക്ക് എറിഞ്ഞുകൊടുക്കപ്പെടുന്ന വാര്ത്തകള്‍ ... ഒന്നും നടക്കാന്‍ പോകുന്നില്ല . എന്തൊക്കെയോ നടക്കും എന്ന പ്രതീതിയുണ്ടാക്കി എല്ലാവരും ചേര്ന്ന്‍ സാദാ പൌരന്മാരുടെ കണ്ണില്‍ പൊടിയിട്ടുകൊണ്ടിരിയ്ക്കുകയാണ്.. അവരെല്ലാം (ഇടതും വലതും പച്ചയും കാവിയും... ) ഒറ്റക്കെട്ടാണ്.. പുറമേയ്ക്ക് നമ്മുടെ മുന്‍പില്‍ പരസ്പരം കടിച്ചുകീറുന്ന ശത്രുക്കളെപ്പോലെ പ്രത്യക്ഷപ്പെട്ടാലും കാര്യത്തോടടുക്കുമ്പോള്‍ പരസ്പരസഹായസഹകരണസംഘങ്ങള്‍ മാത്രമാണ്.. എല്ലാ ചാനലുകളും പത്രങ്ങളും ഈ അധികാരിവര്‍ഗ്ഗത്തെ പിന്തുണയ്ക്കുന്നവര്‍ മാത്രമാണ്.. അവര്‍ക്കും അത്രയേ ആവശ്യമുള്ളൂ .കുറച്ചു ദിവസങ്ങള്‍ നീളുന്ന ഒരു വിവാദം .അത് ഒടുങ്ങുമ്പോഴേയ്ക്ക് അവര്‍ മറ്റൊന്ന് കണ്ടെത്തിയിരിയ്ക്കും ...

കുറച്ചു നാളുകളായി ചന്ദ്രശേഖരന്‍ എന്ന, മൃഗീയമായി എന്നു പറഞ്ഞാല്‍ മൃഗങ്ങള്‍ക്കും അപമാനമാകും വിധം രാക്ഷസീയമായി കൊലചെയ്യപ്പെട്ട , മാന്യനായ ഒരു മനുഷ്യനാണ് ചാനലുകള്‍ക്ക് ആഘോഷം ..
കണ്ണിനുല്‍സവമായി ചാനലുകളിലും പത്രത്താളുകളിലും വാര്‍ത്തകള്‍ വരുന്നു.. അതിനിടയില്‍ വീയെസ്സിനെ ലാക്കാക്കി ആരുടെയോ പിന്തുണയോടെ എം‌എം മണി ഒരു ഹാസ്യഭീകരവെളിപ്പെടുത്തല്‍ നടത്തുന്നു ..അത് അയാള്‍ക്ക് വേണ്ടത്ര ബുദ്ധിയില്ലാത്തത്തിനാല്‍ പറഞ്ഞല്‍പ്പം കൊളമാക്കപ്പെടുന്നു.. അയാള്‍ക്കെതിരെ കേസ് വരുന്നു . (എന്തു കേസ്,ഒരു ചുക്കും നടക്കില്ല . അയാള്‍ ലക്ഷ്യമിട്ടപ്പോലെ വീയെസ്സും കുടുങ്ങില്ല. .)     

തൊക്കെ കണ്ടും കേട്ടും ,കംപ്യൂട്ടറിനു മുമ്പില്‍ കുത്തിയിരുന്നു കണ്ണു കളഞ്ഞും മലയാളി അവനെ ഗ്രസിച്ചിരിയ്ക്കുന്ന എല്ലാ പ്രശ്നങ്ങളും മറന്ന് ബോധം കെട്ടിരിയ്ക്കുന്നു...ഭരണക്കാര്‍ക്കും പ്രതിപക്ഷക്കാര്‍ക്കും എല്ലാം വേണ്ടത് ഇതുതന്നെ.അവരെ സഹായിക്കാന്‍ മാത്രമുള്ള മാധ്യമങ്ങള്‍ക്കും വേണ്ടത് ഇതുതന്നെ . ഇതിനിടയില്‍ ഭരണവര്‍ഗ്ഗങ്ങളെല്ലാം (രാഷ്ട്രീയ വ്യവസായ ആത്മീയ വര്‍ഗ്ഗീയ  മാഫിയകള്‍ )അവരവര്‍ക്ക് വേണ്ടുന്നതൊക്കെ പിന്നേയും പിന്നേയും നേടിയെടുത്തു കൊണ്ടിരിയ്ക്കുന്നു ...

ന്നും നടക്കാന്‍ പോകുന്നില്ല ..കൊലപാതകങ്ങളും ഭീകരതകളും തുടരുമിനിയും ...എല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങും .. ഇത്തരം വാര്‍ത്തകള്‍ കണ്ടു കൂടുതല്‍ സമയം പാഴാക്കാതെ കുറച്ചു പച്ചക്കറികളും വാഴയുമൊക്കെ നട്ടാല്‍ ,വരാനിരിയ്ക്കുന്ന അതിഭീകരമായ വിലക്കയറ്റത്തില്‍നിന്നെങ്കിലും കുറച്ചശ്വാസം കിട്ടും ...

പിന്നെ ,സത്യം ശക്തം തന്നെയാണ്.... ഷുക്കൂറൂം ചന്ദ്രശേഖരനും, അതുപോലെ ദ്രോഹിയ്ക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്ത പൂര്‍ണ്ണ നിഷ്കളങ്കരുമായ പലരും .. അവരിലെ സത്യം എന്ന ഒരു ഘടകം ഉണ്ട് .. അത് ശക്തമായി പ്രവര്‍ത്തിച്ചാല്‍ അധികാരിവര്‍ഗ്ഗത്തിന്‍റെ എല്ലാ കള്ളങ്ങളും പൊളിയും ....നമുക്ക് പ്രതീക്ഷിയ്കാം , ഈ കോലാഹലങ്ങളെയെല്ലാം മാറ്റിനിര്‍ത്തിക്കൊണ്ട്...

Saturday, March 24, 2012

ബാലപീഡനവും ഗാന്ധിനീന്ദയും.....


ഈ ഫോട്ടോ ഒന്നു ശ്രദ്ധിയ്ക്കുക. 3 വയസ്സുള്ള ഒരു കൊച്ചുകുട്ടിയെ സ്വന്തം അമ്മയുടെ കയ്യില്‍നിന്നും  പിടിച്ചുവലിച്ചെടുത്ത് റോഡില്‍ വലിച്ചിഴയ്ക്കുക.ആര്‍ക്കും എടുത്ത് ഓമനിയ്ക്കാന്‍  മാത്രം തോന്നുന്ന അവളുടെ നാഭിയില്‍ ലാത്തികൊണ്ട് കുത്തിയിട്ട് അട്ടഹസിയ്ക്കുക .അലറിക്കരഞ്ഞുകൊണ്ട്  അമ്മയെ വിളിച്ചവള്‍ നിലവിളിച്ചിട്ടും പിടി വിടാതിരിയ്ക്കുക.. അമ്മയോടൊപ്പമായിരിയ്ക്കുക എന്ന ഒരു കുഞ്ഞിന്‍റെ അവകാശം പോലും നിഷേധിയ്ക്കാന്‍ ശ്രമിയ്ക്കുക.... എന്നിട്ട് കുട്ടികളെ സമരത്തിന് കൊണ്ടുവന്നതിന് അമ്മമാരെ ഭീഷണിപ്പെടുത്തുക.. അവര്‍ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കുമത്രെ... !

ഇസ്സ , വയസ്സ് 3

ആരാണ് ബാലപീഡനം നടത്തിയിരിയ്ക്കുന്നത് ? ഇത്ര ക്രൂരമായ രീതിയില്‍ ഒരു കുഞ്ഞ് പീഡിപ്പിയ്ക്കപ്പെട്ടിട്ടും ഇവിടെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ ? ഇവിടെ അധികാരത്തിലേറിക്കഴിഞ്ഞാല്‍ .അധികാരികള്‍ക്കും യൂണിഫോമിട്ടുകഴിഞ്ഞാല്‍  പോലീസിനും എന്തു നിയമലംഘനവും നടത്താമെന്നാണോ ?.. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ചീഞ്ഞു നാറുന്ന മാലിന്യക്കൂമ്പാരത്തില്‍ തെണ്ടിപ്പട്ടികളെപ്പോലെ നിങ്ങള്‍ കഴിയണം എന്ന്‍ ഏമാന്‍മാര്‍ കല്‍പിക്കുമ്പോള്‍ വായ്ക്ക് കൈയ്യും പൊത്തിനിന്ന് മിണ്ടാതെ അനുസരിയ്ക്കണമത്രേ. ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സഹനസമരം പോലും ചെയ്യരുതത്രേ .ചെയ്താല്‍ പന്തല്‍ കത്തിയ്ക്കും .കള്ളക്കേസില്‍ പ്പെടുത്തി ജയിലിലടക്കും .. വന്‍തുകകള്‍ കെട്ടിവയ്ക്കാന്‍ പറയും.. ഗുണ്ടകളെ വിട്ടു തല്ലിയ്ക്കും...

പെട്ടിപ്പാലം സമരപ്പന്തലിന്‍റെ ചാമ്പല്‍

ഗാന്ധിജിയെന്നാല്‍ ഇന്ത്യക്കാര്‍ക്ക് വെറുമൊരു പ്രതീകമല്ല.കടലാസു നോട്ടുകളില്‍ അച്ചുകുത്തി  കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും അട്ടിയട്ടിയായ്  സ്വിസ് ബാങ്കുകളില്‍ കൊണ്ടുവയ്ക്കാനുള്ള ഒരു ചിത്രമല്ല.  കാക്കകള്‍ക്ക് കാഷ്ഠിയ്ക്കാനായി കവലകള്‍ തോറും വയ്ക്കുന്ന പ്രതിമയല്ല .എല്ലാ ഗവര്‍മെന്‍റ് ഓഫീസുകളുടെ ചുമരുകളിലും തൂക്കിയിടാനുള്ള ഒരു ഫോട്ടോ അല്ല.. സത്യസന്ധമായി ജീവിയ്കുന്നവരുടെ, സ്വാശ്രയത്തിനായി പരിശ്രമിയ്ക്കുകയും പോരാടുകയും ചെയ്യുന്നവരുടെ ബലവും വഴികാട്ടിയുമാണ് ഗാന്ധിജി. ആ മഹാത്മാവിന്‍റെ ,  ഇന്ത്യയുടെ ഏറ്റവും മഹനീയനായ,സംപൂജ്യനായ രാഷ്ട്രപിതാവിന്‍റെ ചിത്രവും മുന്നില്‍ വച്ചായിരുന്നു പെട്ടിപ്പാലത്തെ സഹോദരിമാര്‍ നൂറിലേറെ ദിവസങ്ങളിലായി ഒരു ഉറുമ്പിനേപ്പോലും ഉപദ്രവിയ്ക്കാതെ സമരം നടത്തിയിരുന്നത്.. ആ പന്തല്‍ മുനിസിപ്പല്‍ അധികാരികള്‍ അയച്ച ഗുണ്ടകളും പോലീസും ചേര്‍ന്ന് കത്തിച്ച് ചാമ്പലാക്കിയപ്പോള്‍ മഹാത്മജിയുടെ ഫോട്ടോയും ഒരു ചവറിനേപ്പോലെ കത്തിച്ചുകളഞ്ഞു ..ഇത് മുഴുവന്‍ ഇന്ത്യക്കാരെയും അപമാനിയ്ക്കുന്നതിനു തുല്യമാണെന്നു മാത്രമല്ല, ദേശദ്രോഹം കൂടിയാണ്.. ഈ ഘോരകൃത്യം ചെയ്തവരെ ശിക്ഷിയ്ക്കാന്‍ ഇവിടെ ഒരു വ്യവസ്ഥയുമില്ലേ? 

സമരപ്പന്തലിലുണ്ടായിരുന്ന ഗാന്ധിജി
ഞങ്ങളുടെ ഒരു ടീം പെട്ടിപ്പാലത്ത് അന്വേഷിയ്ക്കാന്‍ ചെന്നപ്പോള്‍ കരളലിയിക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്... മുഖത്ത് പോലീസിന്റെ പരുക്കന്‍ കൈകളാല്‍ അടിയേറ്റത്തിന്‍റെ ഞെട്ടല്‍ മാറാത്ത അഞ്ചും എട്ടും വയസ്സുള്ള പിഞ്ചുബാലന്മാര്‍ , കിടക്കപ്പായയില്‍നിന്നും പിടിച്ചുവലിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച്, മകന്റെ മേല്‍ ,പതിനൊന്നു മണിയ്ക്ക് ആരോകത്തിച്ച ഒരു ലോറിയുടെ കുറ്റം ചാര്‍ത്തിയതില്‍ ഏങ്ങലടിച്ചുകരഞ്ഞ വയസ്സായ ഒരമ്മ.,രണ്ടു വനിതാ പോലീസുകാര്‍ചേര്‍ന്ന് രണ്ടുവശത്തുനിന്നും ഷാള്‍ കഴുത്തില്‍ മുറുക്കി വലിച്ചപ്പോള്‍ നാക്കും കണ്ണും തുറിച്ച് ശ്വാസം മുട്ടിപ്പിടഞ്ഞതിന്‍റെ ഞെട്ടല്‍ മാറാത്ത ഒരു യുവതി, നാണം മറയ്ക്കാന്‍ ധരിച്ച ഉടുവസ്ത്രം വലിച്ചു കീറപ്പെട്ട മറ്റൊരു യുവതി ,പിഞ്ചു കുട്ടിയെ ഉപദ്രവിയ്ക്കരുതെന്ന് പറഞ്ഞതിന് അടിയേറ്റ ഒരു യുവാവ് .... നീണ്ട പട്ടികയാണിത്...  ..
s.പി.ഓഫീസ് മാര്‍ച്ച്
ഗാന്ധിനിന്ദയ്ക്കും ബാലപീഡനത്തിനും മറ്റക്രമങ്ങള്‍ക്കും എതിരെ   പ്രതിഷേധിയ്ക്കാന്‍ ജില്ലാപരിസ്ഥീതിസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വായ മൂടിക്കെട്ടിക്കൊണ്ട് എസ്, പി. ഓഫീസ് മാര്‍ച്ച് നടത്തിയപ്പോള്‍ ജലപീരങ്കിയടക്കം സജ്ജമാക്കുകയും 30 പേര്‍ സമാധാന പരമായി നടത്തിയ പ്രതിഷേധത്തെ ഡെ. സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ മൂന്ന്‍ സി. ഐ . മാരടക്കം 400 പോലീസുകാരെ നിരത്തി എതിരിട്ടു,യുദ്ധസമാനമായ ഒരു അന്തരീക്ഷം ഉണ്ടാക്കി ശരിയ്ക്കും നാണം കെട്ടുപോയി പോലീസ്.
ഗാന്ധിജിയുടെ "ചിതാഭസ്മം"
സമാധാനപരമായി റോഡരികിലെ മരച്ചുവട്ടില്‍ അല്‍പ്പനേരം പ്രതിഷേധം നടത്തിയിട്ട് പിരിഞ്ഞു പോകാന്‍ വരെ സമ്മതിയ്ക്കാതെ പൊരിവെയിലത്ത് നടുറോഡില്‍ വന്ദ്യവയോധികാരടക്കമുള്ള സമരക്കാരെ തടഞ്ഞു വച്ചപ്പോള്‍ ഞങ്ങള്‍ക്ക് റോഡില്‍ ഇരുന്ന്‍ പ്രതിഷേധിയ്ക്കേണ്ടിവന്നു . ഞങ്ങള്‍ക്കു  മുന്നിലും പിന്നിലും ഒരു ജാഥപോലെയവരും ടൌണ്‍ ചുറ്റുകയും ഞങ്ങള്‍ പറഞ്ഞ ,മയമുള്ള സ്വരത്തിലുള്ളതെങ്കിലും, ഉപദേശങ്ങളും മറ്റും മിണ്ടാതെയവര്‍ക്ക് കേട്ടുനില്‍ക്കേണ്ടിവന്നു.. ചില ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ പേര് വയ്ക്കാതെയാണ് വന്നത് . ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടാകും എന്നുതന്നെ ഞങ്ങള്‍ കരുതിയിരുന്നു.. അത്ര സഹിഷ്ണുതയില്ലാത്തതാണല്ലോഇന്നത്തെ പോലീസ് സേന..    ജനങ്ങളോട് ഈ  നിലയിലാണോ ജനകീയ സര്‍ക്കാരുകള്‍ പെരുമാറേണ്ടത്?  

പോലീസുകാര്‍ക്ക് മോഹന്‍കുമാര്‍ മാഷിന്റെ ചില ഉപദേശങ്ങള്‍ ..
പെട്ടിപ്പാലം സമരനായകന്‍ ശ്രീ. അജയകുമാര്‍ ഗാന്ധിജിയെ കത്തിച്ച ചാരം ഒരു കുടുക്കയിലാക്കി കൊണ്ടുവന്നിരുന്നു.. ചേലോറ നിന്നും ചാലോടന്‍ രാജീവന്‍ കുറെ ആള്‍ക്കാരെയും കൂട്ടി വന്നിരുന്നു. ഗാന്ധിയെ മറക്കാത്ത ചില അപൂര്‍വ്വ ഗാന്ധിയന്‍മാരും ഉണ്ടായിരുന്നു.. അടി കൊണ്ടാല്‍ പോലും നിന്നു കൊള്ളുക മാത്രം ചെയ്യുന്ന,തികഞ്ഞ അഹിംസയിലും സത്യനിഷ്ഠയിലുംജീവിയ്ക്കുന്ന ചിലര്‍ മുന്‍കൂര്‍ അനുവാദവും വാങ്ങി നടത്തിയ ഒരു പ്രതിഷേധത്തെയാണ് ഇങ്ങനെ ഒതുക്കാന്‍ ശ്രമമുണ്ടായത്..  
ജനകീയ സമരങ്ങള്‍ തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ ഒടുവില്‍ വിജയിക്കുക തന്നെചെയ്യും .....എത്ര വലിയ അധികാരശക്തിയ്ക്കും എല്ലാനാളും അവയെ അടിച്ചമര്‍ത്താനാവില്ല. .. വികേന്ദ്രീകരിച്ച് ഏറ്റവും ലളിതവും വേണമെങ്കില്‍ ലാഭം കിട്ടുന്നതുമായ വഴികള്‍ നഗരസഭകളും ഗ്രാമസഭകളുമെല്ലാം മാലിന്യസംസ്കരണത്തിനായി തെരഞ്ഞെടുക്കുകതന്നെ വേണ്ടിവരും.. 






















Sunday, March 4, 2012

ചേലോറക്കാര്‍ സമരപ്പന്തലില്‍ ജീവിക്കുകയാണ് ....





ണ്ണൂര്‍ മുനിസിപ്പാലിറ്റിയുടേ ഭരണം വഹിക്കുന്നവരും ഇവിടത്തെ എം.പി. യും എം,എല്‍.ഏ യുമൊക്കെ  ചേര്‍ന്ന് പാവം ചേലോറക്കാരെ സമരപ്പന്തലില്‍ ജീവിയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്... ശ്രീജ മാഡം ചേലോറക്കാരെ മാലിന്യത്തില്‍ ജീവിയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയശേഷം അവരെ ഭൂമി കയ്യേറ്റക്കാര്‍ എന്നു കള്ളക്കുറ്റം ചുമത്തിയാണ് പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുന്നത്.. ബഹു. എം.എല്‍ .എ . പറഞ്ഞത്രേ ,ചേലോറക്കരുടെ ശവം പയ്യാമ്പലം പൊതു ശ്മശാനത്തില്‍ കയറ്റില്ലെന്ന്!!!!... എന്താ ചേലോറ കണ്ണൂര്‍ ജില്ലയുടേയോ കേരളത്തിന്‍റേയോ ഒന്നും ഭാഗമല്ലെന്നുണ്ടോ??..അവര്‍ക്ക് ഒരു മനുഷ്യാവകാശങ്ങളുമില്ലെന്നോ .... ഒരു മാസത്തിനകം മാലിന്യത്തിന് പരിഹാരമുണ്ടാക്കാം എന്നു പറഞ്ഞത് നഗരമാതാവും കൊടികെട്ടിയ എം.പിയും എം എല്‍ എയും കളക്ടറും രാഷ്ട്റീയക്കാരും എല്ലാം ചേര്‍ന്നാണ് ... എന്നിട്ട് ഇപ്പോള്‍ 70 ദിവസം കഴിഞ്ഞിട്ടും ഒന്നുമുണ്ടായില്ല.. കണ്ണൂര്‍ നഗരത്തിന്‍റെ വഴിയോരങ്ങളില്‍  കുന്നുകൂട്ടിയ മാലിന്യങ്ങളാല്‍ ചീഞ്ഞു നാറുകയും നിരന്തരമായ പ്ലാസ്റ്റിക്ക് കത്തിക്കലിന്‍റെ വിഷധൂമങ്ങള്‍ എങ്ങും പടരുകയും മാത്രമാണ് നടന്നിരിയ്ക്കുന്നത്.. ജൈവമാലിന്യങ്ങള്‍ ഒരു കുഴി കുഴിച്ച് കമ്പോസ്റ്റ് ആക്കിമാറ്റാന്‍ പോലും വയ്യെങ്കില്‍,  ചേലോറ നിവാസികള്‍ തന്നെ ഈ മലമാത്രം പേറണം എന്ന ശാഠ്യം മാത്രമാണ് ഇവര്‍ക്കൊക്കെയെങ്കില്‍ ,ഒന്നും കൊള്ളാത്ത ഇവര്‍ക്കൊക്കെ രാജി വച്ചുകൂടെ.. സ്കൂള്‍ കുട്ടികള്‍ക്കുപോലുമറിയാം എങ്ങനെയാണ് മാലിന്യനിര്‍മ്മാര്‍ജ്ജനം നടത്തേണ്ടതെന്ന്.. വീണ്ടുമെന്നിട്ട് പോലീസിനെ ഉപയോഗിച്ച് മാലിന്യം ചേലോറയില്‍ തള്ളാന്‍  മാത്രമാണ് ഭരണാധികാരികള്‍ ഒരുങ്ങിക്കൊണ്ടിരിയ്ക്കുന്നത് ...                             

ചേലോറക്കാരെ അവിടെനിന്നും ഓടിച്ച് ,അവരുടെ സ്ഥലം ശ്രീമതി ശ്രീജ ഏറ്റെടുക്കുമത്രെ !!!! ഇതെന്താ വെള്ളരിക്കാ പട്ടണമാണോ??? ചേലോറക്കാരിപ്പോള്‍  സമരപ്പന്തലില്‍ തന്നെ കഞ്ഞിയൊക്കെവച്ച്  അവിടെത്തന്നെ ജീവിയ്ക്കുകയാണ്.. അവരുടെ കുട്ടികള്‍ അവിടെ കളിച്ചുവളരുകയാണ് .. 


3 വയസ്സുകാരന്‍ ആദിഷ് മുതല്‍ പാറുവമ്മ വരെ ഈ പന്തളിലുണ്ട്...













70 _)0 ദിനം 7 വയസ്സുകാരി നന്ദനയുടെ പിറന്നാളായിരുന്നു.. സമരപ്പന്തലില്‍ തന്നെ പായസമൊക്കെ വച്ച് അവര്‍ പിറന്നാളാഘോഷിച്ചു.. കൊച്ചുനന്ദന പന്തലിന് തൊട്ടൂള്ള ബസ്റ്റോപ്പിലിരുന്നാണ് പിറന്നാള്‍ പായസം കഴിച്ചത് ...











ജനതയ്ക്ക് രക്ഷിക്കേണ്ടവരൊക്കെ ശിക്ഷിക്കാന്‍ നില്‍ക്കുമ്പോള്‍ മറ്റെന്താണ് ചെയ്യാനാവുക.... നിങ്ങള്‍ക്കൂ സഹായിക്കാനാകുമോ ചേലോറക്കാരെ?...........

Friday, February 24, 2012

ഗുരുവേ പ്രണാമം.....



ശിവപ്രസാദ് മാഷ് വിടപറഞ്ഞു പോയിരിക്കുകയാണ് .... മാഷിനെ പരിചയമുള്ള ആര്‍ക്കും തീരെ വിശ്വസിക്കാനാകാത്ത ഒന്നായിപ്പോയി മാഷിന്‍റെ മരണം ... കാരണം അത്രയേറെ ഉര്‍ജ്ജ്വസ്വലനായേ എന്നും എല്ലാവരും അദ്ദേഹത്തെ കണ്ടിട്ടുള്ളൂ . അദ്ദേഹം 67 വര്‍ഷം കൊണ്ട് 100 വയസ്സിന്‍റെ ജീവിതമായിരുന്നു ജീവിച്ചുതീര്‍ത്തത് ... പ്രകൃതിയ്ക്കായി വിശ്രമമില്ലാതെ അക്ഷീണം കേരളത്തിലങ്ങോളമിങ്ങോളം ഓടിനടന്നു ക്ലാസ്സുകളെടുക്കുകയായിരുന്നു മാഷ്... അറിവിന്‍റെ ഒരു മഹാസമുദ്രം തന്നെയായിരുന്നു ആ അപൂര്‍വ്വ ധിഷണാശാലി .. ഏതൂ വിഷയത്തെപ്പറ്റിയും 100% ആധികാരികമായി പറഞ്ഞു തരാന്‍ അദ്ദേഹത്തിന് കഴിവുണ്ടായിരുന്നു... ഈ പ്രായത്തിലും അദ്ദേഹം രാവേറേ നേരം ഉറക്കമിളച്ചു പഠനം നടത്തുകയും തന്‍റെ അറിവുകള്‍ ഏറ്റവും പെര്‍ഫെക്റ്റ് ആക്കുകയും ചെയ്യുമായിരുന്നു...                                                                                                                                           
കുട്ടികള്‍ക്ക് പാഠങ്ങള്‍ പറഞ്ഞുകൊടുത്തുകൊണ്ട്...

ത്രയേറെ ആധികാരികമായതിനാല്‍ മാഷിന്‍റെ ക്ലാസ്സുകള്‍ ആള്‍ക്കാരില്‍ ശക്തമായ മാറ്റങ്ങള്‍ ഉണ്ടാക്കി. അവയെ നിഷേധിയ്ക്കാന്‍ ആര്‍ക്കുമാകുമായിരുന്നില്ല.. തന്‍റെ അറിവത്രയും ജൈവകൃഷി പ്രചരിപ്പിയ്ക്കുവാനും എല്ലാ വിഭാഗത്തില്‍പ്പെട്ട ആള്‍ക്കാരെയും പരിസ്ഥിതീയുടെ പാതയിലേയ്ക്ക് നയിക്കുവാനും പ്രതിഫലമൊന്നും വാങ്ങാതെയും പ്രശസ്തിയൊന്നുമാഗ്രഹിക്കാതെയും ഒരു കര്‍മ്മയോഗിയെപ്പോലെ അദ്ദേഹം പകര്‍ന്നു നല്കി.. ഇത്രയും അറിവുള്ളയാള്‍ മറ്റെവിടെയെങ്കിലുമാണ് ജീവിച്ചിരുന്നതെങ്കില്‍ ആ കഴിവുകള്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ അംഗീകരിച്ച് വേണ്ടത്ര ആദരിയ്ക്കുമായിരുന്നു..  സ്കൂള്‍ കുട്ടികള്‍ മുതല്‍ .കോളേജീലേയൂം ഫ്രൊഫഷണല്‍ കോളേജിലെയും കുട്ടികള്‍ ,സാധാരണ കൃഷിക്കാര്‍ ,വീട്ടമ്മമാര്‍ പഞ്ചായത്ത് പ്രസിഡന്‍റുമാര്‍ , ഹെഡ്മാസ്റ്റര്‍മാര്‍ എന്നുവേണ്ട പ്രസാദ് മാസ്റ്റര്‍ എല്ലാവര്ക്കും ആയിരക്കണക്കിനു ക്ലാസ്സുകളെടുത്തു.                                                                                                               
                         
ജില്ലാ പരിസ്ഥിതിസമിതിയുടെ ജൈവോല്‍പ്പന്ന വിപണന മേളയില്‍ 


 നിറഞ്ഞ വാല്‍സല്യവും സ്നേഹവും വറ്റാത്ത ഊര്‍ജ്ജവും മാസ്റ്റര്‍ പകര്‍ന്നു.. എല്ലാവര്‍ക്കും തണല്‍മരത്തെപ്പോലെ ആശ്വാസമേകി ..എല്ലാ പ്രശ്നങ്ങള്ക്കും മാഷ് ഉത്തരംതന്നു..ഊര്‍ജ്ജം പകര്‍ന്നു.. മണിക്കൂറുകളോളം നീണ്ട ക്ലാസുകള്‍ ആരെയും ഇത്തിരിപ്പോലും മൂഷിപ്പിക്കാതെ എടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു..... നീണ്ട ക്ലാസ്സുകളും വിശ്രമമില്ലാത്ത യാത്രകളും തന്നെയാണ് അദ്ദേഹത്തിന്‍റെ ആയുസ്സ് കവര്‍ന്നത്.. പ്രകൃതിയ്ക്കായി ജീവിതം ഹോമിയ്ക്കുകയായിരുന്നു മാഷ്.. ഞങ്ങളെയെല്ലാം അനാഥ രാക്കിയിട്ട് മാഷ് കടന്നുപോയിരിയ്ക്കുന്നു.. ആ വിടവ് നികത്താന്‍ ആരുമില്ലിന്ന്....
മറ്റൊരു പരിസ്ഥിതിക്യാമ്പില്‍ ....
ങ്കിലും മാഷ് മരിയ്ക്കുകയില്ല ..എന്നെന്നും അദ്ദേഹം ചെയ്തു വച്ച പ്രവൃത്തികളിലൂടെ അദ്ദേഹം ഈ മണ്ണില്‍ ജീവിയ്ക്കും... . എന്നും ആ ജ്വലിയ്ക്കുന്ന ഓര്‍മ്മകള്‍ നേരിന്റെ പാതയില്‍ മുന്നേറാന്‍ ശക്തി പകരട്ടെ  .  ഗുരുപാദങ്ങളില്‍ പ്രണാമം... 

Thursday, January 12, 2012

ഗ്രാമങ്ങള്‍ നഗരവാസികളുടെ കുപ്പത്തൊട്ടികളോ?

ബ്ലോഗിന്‍റെ തലക്കെട്ട് ഇങ്ങനെ എഴുതാന്‍ കാരണം, ഇവിടെ കണ്ണൂര്‍ ജില്ലയിലെ രണ്ടു സ്ഥലങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ട കാഴ്ചകളാണ്..നഗരവാസികളുടെ മാലിന്യമത്രയും പേറാന്‍ വിധിയ്ക്കപ്പെട്ട  പെട്ടിപ്പാലവും ചേലോറയുമാണ് ആ സ്ഥ ലങ്ങള്‍ ... ഇതില്‍ 60 വര്‍ഷത്തിലേറെയായി മാലിന്യം കൊണ്ടുവന്ന് കുന്നുകൂട്ടിയ ചേലോറയിലെ ചില ദൃശ്യങ്ങള്‍ നിങ്ങളും കണ്ടുനോക്കൂ.... 



തൊക്കെ 28 ഏക്കറോളം  വരുന്ന ചേലോറ ട്രഞ്ചിംഗ് ഗ്രൌണ്ടിലെ ചില കാഴ്ചകള്‍ മാത്രം..  കക്കൂസ്, ആശുപത്രി, ഹോട്ടല്‍ ഗാര്‍ഹിക  മാലിന്യങ്ങളത്രയും  അതേപടി ഈ  സ്ഥ ലത്ത് കൊണ്ട്വന്ന്‍  അട്ടിയിടുന്നതത്രേ ഈ ശാസ്ത്രപുരോഗതിയുടെ അങ്ങേയറ്റത്തെത്തി നില്‍ക്കുന്ന      കാലത്തും മാലിന്യസംസ്ക്കരണം!.












   താ മറ്റു  ചില കാഴ്ചകള്‍ കൂടീ.ഇതും നടക്കുന്നതു കേരളത്തിലെ ഒരു ഗ്രാമത്തില്‍ തന്നെയാണേ.. ഒന്നും ഗതിയില്ലാത്ത പട്ടിണിപ്പാവങ്ങളെക്കൊണ്ട്  ജോലി എന്ന വ്യാജേന ദിവസങ്ങള്‍ പഴക്കമുള്ള മാലിന്യക്കൂമ്പാരത്തില്‍ നിന്നും  പ്ലാസ്റ്റിക്ക്  വേര്‍തിരിയ്ക്കുകയാണ് !..യാതൊരു മനുഷ്യാവകാശങ്ങളും ഈ പാവങ്ങള്‍ക്കില്ലേ?. 

 മാലിന്യ സംസ്കരണത്തിന്  ഏറ്റവും ലളിതവും അപകടരഹിതവുമായ , എളുപ്പത്തില്‍ നടപ്പാക്കാന്‍ കഴിയുന്ന പദ്ധതികള്‍ ഉള്ളപ്പോഴാണ് നഗരസഭകള്‍ ഈ കാട്ടാളത്തങ്ങള്‍ തുടരുന്നത്. ഇപ്പോള്‍ വീടുകളില്‍ വയ്ക്കാവുന്ന രണ്ടരക്കിലോ വേസ്റ്റ് ഉപയോഗിച്ചാല്‍ ഒരു മണിക്കൂര്‍ കത്തിക്കാന്‍ മാത്രം ബയോഗ്യാസ് തരുന്നതുമുതല്‍ അങ്ങോട്ട് എത്ര വലുപ്പത്തില്‍ വേണമെങ്കിലും ഫൈബര്‍ഗ്ലാസുകൊണ്ടുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ കിട്ടാനുണ്ട്. ഇത് സ്ഥാപനങ്ങളിലും വയ്ക്കാം . അല്ലെങ്കില്‍  കുറെ സ്ഥാപനങ്ങള്‍ക്കായി വലിയ ഒരു ടാങ്ക് വയ്ക്കാം. ഏറ്റവും ചെറുതിന് 5000 രൂപ ഗവര്‍മെന്‍റ് സബ്സിഡി കഴിഞ്ഞല്‍  7000 രൂപയോളമേ ചെലവ് വരൂ ... ഒന്നാം തരം വളം,പാചക ഇന്ധനം ,അത്യാവശ്യം ലൈറ്റുകള്‍ തെളിയിക്കാം ഇതൊക്കെ ലഭിയ്ക്കുന്ന ഈ എളുപ്പവഴി ഉണ്ടായിട്ടും എന്തേ നഗരസഭകള്‍ ഇത് നടപ്പിലാക്കുന്നില്ല? 
 രണ്ടരക്കിലോഗ്രാം അവശിഷ്ടങ്ങള്‍ കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന പ്ലാന്‍റ് 
പ്ലാസ്റ്റിക്ക് മാത്രമായിരിയ്ക്കും അല്പ്പം പ്രശ്നം സൃഷ്ടിയ്ക്കുക. അതിനായി ഉറവിടങ്ങളില്‍ വച്ച് തന്നെ പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും വെവ്വേറെ ശേഖരിയ്ക്കാനുള്ള സംവിധാനം ഒരുക്കുക.പ്ലാസ്റ്റിക്ക് റീസൈക്ലിംങ്ങിനായി  തത്ക്കാലം അയയ്ക്കുക. ഉപയോഗം പരിമിതപ്പെടുത്താന്‍ ബദല്‍ മാര്‍ഗ്ഗങ്ങളും കര്‍ക്കശമായ നിയമങ്ങളും നടപ്പിലാക്കുക...
ചേലോറയിലും മറ്റും  നാട്ടുകാര്‍ ശുദ്ധജലം നഷ്ടപ്പെട്ടും ആരോഗ്യം നശിച്ചും യാതൊരു ഗതിയും കാണാതെ സമരം ചെയ്യുമ്പോഴും അവരോടു നഗരസഭകള്‍ ഹുങ്കുമാത്രം കാണിയ്ക്കുകയാണ് .. മാലിന്യ നിര്‍മ്മാജനത്തെപ്പറ്റി മാര്‍ഗ്ഗനിര്‍ദേശം കൊടുക്കാന്‍ ചെന്ന കണ്ണൂര്‍ ജില്ലാ പരിസ്ഥിതി  സമിതി പ്രവര്‍ത്തകരോട് നഗരമാതാവ് ശ്രീമതി ശ്രീജ പറഞ്ഞത് അവര്‍ ചേലോറയെ നഗര സഭയോടു കൂട്ടീച്ചേര്‍ ത്തു  ,അവിടെത്തന്നെ മാലിന്യം തുടര്‍ന്നും നിക്ഷേപിയ്ക്കും എന്നാണ്!... അമ്മമാര്‍ തങ്ങളുടെ മക്കള്‍ക്ക് നല്ല വെള്ളം കൊടുക്കാനാകാതെ സമരം ചെയ്യുമ്പോഴാണ് മറ്റൊരു സ്ത്രീ ഇങ്ങനെ പ്രഖ്യാപിച്ചത്... അവര്‍ അമ്മയല്ലെന്നുണ്ടോ?... 
തൊന്നും പോരാഞ്ഞിട്ടു ,സമരപ്പന്തലിലേയ്ക്ക് മാലിന്യവണ്ടി ഇടിച്ചു കയറ്റി ആള്‍ക്കാരെ കൊല്ലാനും ശ്രമം നടത്തി.. ചേലോറയിലെ അമ്മമാര്‍ ഇതിന് ശക്തമായ മറുപടി കൊടുത്തു കഴിഞ്ഞു.... അധികാരി വര്‍ഗ്ഗത്തിന്‍റെ  ഇത്തരം ഹുങ്കുകള്‍ ഇനിയും വിലപ്പോവില്ലെന്ന് എന്നാണിത്തരക്കാര്‍ മനസ്സിലാക്കുക...