Saturday, November 29, 2014

ചികില്‍സ വേണ്ടത് മനുഷ്യന്‍റെ ആര്‍ത്തിയ്ക്കാണ്...

ടിവി തുറാക്കാനേ പറ്റുന്നില്ല .. ചാനല്‍കാര്‍ക്ക് കുറച്ചുദിവസത്തെ ഉപജീവനത്തിനായി കിട്ടിയതു പക്ഷിപ്പനിയായതിനാല്‍,ടിവി തുറക്കുമ്പോള്‍ ചീഞ്ഞഴുകിയ താറാവിറച്ചി മണക്കുന്നു,മനംപിരട്ടലുണ്ടാകുന്നു.. അവര്‍ കഴിയുന്നത്ര ആഘോഷിക്കുന്നു ..ചാനല്‍ച്ചര്‍ച്ചാജീവികള്‍ക്കും നേരം പോകാന്‍ കുറച്ചുദിവസത്തെ പണിയായി ..പക്ഷേ യാഥാര്‍ഥ്യങ്ങള്‍ പൂര്‍ണ്ണമായും വിസ്മരിച്ചുകൊണ്ട് ,നേരംകൊല്ലല്‍ ചര്‍ച്ചകള്‍ മാത്രം നടക്കുന്നു ..താറാവുകളെ രോഗമില്ലാത്തവയെയും ഉള്ളവയെയും നിഷ്കരുണം കൊന്ന്‍ ചുട്ടുകരിയ്ക്കുന്നു . നഷ്ടപരിഹാരങ്ങളും പിന്നെ കുറെ ഉദ്യോഗസ്ഥര്‍ക്കുള്ള പണവിതരണവും നടക്കുന്നു ..മരുന്നുലോബികള്‍ക്കാണെങ്കില്‍ കൊയ്ത്തോട് കൊയ്തുതന്നെ .. പാര്‍ശ്വഫലങ്ങള്‍ ഉള്ള മരുന്നത്രയും പരീക്ഷിയ്ക്കാനും വിറ്റഴിക്കാനും വലിയ വിപണി തുറന്നുകിട്ടിയിരിയ്ക്കുന്നു .

താറാവുകളുടെ ദീനരോദനങ്ങള്‍ ഏറ്റെടുക്കാന്‍   മനേകാ ഗാന്ധിയുമില്ല ജന്തുസ്നേഹികളുമില്ല ,ആരുമില്ല  ,ലക്ഷക്കണക്കിനു ജീവനുകള്‍ നശിപ്പിക്കപ്പെടുന്നു .. മനുഷ്നു പനി പകര്‍ന്നാലോ എന്നാണാശങ്ക ..
  താറാവിനായാലും മനുഷ്യനായാലും  എന്തുകൊണ്ട് അസുഖം വരുന്നു എന്ന്‍ ശാസ്ത്രീയമായ പഠനം നടത്താന്‍ ആരും തുനിയുന്നുമില്ല.. തുനിയില്ല. എങ്കില്‍ പിന്നെ മരുന്നുവിപണി അടച്ചുപുട്ടേണ്ടി വരും .പ്രശ്നമില്ലെങ്കില്‍ രാഷ്ട്രീയ ഉപജീവികള്‍ ,ചാനലുകാര്‍ ,ചര്‍ച്ചാജിവികള്‍ എല്ലാവരും പട്ടിണിയിലാവും .അപ്പോള്‍ പിന്നെ ,ഇങ്ങനെ പ്രശ്നങ്ങള്‍ ഉണ്ടായിക്കൊണ്ടെയിരിക്കണം ..അവയ്ക്കു ശാസ്ത്രീയമായ പരിഹാരങ്ങള്‍ ഒരിക്കലുമുണ്ടാകരുത്..

പശുവും കോഴിയും ആടും താറാവുമൊക്കെ കൃഷിയായപ്പോള്‍ ,അവയ്ക്കു അവയുടെ സ്വാഭാവിക ജീവിതരീതികളും തീറ്റയും നിഷേധിയ്ക്കപ്പെട്ടപ്പോള്‍, ഒപ്പം പാരിസ്ഥിതികമായ മലിനീകരണങ്ങള്‍ കൂടിയായപ്പോള്‍ ,അവയുടെ പ്രതിരോധശേഷി അപ്പാടെ തകരുകയും വൈറസ് രോഗങ്ങള്‍ അവയെ പിടികൂടുകയും ചെയ്യുമ്പോള്‍ എവിടെയാണ് ചികില്‍സിക്കേണ്ടത് ? എന്തിനെ ചികില്‍സിച്ചു മാറ്റിയാലാണ് പാവം താറാവുകളും കോഴികളുമൊക്കെ രക്ഷപ്പെടുക ? ആരെങ്കിലും  ചിന്തിച്ചിട്ടുണ്ടാകുമോ  ?

താറാവുവളര്‍ത്തല്‍ വളരെ മുമ്പേ കേരളത്തിലുണ്ട് .. കൊയ്തു കഴിഞ്ഞ പാടങ്ങളില്‍ അവയെ കൂട്ടത്തോടെ മേയാന്‍ വിട്ടിരുന്നപ്പോള്‍ ,പാടങ്ങളിലെ മുഴുവന്‍  കീടങ്ങളേയും അവ നിയന്ത്രിയ്ക്കുകയും നെല്‍കൃഷി കൂടി മെച്ചമാവുകയും ചെയ്തിരുന്നു .. ഇന്ന്‍ അമിതമായ ആര്‍ത്തി മൂത്ത് , താറാവെന്നാല്‍ പണം കിട്ടാനുള്ള ഒരു ഉപാധി എന്ന നിലയിലേയ്ക്ക് തരം താണപ്പോള്‍ ,ഈ ആര്‍ത്തിയാണ് എച്ച്5 എന്‍ 1 എന്നോ പക്ഷിപ്പനി എന്നോ എന്തുപേരിട്ടു വിളിച്ചാലും ഇന്നത്തെ അവസ്ഥ ഉണ്ടാക്കിയിരിയ്ക്കുന്നത് .. മരുന്ന്‍ വേണ്ടത് ഈ ആര്‍ത്തിയ്ക്കാണ്. ഇത് മാറുകയും സ്നേഹം എന്ന മറന്നുപോയ വാക്കിന്‍റെ ശരിയായ അര്‍ത്ഥം മനസ്സിലാക്കി ജീവിയ്ക്കുകയും ചെയ്യുമ്പോള്‍ പാവം താറാവുകളും ഒപ്പം മനുഷ്യരും രക്ഷപ്പെടും .. 

1 comment:

  1. പാരിസ്ഥിതിക ഭീകരപ്രവർത്തനം പാവം താറാവുകൾ ഇത്തവണ ആരോ കുത്തിപോക്കിയതാണ് എല്ലാ കൊല്ലവും സംഭവിക്കുന്നതാണ് ഇത്തവണ കുറച്ചു അധികരിച്ചു അത് ലാക്കാക്കി

    ReplyDelete