Friday, December 31, 2010

ജൈവവൈവിധ്യംതേടി...

വിടപറയാൻ പോകുന്ന 2010 ന്റെ  അവസാനദിനം..ജൈവവൈവിധ്യവർഷം കൂടിയാണല്ലോ കാലയവനികയ്ക്ക് പിറകിലേയ്ക്ക് നടന്നുമറയാൻ പോകുന്നത് എന്നോർത്ത് അൽ‌പ്പം ജൈവവൈവിധ്യം നോക്കാനായി പറമ്പിലേയ്ക്കിറങ്ങിയതായിരുന്ന

 തൊടി നിറയെ കിളികളുടെ കോലാഹലമായിരുന്നു..വിരുന്നുകാരും സ്ഥലവാസികളും ഒക്കെയുണ്ടായിരുന്നു..സൂത്രക്കാർ..അവരെ പിടിക്കണമെങ്കിൽ എന്റെ കൊച്ചു ക്യാമറപോര.നല്ല ക്യാമറയാണെങ്കിൽ എന്റെ സുഹൃത്ത് വാങ്ങിത്തരില്ലത്രെ,എന്റെ കൈ ശരിയല്ലത്രെ.അതിനാൽ തത്കാലം വല്ല പൂക്കളെയോ പൂമ്പാറ്റകളെയോ ചിലന്തികളെയോ ഒക്കെ പിടിച്ച് സംതൃപ്തിയടയാമെന്നുവച്ചു.പറന്നുകളിക്കുന്ന നാഗമോഹനേയും തേങ്കുരുവികളേയും മഞ്ഞക്കിളികളെയുമൊക്കെ അസൂയയോടെ നോക്കിനിന്നു.കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻപറ്റുള്ളൂ...



ന്നെ സമാധാനിപ്പിക്കാനെന്നവണ്ണം അതാ മുന്നിൽ ഇതുവരെ കാണാത്ത ഒരു ചിലന്തി..പക്ഷെ അൽ‌പ്പം ഉയരത്തിൽ വലിയ ഒരു വലയും നെയ്ത് പ്രാതൽ കഴിക്കുന്ന അവളെ കൂട്ടിലാക്കാൻ ഒരു സ്റ്റൂളിൽ കയറേണ്ടിവന്നു..അവളാണിത്..

 





 ചിലന്തിയെ കൂട്ടിലാക്കി അൽ‌പ്പം നടന്നപ്പോഴുണ്ട് നല്ല രസികൻ നിറങ്ങളുള്ള ഊഞ്ഞാൽ വിദഗ്ധനായ മറ്റൊരുവൻ.അവനും വല്യ പ്രശ്നമൊന്നുമുണ്ടാക്കാതെ പോസു ചെയ്തു തന്നു..      




 


 ഇന്ന് ചിലന്തികളുടെ ദിനമാണോന്ന് സംശയിക്കുംവിധം മുന്നിൽ മറ്റൊരെണ്ണം .എനിക്കേറെ ഇഷ്ടമുള്ള ജീവികളാണ് ചിലന്തികൾ.ജൈവശൃംഖലയിലെ വിലപ്പെട്ട മുത്തുകളാണിവ..ഞാൻ കഴിക്കുന്ന ആഹാരത്തിൽ ഇവയുടെകൂടി കൈയ്യൊപ്പുണ്ട്.ഇവയില്ലെങ്കിൽ കീടരോഗങ്ങളാൽ ഒക്കെ നശിച്ചേനെ..അതിനാൽ മുന്നിൽ കണ്ട പച്ചസുന്ദരിയേയും പിടിച്ചു ..

 



 അപ്പോഴുണ്ട് വെയ്ലിന്റെ സ്വർണ്ണവും വാരിപ്പൂശി നാട്ടുകാരിപ്പെണ്ണായ ചെമ്പരത്തി ചിരിച്ചുകൊണ്ട് ഹാപ്പി ന്യൂ ഇയർ പറഞ്ഞോണ്ട് നിൽക്കുന്നു.എന്താ എന്റെ പടം പിടിക്കുന്നില്ലേ എന്നവൾക്ക് പരിഭവം..അവളാണിത്...

 





താഴത്തെ ചേമ്പിലയിൽ സുഖമായി വെയിൽകായാനിരിക്കുകയായിരുന്നു  കാട്ടുമണവാട്ടി...നല്ല സ്റ്റൈലിൽ ഇരിക്കുന്ന അവനും എന്റെ പവർഷോട്ടിൽ കുരുങ്ങി..

 




കുഞ്ഞു കുഞ്ഞു പൂമ്പാറ്റകൾ അവിടവിടെ വെയിൽ കായുന്നുണ്ടായിരുന്നു .അവരിൽ രണ്ടു മൂന്നു പേരും വലയിൽ കുടുങ്ങി.അതിൽ ഒന്ന് വെള്ളയിൽ കറുത്ത പൊട്ടുതൊട്ട പാണലുണ്ണിയാണ്.മറ്റൊരാൾ നാൽക്കണ്ണി.

 







 ഇത് ചേരാച്ചിറകൻ. കാണാനത്ര ഭംഗിയില്ല.പക്ഷെ ,ചിറക് പൂട്ടിയാലും അറ്റം തമ്മിൽ ചേരാതിരിക്കും..

 



 ഇതാണ് ഊട്ടി ആപ്പിൾ..പടമെടുത്തു കഴിഞ്ഞപ്പോൾ രണ്ടെണ്ണം പറിച്ചു തിന്നു. അൽ‌പ്പം പുളിയും മധുരവും കലർന്ന സ്വാദാണ് ഈ രസികൻ പഴങ്ങൾക്ക്...
 



കുറിഞ്ഞികൾ നാ‍ലഞ്ചുതരമുണ്ടിവിടെ.അതിലൊന്നാണ് കരിങ്കുറിഞ്ഞി.ഇതിന്റെ രണ്ട് ജാതികളുണ്ടിവിടെ.അതിലൊന്നാണ് ബലൂൺ പോലത്തെ മൊട്ടും നല്ലപർപ്പിൾ നിറവുമുള്ളയിനം.

 





എന്തു ഭംഗിയാണെടീ നിന്നെ കാണാൻ എന്ന് ലോഗ്യം പറയുമ്പോഴേയ്ക്കും ഒരു കുഞ്ഞിക്കുറുമ്പൻ തേനീച്ച സദ്യയുണ്ണാനായെത്തി.അവനേയും വെറുതെ വിട്ടില്ല.

 




 അപ്പുറത്തു ചെന്നപ്പോൾ വഴുതനച്ചെടി നിറയെ ലേഡീ ബേഡ് ബീറ്റിലുകൾ..പുഴുക്കളുടെ ആക്രമണത്താൽ വല്ലാതെ വിഷമിച്ചിരുന്ന അവളെ രക്ഷിക്കാൻ സന്നദ്ധഭടന്മാർ എത്തിയല്ലോ.ആശ്വാസമായി...

 





വീടെടുക്കാനായി മണ്ണു നീക്കിയ സ്ഥലത്ത് ചെന്നപ്പോൾ ഒരു മുഴുത്ത കരിന്തേൾ...ഉറുമ്പുകളുടെ ആക്രമണത്താൽ അവൾ വിഷമിക്കുകയായിരുന്നു..

 





രുപാടൊരുപാടു പേർ ഇനിയുമുണ്ട്..പക്ഷെ,ഇന്നിത്രകൊണ്ട് മതിയാക്കാം..പണികൾ മറ്റു പലതുമുണ്ടല്ലോ.വേട്ട മതിയാക്കി പോകാൻ നോക്കുമ്പോഴുണ്ട് പഴുത്തൊരു പ്ലാവില താഴെ കിടക്കുന്നു..കാ‍ലവൃക്ഷത്തിൽനിന്നും ഒരിലകൂടി  പൊഴിഞ്ഞിരിക്കുന്നു..

 





ജൈവവൈവിധ്യ വർഷം മറഞ്ഞെങ്കിലും വർഷാചരണത്തിൽ ഒതുക്കേണ്ടതല്ല,എന്നും കൂടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കേണ്ടതാണ് ജൈവവൈവിധ്യം എന്നു മന്ത്രിച്ചു കൊണ്ടാണ് 2010 വിടപറയുന്നത്..

എല്ലാവർക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ..

Sunday, December 19, 2010

സ്ത്രീയ്ക്കുമുണ്ടൊരു ലോകം...

ലീനയ്ക്ക് അരിശം സഹിക്കാനായില്ല...ഈ നാട്ടിൽ ഓരോ അവന്മാർ  എന്തൊക്കെ വൃത്തികേടുകൾ കാട്ടിയാണ് ജീവിക്കുന്നത്. മറ്റുള്ളവന്റെ അമ്മയേയും ഭാര്യയേയും മകളേയും പെങ്ങളേയുമൊക്കെ വൃത്തികെട്ട ആർത്തിയൊലിക്കുന്ന കണ്ണുകളോടെയേ നോക്കൂ..പഞ്ചാരയടിക്കാൻ കിട്ടുന്ന ഒരവസരവും ഇവർ പാഴാക്കില്ല...താൻ തന്നെ രാവിലെ ബസ്സു പിടിക്കാനുള്ള ഓട്ടപ്പാച്ചിൽ നടത്തുമ്പോൾ അപ്പന്റെ പ്രായമുള്ള നാണംകെട്ടവൻ വന്ന് തടഞ്ഞുനിർത്തി, ഒലിപ്പിച്ചു കൊണ്ട് വർത്താനം പറയാന്നോക്കും,‘ക്ഷീണിച്ചുപോയല്ലോ മോളേ...’

സ്സു പോകുമല്ലോ ,കെളവന്റെയൊരു ശൃംഗാരം....സ്വന്തം ഭാര്യയോ മോളോ ക്ഷീണിക്കുന്നത് നോക്കി വല്ല രസായനവും വാങ്ങി ക്ഷീണം മാറ്റിക്കൊടുത്തൂടെ മൂപ്പിലാന്.അല്ലേൽ കൊച്ചുമക്കളേം കളിപ്പിച്ച് വീട്ടിലിരുന്നൂടെ..‘എന്നൊക്കെ മനസ്സിൽകരുതി ആഞ്ഞുവലിച്ചു ഓടി രക്ഷപ്പെടാൻ താൻ പെടുന്ന പാട്..തനിക്കാണെങ്കിൽ ഈ കെളവൻപോയിട്ട് സാക്ഷാൽ കാമദേവൻ വന്നാലും എന്റെ കെട്ട്യോനെ മതി എന്ന് മുഖത്തുനോക്കി പറയാനാകുമോ...

ന്നിട്ടോ, പെണ്ണിന്റെ സദാചാരത്തിന് കാവലിരിക്കുന്നത് ഇതേ കീചകന്മാർതന്നെ... അങ്ങാടിക്കവലകളിൽ ഒരു വേലേം കൂലീമില്ലാതെ കുത്തിയിരുന്ന് നേരംകൊല്ലുന്ന ഇവർക്ക്  ഏതുപെണ്ണിനെപ്പറ്റിയും      എന്തും പറഞ്ഞുണ്ടാക്കാം..പെണ്ണ് അടങ്ങിയൊതുങ്ങി ഇവരൊക്കെ വിചാരിക്കുന്ന താളത്തിൽമാത്രം ജീവിക്കേണ്ട  ഒരു അടിമമാത്രമാണെന്നാ ഇക്കൂട്ടരുടെ വിചാരം..അങ്ങനെയല്ലാതെ സമൂഹത്തിനായി എന്തെങ്കിലും നന്മകൾ ചെയ്യാനവൾ പോയാൽ,അതും ഭർത്താവിന്റെ പൂർണ്ണ പിന്തുണയോടെയാണെങ്കിൽകൂടിയും അപ്പോൾ തുടങ്ങും  ‘ഓള്  മഹാപിഴയാ !...‘

ല്യാണം കഴിഞ്ഞാലെങ്കിലും ഇത്തരം ക്ഷുദ്രജീവികളുടെ ആക്രമണങ്ങൾ അടങ്ങും എന്നാശ്വസിച്ചത് വെറുതെയായി..ഇനി ലോകരെ മുഴുവൻ തന്റെ സദാചാരം ബോധ്യപ്പെടുത്തേണ്ടല്ലോ. തന്നെ പൂർണ്ണമായും മനസ്സിലാക്കുന്ന ഭർത്താവ് കൂടെയുള്ളപ്പോൾ ഇനി തനിക്ക് ഇനി മറ്റുള്ളവരെ വേട്ടയാടി ദ്രോഹിക്കുക എന്നതല്ലാതെ മറ്റൊരു ജീവിതലക്ഷ്യവുമില്ലാത്ത ഇത്തരം ക്ഷുദ്രജീവികളിൽ നിന്ന് രക്ഷയായല്ലോ എന്ന് വിചാരിച്ചതും വെറുതെ...

ണിനെപ്പറ്റി മാത്രം ആശയോടെ ചിന്തിച്ച് ,ജീവിതത്തിന്റെ ഒരേയൊരു ലക്ഷ്യം സെക്സ് മാത്രമാണെന്ന് കരുതി ജീവിക്കുന്ന ഒരു പൈങ്കിളിപ്പാവ മാത്രമാണ് എല്ലാ സ്ത്രീകളും എന്ന തറ നിലവാരം പുലർത്തുന്ന ആണുങ്ങളും ,പൈങ്കിളിത്തത്തിനപ്പുറം പോകാൻ ശക്തിയില്ലാത്തതിനാൽ പുരുഷനൊപ്പം നിന്ന് ,മുന്നോട്ടു കുതിക്കുന്നവളെ സർവ്വ ശക്തിയുമെടുത്ത് തള്ളിത്താഴേയിടാൻ മാത്രം ശ്രമിക്കുന്ന സാദാ സ്ത്രീകളും...ഇവർക്കിടയിൽ യഥാർഥ സ്ത്രീകൾക്ക് ജീവിക്കാനായി ഒരുപാട് പോരാടേണ്ടിവരുന്നു...

ങ്കിലും... എന്നിട്ടും....
സ്ത്രീയുടെ ലോകം ഇതിലുമെത്രയോ വലിയതാണെന്ന് നിരവധി തവണ കാട്ടികൊടുത്തിട്ട് ,ഒരുത്തനോടും സ്ത്രീ എന്ന ലോലതയോടെ പെരുമാറാതെ ,ഒരല്പം പോലും മറ്റു താത്പര്യമൊന്നും കാട്ടാതെ  ,ആരേയും ശരീരസൌന്ദര്യം കാട്ടി ആകർഷിക്കുക എന്ന ലക്ഷ്യമില്ലാത്തതിനാൽ മിന്നുന്ന പൊന്നും മിനുമിനുത്ത പട്ടും മറ്റെല്ലാ കടുംവർണ്ണങ്ങളും ഒഴിവാക്കി തികഞ്ഞ ആർജ്ജവത്തോടെ ജീവിക്കുന്ന ഒരുവളോട് ഇന്നൊരാൾ....

ദൂരെയുള്ള ജോലിസ്ഥലത്തെത്താൻ സൂര്യൻ മെല്ലെ വെള്ളിക്കതിരുകൾ വീശാൻ തുടങ്ങുമ്പോഴേ യാത്ര തുടങ്ങേണ്ട തന്റെയവസ്ഥ..അതിനും മുമ്പെയുണർന്ന്, അടുക്കളയിൽ മൈക്രോസെക്കന്റിലോടുന്ന സമയത്തിനൊപ്പം   ശ്വാസം വിടാൻപോലും സമയം കിട്ടാതെ പാചകവും മറ്റും നടത്തി ,പല്ലു തേച്ചെന്നും കുളിച്ചെന്നുമൊക്കെ വരുത്തി , ബസ്സു പിടിക്കാനോടണം..ചിലപ്പോൾ ഒറ്റ മിനുട്ട് വൈകിപ്പോയാൽ  ഒരു മണിക്കൂർ വൈകും ഓഫീസിലെത്താൻ..

വൈകീട്ടാണെങ്കിൽ ,നേരമിരുട്ടിയേ തിരിച്ചെത്താനൊക്കൂ...പത്തു പന്ത്രണ്ട് മിനുട്ട് ,കൂരിരുട്ടു നിറഞ്ഞ പറമ്പുകളിലൂടെയും ഇടവഴിയിലൂടെയുമൊക്കെ നടക്കണമെന്നതിനാൽ ഭർത്താവ് ബസ്സ്റ്റോപ്പിൽ വന്ന് കൂട്ടിക്കൊണ്ട് വരാറാണ് പതിവ്.അദ്ദേഹത്തിനാണെങ്കിൽ ഇടയ്ക്ക് രാത്രിയും ജോലിസ്ഥലത്ത് തങ്ങേണ്ടതിനാൽ അത്തരം ദിവസങ്ങളിൽ തനിക്ക് അമ്മയുടെ വീട്ടിൽ തങ്ങേണ്ടയവസ്ഥയാണ്...നൂറുകിലോമീറ്ററിലേറെ, ജോലിചെയ്യാനായി യാത്ര..വിശ്രമിക്കാനിട കിട്ടാത്ത ജോലി..അങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുമ്പോഴാണ് ഓരോ ശല്യങ്ങളും..

സ്വന്തം നാട്ടുകാരിയായ ഒരു പെണ്ണിന്റെ ജോലിയെപ്പറ്റി ഒന്നുമന്വേഷിക്കാതെ,ഇവൾ അതിരാവിലെ പോകുന്നു,രാത്രി എട്ടുമണിയാകുമ്പോൾ മടങ്ങി വരുന്നു...എവിടെ തെണ്ടാൻ പോയതാ പിഴച്ചവൾ...എന്ന് പറയാൻ ഒരു മടിയുമില്ലാത്തവർ......

ന്നലെ രാത്രി ഭർത്താവ് ജോലിസ്ഥലത്തായതിനാൽ അമ്മയുടെ വീട്ടിൽതങ്ങി, ഇന്ന് അവധിദിനമായതിനാലും ഒരു കല്യാണത്തിനു പോകേണ്ടതിനാലും അതിരാവിലെ തന്നെ വീട്ടിൽനിന്നിറങ്ങി, രണ്ടരമണിക്കൂറോളം യാത്രചെയ്ത്, ഏകദേശം ഒമ്പതുമണിക്ക് ബസ്സിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു..

തിരെനിന്നും  നടന്നുവരികയായിരുന്നു വയസ്സായ ഒരാൾ. വല്ലപ്പോഴും കണ്ടിട്ടുണ്ടാകാം എന്നല്ലാതെ തന്നെ സംബന്ധിച്ച്  തികച്ചും അപരിചിതനായ ഒരാൺ.വേഗം വീട്ടിലെത്തി കല്യാണത്തിന് പോകണമെന്ന ചിന്തയോടെ നടന്ന തന്നെ അയാൾ പരുക്കൻ മുഖഭാവത്തോടെ തടഞ്ഞു നിർത്തി...പിന്നെ, പോലീസ് മുറയിൽ  ചോദ്യം ചെയ്യൽ...
‘നീ ഏട്ന്നാ ഇപ്പം വരുന്നത് ? ഇന്നലെ ഏട പോയി ?  ഓൻ വീട്ടിലില്ലേ?...’
ഇന്നലെ രാവിലെ ഞാൻ ജോലിക്കു പോകുന്നത് വഴിയിലുള്ള വീട്ടിൽനിന്ന് ഇയാൾ കണ്ടിരിക്കും.എന്നിട്ട്  രാത്രി തിരിച്ചുവരാതെ എവിടെയോ ചുറ്റിക്കറങ്ങി [ഏതവന്റെ കൂടെയാവോ.!!.]രാവിലെ വന്നിരിക്കുന്നു ഒരുമ്പെട്ടോൾ  എന്നാണ് ചോദ്യം ചെയ്തതിന്റെ മനശ്ശാസ്ത്രം...

പ്രായപൂർത്തിയായ ഒരു പെണ്ണ് അവൾക്കിഷ്ടമുള്ള കാര്യങ്ങൾ ; സദാചാരം തെറ്റിച്ചൊന്നുമല്ലേ ; ചെയ്താൽ എന്തിനാണീ സമൂഹത്തിന് ഹാലിളക്കം? പെണ്ണെന്നും അടുക്കളയിലും ഓഫീസിലും കിടപ്പറയിലും മാത്രമായി ഒതുങ്ങുമെന്നാണോ ഏമാന്മാരുടെ വിചാരം!!!...പെണ്ണിനും ആകാശത്തോളം വളരാനാകും...അവൾക്കുമുണ്ട് ഒരു ലോകം ....