മൂന്നുമാസത്തെ കഠിനമായ പ്രയത്നങ്ങള്‍ .രാവിലെയ് വൈകുന്നേരവുമായി ,മിക്കവാറും ഒഴിവാകാനാകാത്ത ചില പരിപാടികള്‍ മാത്രം ചെയ്തുകൊണ്ട് ,ദിവസവും 4-5 മണിക്കൂറുകള്‍ അദ്ധ്വാനിച്ചതിന്റെ ഫലമായി വയലിനെ ഒരു വിധം വയലാക്കി മാറ്റി .. അടുത്ത വര്‍ഷമാകുമ്പോഴേ ശരിക്കും വയലാകൂ ,, പച്ചക്കറികള്‍,വാഴകള്‍ ,പൂച്ചെടികള്‍ ..ഒടുവില്‍ നെല്‍വിത്തുകളും .. ഈ വര്ഷം എല്ലാം പരീക്ഷണങ്ങള്‍ആണ്.. അനാവശ്യ ചാലുകള്‍ കളകള്‍ കൊത്തിയിട്ട് നികത്തി .അടഞ്ഞ ചാലുകള്‍ ശരിയാക്കി നെല്ലിനായി 8 പാടങ്ങളാണ് പണിതത് .. മേയ്31, ജൂണ്‍ 1,2 ദിവസങ്ങളിലായി കട്ടയുടച്ച് ,കളനീക്കി ഒരുവിധം നിരപ്പാക്കിയ പാടങ്ങളില്‍ വിത്തിട്ടു .. കൈക്കോട്ടും ചെറിയ കൈപ്പിക്കാസുമാണ് ഇതിനായി ഉപയോഗിച്ചത് .. കൃഷി ഒരു ധ്യാനമാണെന്നും മണ്ണും മനസ്സും പിന്നെല്ലാ ജീവികളുമായുള്ള ആത്മബന്ധമാണ് കൃഷിയെ വിജയിപ്പിക്കുന്നത് എന്ന മന്നറിവു നേടിയതിനാല്‍ ,പണിയുന്നതിന്റെ ആഹ്ലാദവും ഞങ്ങള്‍ രണ്ടുപേരും മറ്റാര്‍ക്കും വീതിക്കാതെ ചെയ്തു ..
ഇപ്പോള്‍ അഭിമാനമുണ്ട് .. മനസ്സുറച്ചാല്‍ ആര്‍ക്കും എന്തും ചെയ്യാനാകും .. തൊട്ടാവാടികള്‍ വിരലുകളെ കീറിമുറിച്ചിട്ടും , കളകളുടെ കറയും വല്ലാതെ ചൊറിയുന്ന അലര്‍ജ്ജിയും ഒക്കെയുണ്ടായിട്ടും പിന്‍മാറിയില്ല .. 3 വയലുകളില്‍ തവളക്കണ്ണനും ,രണ്ടെണ്ണത്തില്‍ പൊന്നാര്യനും ഓരോന്നില്‍ ഗന്ധകശാല ,കുഞ്ഞിനെല്ല് ,തൊണ്ണൂരാന്‍ എന്നിവയും നുരി വച്ചു.കളകള്‍ ധാരാളമായി പൊങ്ങാന്‍ സാധ്യതയുള്ളതിനാല്‍ കയര്‍ കെട്ടി .അല്പ്പം അകലത്തില്‍ തന്നെ ചാലു കീറിയാണ് നുരി വച്ചത് .. ഇവിടെ യോജിച്ച വിത്തുകള്‍ കണ്ടെത്തി ,പറ്റാത്തവ അടുത്ത വര്ഷം മാറ്റും .. ബസുമതി ,ചുവന്ന കയമ എന്നീ വിത്തുകളും വളരെ കുറച്ചു കിട്ടിയിട്ടുണ്ട് ..വന്‍പയര്‍ ഉള്ള ഒരു പാടം വൃത്തിയാക്കി അവയും നടണം..വിത്തിട്ട് കുരവയിട്ട് മണിനെയും വിത്തിനെയും ഉണര്‍ത്തി .. അര്‍പ്പോ .ഈര്‍റോ ......ഇപ്രാവശ്യം ഞങ്ങള്‍ തനിച്ചു ചെയ്തു ,അടുത്ത വര്ഷം ഇതില്‍ കൂട്ടക്കാരെയും പങ്കാളികളാക്കാം
മഴ ഞങ്ങളെ ചതിച്ചില്ല .വിത്തിടുമ്പോള്‍ തന്നെ അടക്കാനാകാത്ത ആഹ്ലാടംപോലെ ചാറ്റല്‍മഴ ഓടിപ്പാഞ്ഞുവന്ന് ചെറുതായി നനച്ച് തന്നു ..വിളവു മോശമാകാനിടയില്ല എന്ന്‍ മനസ്സ് പറയുന്നു ..പ്രകൃതിക്കൊപ്പം നമ്മള്‍ നിന്നാല്‍ നമ്മള്‍ക്കൊപ്പം നില്‍ക്കാതിരിക്കാന്‍ പ്രകൃതിയ്ക്കാകില്ലല്ലോ ..
No comments:
Post a Comment