Sunday, July 19, 2015

മുക്കുഴി മലയിലെ പ്രകൃതിപാഠങ്ങള്‍

  

  ര്‍ഷത്തില്‍ എട്ടുമാസവും മഴ പെയ്യുന്ന , വര്‍ഷം   മുഴുവന്‍ മൂടല്‍മഞ്ഞു  തൊട്ടുരുമ്മുന്ന മുക്കുഴിമല .....  മൂന്ന്‍ ആനക്കുഴികള്‍ ഉള്ള മലയാണ്.. കണ്ണൂരില്‍നിന്നും ആലക്കോടെത്തി പിന്നെ .ഉദയഗിരിവഴി അരിവിളഞ്ഞ പൊയിലിലൂടെ ജോസ്ഗിരിയിലെത്തി അവിടന്നും,   അല്പ്പം പൊട്ടിപ്പൊളിഞ്ഞതും മഴക്കാലത്ത് ഇരുവശത്തും  നിറയെ വെള്ളച്ചാട്ടങ്ങളും കുത്തിയൊഴുകുന്ന അരുവികളുമൊക്കെ കാണാന്‍ കഴിയുന്നതുമായ റോഡിലൂടെ രണ്ടുകിലോമീറ്ററോളം പോകണം ,ഞങ്ങള്‍ അനില്‍ ആലക്കോട് എന്നു വിളിക്കുന്ന ,ജൈവസംസ്കൃതി കൂട്ടായ്മയിലെ അനിലിന്‍റെ കൃഷിയിടത്തില്‍ എത്താന്‍ ...എഴുപതോളം   ഇനം പഴവര്‍ഗ്ഗങ്ങളും  മറ്റുപച്ചക്കറികളും തികച്ചും പ്രകൃതികൃഷി രീതിയിലാണ്  അനില്‍ ഇവിടെ തനിച്ചു താമസിച്ച് കൃഷി ചെയ്യുന്നത് .. ഭാര്യയും മക്കളും ആലക്കോടുള്ള വീട്ടിലാണ് താമസം .. ഇവിടെ ഇടയ്ക്കു സുഹൃത്തുക്കള്‍ ഒത്തുകൂടുന്നു .. സാഹസിക വിനോദസഞ്ചാരികള്‍ക്ക് (Rafting) ഇവിടെ ഹോം സ്റ്റേയും ഒരുക്കാറുണ്ട് ..ജൈവകൃഷിചെയ്യാനോ പഠിയ്ക്കാനോ താത്പര്യമുള്ളവര്‍ക്ക് അവിടെ ചെല്ലാം . പത്തേക്കറോളം സ്ഥലമുണ്ട് . അതില്‍ പകുതിയോളമേ ഇപ്പോള്‍ കൃഷിയുള്ളൂ .

നന്നായി മഴ പെയ്യുന്ന .കര്‍ക്കിടകത്തിലെ കറുകറുത്ത ദിനത്തിലാണ് ഞങ്ങള്‍ ആദ്യമായി മുക്കുഴിയില്‍ എത്തിയത് .. അനിലിന്‍റെ കൃഷിയിടം കാണണമെന്നത് ഏറെ നാളത്തെ ആഗ്രഹമാണ്.. നനവില്‍ നടന്ന ,ഗൌരവമാര്‍ന്ന കാര്‍ഷിക നേര്‍ജീവിത ചര്‍ച്ചകളുടെ തുടര്‍ച്ചയായി ഒരു രണ്ടുദിന ക്യാമ്പ് അവിടെ വയ്ക്കണമെന്ന് കുറെക്കാലമായി  പറയാന്‍ തുടങ്ങിയതാണെങ്കിലും ഇപ്പോഴാണ് അവസരമായത് .. ഈ മഴയത്ത് അവിടേയ്ക്ക് യാത്ര അനുചിതമെന്നൊന്നും   മണ്ണിനെ സ്നേഹിയ്ക്കുന്ന കൂട്ടായ്മയിലെ കൂട്ടുകാരാരും ചിന്തിച്ചില്ല .. സംക്രമത്തിന്നാരംഭിച്ച്    ഒന്നിനവസാനിച്ച  ക്യാമ്പ് തികച്ചും ലളിതമായതായിരുന്നു ..ഇവിടത്തെ പ്രാരാബ്ദങ്ങള്‍ കാരണം  ഞങ്ങള്‍ക്ക് ശനിയാഴ്ചയെ പോകാനായുള്ളൂ.. 

 ഏഴുമണിയ്ക്ക് ധര്‍മ്മശാലയിൽ , എത്തിയാല്‍  തന്‍റെ ജീപ്പില്‍ ഒന്നിച്ചു പോകാമെന്ന് വിനോദ് പറഞ്ഞതിനാല്‍ അങ്ങനെയാവാമെന്നുവച്ചു  അതിരാവിലെത്തന്നെ പുറപ്പെട്ടു..ബസ്സ്റ്റോപ്പില്‍ എത്തിയപ്പോള്‍ രണ്ടു സെക്കന്‍റിന്‍റെ വ്യത്യാസത്തില്‍ ബസ്സ് കിട്ടിയില്ല .. ഞങ്ങളുടെ കണ്‍മുന്നിലൂടെ 5.40 ന്റ്റെ സ്റ്റേറ്റ് ചീറിപ്പാഞ്ഞുപോയി ..അല്പം ചാറ്റല്‍ മഴയും തുടങ്ങി .. അവിടെ നിന്നാല്‍   വൈകുമെന്നതിനാല്‍ നേരെ ചക്കരക്കല്ലിലേയ്ക്ക് നടന്നു .. അവിടെനിന്നും ഒരു ബസ്സ് പോകാനുണ്ട് .. വസ്ത്രങ്ങള്‍ അല്‍പ്പം നനഞ്ഞതിന്റെയും മറ്റും മുഷിവോടെ അവിടെ നിന്നപ്പോഴുണ്ട്  ഒരു ബാഗ്ലൂര്‍ ബസ്സ് തൊട്ടുമുന്നില്‍ വന്നുനില്‍ക്കുന്നു .... അധികവും പെരുന്നാള്‍ ആഘോഷിയ്ക്കാന്‍ നാട്ടിലെത്തുന്ന യാത്രക്കാരുള്ള ബസ്സാണ്.. ഞങ്ങളെ കണ്ടപ്പോള്‍ കിളി , കണ്ണൂരെക്കാണെങ്കില്‍ കേറിയ്ക്കോ എന്നായി ..നടന്നതിന്റെ ക്ഷീണവും നനഞ്ഞതിന്റെ വിഷമവും ഒക്കെ മാറി അതില്‍ കയറിയപ്പോള്‍ ..  ദൈവം പറഞ്ഞയച്ചപ്പോലെ എത്തിയ ആ ബസ്സ് കൃത്യസമയത്തുതന്നെ ഞങ്ങളെ കണ്ണൂരെത്തിച്ചു ....അവര്‍ പണം വാങ്ങിയതുമില്ല .. റമ്പൂട്ടാന്‍
പുതിയതെരുനിന്നും വസന്തേച്ചിയെയുംകൂടി കൂട്ടി  ധര്‍മ്മശാലയിലെത്തിയപ്പോൾ  എഴുമണിയായതേ ഉണ്ടായിരുന്നുള്ളൂ ..അല്‍പ്പനേരം വിനോദിനെയും കാത്തുനിന്നു ..  ചെറിയ മോനെയും ഭാര്യയെയുമൊക്കെ കുട്ടിയാണ് വിനോദ് വന്നത് .. പിന്നെ ബോലേറോയില്‍ ഒരു യാത്ര ... അരി വിളഞ്ഞ പോയിലിന് ശേഷം മോശമായ റോഡായിരുന്നു ..അതുവരെയും ഒന്നാംതരം റോഡ് ..  ഒമ്പതു മണിക്ക് മുമ്പേ   മുക്കുഴിമലയില്‍ എത്തി .. ഞങ്ങള്‍ എത്തിയപ്പോള്‍ തലേ ദിവസം വന്നവരൊക്കെ ചാറ്റല്‍മഴയത്തു   നടക്കാന്‍ പോയിരിക്കയായിരുന്നു .. കുറച്ചു പേര്‍ കൂടി ശനിയാഴ്ച വന്നു.. ആകെ കുട്ടികളും മുതിര്‍ന്നവരുമടക്കം ഇരുപതിലേറെപ്പേര്‍.. അവിടെ അനിലിന്റെ ഇന്‍റര്‍ലോക്കിംഗ് ഇഷ്ടികകള്‍ കൊണ്ടുപണിത ലളിതമായ വീട് ..തറ  സിമന്‍റിട്ടതാണ് എന്നതാണ് തണുപ്പ് അധികമുള്ള ആ സ്ഥലത്തു ആ വീടിന്‍റെ പോരായ്മ .. നനവിലെ തറയോടിന്‍റെ ഊഷ്മളത പരിചയിച്ചശേഷം ,മഴക്കാലത്ത് തീരെ പറ്റാത്ത സാധനമാണ് സിമന്‍റിട്ട  നിലം .. ടൈല്‍സ് മാര്‍ബിള്‍ എന്നിവയും ഇങ്ങനെ തന്നെ ... കാലിലൂടെ ശരീരത്തിലെ ചൂടത്രയും  സിമന്‍റ് വലിച്ചെടുക്കുന്നതിനാല്‍ തറയില്‍ കാലുകുത്താന്‍  ഏറെ വിഷമിച്ചു . സാമ്പത്തികപ്രതിസന്ധികൊണ്ടത്രേ സിമന്‍റാക്കേണ്ടിവന്നത്..  മേല്‍ക്കൂര ഓടുതന്നെ.. 


നടക്കാന്‍ പോയവര്‍ വന്ന ശേഷം പ്രാതലിനൊരുക്കങ്ങള്‍... അല്‍പ്പം കപ്പ പുഴുങ്ങിയതും പിന്നെ ചക്കക്കുരു കൊണ്ട് ഉപ്പുമാവും  എരിവ് കൂടിയ കൃസ്ത്യന്‍ സ്റ്റൈലില്‍ കാന്താരിചമ്മന്തിയും.. കുരു തൊലികളഞ്ഞു വേവിച്ച് ,മിക്സിയില്‍ പൊടിച്ചാണ് ഉപ്പുമാവ് ഉണ്ടാക്കിയത് ..അല്‍പ്പം മധുരമുള്ള ഉപ്പുമാവ് .. കുറച്ചു വെളിച്ചെണ്ണയും ഉപ്പും  മാത്രമാണ് കടയില്‍നിന്നും വാങ്ങിയ സാധനം . ചമ്മന്തിയുടെ എരിവ് അസഹ്യമായിരുന്നെങ്കിലും കപ്പയും ഉപ്പുമാവും ഉഗ്രന്‍ സ്വാദായിരുന്നു ..കുഞ്ഞുങ്ങള്‍ക്ക് നിലത്തിരുന്ന് ഇലക്കീറില്‍  നാടന്‍ ഭക്ഷണം കഴിയ്ക്കാന്‍ ഒരു പരിശീലനവും .. ചൂട് വെള്ളം മാത്രമാണ് കുടിക്കാന്‍ ഒരുക്കിയത് .. 


ഭക്ഷണ ശേഷം ചര്‍ച്ചതുടങ്ങി ..കുഞ്ഞുങ്ങള്‍ അവരുടേതായ കളികളിലും ഏര്‍പ്പെട്ടു .. നന്മ  എന്ന മിടുക്കിക്കുട്ടി  മറ്റുള്ളവര്‍ക്ക് പലതരം കടലാസ് തൊപ്പികളും തോക്കും മറ്റും ഉണ്ടാക്കിക്കൊടുത്തു.. ചര്‍ച്ചകള്‍ക്ക് അധികം സമയം കിട്ടിയില്ല .കൂര്‍ക്ക നടാന്‍   അനിലിനെ സഹായിക്കാനും അല്‍പ്പം കൃഷിപരിശീലനത്തിനും കൂടി ഈ അവസരം ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചിരുന്നു .. ചൂടും മഞ്ഞുമൂടിയ മലകളെയും പിന്നെ ചെറിയ മഴയും വകവയ്ക്കാതെ എല്ലാവരും പറമ്പിലേയ്ക്കിറങ്ങി..


 മാറ്റാന്‍ വസ്ത്രങ്ങള്‍ കരുതാത്തതിനാല്‍ കുടയെടുത്തു..കുറച്ചു ഫോട്ടോയെടുപ്പും നടത്തേണ്ടതുണ്ട് ..മഴകാരണം കൂടുതല്‍ നടക്കാനായില്ലെങ്കിലും  കുറച്ചു കൃഷികള്‍ കണ്ടു ..റമ്പൂട്ടാന്‍ കായ്ച്ചുതുടങ്ങിയിരുന്നു . ഫാഷന്‍ഫ്രൂട്ട് നിറയെ കായ്ച്ചുകിടക്കുന്നു ..മലയോരമായതിനാല്‍ പുളി കുറവായിരുന്നു, തേന്‍ ചേര്‍ക്കാതെ തന്നെ കഴിയ്കാം.. പിന്നെ  മിറാക്കിള്‍ ഫ്രൂട്ട്,പലതരം മാവുകള്‍ , വെണ്ണപ്പഴം ,മാംഗോസ്റ്റീന്‍,ഓറഞ്ച്,മാതളം,മലയന്‍ ആപ്പിള്‍    തുടങ്ങി പലതരം മരങ്ങള്‍ ..പലതും തൈകള്‍ അത്രേ .. കുറച്ചു വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ നല്ല വരുമാനം കിട്ടും .. ഇവിടെ ഓറഞ്ച് ,മുന്തിരി എന്നിവ നന്നായി വിളയുമെന്നു തോന്നുന്നു .ഊട്ടിയ്ക്ക് സമാനമായ കാലാവസ്ഥയാണ്... 


കൂര്‍ക്ക നടല്‍ യജ്ഞത്തില്‍ കുറച്ചുപേര്‍ പങ്കുചേര്‍ന്നു ..മൂന്നാംക്ലാസുകാരന്‍ അമോലും അവനെക്കാള്‍ വലിയ തുമ്പാ കൊണ്ട് അല്‍പ്പം കിളക്കാന്‍ ശ്രമിച്ചു ..  ആദ്യം പുല്ലു ചെത്തി നിലം ഒരുക്കല്‍ .. പിന്നെ നീളത്തില്‍   തറകള്‍ നിര്‍മ്മിയ്ക്കല്‍ ,മണ്ണൊലിച്ചുപോകാതിരിയ്കാന്‍  ചപ്പിട്ട്  മൂടല്‍.. മൂന്നുപേര്‍ കൊന്നച്ചപ്പ് വെട്ടാന്‍ പോയി ..   പൊതുവേ കിഴങ്ങു വിളകള്‍ക്ക്  ഈ രീതി തന്നെയെങ്കിലും പച്ചശീമക്കൊന്ന  മൂടിയത് അല്‍പ്പം ചിന്താക്കുഴപ്പം ഉണ്ടാക്കി ..നാളെയ്ക്കത് വാടും എന്ന്‍ അനില്‍ പറഞ്ഞു .. തലേ  ദിവസം  തൂപ്പിട്ട് വച്ചിരുന്നെങ്കില്‍ അതായിരുന്നു കൂടുതല്‍ നല്ലത് . പച്ചിലകളില്‍ തന്നെ ഒരു ചാണ്‍ അകലത്തിലായി  തലപ്പുകള്‍ നട്ടു.. ഒരു മാസം കഴിയുമ്പോള്‍ പടര്‍ന്ന തണ്ടുകളില്‍ ഇനി മണ്ണിടണം.. മണ്ണിട്ട മുട്ടുകളിലാണ് കൂര്‍ക്ക പിടിക്കുക .. 
അനില്‍ വിളകള്‍ക്കായി ചെയ്യുന്ന വളപ്രയോഗരീതി തികച്ചും ചെലവുകുറഞ്ഞതും ലളിതവുമാണ് .. സ്വന്തം നാടൻ പശുവിനെ ഇണ പിടിപ്പിക്കാനായി കുട്ട്ന്റെയടുത്ത് കൊണ്ടുപോയതിനാൽ ആരുടെയോ രണ്ടു പശുക്കളെ അവിടെ ആലകെട്ടി പോറ്റുന്നുണ്ട്..   ആലയ്ക്ക് സമീപത്തെ കുഴിയിലേക്ക് ആല കഴുകിയ വെള്ളവും  മൂത്രവും  എത്തും ..ഇതിലേയ്ക്ക് ബയോഗ്യാസ് സ്ലറിയും എത്തും .. മഴവെള്ളവും ഇതിലെത്തും .. മോട്ടോര്‍ വച്ച് പമ്പ് ചെയ്തു ഇത് മുഴുവന്‍ കൃഷിയ്ക്കും എത്തിയ്ക്കുന്നു..  ഇവിടെ എല്‍‌പി‌ജി ഗ്യാസ് ഇല്ല . വെളിച്ചം സോളാറുമാണ്..കുറച്ചുപേര്‍ കൃഷിയ്ക്കിടയില്‍ പാചകത്തിനായി പോയി .. പച്ചരി കൊണ്ട് കഞ്ഞിയും ഇലകള്‍ ചേര്‍ത്ത ചമ്മന്തിയും പിന്നെ വാഴക്കൂമ്പും ചെറുപയറും ചേര്‍ത്ത തോരനും .. ഭക്ഷണശേഷം കുറച്ചു പാട്ടുകള്‍ ..കുട്ടി കളും പാടി .. പിന്നെ   അഞ്ചു മണിവരെ നീണ്ട ചര്‍ച്ചകള്‍ . ഫാം ടൂറിസം , കൃഷിപ്പണികള്‍ക്കായി പരസ്പര സഹായ നെറ്റ് വര്‍ക്കുകള്‍ ഉണ്ടാകേണ്ടതിന്റെ പ്രധാന്യം  , വാക്കും പ്രവര്‍ത്തിയും ഒന്നാകേണ്ടത്തിന്റെ ആവശ്യം ,പ്രകൃതിയില്‍ ഷോര്‍ട്ട് കട്ടുകള്‍ ഇല്ല  എന്നും  പണത്തിന്റെ വഴിയേ പോകുമ്പോള്‍ ആരോഗ്യവും ഒപ്പം ജീവിതത്തിന്‍റെ ആനന്ദവും നഷ്ടമാകും എന്നുമൊക്കെയുള്ള യാഥാര്‍ഥ്യങ്ങള്‍ തുടങ്ങിയവയായിരുന്നു ചര്ച്ച ചെയ്തത് . മനുഷ്യന്‍ യഥാര്‍ഥത്തില്‍  മിശ്രഭുക്കോ സസ്യഭുക്കോ എന്ന വിഷയത്തിലും ചര്‍ച്ചനടന്നു .. മാംസാഹാരവും കഴിക്കുമെങ്കിലും സസ്യാഹാരമാണ് മനുഷ്യന്‍റെ സ്വാഭാവിക ആഹാരം എന്ന്‍ കൂട്ടത്തിലെ സ്യഭുക്കുകള്‍ സമര്‍ഥിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ മിശ്രഭുക്കുകള്‍ക്ക് അതിനോടു യോജിക്കാനായില്ല .. എങ്കിലും അവര്‍ക്ക് ചെറിയ ഒരു മാറ്റം ചിന്തയിലുണ്ടാക്കാനായി കൊച്ചു അമോല്‍വരെ നന്നായി വാദിച്ചു ..    

ക്യാമ്പവലോകനം .. സമയക്കുറവ് വല്ലാതെ ബാധിച്ചു ..ഒരു ദിവസം കൂടി ഇരിക്കാനായിരുന്നെങ്കില്‍.. പക്ഷേ പ്രാരാബ്ദങ്ങള്‍ ..തീന്‍മേശയില്‍ മൂടല്‍മഞ്ഞു നനവ് തീര്‍ക്കുന്ന ,  അവിടത്തെ മഞ്ഞുമൂടിയ സന്ധ്യയെയും രാത്രിയെയും ആസ്വദിയ്ക്കാന്‍ ഇനിയും പോകണം എന്നെങ്കിലും .. അല്‍പ്പം മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു . വഴിയിലെ കുന്നുകളില്‍  മൂടല്‍ ഉണ്ടായിരുന്നു .. തിരിച്ചുവരുമ്പോള്‍ ബോലെറോയില്‍  ഹാഷിമിക്കയും അമോലും പ്രദീപും  കൂടി ഉണ്ടായിരുന്നു .കണ്ണൂര്‍വരെയും ചര്‍ച്ചകള്‍ തുടര്‍ന്നു.. ഗംഭീരമായ ഗിരിനിരകളും പിന്നെ തൊട്ടുതലോടാന്‍ ഓടിവരുന്ന മഞ്ഞിന്‍കണങ്ങളും എന്റെ മനസ്സില്‍ ഗംഭീരമായ മൌനം നിറച്ചിരിക്കുകയായിരുന്നു .....          

1 comment:

  1. വായിച്ചു.
    മനസ്സ്‌ നിറഞ്ഞ വായന.

    ReplyDelete