Friday, February 11, 2011

ഇതാണ് കേരളം !!!......


 ഭാസ്ക്കരൻ വെള്ളൂർ പരിയാരം മെഡിക്കൽ കോളേജിൽ

രിസ്ഥിതിയെന്നത് ആരുടെയെങ്കിലും സ്വകാര്യസമ്പത്തല്ല... എല്ലാ ജീവജാലങ്ങൾക്കും സുഖമായി ജീവിക്കാൻ സുസ്ഥിരവും സന്തുലിതവുമായ ഒരു പരിസ്ഥിതി ആവശ്യമാണ്...പരിസ്ഥിതി പ്രവർത്തനം  നടത്തേണ്ടത്  ആ ലേബൽ കിട്ടിയിട്ടുള്ള ചിലരുടെ മാത്രം ജോലിയല്ല..ഈ ഭൂമിയിൽ ജീവിക്കുന്ന ഓരോ മനുഷ്യന്റേയും കടമയാണിത് . മനുഷ്യൻ ഒഴികേയുള്ള എല്ലാ ജീവികളും പരിസ്ഥിതിയെ  സംരക്ഷിച്ചുകൊണ്ടും  അതിന് പോറലൊന്നുമേൽക്കാതെയുമാണ് ജീവിക്കുന്നത്...

ന്നാൽ ഇതൊന്നുമോർക്കാതെ ഭൌതികസുഖങ്ങൾ വർധിപ്പിക്കാ‍നും ലക്ഷങ്ങളിൽ നിന്ന് കോടികളിലേയ്ക്ക് ബാങ്ക് ബാലൻസ് വർധിപ്പിക്കാനും വേണ്ടി ജീവൻ നിലർത്താൻ അത്യാവശ്യമായ  കാടും കുന്നും വയലും പുഴയും  കണ്ടൽക്കാടുകളും ,ഒപ്പം വൈവിധ്യമാർന്ന സസ്യജന്തുജാതികളുടെ പാരസ്പര്യവും ഒക്കെ അത്യാവശ്യമാണെന്നു മനസ്സിലാക്കിയ ചിലർ  ,അവയുടെ നാശം ഭാവിതലമുറയുടെ നാശമാണെന്നു തിരിച്ചറിഞ്ഞ്  സംരക്ഷണ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ  ; ആവശ്യത്തിലേറെ പണം, വിലയ്ക്കെടുക്കാവുന്ന ചാനൽ പത്ര മാധ്യമങ്ങളും ജുഡീഷ്യറിയും, പണവും മദ്യവും ജോലിയുമൊക്കെ നൽകി ആരെയും കൈകാര്യം ചെയ്യാനായി തയ്യാറാക്കി നിർത്തുന്ന അനുയായികൾ എന്ന ക്വട്ടേഷൻ സംഘങ്ങൾ ,ഇവയ്ക്കെല്ലാമുപരി അധികാരത്തിന്റെ പിൻബലവും ഉപയോഗിച്ച് ആക്രമിച്ചും ഭീഷണിപ്പെടുത്തിയും ഒക്കെ മുടിച്ചു തകർക്കുകയാണ്...

ണ്ണൂർ ജില്ലാ പരിസ്ഥിതി സമിതി എന്ന പ്രതിബദ്ധതമാത്രം കൈമുതലായുള്ള സത്യത്തിൽ അടിയുറച്ച് പ്രവർത്തിക്കുന്ന കൊച്ചു സംഘടനയുടെ പ്രവർത്തകരെ  ഈ ഉദ്യോഗസ്ഥ രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടിന് വളരെയേറെ പേടിയുണ്ട്..കാരണം അവർ ഉയർത്തുന്ന ഓരോ പ്രതിരോധവും പ്രകൃതിയെ കൊള്ളയടിക്കുന്നവരെ ഞെട്ടിക്കുന്നവയാണ്...സത്യത്തിന്റെ ശക്തി...അതു സഹിക്കാൻ പറ്റാതാകുമ്പോൾ,  ആശയങ്ങൾ ഒന്നും അതിനെ നേരിടാനായി ഇല്ലാതിരിക്കുമ്പോൾ  കൈയൂക്കുകൊണ്ട് കാര്യം നേടുകതന്നെ... അതാണിപ്പോൾ കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്...

ണ്ണൂർ ജില്ലാ പരിസ്ഥിതിയുടെ ആ ഉപവാസവും അതിനെ ഭീകരമായി മർദ്ദിച്ചൊതുക്കിയതുമാണ് യഥാർഥത്തിൽ കണ്ടൽ പാർക്ക് പൂട്ടാൻ കാരണമെന്ന് ഇക്കോ ടൂറിസക്കർക്കും അവരെ പിന്തുണക്കുന്ന മാർക്സിസ്റ്റ് പാർട്ടിക്കുമറിയാം...അതു മാത്രമല്ല അവരാണ്  പരിസ്ഥിതി സമിതി ,നാട്ടുകാരുടെ സഹായാഭ്യർഥന കേട്ടും  സ്വയം കണ്ണിൽ പെടുമ്പോഴും ഇടപെടുന്ന മിക്ക പ്രശ്നങ്ങളിലും മറ്റെത്തലയ്ക്കൽ ഉണ്ടാവുക..അതിനാൽ സമിതിയുടെ പ്രവർത്തകരെ എങ്ങനെയും ഒതുക്കിയാലേ  തങ്ങളുടെ കോടികളേറുന്ന സാമ്രാജ്യം യാതൊരു പ്രശ്നവുമില്ലാതെ  കെട്ടിപ്പൊക്കാനാകൂ ...അതിനാലവർ നിരന്തരമായി  സമിതിപ്രവർത്തകരെ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്..

 


 ഭാസ്ക്കരനെ ആക്രമിച്ചതിൽ പ്രതിഷേധിക്കാൻ ചേർന്ന യോഗത്തിൽ രമേശൻ മാമ്പ പ്രസംഗിക്കുന്നു

തിലേറ്റവും ഒടുക്കം നടന്ന രണ്ടു കാര്യങ്ങളാണ്  രമേശൻ മാമ്പ, ഭാസ്കരൻ വെള്ളൂർ എന്നിവർക്കു നേരെ നടന്നിരിക്കുന്നത്..പൊതു സ്ഥലം ഉദ്യോഗസ്ഥർക്ക് കൈക്കൂലി നൽകി കൈയ്യേറി, കുന്നിടിച്ച് നശിപ്പിക്കുമ്പോൾ തടഞ്ഞ രമേശനെ ജെസിബി  ടിപ്പർ മാഫിയ മൊബൈൽ ഫോൺ തട്ടിയെടുത്ത് അദ്ദേഹം വിളിക്കുകയാ‍യിരുന്ന ആർ.ഡി.ഓ വിനെ വരെ തെറി പറഞ്ഞു..കേസു വന്നപ്പോൾ രമേശനെ ടിപ്പർ കയറ്റി കൊല്ലാൻ ശ്രമിച്ചു...റോഡിൽനിന്നും ചാടി രക്ഷപ്പെട്ടതിനാൽ ജീവൻ രക്ഷിക്കാനായി..

ഴയങ്ങാടിയിലെ വളരെ നല്ല ഒരു കുന്നായിരുന്നു കാപ്പുങ്ങൽകുന്ന്..പാർട്ടി ബ്രാഞ്ച് സെക്രട്ടറി  ഈ കുന്നു വിലയ്ക്കു വാങ്ങി മണ്ണുവിൽ‌പ്പന തുടങ്ങിയപ്പോൾ ആദ്യം സ്ഥലവാസികൾ എതിർത്തിരുന്നു...രണ്ടു സെന്റ് സ്ഥലം ഒരു ക്ലബ്ബുണ്ടാക്കാനായി നൽകാം എന്നു പറഞ്ഞപ്പോഴേയ്ക്ക് അവരുടെ പ്രതിഷേധം ഇല്ലാതായത്രെ!!...ഒരു നാടിനു മുഴുവൻ സമ്പന്നതയേകേണ്ട ,തങ്ങളുടെ കുഞ്ഞുങ്ങൾക്ക് കുടിവെള്ളവും  ജീവിതവുമേകേണ്ട ,നാട്ടിന്റെ കാർഷികസുരക്ഷയ്ക്ക് കാവലാകേണ്ട  കുന്നിന് ഇത്രമാത്രമേ അവർ വില കണ്ടുള്ളൂ....

നാട്ടുകാരനായ ഒരു പോലീസുകാരന്  ഒരു എ.എസ്.ഐ.യ്ക്ക് ഇതൊന്നും സഹിക്കാനായില്ല..സാധാരണ പോലീസുകാർ ചെയ്യാത്ത ഒരു കാര്യം അദ്ദേഹം ചെയ്തു..തന്റെ നാടിനെ പണക്കൊതി മൂത്ത ചിലർ നശിപ്പിക്കുന്നതു കണ്ട് സഹിക്കാനാകാതെ അദ്ദേഹം  സഹായത്തിനായി പരിസ്ഥിതിസമിതിയുടെ ഭാസ്ക്കരൻ വെള്ളൂരിനെ സമീപിച്ചു.. സ്ഥലം കാണാൻ വരണമെന്നും എങ്ങനെയും ആ പാതകം അവസാനിപ്പിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടപ്പോൾ ഇത്തരം സ്ഥലങ്ങളിൽ ഒറ്റയ്ക്ക് പോകരുതെന്ന ഞങ്ങളുടെയൊക്കെ മുന്നറിയിപ്പ്  ഭാസ്കരൻ മറന്നുപോയി .കുന്നിടിക്കൽ തടയാനൊന്നുമായിരുന്നില്ല ,എന്താണു സംഭവിക്കുന്നതെന്ന് കണ്ടുപഠിക്കാനും തന്റെ കൊച്ചു ക്യാമറയിൽ കുറച്ചു ഫോട്ടോകൾ എടുക്കാനുമത്രെ അദ്ദേഹം ചെന്നത്..അതിന് ഒറ്റയ്ക്ക് പോയാലെന്താ എന്ന് അദ്ദേഹം ചിന്തിച്ചുകാണും ...

പോലീസുകാരനൊപ്പം കുന്നിൽ കയറിയ ഭാസ്കരനെ ബ്രാഞ്ച് സെക്രട്ടറിയും മധുസൂദനൻ എന്ന ഒരാളും മറ്റു ചിലരും ചേർന്ന് ആക്രമിച്ചു...റബ്ബർ വെട്ടുന്ന കത്തി കൊണ്ട് കുത്തിമലർത്താനായിരുന്നു നീക്കം ..മണ്ണിൽ ഉരുണ്ട്  ഒരുവിധം ഭാസ്കരൻ കത്തിയിൽനിന്ന് ഒഴിഞ്ഞുമാറി..പിന്നെ അദ്ദേഹത്തെ ചവിട്ടുകയും അടിക്കുകയും ചെയ്തു.കയ്യിലുണ്ടായിരുന്ന ക്യാമറ തട്ടിയെടുത്ത് തല്ലിപ്പൊട്ടിച്ച്,അതിന്റെ കഷണങ്ങളും എടുത്ത് സ്ഥലം വിട്ടു..പോലീസുകാരൻ ഭാസ്കരനെ പരിയാരം മെഡിക്കൽ കോളേജിൽ അഡ്മിറ്റാക്കി...

തൊഴിൽ രഹിതനായ ഭാസ്കരന് ഒരു ബന്ധു സമ്മാനിച്ച ആ ക്യാമറ ഏറേ സഹായമായിരുന്നു..പന്ത്രണ്ടായിരം രൂപ വില വരുന്ന ആ ഡിജിറ്റൽ ക്യാമറ പലതും നേരിട്ടു പകർത്താനുള്ള ഏക സഹായമായിരുന്നു.അതാണ്  തല്ലിത്തകർത്തത്..പാപ്പിനിശ്ശേരി സംഭവത്തിൽ സമിതിക്ക് ആകെയുണ്ടായിരുന്ന ഹാൻഡ് മൈക്ക് സെറ്റ് അടിച്ചുതകർത്ത കാര്യവും ഇവിടെ ഓർക്കേണ്ടതാണ്.സമിതിയ്ക്കിന്നും മൈക്ക് വാങ്ങാനായിട്ടില്ല.ഫണ്ടുകളൊന്നും സ്വീകരിക്കാത്ത, ഫണ്ടഡ് സംഘടനകളുടെ പ്രവർത്തന പരിമിതി ബാധിക്കാതിരിക്കാൻ വേണ്ടി റജിസ്റ്റർ പോലും ചെയ്യാതെയിരിക്കുന്ന സംഘടനയാണ് പരിസ്ഥിതി സമിതി..

  കാര്യത്തിന്റെ ഭീകരത ഇവിടെ അവസാനിക്കുന്നില്ല...തന്നെ ആക്രമിച്ചവർക്കെതിരെ ഭാസ്കരൻ കൊടുത്ത പരാതി പിൻ വലിപ്പിക്കാനുള്ള നീക്കങ്ങൾ നടത്തുകയാണിപ്പോഴവർ ..ബ്രാഞ്ച് സെക്രട്ടറിയും മധുസൂദനനും തങ്ങളെ ഭാസ്കരനും പോലീസുകാരനും ചേന്ന് ആക്രമിച്ചു എന്നും പറഞ്ഞ് ആശുപത്രിയിൽ അഡ്മിറ്റായത്രെ...എന്നിട്ട് അവർക്കെതിരെ കള്ളക്കേസ് കൊടുത്തിരിക്കുകയാണ്.!!!പോലീസുകാരനെ നന്നായി പേടിപ്പിക്കുകയും ചെയ്തു....ജോലി കളയിക്കും എന്നാണ് ഭീഷണിയത്രെ...അദ്ദേഹത്തെ സസ്പെന്റ് ചെയ്യുമെന്നും കേൾക്കുന്നു..എന്താണയാൾ അതിനായി ചെയ്ത തെറ്റെന്നോ!!നാടിനെ രക്ഷിക്കാൻ ശ്രമിച്ചു എന്നുമാത്രം..വെറുതെയാ സ്ഥലത്തു നിന്നയാ‍ളിനെതിരെയാണ് ആക്രമിച്ചു എന്നും പറഞ്ഞ് കള്ളക്കേസെടുത്ത് ദ്രോഹിക്കാൻ തുടങ്ങുന്നത്..ഇത് ആരുമിനി പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ പങ്കാളികളാകാതിരിക്കാൻ പേടിപ്പിച്ച് പിന്തിരിപ്പിക്കൽ എന്ന തന്ത്രമാണ്...   

പോലീസുകാരന്റെ അനുജൻ പേടിച്ച് ഭാസ്കരന്റെ വീട്ടിലേയ്ക്കു ചെന്നു.ഒരു സാധാരണ വീട്ടമ്മയായ ഭാസ്കരന്റെ ഭാര്യ മാത്രമേ അപ്പോൾ വീട്ടിലുണ്ടായിരുന്നുള്ളൂ...കേസ് പിൻ വലിച്ചില്ലേങ്കിൽ തന്റെ ജ്യേഷ്ഠന്റെ ജോലി പോകും എന്നയാൾ അവരോടു പറഞ്ഞു... കാര്യം ഒതുക്കി തീർക്കണമത്രെ...

താണ് കേരളത്തിന്റെ അവസ്ഥ.. ഒരു കുന്നിന്റെ ഫോട്ടോ എടുക്കാൻ പോയതിനാണ് ഒരാൾക്ക് ഇതൊക്കെ സഹിക്കേണ്ടി വന്നിരിക്കുന്നത്..
കേരളീയർ ഇനിയും  ഇതിനെതിരെയൊന്നും പ്രതികരിക്കാതെ ഈ രാഷ്ട്രീയ മാഫിയാ കൂട്ടുകെട്ടിന്റെ  ഫാസിസക്കോപ്രായങ്ങൾ സഹിക്കാനാണോ ഭാവം?...അവസാനത്തെ കുന്നും ടിപ്പറിലേറി, അവസാന തണ്ണീർത്തടവും നികത്തി ഒരു മരുഭൂവാക്കി കേരളത്തെ മാറ്റുന്നത് നിസ്സംഗരായി എല്ലാവർക്കും ഇനിയും നോക്കിയിരിക്കാം..നോക്കിയിരിക്കാൻ പറ്റാത്തവർ ഇങ്ങനെ അടിയും ഇടിയും ചവിട്ടും കുത്തുമൊക്കെയേറ്റ് രക്തസാക്ഷികളാകാം...ഇതാണ് സാക്ഷരസുന്ദര കേ രളം...

6 comments:

  1. ആക്രമത്തെ അപലപിക്കേണ്ടത് തന്നെ.എങ്കിലും ഒരുകാര്യം ഉണർത്താതെ വയ്യ.മാക്സിസ്റ്റ് പാർട്ടിയുടെ ഏത് സംരഭത്തേയും കണ്ണടച്ചെതിർക്കുന്നവരാണ് ഈ പരിസ്ഥിതിക്കാർ...

    ReplyDelete
  2. ഈ കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞടുപ്പില്‍ വെള്ളൂരില്‍ നിന്ന് "കോണ്‍ഗ്രസിന്റെ" സ്ഥാനര്തിയായി മത്സരിച്ച തോറ്റുനാറിയ മഹാനാണ് ഭാസ്കരന്‍. ! മാര്‍കിസ്റ്റ് വിരോധം തീര്‍ക്കാന്‍ എടുത്തണിയുന്ന വേഷങ്ങളില്‍ ഒന്ന് മാത്രമാണ് ഈയാളുടെ പരിസ്ഥിതി പ്രേമം,. സാക്ഷര സുന്ദര കേരളം ഇത്തരം കപടവേഷങ്ങളെ നന്നായി തിരിച്ചറിയുന്നുണ്ട്..!

    ReplyDelete
  3. മാർക്സീസ്റ്റൂപാർട്ടി പരിസ്ഥിതിയിൽ നിന്ന് തീരെ അകന്ന് പണസമ്പാദന്നം മാത്രം ലക്ഷ്യമിട്ടിരിക്കുമ്പോൾ അവരെ അനുകൂലിക്കുകയാണോ വേണ്ടത്? ജീല്ല്ലാ പരിസ്ഥിതി സമിതീയുടെ പ്രവർത്തനങ്ങൾ ശരിയായി വീക്ഷിക്കുന്നവർക്കറീയാം അവർ ആളെ നോക്കിയോ കൊടിയുടെ നിറം നോ‍ക്കിയോ പ്രശ്നങ്ങളിൽ ഇടപെടുന്നാവർ അല്ലെന്ന്..കാരണം അവാർഡിനോ അംഗീകാരങ്ങൾക്കോ സ്ഥാനമാനങ്ങൾക്കോ പണസമ്പാദനത്തിന്നു വേണ്ടിയോ ഒന്നുമല്ല സമിതി നിലകൊള്ളുന്നത്....ആരംഗീകരിച്ചാലും ഇല്ലെങ്കിലും സമിതി അതിനാ‍കുന്ന വിധത്തിൽ സംരക്ഷണ ബോധവത്ക്കരണ പ്രവർത്തനങ്ങൾ നടത്തും..

    ഭാസ്കരൻ വെള്ളൂർ മത്സരിച്ചത് നവരാഷ്ട്രീയ മുന്നണി സ്ഥാനാ‍ർഥിയാ‍യിട്ടായിരുന്നു..വിജയം ആ‍യിരുന്നില്ല, പരിസ്ഥിതിപ്രചാരണമായിരുന്നു ലക്ഷ്യം..

    ReplyDelete
  4. മിനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ എന്താണ് നടന്നതെന്ന് വെള്ളുരിലെയും പയ്യനൂര്‍ മുനിസ്സിപ്പലിടിയിലെയും ജനങ്ങള്‍ക്ക് കൃതിയമായി അറിയാം, ,ഭാസ്ക്കരന്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി തന്നെയായിരുന്നു. കോണ്‍ഗ്രസ് സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്താതെ ഭാസ്ക്കരന്നു വേണ്ടി നിലകൊള്ളുകയും ഒടുവില്‍ തോറ്റംബുകയും ചെയ്തു.വസ്തുത ഇതെന്നിരിക്കെ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കാന്‍ ഇങ്ങനെ പച്ചകള്ളം പറയരുത്.ഇത് എല്ലാ മാധ്യമങ്ങളും പ്രസിദ്ടികരിച്ചതാണ്

    നടന്ന സംഭവം ഇതാണെന്നിരിക്കെ ഭാസ്ക്കരന്നു മാര്‍ക്സിസ്റ്കരെക്കള്‍ വലിയപരിസ്ഥിതി പ്രേമികളാണ് കോണ്‍ഗ്രസ്സുകാര്‍ എന്ന് തോന്നുന്നത് സ്വാഭാവികം മാത്രം !

    മാങ്ങയുള്ള മാവിലെല്ലേ കല്ലെറിയാം പറ്റൂ..! മാധ്യമശ്രദ്ദ കിട്ടാനും ആളാകാനും പറ്റിയ വിദ്യയാണ്(ഫാഷന്‍)എന്തിനും ഏതിനും മര്കിസിസ്റ്റു കാരെ പുലയാട്ടു പറയുകഎന്നത, ഇപ്പോള്‍പരിസ്ഥിതി പ്രേമികളും(!)അത് നന്നായി പയറ്റുന്നു!,

    വര്‍ഷങ്ങളായി വളവട്ടനത്തെ പരിസ്ഥിതിയെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന കുത്തകകളുടെ മണല്‍വാരലിനെതിരെയും ,കണ്ടല്‍ കാടു നശിപ്പിച്ചു മാലിനിയങ്ങള്‍കൊണ്ട് തള്ളുന്നതിനെതിരയും,റിയല്‍ എസ്റ്റേറ്റ്‌ മാഫിയ അനധിക്രിദമായി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനെത്രയും ഒരക്ഷരം മിണ്ടാത്ത ഇവര്‍ അവിടെ കണ്ടല്‍ സംരക്ഷിക്കുന്നതിനു വേണ്ടി ,പരിസ്ഥിതിതിക്ക് ദോഷം തട്ടാത്ത തരത്തില്‍ തീര്‍ത്തും ലളിതമായി നിര്‍മ്മിച്ച കണ്ടല്‍പര്‍ക്കിനെ തടയാന്‍ വരുന്നത് ആരുടെ തല്പ്പരിയ സംരക്ഷനര്ത്മാണെന്ന് കണ്ണൂരിലെ ജനങ്ങള്‍ നല്ലപോലെ തിരിച്ചറിഞ്ഞതാണ്.!(ആളെ നോക്കിയും കോടിയുടെ നിറം നോക്കിയും തന്നയാണ് ഈ കപട പരിസ്ഥിതി പ്രേമക്കാര്‍ നിലപ്ടടുക്കുന്നതെ എന്ന് പാപ്പിനിശ്ശേരി കണ്ടലപര്‍ക്ക് തന്നെ ഉദാഹരണം.)

    പര്സ്ഥിത്യുടെ നവരാഷ്ട്രീയമെന്നാല്‍ കോങ്കര്സ്സുകരുടെ തോളിലേറി മാര്‍ക്സിസ്റ്റുകാരെ പുലഭിയംപറയല്‍ മാത്രമാണെന്ന് ഇത്തരം ഭാസ്ക്കരന്മാരിലുടെ കേരള ജനത കണ്ടതാണ്..

    ReplyDelete
  5. ഒരു കുന്നിന്റെ ഫോട്ടോ എടുക്കാൻപോയ ഒരാളെ തല്ലിച്ചതയ്ക്കുകയും കത്തികൊണ്ട് കുത്താൻ ശ്രമിക്കുകയും ക്യാമറ തല്ലിപ്പൊട്ടിക്കുകയും ചെയ്തതിന് ഒരു ന്യായീകരണവും പറയാനില്ലാത്തപ്പോൾ ,അയാൾക്കും ഒപ്പം പോയി എന്ന ഒറ്റക്കാരണത്താൽ മറ്റൊരാൾക്കുമെതിരെ കള്ളക്കെസു കൊടുത്ത് ഭീഷണിപ്പെടുത്തിയും ഭീതി വിതച്ചും എന്തും നേടിയെടുക്കാം എന്ന അമിതമായ ആത്മവിശ്വാസവുമായി മുന്നേറുന്നവർ വായിൽ തോന്നിയതൊക്കെ വിളിച്ചു പറഞ്ഞാലും അന്തിമവിജയം സത്യത്തിനു മാത്രമായിരിക്കും...സത്യമേവ ജയതേ...ആർക്കും എക്കാലവും കള്ളത്തരങ്ങൾകൊണ്ട് പണിതുയർത്തിയ സിംഹാസനങ്ങളിൽ കയറിയിരുന്ന് പാവം ജനതയെ വിഡ്ഡികളാക്കാനാകില്ല..ഈജിപ്ത് നൽകുന്ന പാഠവും അതാണ്...ഒരിക്കൽ ജനങ്ങൾ ഉണർന്നെണീക്കുകതന്നെ ചെയ്യും...

    കുഞ്ഞാലിക്കുട്ടിമാർക്കും ശശിമാർക്കും നീരാ റാഡിയമാർക്കും രാജമാർക്കുമൊക്കെ സംഭവിച്ചുകൊണ്ടിരിക്കുന്നതും സംഭവിക്കാൻപോകുന്നതും അതാണ്,പാപികളെ വാനോളം ഉയർത്തുമെങ്കിലും ആ ചീറ്റക്കൊമ്പത്തുനിന്നും പാതാളക്കുഴിയിലേയ്ക്കായിരിക്കും തള്ളിയിടുക..

    ReplyDelete
  6. പരിസ്ഥിക്കാർ മാർക്സിസ്റ്റു പാർട്ടിക്കെതിരെ പ്രവർത്തിക്കുന്നു എന്ന് പലരും സംശയിക്കുന്നെങ്കിൽ,അതിനു കാരണം അവർ അത്രയേറെ പരിസ്ഥിതി നാശം നടത്തുന്നു എന്നതു മാത്രമാണ്..പണവും കുപ്പിയും കിട്ടിയാൽ ഏതു വാർത്തയും കാര്യത്തിന്റെ സത്യാവസ്ഥ പരിശോധിക്കാതെ പ്രസിദ്ധീകരിക്കാൻ ഇന്ന് മാധ്യമപ്രവർത്തനം അധ:പ്പതിച്ചിരിക്കെ, സത്യമല്ല പലപ്പോഴും ജനങ്ങൾക്കു മുന്നിലെത്തുന്നത്...എങ്കിലും ഒടുവിൽ സത്യം തന്നെ ജയിക്കും..

    ReplyDelete