Friday, December 31, 2010

ജൈവവൈവിധ്യംതേടി...

വിടപറയാൻ പോകുന്ന 2010 ന്റെ  അവസാനദിനം..ജൈവവൈവിധ്യവർഷം കൂടിയാണല്ലോ കാലയവനികയ്ക്ക് പിറകിലേയ്ക്ക് നടന്നുമറയാൻ പോകുന്നത് എന്നോർത്ത് അൽ‌പ്പം ജൈവവൈവിധ്യം നോക്കാനായി പറമ്പിലേയ്ക്കിറങ്ങിയതായിരുന്ന

 തൊടി നിറയെ കിളികളുടെ കോലാഹലമായിരുന്നു..വിരുന്നുകാരും സ്ഥലവാസികളും ഒക്കെയുണ്ടായിരുന്നു..സൂത്രക്കാർ..അവരെ പിടിക്കണമെങ്കിൽ എന്റെ കൊച്ചു ക്യാമറപോര.നല്ല ക്യാമറയാണെങ്കിൽ എന്റെ സുഹൃത്ത് വാങ്ങിത്തരില്ലത്രെ,എന്റെ കൈ ശരിയല്ലത്രെ.അതിനാൽ തത്കാലം വല്ല പൂക്കളെയോ പൂമ്പാറ്റകളെയോ ചിലന്തികളെയോ ഒക്കെ പിടിച്ച് സംതൃപ്തിയടയാമെന്നുവച്ചു.പറന്നുകളിക്കുന്ന നാഗമോഹനേയും തേങ്കുരുവികളേയും മഞ്ഞക്കിളികളെയുമൊക്കെ അസൂയയോടെ നോക്കിനിന്നു.കൊക്കിലൊതുങ്ങുന്നതല്ലേ കൊത്താൻപറ്റുള്ളൂ...



ന്നെ സമാധാനിപ്പിക്കാനെന്നവണ്ണം അതാ മുന്നിൽ ഇതുവരെ കാണാത്ത ഒരു ചിലന്തി..പക്ഷെ അൽ‌പ്പം ഉയരത്തിൽ വലിയ ഒരു വലയും നെയ്ത് പ്രാതൽ കഴിക്കുന്ന അവളെ കൂട്ടിലാക്കാൻ ഒരു സ്റ്റൂളിൽ കയറേണ്ടിവന്നു..അവളാണിത്..

 





 ചിലന്തിയെ കൂട്ടിലാക്കി അൽ‌പ്പം നടന്നപ്പോഴുണ്ട് നല്ല രസികൻ നിറങ്ങളുള്ള ഊഞ്ഞാൽ വിദഗ്ധനായ മറ്റൊരുവൻ.അവനും വല്യ പ്രശ്നമൊന്നുമുണ്ടാക്കാതെ പോസു ചെയ്തു തന്നു..      




 


 ഇന്ന് ചിലന്തികളുടെ ദിനമാണോന്ന് സംശയിക്കുംവിധം മുന്നിൽ മറ്റൊരെണ്ണം .എനിക്കേറെ ഇഷ്ടമുള്ള ജീവികളാണ് ചിലന്തികൾ.ജൈവശൃംഖലയിലെ വിലപ്പെട്ട മുത്തുകളാണിവ..ഞാൻ കഴിക്കുന്ന ആഹാരത്തിൽ ഇവയുടെകൂടി കൈയ്യൊപ്പുണ്ട്.ഇവയില്ലെങ്കിൽ കീടരോഗങ്ങളാൽ ഒക്കെ നശിച്ചേനെ..അതിനാൽ മുന്നിൽ കണ്ട പച്ചസുന്ദരിയേയും പിടിച്ചു ..

 



 അപ്പോഴുണ്ട് വെയ്ലിന്റെ സ്വർണ്ണവും വാരിപ്പൂശി നാട്ടുകാരിപ്പെണ്ണായ ചെമ്പരത്തി ചിരിച്ചുകൊണ്ട് ഹാപ്പി ന്യൂ ഇയർ പറഞ്ഞോണ്ട് നിൽക്കുന്നു.എന്താ എന്റെ പടം പിടിക്കുന്നില്ലേ എന്നവൾക്ക് പരിഭവം..അവളാണിത്...

 





താഴത്തെ ചേമ്പിലയിൽ സുഖമായി വെയിൽകായാനിരിക്കുകയായിരുന്നു  കാട്ടുമണവാട്ടി...നല്ല സ്റ്റൈലിൽ ഇരിക്കുന്ന അവനും എന്റെ പവർഷോട്ടിൽ കുരുങ്ങി..

 




കുഞ്ഞു കുഞ്ഞു പൂമ്പാറ്റകൾ അവിടവിടെ വെയിൽ കായുന്നുണ്ടായിരുന്നു .അവരിൽ രണ്ടു മൂന്നു പേരും വലയിൽ കുടുങ്ങി.അതിൽ ഒന്ന് വെള്ളയിൽ കറുത്ത പൊട്ടുതൊട്ട പാണലുണ്ണിയാണ്.മറ്റൊരാൾ നാൽക്കണ്ണി.

 







 ഇത് ചേരാച്ചിറകൻ. കാണാനത്ര ഭംഗിയില്ല.പക്ഷെ ,ചിറക് പൂട്ടിയാലും അറ്റം തമ്മിൽ ചേരാതിരിക്കും..

 



 ഇതാണ് ഊട്ടി ആപ്പിൾ..പടമെടുത്തു കഴിഞ്ഞപ്പോൾ രണ്ടെണ്ണം പറിച്ചു തിന്നു. അൽ‌പ്പം പുളിയും മധുരവും കലർന്ന സ്വാദാണ് ഈ രസികൻ പഴങ്ങൾക്ക്...
 



കുറിഞ്ഞികൾ നാ‍ലഞ്ചുതരമുണ്ടിവിടെ.അതിലൊന്നാണ് കരിങ്കുറിഞ്ഞി.ഇതിന്റെ രണ്ട് ജാതികളുണ്ടിവിടെ.അതിലൊന്നാണ് ബലൂൺ പോലത്തെ മൊട്ടും നല്ലപർപ്പിൾ നിറവുമുള്ളയിനം.

 





എന്തു ഭംഗിയാണെടീ നിന്നെ കാണാൻ എന്ന് ലോഗ്യം പറയുമ്പോഴേയ്ക്കും ഒരു കുഞ്ഞിക്കുറുമ്പൻ തേനീച്ച സദ്യയുണ്ണാനായെത്തി.അവനേയും വെറുതെ വിട്ടില്ല.

 




 അപ്പുറത്തു ചെന്നപ്പോൾ വഴുതനച്ചെടി നിറയെ ലേഡീ ബേഡ് ബീറ്റിലുകൾ..പുഴുക്കളുടെ ആക്രമണത്താൽ വല്ലാതെ വിഷമിച്ചിരുന്ന അവളെ രക്ഷിക്കാൻ സന്നദ്ധഭടന്മാർ എത്തിയല്ലോ.ആശ്വാസമായി...

 





വീടെടുക്കാനായി മണ്ണു നീക്കിയ സ്ഥലത്ത് ചെന്നപ്പോൾ ഒരു മുഴുത്ത കരിന്തേൾ...ഉറുമ്പുകളുടെ ആക്രമണത്താൽ അവൾ വിഷമിക്കുകയായിരുന്നു..

 





രുപാടൊരുപാടു പേർ ഇനിയുമുണ്ട്..പക്ഷെ,ഇന്നിത്രകൊണ്ട് മതിയാക്കാം..പണികൾ മറ്റു പലതുമുണ്ടല്ലോ.വേട്ട മതിയാക്കി പോകാൻ നോക്കുമ്പോഴുണ്ട് പഴുത്തൊരു പ്ലാവില താഴെ കിടക്കുന്നു..കാ‍ലവൃക്ഷത്തിൽനിന്നും ഒരിലകൂടി  പൊഴിഞ്ഞിരിക്കുന്നു..

 





ജൈവവൈവിധ്യ വർഷം മറഞ്ഞെങ്കിലും വർഷാചരണത്തിൽ ഒതുക്കേണ്ടതല്ല,എന്നും കൂടെ ജീവിതത്തിന്റെ ഭാഗമായി കൊണ്ടു നടക്കേണ്ടതാണ് ജൈവവൈവിധ്യം എന്നു മന്ത്രിച്ചു കൊണ്ടാണ് 2010 വിടപറയുന്നത്..

എല്ലാവർക്കും ഹൃദയം നിറഞ്ഞ നവവത്സരാശംസകൾ..

10 comments:

  1. കാലവര്‍ഷത്തില്‍ നിന്നും അടര്‍ന്നുപോയ ആ ഇലക്കു മേല്‍ വരുംകാലദലചാര്ത്തുകള്‍ ...

    Happy new year...

    ReplyDelete
  2. ഹ കൊള്ളാം.... പോട്ടവും അടിക്കുറിപ്പും

    ReplyDelete
  3. നല്ല കിടിലൻ പോസ്റ്റ്.

    നന്മകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെണീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!

    വിവരങ്ങൾക്ക്
    http://jayanevoor1.blogspot.com/

    ReplyDelete
  4. ഹഹ. ഇങ്ങനെ നോസ്റ്റാൾജിയ അടിപ്പിക്കല്ലേ പ്ലീസ്. നാട്ടിലെ പറമ്പിലൂടെ ഇറങ്ങി നടന്ന പോലെ തോന്നി ഈ പോസ്റ്റിലൂടെ സഞ്ചരിച്ചപ്പോൾ!!. എല്ലാ ഫ്രണ്ട്സിനേം കണ്ടു. സന്തോഷമായി. പുതുവത്സരാശംസകൾ ട്ടൊ.

    ReplyDelete
  5. നല്ല കിടിലോൽ കിടിലൻ പടങ്ങൾ.
    കണ്ണിന് സന്തോഷം തരുന്ന ബ്ലോഗ്,
    മനസ്സിനും

    ReplyDelete
  6. അപൂർവ സുന്ദരം!
    എന്റെ വീട്ടിലും ചിലന്തീം പല്ലീം പഴുതാരേം ഉണ്ട്.
    കുറെ പൂമ്പാറ്റകളുണ്ട്.
    പിന്നെ ഇടക്കിടെ വന്ന് എന്താ കഥയെഴുതുകയാണോ? സുഖം തന്നെയല്ലേ എന്നു ചോദിയ്ക്കുന്ന പാമ്പുകളും ഉണ്ട്.
    ഫോട്ടൊ എടുക്കാനുള്ള വിവരമൊന്നും എനിയ്ക്കില്ലാന്നവർക്കറിയാം. അതുകൊണ്ട് അവർ പോസ് ചെയ്യാനൊന്നും നിൽക്കാതെ സ്ഥലം വിട്ടുകളയും.

    നല്ലൊരു പുതുവർഷമാകട്ടെ.......

    ReplyDelete
  7. എല്ലാവർക്കും സ്നേഹം...

    ReplyDelete
  8. അനീസയുടെ മഞ്ചാടി, എക്സ് പ്രവാസിനിയുടെ കഥ പറയുന്ന കുളം,.. ജയന്‍ ഡോക്ടറുടെ ആഞ്ഞിലി പഴം, പ്രതാപ ശാലിയുടെ (ചാലിയാര്‍) പ്ലാവും ചക്കയും.

    ഇവിടെ വിട പറഞ്ഞു കൊഴിഞ്ഞു വീഴുന്ന പഴുത്ത പ്ലാവില... പുതു വര്‍ഷത്തിനു സ്വാഗതം ഓതി ചുവന്ന ചെമ്പരത്തി പൂ,കഥ പറയുന്ന കൊച്ചു ജീവികള്‍...ബു ലോകം നന്മകളാല്‍ സമൃദ്ധം..
    നന്ദി നനവേ.. ഈ നനുത്ത കാഴ്ചകള്‍ക്ക്..

    ReplyDelete
  9. നനവാർന്ന മനസ്സിൽ ഇത്തിരി സ്നേഹം വറ്റാതെ കാക്കുന്നവർക്കേ ജീവന്റെ വില മനസ്സിലാകൂ.അത് സ്വന്തം അരുമക്കുഞ്ഞിന്റെതായാലും ഒരു കൊച്ചു പൂമ്പാറ്റയുടേതായാലും ഒന്നാണെന്ന്, തുല്യപ്രാധാന്യമുള്ളതാണെന്നു മനസ്സിലാക്കാനുമാകൂ..ആ കഴിവ്,ആ ആർദ്രത എല്ലാ മനസ്സുകളിലും നിറയട്ടെ എന്ന പ്രാർഥനയോടെ...

    ReplyDelete