Wednesday, May 5, 2010

വീട്ടുമുറ്റത്ത് കള്ളുഷാപ്പ് സ്ഥാപിക്കലാണോ തൊഴിലാളിവർഗ്ഗത്തിന്റെ ധർമ്മബോധം?....
ണ്ണർ തെക്കിബസാറിലെ വീട്ടുമുറ്റത്തെ കള്ളുഷാപ്പിനെതിരെ സമരം ചെയ്തുകൊണ്ടിരിക്കുന്ന വീട്ടമ്മമാരെ മദ്യത്തൊഴിലാളികൾ ആക്രമിച്ചുകൊണ്ടിരിക്കുകയാണ്.ഇന്നലെ തൊഴിലാളിനേതാക്കളടക്കം നിരവധിപേർ സമരപ്പന്തലിലേക്ക് ഇരച്ചുകയറുകയും പന്തലിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തു.സമരക്കാരെ വലിച്ചു റോഡിലേക്കെറിയുമെന്നുമൊക്കെ ഭീഷണി മുഴക്കിയ ഇവരെ നേതാക്കൾ തടഞ്ഞില്ല.നാമമാത്രമായി അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് നോക്കിനിൽക്കാനേ സാധിച്ചുള്ളു.നിരന്തരമായി സംഘർഷങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഇവിടെ വേണ്ടത്ര സംരക്ഷണം നൽകാങ്കൂടി അധികൃതർ തയ്യാറല്ല.’എന്താ ഞങ്ങൾ ആത്മഹത്യ ചെയ്യുകയാണോ ചെയ്യേണ്ടത് എന്നു ചോദിച്ച വീട്ടമ്മമാരോട് അസഭ്യമായ രീതിയിൽ ആക്രോശിക്കുകയും നാളെ ഇതിലും വലിയ നടപടിയായിരിക്കും എടുക്കുക എന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു....
കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയ്ക്കും എരുമക്കുടിയിലെ ഒരു സാധാരണ വീട്ടമ്മയ്ക്കും ഭരണഘടനാപരമായി ഒരേ അവകാശമല്ലെ ഉള്ളത്?...മുഖ്യമന്ത്രിയുടെ വീട്ടുമുറ്റത്ത് കള്ളുഷാപ്പ് തുടങ്ങാൻ ഈ നേതാക്കൾ ഒരുങ്ങുമോ?എന്തിന്,ഒരു പഞ്ചായത്തു പ്രസിഡണ്ടിന്റെ വീട്ടുമുറ്റത്തു നടക്കുമോ ഇക്കളി?...അതുമല്ല നാട്ടിലെ സമ്പന്നമാരുടെ മുറ്റത്ത് നടക്കുമായിരുന്നോ?...പശുക്കളെ പോറ്റി പാൽ വിറ്റു ജീവിക്കുന്ന തനി പാവങ്ങളോടല്ലെ ആക്രമവും മറ്റുമാവുകയുള്ളൂ...അവർ ജീവിച്ചലെന്താ,മരിച്ചാലെന്താ...നാട്ടീലുടയോർക്ക് അവരെ നോക്കലല്ലല്ലോ പണി....
ജീവിതം വഴിമുട്ടിനിൽക്കുമ്പോൾ അതിനിടയാക്കിയ സാഹചര്യങ്ങളോട് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യംകൂടി ഈ സാധുക്കൾക്ക് കൊടുക്കില്ലെന്ന് തൊഴിലാളികൾ എന്ന പേരും പറഞ്ഞ് ചിലർ നിഷേധിക്കുകയാണ്.ഇവിടെ നിയമവാഴ്ച പൂർണ്ണമായും ഇല്ലാതായിരിക്കുകയാണ്.റിസർവ്വുവനസദൃശമായ പത്തേക്കറിലേറെ കണ്ടൽക്കാടും അതിലെ ജൈവസമ്പത്തും നശിപ്പിച്ചപ്പോൾ അതിനെതിരെ ഗാന്ധിയൻ രീതിയിൽ ഉപവാസം നടത്തിയവരെ തല്ലിച്ചതച്ചിട്ട് ഒരു മാസം കഴിഞ്ഞിട്ടും ആക്രമികൾ ഇവിടെ സുഖമായി വാഴുന്നു!!...വനംമന്ത്രി ഇതുവരെ വായ് തുറക്കുകകൂടി ചെയ്യ്തിട്ടില്ല...കയ്യൂക്കുള്ളവന് ഇവിടെ എന്തുമാകാം.ഇതാണിവിടത്തെ സ്ഥിതി.സാധാരണക്കാർ കൂട്ട ആത്മഹത്യചെയ്യുകയാണോ ചെയ്യേണ്ടത്?...
മരം ചെയ്യാൻ തൊഴിലാളികൾക്കും അവകാശമുണ്ട്.എന്നാൽ അക്രമത്തിന് ആർക്കും ലൈസൻസില്ല.പാവങ്ങളുടെ നെഞ്ചത്തു കയറിയല്ല ഊക്ക് കാട്ടേണ്ടത്.ഷാപ്പ് തുറന്ന് കള്ള് വിറ്റുതന്നെ ജീവിക്കണമെന്നാണെങ്കിൽ വീട്ടുമുറ്റത്തുനിന്നത് മാറ്റുകതന്നെ വേണം.തൊഴിലാളികളുടെ കുടുംബം പോറ്റാൻവേണ്ടി എന്തിനാ പാവങ്ങളുടെ കുടുംബം കുളംതോണ്ടുന്നു?...ജീവിക്കാനാണെങ്കിൽ ഇവിടെ ഒരുപാട് തൊഴിലുകളുണ്ട്.കള്ളുവിൽ‌പ്പനയ്ക്ക് ഗവർമെന്റ് മാന്യത നൽകിയിട്ടുണ്ടെങ്കിലും അതൊരിക്കലും മാന്യമാവുകയില്ല...ഒരു കുപ്പി കള്ള് വിൽക്കപ്പെടുമ്പോൾ മറ്റെയറ്റത്ത് ഒരു കുടുംബമാണ് വഴിയാധാരമാകുന്നത്.
ള്ളന്മാരെല്ലാംകൂടി സംഘടിച്ച് ഞങ്ങൾക്കും കുടുംബം പോറ്റാനുണ്ടെന്നും ഞങ്ങളുടെ തൊഴിലിനെതിരെ ആരും മിണ്ടുകകൂടി ചെയ്യരുതെന്നും പറയുമ്പോലെയാണ് മദ്യത്തൊഴിലാളികളുടെ പറച്ചിൽ...!കുടുംബം പോറ്റാനാണെങ്കിൽ അധ്വാനിക്കാനും വിയർപ്പൊഴുക്കാനും തയ്യാറാണെങ്കിൽ ഇവിടെ തൊഴിലിനാണോ പഞ്ഞം..?നാട്ടുകാരെ ദ്രോഹിച്ചുതന്നെ പണമുണ്ടാക്കണമെന്നു പറയുന്നത് തനി ഹുങ്കാണ്... ഒന്നും വെട്ടിപ്പിടിക്കാനല്ല,സ്വസ്ഥമായി ജീവിക്കാൻവേണ്ടി മാത്രമാണ് കണ്ണൂരിലെ വീട്ടമ്മമാർ സമരം ചെയ്യുന്നത്.നാട്ടിലെ പൌരന്മാരുടെ സ്വൈരജീവിതം ഉറപ്പുവരുത്തേണ്ടത് ജനങ്ങൾ വോട്ടും കോട്ടൂം സ്വ്യൂട്ടൂം കാറും ബംഗ്ലാവും കോടീകളേറൂന്ന ധനവും ഒക്കെ നൽകി പ്രതിഷ്ഠിച്ചിരിക്കുന്ന ഭരണാധികാരികളാണ്.അവരിതു ചെയ്യുന്നില്ലെങ്കിൽ കാലം അവർക്ക് മാപ്പു നൽകില്ല...

THE HINDU NEWS 8-5-10

37 comments:

 1. 40 കൊല്ലമായി അവിടെ ഉള്ള ഷാപ്പല്ലെ ഇത്? വീട്ടുമുറ്റത്ത് പുതിയതായി കള്ള് ഷാപ്പ് സ്ഥാപിക്കാന്‍ പോകുന്നു എന്ന് തെറ്റിദ്ധരിപ്പിക്കുകയാണല്ലോ താങ്കള്‍ ചെയ്യുന്നത്. കഴിഞ്ഞ 41 ദിവസമായി അവിടത്തെ തൊഴിലാളികള്‍ പണിയില്ലാതെ ഇരിക്കുകയും ആണ്. ഡി.വൈ.എസ്.പി വിളിച്ച യോഗത്തില്‍ ഷാപ്പിനെതിരെ സമരം ചെയ്യുന്നവര്‍ പങ്കെടുത്തില്ല എന്നും വാര്‍ത്തയുണ്ട്.

  ReplyDelete
 2. ജനശക്തി,
  ശ്രദ്ധിച്ചതിൽ സന്തോഷം.റോഡിലുണ്ടായിരുന്ന കള്ള് ഷാപ്പ് വീട്ടുമുറ്റത്ത് സ്ഥാപിക്കാൻ ശ്രമിച്ചതല്ലെ പ്രശ്നങ്ങൾക്ക് കാരണം.
  സ്വാതന്ത്ര്യബോധം എന്നത് നിറങ്ങളിലൊ,കള്ളികളിലോ ഒതുക്കാവുന്നതല്ല.അതു സ്വന്തം ഉള്ളിൽ നിന്നും വരുന്നതാണ്.സ്ത്രീകൾ ഉയർത്തിയ പ്രതിരോധം ഒരുണർത്തുപാട്ടാണ്. കള്ള് കുടിച്ച് കുട്ച്ച് പ്രതികരണശേഷി നഷ്ടപ്പെട്ട യുവത്വത്തോടുള്ള ഉണർത്തുപാട്ട്..അല്ലാതെ ഒരു തൊഴിൽ പ്രശ്നമേയല്ല...നിലനിൽ‌പ്പിനായുള്ള പോരാട്ടമാണത്...

  ReplyDelete
 3. സ്ത്രീകളുടെ പോരാട്ടത്തോടോ ഒന്നും എതിര്‍പ്പില്ല.കമന്റ് ഒന്നു കൂടി വായിക്കുമല്ലോ. പക്ഷെ, വീട്ടമ്മമാരുടെ സമരം തന്നെയോ എന്ന കാര്യത്തില്‍ സംശയമുണ്ട്. പുറത്തു വരുന്ന വാര്‍ത്തകള്‍ സമരത്തിന്റെ നേതൃത്വത്തിനായി കോണ്‍ഗ്രസും ബിജെപിയും പോരാടുന്ന ചിത്രം നല്‍കുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ല. സമരം ന്യായമെങ്കില്‍ അത് ആരെങ്കിലും ഹൈജാക്ക് ചെയ്യാതിരിക്കുക എന്നതും പ്രധാനമല്ലേ?

  താന്കള്‍ പറഞ്ഞ കള്ളികളില്‍ ഒതുങ്ങാതിരിക്കുന്ന സ്വാതന്ത്ര്യബോധം അവശ്യമായ കാര്യമെങ്കില്‍ താങ്കള്‍ക്കും അത് ഉണ്ടാകണം. ഖേദകരമെന്നു പറയട്ടെ,അങ്ങിനെയല്ല കാണുന്നത്. ഭാഷയും, പദപ്രയോഗങ്ങളും, ആധികാരികമെന്ന മട്ടില്‍ തെരഞ്ഞെടുക്കുന്ന മുഖ്യധാരാമാധ്യമങ്ങളിലെ വാര്‍ത്തകളും ഒക്കെ കൃത്യമായും താങ്കളുടെ പക്ഷപാതവും വ്യക്തമാക്കുന്നുണ്ട്.

  ആ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടേണ്ടതുണ്ട്. തര്‍ക്കമില്ല.

  ReplyDelete
 4. ശ്രീ. കെ.പി. സുകുമാരന്‍െറ ബ്ലോഗില്‍ കൊടുത്ത പോസ്റ്റ് ഇവിടെയും ആവര്‍ത്തിക്കട്ടെ.....

  തെക്കീബസാറിലെ കൃഷ്ണകുമാര് എന്നയാളുടെ അധീനതയിലുള്ള കെട്ടിടം ഈ അടുത്തകാലത്താണ് കള്ളുചെത്ത് തൊഴിലാളി സഹകരണ സംഘം വിലകൊടുത്തു വാങ്ങുന്നത്. ഇപ്പോഴത്തെ കള്ളുഷാപ്പ് വിരുദ്ധരുടെ നേതൃസ്ഥാനത്തുള്ള ശശികലയുടെ അനുജനാണ് കൃഷ്ണകുമാര്. വിലകൊടുത്തുവാങ്ങിയ കെട്ടിടമാവട്ടെ പഴയ ഷാപ്പിന് അഞ്ചുമീറ്റര് മാത്രം അകലെയുള്ള ഒന്ന്. വില്ക്കുന്നസമയത്തോ അതിന് മുനിസിപ്പാലിറ്റി പെര്മിഷന് കൊടുക്കുന്നസമയത്തോ വീട്ടുകാരോ, വാര്ഡ് മെമ്പറോ അനങ്ങിയില്ല. മുനിസിപ്പാലിറ്റി പെര്മിഷന് ആയി കള്ള് വില്ക്കാന് തൊഴിലാളികള് വന്നപ്പോഴാണ് സമരം തുടങ്ങിയത്. ശശികലയുടെ വീട്ടുകാര് മാത്രമാണ് ആദ്യദിവസം ഒരു ബെഞ്ചില് ഇരിപ്പ് തുടങ്ങിയത്. തൊഴിലാളികള് ഒരു സംഘര്ഷത്തിന് വഴിമരുന്നിടേണ്ട എന്നു കരുതി തിരിച്ചുപോയി. പിറ്റേന്നും സമരം പഴയപടി തന്നെ. ഒരാഴ്ച പിന്നിട്ടപ്പോള് മദ്യവിരുദ്ധ സമിതി സമരം ഏറ്റെടുത്തു. ഈ ദിനങ്ങളിലെല്ലാം തൊഴിലാളികള് കള്ള് വില്പനയ്ക്ക് കൊണ്ടുവരികയും അതിന് ആവാതെ തിരിച്ചുപോവുകയും ചെയ്തു. പിന്നീട് കലക്ടറുടെ സാന്നിദ്ധ്യത്തില് സമരക്കാരുടെയും ചെത്തുതൊഴിലാളികളുടെയും യോഗത്തില് പുതിയ കെട്ടിടത്തില് ഷാപ്പ് പ്രവര്ത്തിക്കില്ലെന്നും അനുയോജ്യമായ ഒരു കെട്ടിടം കണ്ടെത്തിക്കൊടുക്കാമെന്നും ധാരണയായി. ഷാപ്പ് വിരുദ്ധര് കണ്ടെത്തിക്കൊടുത്ത സ്ഥലം പള്ളിക്ക് സമീപമായതിനാല് അതും സാധിച്ചില്ല. തുടര്ന്ന് കലക്ടര് കള്ള്ഷാപ്പ് പഴയകെട്ടിടത്തില് തന്നെ പ്രവര്ത്തിക്കാന് അനുവദിക്കണമെന്നും ഷാപ്പിന്െറ പ്രവേശനകവാടം ഇപ്പോഴുള്ള സ്ഥലത്ത് നിന്നും മാറ്റി മെയിന് റോഡില് നിന്നും ആക്കാന് സഹായിക്കണമെന്നും സമരക്കാരോട് അഭ്യര്ത്ഥിച്ചു. അപ്പോഴേയ്ക്കും സമരത്തിന്െറ രൂപം മാറിയിരുന്നു. ആര്.എസ്.എസ്സും എന്ഡിഎഫും സമരം ഏറ്റെടുത്തിരുന്നു. മദ്യവിരുദ്ധസമിതിയാവട്ടെ ആളുകൂടിയതോടെ ഒരു വിട്ടുവീഴ്ചക്കും തയ്യാറില്ല എന്ന നിലപാടിലുമായി.
  വീട്ടുകാര് തുടങ്ങിയ സമരം തല്പര കക്ഷികള് `ഹൈജാക്ക്' ചെയ്തതോടെ സമരത്തിന്െറ രൂപം മാറി. അവര് പലിയ പന്തലുകെട്ടി ആഘോഷമായി സമരം തുടങ്ങി. മാധ്യമങ്ങളുടെ പരിലാളന വേണ്ടുവോളം കിട്ടി. കടലാസ് സംഘടനകളുടെ പിന്തുണ ദിവസം കഴിയുന്തോറും കൂടിക്കൂടിവന്നു. (പാവം ചെത്തുതൊഴിലാളികള് ഓരോ ദിവസവും പന്തലുവരെ പൊരിവെയിലില് പ്രകടനം നടത്തി തിരിച്ചുപോയിക്കൊണ്ടിരുന്നു)

  ഗത്യന്തരമില്ലാതെയാണ് നാല്പത്തിയഞ്ചാം ദിവസം ചെത്തുതൊഴിലാളികള് സമരപ്പന്തലിലേക്ക് ഇടിച്ചുകയറി കള്ളുവില്ക്കാന് ശ്രമിച്ചത്. കൂടുതല് ഐ.എന്.ടി.യു.സി. തൊഴിലാളികള് ജോലിചെയ്യുന്ന ഷാപ്പില് അവര് തന്നെയായിരുന്നു സമരത്തിന്െറ മുന്നിരയിലും. (ഷാപ്പ് വിരുദ്ധ സമരത്തിന് അനുകൂലമായി പ്രകടനമായെത്തിയ യൂത്ത് കോണ്ഗ്രസ്സുകാര് ഐ.എന്.ടി.യു.സി.ക്കാരന്െറ കൈയുടെ ചൂടറിഞ്ഞതും അതു കണ്ട് വണ്ടി റിവേഴ്സ് എടുത്ത് അവരുടെ നേതാവായി വന്ന അത്ഭുതക്കുട്ടി എം.എല്.എ. മുങ്ങിയതും പത്രക്കാരോട് ചോദിച്ചാല് കെ.പി. സുകുമാരന് പറഞ്ഞുതരും). പി. രാമകൃഷ്ണന് സ്ഥലത്തെത്തിയാണ് ഐ.എന്.ടി.യു.സി.ക്കാരെ സമാധാനിപ്പിച്ചത്.

  അന്ന് തന്നെ പുതിയ ഷാപ്പ് സമരക്കാര് അടിച്ചുതകര്ക്കുകയും ചെത്തുതൊഴിലാളികളെ ക്രൂരമായി ആക്രമിക്കുകയും ചെയ്തത് പത്രങ്ങളില് വാര്ത്തയായോ എന്തോ? അതിന്െറ തുടര്ച്ചയായാണ് കെ.പി. സുകുമാരന് ഇവിടെ വിവരിച്ചിരിക്കുന്ന ഹര്ത്താല് അരങ്ങേറിയത്.

  തികച്ചും ഗാന്ധിയന് സമരരീതി എന്ന് ആണയിടുന്ന സമരക്കാര് ആദ്യദിവസം മുതല് ഉപരോധ സമരമാണ് നടത്തിയത്. ഏറ്റവും ശ്രദ്ധേയമായ ഒരു കാര്യം കള്ളുവില്ക്കുന്നതിന് സൊസൈറ്റിക്ക് നിയമം മൂലം ഒരു വിലക്കും ഉണ്ടായിരുന്നില്ലെന്നതാണ്. ന്യായമായും പോലീസ് സംരക്ഷണം കൊടുത്ത് ഷാപ്പ് പ്രവര്ത്തിക്കേണ്ടിയിരുന്നു. എന്നാല് നാട്ടുകാരുടെ സഹകരണമില്ലാതെ ഷാപ്പിന് നിലനില്ക്കാനാവില്ല എന്ന തിരിച്ചറിവിലാണ് പ്രകോപനപരമായി സൊസൈറ്റി നീങ്ങാതിരുന്നത്. അത് പലരും മുതലെടുക്കുന്ന കാഴ്ചയാണ് തെക്കീബസാറില് കഴിഞ്ഞ ഒന്നരമാസമായി കാണാന് കഴിയുന്നത്.

  ReplyDelete
 5. @ നനവ്
  കള്ളുകുടിച്ച് പ്രതികരണശേഷി നഷ്ടപ്പെട്ട യുവത്വത്തോടുള്ള ഉണര്‍ത്തുപാട്ട് കൊഴുക്കുന്നുണ്ട്. കണ്ണൂര്‍ പട്ടണത്തില്‍ (രണ്ട് സ്ക്വയര്‍ കിലോമീറ്ററിനുള്ളില്‍) പത്തിലധികം ബാറുകള്‍ ഉണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. അമ്പതിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റുകള്‍ക്ക് നടുവില്‍ ബാറുണ്ട്. ജനനിബിഡമായ പ്രദേശങ്ങളിലാണ് മിക്ക ബാറുകളും പ്രവര്‍ത്തിക്കുന്നത്. കോവിലുകള്‍ക്ക് പേരുകേട്ട കണ്ണൂര്‍ പട്ടണത്തില്‍ കോവിലുകള്‍ക്ക് വിളിപ്പാടകലത്ത് മൂന്ന് ബാറുകളെങ്കിലുമുണ്ട്. എന്തുകൊണ്ട് ഈ ഉണര്‍ത്തുപാട്ടുകാര്‍ ഇതുവരെ ഒരു ചെറുവിരലുപോലും ഇവയൊക്കെ തുടങ്ങുന്നതിനു മുമ്പ് ഉയര്‍ത്തിയില്ല? ഇവയില്‍ ഒരു ബാറിനും നാല്പതുകൊല്ലത്തെ ചരിത്രമില്ല, എല്ലാറ്റിനും പത്തോ ഇരുപതോ വര്‍ഷത്തെ പഴക്കം മാത്രം. കണ്ണൂര്‍ പട്ടണത്തിലെ ഏക കള്ളുഷാപ്പില്‍ നിന്ന് കുടിച്ചിറങ്ങുന്നതിനെക്കാള്‍ എത്രയോ ആയിരം പേര്‍ ഓരോ ദിവസവും ഈ ബാറുകളില്‍ തങ്ങളുടെ ജീവിതം തുലക്കുന്നുണ്ട്. എന്തുകൊണ്ട് ഈ മദ്യവിരുദ്ധ സമിതിക്കാരുടെ കണ്‍വെട്ടത്ത് ഇവരൊന്നും വരുന്നില്ല? പാവപ്പെട്ട ചെത്തുതൊഴിലാളികള്‍ പകലന്തിയോളം ജീവന്‍ പണയം വെച്ച് ചെത്തിക്കൊണ്ടുവരുന്ന കള്ളെടുത്ത് ഓടയില്‍ ഒഴുക്കിക്കളയുന്ന ജനാധിപത്യബോധം അല്പം കൂടിപ്പോയെന്നാണ് ഞങ്ങളെപ്പോലുള്ള ഈ ആഭാസങ്ങളൊക്കെ കണ്ടുനില്‍ക്കുന്ന ഞങ്ങളെപ്പോലുള്ള സാധാരണക്കാര്‍ക്കുള്ള അഭിപ്രായം.

  ReplyDelete
 6. ഒരു കാര്യംകൂടി...
  വീടുകള്‍ക്ക് നടുവില്‍ കള്ളുഷാപ്പ് എന്നത് ഇതെഴുതുന്നവള്‍ക്കും ചിന്തിക്കാന്‍ കഴിയാത്തതാണ്. അങ്ങിനെയൊരു പ്രശ്നം വന്നപ്പോള്‍ അത് പരിഹരിക്കാന്‍ ശ്രമിക്കുന്നതിനു പകരം പ്രശ്നം ആളിക്കത്തിച്ച് തല്പരകക്ഷികള്‍ക്ക് അവരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി നിന്നുകൊടുക്കാന്‍ ആ വീട്ടുകാര്‍ തയ്യാറായത് തെറ്റല്ലേ? അവര്‍ വിറ്റ കെട്ടിടത്തില്‍ തന്നെയല്ലേ ഷാപ്പ് നടത്തുന്നത്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള എത്രയോ അവസരങ്ങളുണ്ടായിട്ടും, ഞങ്ങളിത് തെരുവിലേക്ക് വലിച്ചിഴക്കും എന്ന പിടിവാശി വേണമായിരുന്നോ? ഉപരോധസമരമാണോ ഗാന്ധിയന്‍ രീതി? ഇതൊക്കെ വിവേകമതികളായ വീട്ടമ്മമാരും കുറച്ച് ആലോചിക്കേണ്ടിയിരുന്നു.

  ReplyDelete
 7. അവസാനമായി ഒരു കാര്യംകൂടി...
  തെക്കിബസാര്‍ കള്ളുഷാപ്പില്‍ ഐ.എന്‍.ടി.യു.സി. തൊഴിലാളികളാണ് സമരത്തിന് മുന്‍പന്തിയില്‍. മുകളില്‍ മാതൃഭൂമി പ്രസിദ്ധീകരിച്ച, കാലുയര്‍ത്തിനില്‍ക്കുന്ന ഒരു ചിത്രം കണ്ടില്ലേ? അതില്‍ കാണുന്ന മൂന്നു തൊഴിലാളികളും ഐ.എന്‍.ടി.യു.സി.ക്കാരാണ്. അവര്‍ക്കെതിരെയാണ് യൂത്ത്കോണ്‍ഗ്രസ്സും സുധാകരനും ആക്രോശിക്കുന്നത്. വോട്ടിനുവേണ്ടി മാത്രം തൊഴിലാളിയെ മതി എന്ന്നാണ് ചില മുഖ്യധാരാ രാഷ്ട്രീയ കക്ഷികളുടെ സമീപനം. `ഞങ്ങളും കോണ്‍ഗ്രസ്സുകാരാണ്` എന്ന് ഈ സമരത്തിനിടയില്‍ ഐ.എന്‍.ടി.യു.സി. തൊിലാളികള്‍ക്ക് പി. രാമകൃഷ്ണനോട് അല്പം കയര്‍ത്തു പറയേണ്ടിവന്നതും ഈ സാഹചര്യത്തിലാണ്.

  ReplyDelete
 8. സമരം ചെയ്യുന്നവരോട് സമരം ചെയ്യുന്നത് അസഹിഷ്ണുതയാണ്.തൊഴിലാളികളായാലും വീട്ടമ്മമാരാ‍യാലും സമരംചെയ്യേണ്ടത് പ്രശ്നം പരിഹരിക്കാൻ ബാധ്യസ്ഥരായ അധികാരികളോടാണ്.അല്ലാത്തത് അരാജകത്വമാണ്. അതാണിവിടെ നടന്നിട്ടുള്ളത്...ആക്രമണം ഭീരുവിന്റെ ലക്ഷണമാണ്.ആശയം അവസാനിക്കുമ്പോൾ ഭീരു ആക്രമ ണത്തിനൊരുങ്ങുന്നു.
  കേരളത്തിൽ മാറിമാറിവരുന്ന സർക്കാരുകളെല്ലാം മദ്യത്തെ പണമുണ്ടാക്കാനുള്ള ഒരുപാധിയായിമാത്രം കരുതുന്നതിനാലും നേതാക്കന്മാർ മദ്യം ആഹാരത്തിന്റെ ഭാഗംതന്നെയാക്കി മാറ്റണമെന്നുമൊക്കെ ആഹ്വാനംചെയ്യുന്നതുമൊക്കെയാണ് ഇവിടെ ബാറുകളൂം ഷാപ്പുകളൂം പെരുകിക്കൊണ്ടിരിക്കാൻ കാരണം.യുവത്വത്തെ അതിൽ മുക്കിക്കൊന്നാൽപിന്നെ ഇന്നുതുടരുന്ന മുതലാളിത്തത്തിൽമാത്രം ഊന്നിയുള്ള വികലവും ഭൂമിയിൽ ജീവന്റെ നിലനിൽ‌പ്പിനെത്തന്നെ ഇല്ലാതാക്കുന്നതുമായ വികസനം എന്നപേരിൽ അറിയപ്പെടുന്ന പ്രവർത്തനങ്ങളെ എതിർക്കാനവർക്ക് ബോധമുണ്ടാവുകയില്ലല്ലോ..ഇതും മദ്യനയത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്.അതിനാൽത്തന്നെ വീട്ടമ്മമാരുടെ ഈ സമരത്തെ ഒരു ധാർമ്മികസമരമായി നമ്മൾ കാണുന്നു...ആ സമരം എല്ലാവിധ വ്യാജപ്രചരണങ്ങളെയും അതിജീവിച്ച് വിജയിക്കുക തന്നെ ചെയ്യും. അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്...

  ReplyDelete
 9. ഈ സമരം വിജയിക്കുക തന്നെ ചെയ്യും. സമരം ചെയ്യാനുള്ള കുത്തകാവകാശം തങ്ങള്‍ക്ക് മാത്രമാണെന്നാണ് കമ്മ്യൂണിസ്റ്റുകാര്‍ കരുതുന്നത്. തങ്ങള്‍ ചെയ്യുന്നതെല്ലാം മറ്റുള്ളവര്‍ സഹിച്ചുകൊള്ളണം എന്നാതാണ് അവരുടെ നയം. മറ്റാര് സമരം നടത്തിയാലും കയ്യൂക്ക് കൊണ്ട് ആ സമരത്തെ പരാജയപ്പെടുത്താന്‍ ശ്രമിക്കും. കുറെക്കാലമായി കേരളത്തില്‍ ജനകീയസമരങ്ങള്‍ ഏറ്റെടുത്ത് നടത്തുന്നതും നേതൃത്വം നല്‍കുന്നതും മറ്റ് സംഘടനകളും വ്യക്തികളുമാണ്. സി.പി.എമ്മും അതിന്റെ പോഷക സംഘടനകളും ചെയ്തുവരുന്നത് വൈറ്റ്കോളര്‍ സമരങ്ങള്‍ നടത്തലും യഥാര്‍ത്ഥ ജനകീയസമരങ്ങളെ ആക്രമിച്ച് ഉപരോധിക്കലുമാണ്. അതിന്റെ ഉദാഹരണമാണ് തെക്കി ബസാറിലും കണ്ടത്.

  കള്ള് ഷാപ്പ് കെട്ടിടം സി.പി.എം.സൊസൈറ്റി വിലക്ക് വാങ്ങിയതാണ് പ്രശ്നത്തിന്റെ കാരണം എന്ന് സീബയുടെ കമന്റില്‍ നിന്ന് മനസ്സിലാക്കുന്നു. അവര്‍ക്ക് കെട്ടിടം മറ്റെവിടെയെങ്കിലും കൊണ്ടുപോയി സ്ഥാപിക്കാന്‍ കഴിയില്ലല്ലൊ. വീടുകള്‍ക്ക് മദ്ധ്യത്തില്‍ കള്ള് ഷാപ്പ് എന്നത് എനിക്കും സഹിക്കാന്‍ കഴിയില്ല എന്ന് സ്ത്രീ കൂടിയായ സീബ സമ്മതിക്കുന്നുണ്ട്. എന്നിട്ടും ഷാപ്പ് നിയമവിധേയമല്ലേ, പട്ടണത്തില്‍ വേറെയും ബാറുകള്‍ ഇല്ലേ, രമ്യമായി പ്രശ്നം പരിഹരിച്ചൂടെ എന്നൊക്കെ ഒഴിവ്കഴിവ് ചോദ്യങ്ങളാണ് സീബ ഉന്നയിക്കുന്നത്. സീബയുടെ വീടും ഇപ്പറഞ്ഞ ഷാപ്പിന്റെയടുത്തായിരുന്നെങ്കില്‍ ഇമ്മാതിരി ഞഞ്ഞാമിഞ്ഞ ന്യായം വിളമ്പുകയില്ലായിരുന്നു. കള്ള് ഷാപ്പ് അവിടെ നിന്ന് മാറ്റുക എന്നല്ലാതെ മറ്റെന്ത് രമ്യമായ മാര്‍ഗ്ഗമാണ് ഉള്ളത്. മറ്റ് പലയിടത്തും ബാറുകള്‍ ഉണ്ടെന്ന് വെച്ചും ഐ.എന്‍.ടി.യു.സി.ക്കാരനും ചെത്തുന്നുണ്ടെന്ന് കരുതിയും അവിടത്തെ വീട്ടമ്മമാര്‍ക്ക് കള്ളുകുടിയന്മാരുടെ ആഭാസങ്ങള്‍ സഹിക്കാന്‍ കഴിയുമോ? ആരാന്റെയമ്മക്ക് ഭ്രാന്ത് വന്നാല്‍ എന്ന പഴഞ്ചൊല്ലാണ് ഓര്‍മ്മ വരുന്നത്.

  കമ്മ്യൂണിസ്റ്റുകാരന്റെ ധാര്‍ഷ്ഠ്യവും, കയ്യൂക്കും, പൌരജനങ്ങളെ കശാപ്പ് ചെയ്യലും ആഡംബരജീവിതവും ധനം കൊള്ളയടിച്ച് കുന്ന് കൂട്ടലും ലോകമാസകലം തകര്‍ത്തെറിയപ്പെട്ട ചരിത്രമാണ് നമ്മുടെ മുന്നിലുള്ളത്. മനുഷ്യസ്നേഹത്തിന്റേതെന്ന പേര് പറഞ്ഞ് ഒരു കിത്താബ് ഉയര്‍ത്തിക്കാട്ടി ഫാസിസമാണ് ലോകത്തെവിടെയും കമ്മ്യൂണിസ്റ്റുകാര്‍ നടപ്പാക്കാറ്. അത് ഏറെക്കാലം ജനങ്ങള്‍ സഹിക്കില്ല എന്നതിന്റെ തെളിവ് സമീപകാലചരിത്രമാണ്. ഭരണത്തിന്റെ അവസാനനാളുകളില്‍ നന്ദിഗ്രാം കേരളത്തില്‍ ആവര്‍ത്തിക്കാനാണ് സി.പി.എം. ശ്രമിക്കുന്നതെന്ന് കിനാലൂരില്‍ സമരക്കാര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തതില്‍ നിന്ന് മനസ്സിലാകുന്നു. കമ്മ്യുണിസ്റ്റുകള്‍ ഇന്നല്ലെങ്കില്‍ നാളെ ലോകത്ത് നിന്ന് തുടച്ചെറിയപ്പെടാന്‍ പോകുന്ന ഫാസിസ്റ്റുകളാണ്. അതിന്റെ മരണ വെപ്രാളമാണ് കേരളത്തിലും കാണിക്കുന്നത്. കോടാനുകോടി വിലമതിപ്പുള്ള ഭൂസ്വത്തുക്കളും കെട്ടിടസമുച്ചയങ്ങളും അനിവാര്യമായ പതനത്തില്‍ നിന്ന് കമ്മ്യൂണിസ്റ്റുകളെ രക്ഷിക്കാന്‍ പോകുന്നില്ല എന്നതിന് സോവിയറ്റ് യൂനിയന്‍ തന്നെ ഉദാഹരണം. വിശദമായി എന്റെ ബ്ലോഗില്‍ എഴുതാം ....

  ReplyDelete
 10. പ്രിയപ്പെട്ട ആശാഹരീ,
  താങ്കള്‍ ഈ സമരത്തിന്‍െറ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളാണെന്ന് എനിക്കറിയാം. ഇങ്ങനെ ഒഴുക്കന്‍ മട്ടില്‍, കെ.പി. സുകുമാരനെപ്പോലെ `കേട്ടെഴുതാന്‍' (ലിങ്ക് കിട്ടിയാല്‍) ആര്‍ക്കും കഴിയുന്ന കാര്യങ്ങള്‍ ഒഴിവാക്കി ദയവായി ഞാന്‍ ഉയര്‍ത്തിയ ഏതെങ്കിലും ചോദ്യത്തിന് മറുപടിപറയൂ. ഞാന്‍ പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാവിരുദ്ധമായ എന്തെങ്കിലും പരാമര്‍ശം ഉണ്ടെങ്കില്‍ അത് ചൂണ്ടിക്കാട്ടൂ.

  ReplyDelete
 11. ഇന്നത്തെ മാതൃഭൂമി പത്രത്തിന്റെ കണ്ണൂര്‍ എഡിഷനില്‍ മൂന്നാം പേജില്‍ കണ്ണൂരില്‍ സര്‍വ്വകക്ഷി സമര സഹായസമിതി കണ്ണൂരില്‍ നടത്തിയ പ്രകടനത്തിന്റെ ഫോട്ടോ ഉണ്ട്. സീബ അതൊന്ന് നോക്കണം. ജനങ്ങള്‍ എന്നാല്‍ മാര്‍ക്സിസ്റ്റുകാര്‍ മാത്രമല്ല എന്ന് ആ ഫോട്ടോ നോക്കി മനസ്സിലാക്കണം. സ്റ്റാലിനിസ്റ്റ് മുഷ്ക്കിന് ശക്തമായ താക്കീതാണ് ആ ഫോട്ടോ.

  ReplyDelete
 12. ഉവ്വാ... ഗാന്ധിയന്മാരുടെ സമരം എന്‍.ഡിഎഫ് കൈയ്യേറിയതിന്‍െറ ഏറ്റവും നല്ല ഉദാഹരണമാണ് ആ ഫോട്ടോ.

  ReplyDelete
 13. സര്‍വ്വകക്ഷി എന്നൊന്നും പറയല്ലേ സുകുമാരന്‍ ചേട്ടാ

  ReplyDelete
 14. പ്രിയപ്പെട്ട Ceeba,
  നിങ്ങളുടെ ചോദ്യങ്ങൾക്കെല്ലാമുള്ള ഉത്തരങ്ങൾ പറഞ്ഞുകഴിഞ്ഞു.. മനസ്സിലാകാത്തതാണോ അതോ മനസ്സിലായില്ലെന്നു നടിക്കുന്നതോ?തൊഴിൽ എന്നത് വെറും ധനാഗമമാർഗ്ഗം മാത്രമല്ല,അതിലൊരു ധാർമ്മികത കൂടിവേണം.ഒരമ്മയുടെ നെഞ്ചത്തു ചവിട്ടിനിന്ന് എന്റെ പണം കൊണ്ടൂവാ എന്നു പറയുന്നവൻ തൊഴിലാളിയല്ല...ലക്ഷ്യത്തിലെത്താൻ മാർഗ്ഗവും പ്രധാനമാണ്.എന്തും ചെയ്തും കാര്യംനേടുന്നത് കാട്ടാളത്തമാണ്.വാക്കുകളിൽ പോലും ഹിംസയരുത് എന്നുപദേശിച്ച ഗാന്ധിജിയുടെ നാട്ടിൽ സ്ത്രീകളെ തല്ലിച്ചതച്ചതും അസഭ്യങ്ങൾ പറഞ്ഞതും ന്യായീകരിക്കാനാകുമോ?ഇതു കേട്ടെഴുത്തോ ഊഹാപോഹമോ അല്ല, അനുഭവമാണ്,പച്ചയായ അനുഭവം ......

  ReplyDelete
 15. എല്ലാം മനസ്സിലായി സഹോദരീ... എല്ലാം.

  ReplyDelete
 16. ഞാനൊക്കെ പഠിച്ച കമ്മ്യൂണിസത്തില്‍ ഒരാള്‍ ചെയ്യുന്ന തൊഴില്‍ സമൂഹത്തിന് ഗുണകരമായിരിക്കണം. എല്ലാ തൊഴിലും തൊഴിലല്ല. സമൂഹത്തിന് പ്രയോജനകരമാണോ എന്ന് നോക്കിയിട്ടാണ് ചെയ്യുന്ന തൊഴിലിനെ തൊഴിലെന്ന് നിര്‍വ്വചിക്കേണ്ടത്. ചക്കര എന്ന വിശിഷ്ടമായ ഒരു തരം മധുരപദാര്‍ത്ഥം ഉണ്ടാക്കാനാണ് ഒരു കാലത്ത് കള്ള് ചെത്ത് ചെയ്തുവന്നിരുന്നത്. ഇന്നും ചക്കര കിട്ടുമെങ്കില്‍ എത്ര വില കൊടുത്തും ആളുകള്‍ വാങ്ങും. പക്ഷെ ഒരു ജനതയെ മുഴുവന്‍ മദ്യത്തില്‍ മുക്കി മയക്കിക്കിടത്താനും ലോട്ടറി എന്ന ചൂതാട്ടത്തില്‍ വ്യാമോഹിപ്പിച്ച് നിഷ്ക്രിയരാക്കാനുമാണ് സി.പി.എം. എന്ന വ്യാപാര-വ്യവസായ-പാര്‍ട്ടി ശ്രമിക്കുന്നത്. തൊഴില്‍ എന്നാണ് ന്യായം. സമൂഹത്തില്‍ നാശം ഉണ്ടാക്കുന്നതും അധാര്‍മ്മികവുമായത് തൊഴില്‍ അല്ല. അത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നവരെ സമൂഹത്തിന് അനുഗുണമായ തൊഴിലില്‍ പുനരധിവസിപ്പിക്കാനാണ് പുരോഗമനശക്തികള്‍ ശ്രമിക്കുക.

  ReplyDelete
 17. ബീവറേജ് കോര്‍പ്പറേഷനും, അതില്‍ ജോലിചെയ്യുന്നവര്‍ക്കും കൂടി ബാധകമായിരിക്കുമല്ലോ മേല്‍പ്പറഞ്ഞ വിശേഷണം? സമൂഹത്തിന് ഗുണകരമല്ലാത്ത തൊഴില്‍ ചെയ്യാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്ന ബീവറേജ് കോര്‍പ്പറേഷനിലെയും സിവില്‍സപ്ലൈസിലെയും പി.എസ്.സി. റിക്രൂട്ടിങ്ങ് ഉടന്‍ നിര്‍ത്തിവെക്കുക.

  തന്‍െറ വട്ടിന് ചികിത്സയില്ല സുകുമാരാ...

  ReplyDelete
 18. ഒരു ഓഫ്:
  പ്രിയ ബ്ലോഗര്‍ , ഹര്‍ത്താല്‍ എന്നത് ആദ്യമാദ്യം ദു:ഖസൂചകമായിട്ടായിരുന്നു ആചരിച്ചു വന്നിരുന്നത് എന്നാണ് എന്റെ ഓര്‍മ്മ. നമുക്ക് ആദരണീയരായിട്ടുള്ളവര്‍ മരണപ്പെട്ടാല്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്താല്‍ ആളുകള്‍ സ്വമേധയാ കടകളച്ചും പണികള്‍ മതിയാക്കിയും കറുപ്പ് കൊടികളുമായി മൌനജാഥയില്‍ അണിചേരുമായിരുന്നു. നഷ്ടപ്പെട്ടുപോയ ചില മൂല്യങ്ങളും നേരും നെറികളുമൊക്കെ പുനരാര്‍ജ്ജിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലതാണെങ്കിലും അതൊക്കെ ഇനി കഴിയുമോ എന്ന് സംശയമാണ്.

  കേരളത്തില്‍ ഇന്ന് ഹര്‍ത്താല്‍ എന്ന് പറഞ്ഞാല്‍ അത് ബന്ദ് തന്നെയാണ്. അങ്ങനെയാണ് ജനം മനസ്സിലാക്കുന്നതും സംഘാടകര്‍ ഉദ്ദേശിക്കുന്നതും. ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുകയും അതിനോട് ആഭിമുഖ്യമുള്ളവര്‍ മാത്രം അതില്‍ പങ്ക് കൊള്ളുകയുമാണ് ഹര്‍ത്താലിലെ ധാര്‍മ്മികത. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഇക്കാലത്ത് ആരും അത് ചെവിക്കൊള്ളുകയില്ല. അപ്പോള്‍ ആഹ്വാനം ചെയ്തവര്‍ പരാജയപ്പെട്ടതായി വിലയിരുത്തപ്പെടും. അത്കൊണ്ട് ജനങ്ങളെ ബന്ദികളാക്കി ഹര്‍ത്താല്‍ വിജയിപ്പിക്കാനാണ് ആഹ്വാനം ചെയ്തവര്‍ ശ്രമിക്കുക. പഴയ ഹര്‍ത്താല്‍ രൂപത്തെ ഇനി തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. ബന്ദും പൊതുപണിമുടക്കും കോടതി നിരോധിച്ചതിന് ശേഷമാണ് ഹര്‍ത്താലിന് ബന്ദ് എന്ന അര്‍ത്ഥം കൈവന്നത് എന്നറിയാമല്ലൊ. ഇതൊക്കെ ജനങ്ങള്‍ ഭയന്ന് കഴിയുന്ന ഭീരുക്കള്‍ ആയത്കൊണ്ടാണ് വിജയിക്കുന്നത് എന്ന് ആര്‍ക്കാണറിയാത്തത്. ബാംഗ്ലൂരില്‍ ഭരണകക്ഷിയായ ബി.ജെ.പി.ആഹ്വാനം ചെയ്താല്‍ പോലും ഒരു ഹര്‍ത്താലും വിജയിക്കാറില്ല.

  ഗാന്ധിയന്‍ സമര മുറകള്‍ക്ക് വേണ്ടി സംസാരിക്കുന്ന നിങ്ങള്‍ ഇങ്ങനെ ഇല്ലാത്ത കാല്പനികത ഹര്‍ത്താലിന് ചാര്‍ത്തിക്കൊടുത്തുകൊണ്ട് അതിനെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് എന്നെ അതിശയിപ്പിക്കുന്നു. കണ്ണൂരില്‍ ഒരു ഹര്‍ത്താല്‍ വിരുദ്ധമുന്നണി ശ്രീമാന്‍ ചന്ദ്രബാബുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. താങ്കളെ പോലുള്ളവര്‍ അതിനോടും സഹകരിക്കണമെന്നാണ് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത്. ജനവിരുദ്ധമായ എന്തിനെയും നമ്മള്‍ ജനാധിപത്യമാര്‍ഗ്ഗത്തിലും ഗാന്ധിയന്‍ വഴിയിലും എതിര്‍ക്കേണ്ടേ?

  ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുകയില്ല എന്നതല്ലേ നമുക്ക് ഗാന്ധിജിയില്‍ നിന്ന് ലഭിച്ച മഹത്തായ പാഠം. അതായത് മഹത്തായ ലക്ഷ്യം പോലെ തന്നെ അതിലേക്കുള്ള മാര്‍ഗ്ഗവും മഹത്തായതായിരിക്കണം. എന്തെന്നാല്‍ മാര്‍ഗ്ഗമാണ് എപ്പോഴും മുന്നില്‍ ഉള്ളത്. ലക്ഷ്യം എന്നും അകലെയായിരിക്കും. ഇതിന് നേര്‍വിപരീതമാണ് കമ്മ്യുണിസ്റ്റുകാരുടെ തിയറി. ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കും എന്നാണവരുടെ സിദ്ധാന്തം. അതായത് ലക്ഷ്യം മഹത്താണെങ്കില്‍ മാര്‍ഗ്ഗം എന്ത് കാട്ടാളത്തവുമാകാം. ഫലമോ അവര്‍ എന്നും ഫാസിസ്റ്റുകള്‍ തന്നെ. അത്കൊണ്ടാണ് സ്വന്തം പൌരന്മാരെ പോലും അവര്‍ക്ക് നിഷ്ക്കരുണം കൊന്നൊടുക്കാന്‍ കഴിയുന്നത്. ചരിത്രത്തില്‍ ഏറ്റവും വലിയ മനുഷ്യക്കുരുതികള്‍ നടത്തിയിട്ടുള്ളത് കമ്മ്യൂണിസ്റ്റ് ഭരണാധികാരികളാണെന്ന് അറിയുക. അതിനവരെ പ്രേരിപ്പിച്ചത് മഹത്തായ ലക്ഷ്യം തന്നെയാണ്. പക്ഷെ ലക്ഷ്യം എന്നത് മനുഷ്യസമൂഹത്തെ സംബന്ധിച്ച് അമൂര്‍ത്തമായൊരു സങ്കല്പമാണ്. അത് അപ്രാപ്യമാം വിധം അകലേക്ക് നീണ്ട് പോകുന്നതാണ്. മാര്‍ഗ്ഗമേ എന്നും മുന്നില്‍ മൂര്‍ത്തമായുള്ളൂ. ഹിംസയുടെ മാര്‍ഗ്ഗം തെരഞ്ഞെടുത്തവന് പിന്നെ ശരിയായ മാര്‍ഗ്ഗത്തില്‍ തിരിച്ചെത്താന്‍ കഴിയില്ല. അതാണ് കമ്മ്യൂണിസം പരാജയപ്പെടാനും അവര്‍ ജനശത്രുക്കള്‍ ആകാനും കാരണം.

  നമ്മെ സംബന്ധിച്ച് മാര്‍ഗ്ഗം ശുദ്ധവും ജനവിരുദ്ധമല്ല്ലാത്തതുമായിരിക്കണം. അത്തരത്തില്‍ ഹര്‍ത്താലിനെ മാറ്റാന്‍ ശ്രമിക്കുന്നതിലും എളുപ്പം പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുകയാണ്. എന്റെ കാഴ്ചപ്പാട് അര്‍ഹിക്കുന്ന ഗൌരവത്തോടെ ആ‍ലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു,

  ReplyDelete
 19. റ്റ്രാക്കിംഗ്

  ReplyDelete
 20. പ്രിയപ്പെട്ട സുകുമാരേട്ടാ,
  ഹർത്താലിനെപ്പറ്റി താങ്കൾ പറയുന്ന കാര്യങ്ങൾ പൂർണ്ണമായും ശരിയാണ്..ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടി നിർബന്ധമായി അടിച്ചേൽ‌പ്പിക്കുന്ന ഹർത്താലിനോട് ഞങ്ങൾക്കും വിയോജിപ്പുണ്ട്.എന്നാൽ ഹർത്താലിന്റെ യഥാർഥമായ മുഖം തിരിച്ചുകൊണ്ടുവരണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു.കാരണം ബന്ദ് നിരോധിച്ചപ്പോൾ ഹർത്താൽ ബന്ദായിമാറി.പ്രതിരോധിക്കാനുള്ള ഒരു മാർഗ്ഗം ഇല്ലാതാക്കപ്പെടുമ്പോൾ ഭരണകൂടഫാസിസം നമ്മെ എളുപ്പത്തിൽ പിടികൂടുന്നു.അതു കൂടുതൽ അപകടകരമാണ്...
  ഹർത്താൽ വിരുദ്ധമുന്നണിയിലെ എല്ലാവരും ഞങ്ങളുടെ അടുത്ത സുഹൃത്തുക്കൾ തന്നെയാണെങ്കിലും ഹർത്താലിനെ അനുകൂലിക്കാൻ ഞങ്ങൾക്ക് രണ്ടാമതൊരു കാരണം കൂടിയുണ്ട്.ഹർത്താൽ തികച്ചും പരിസ്ഥിതി സൌഹാർദ്ദപരമായതാണ്.ആർത്തി മൂത്ത സമൂഹത്തിന്റെയും, വിഷംചീറ്റിയും എയർഹോണടിച്ചും ചീറിപ്പായുന്ന വാഹനങ്ങളുടെയും മത്സര മരണപ്പാച്ചിലുകൾക്ക് ഒരുദിവസത്തെ വിരാമം...പ്രകൃതിയുടെ ശാന്തതയറിഞ്ഞുകൊണ്ട് സ്വസ്ഥമായി ജീവിക്കാൻ ഒരു ദിനം.ഇതിനെ മദ്യത്തിൽ മുക്കിക്കൊല്ലാത്ത മനുഷ്യരും ,പ്രകൃതിയും പുതുക്കപ്പെടുന്നു ...അത്യാവശ്യകാര്യങ്ങൾക്കും അത്യാവശ്യയാത്രകൾക്കും സൌകര്യങ്ങൾ ഒരുക്കേണ്ട ബാധ്യത ഭരണകൂടത്തിന്റെതാണ്.അതു നേടിയെടുക്കേണ്ടത് ഓരോ പൌരന്റെയും കടമയാണ്.
  ഹർത്താലിൽ നഷ്ടപ്പെടുന്ന തൊഴിൽ ദിനങ്ങളുടെയും നഷ്ടമാകുന്ന കോടികളുടെയും കണക്കുകൾ പറഞ്ഞുകേൾക്കാറുണ്ട്.തൊഴിലിന്റെ കണക്കൊക്കെ ആപേക്ഷികമാണ്.360 ദിവസങ്ങളും ജോലി ചെയ്തു ജീവിതം ജീവിക്കാതെ ലാഭനഷ്ടക്കണക്കുകളിൽക്കുരുക്കി മരണമടയേണ്ടിവരുന്നത് എത്ര ദയനീയമാണ്!!!... ഇതിനേക്കാൾ എത്രയോ ഇരട്ടി ലാഭമാണ് മുഴുവൻ സ്ഥാപനങ്ങളും നിശ്ചലമാകുന്ന ഒരു ദിവസം ഭൂമിക്ക് മൊത്തവും മനുഷ്യനടക്കമുള്ള ജീവജാതികൾക്കും ഉണ്ടാകുന്നത്.ഇക്കാര്യത്തെപ്പറ്റി ഒന്നാഴത്തിൽ ചിന്തിച്ചുനോക്കാൻ ഞങ്ങൾ എല്ലാവരോടും അഭ്യർഥിക്കുന്നു..

  ReplyDelete
 21. തെക്കിബസാറിലെ കള്ളുഷാപ്പ് പ്രശ്നം പരിഹരിക്കാന്‍ പുതിയ നിര്‍ദേശമുയര്‍ന്നു. തെക്കിബസാര്‍ ഷാപ്പില്‍ തന്നെ കള്ള് അളന്ന് മറ്റുഷാപ്പുകളിലേക്ക് കൊണ്ടുപോകണമെന്ന് ജില്ലാതല സമാധാന കമ്മിറ്റിയോഗ തീരുമാനം പ്രകാരം രൂപീകരിച്ച സബ്കമ്മിറ്റി യോഗം നിര്‍ദേശിച്ചു. ഇതുസംബന്ധിച്ച അന്തിമതീരുമാനം അറിയിക്കാന്‍ സമരസമിതിക്ക് ഞായറാഴ്ച പകല്‍ 11 വരെ സമയം അനുവദിച്ചു. തീരുമാനം അറിഞ്ഞ ശേഷം പകല്‍ 12ന് വീണ്ടും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും. കലക്ടറുടെ ചേമ്പറില്‍ ശനിയാഴ്ച വൈകിട്ടാണ് സബ്കമ്മിറ്റി യോഗം ചേര്‍ന്നത്. യോഗത്തില്‍ പങ്കെടുത്തവരെല്ലാം സമവായത്തിലൂടെ പ്രശ്നം പരിഹരിക്കണമെന്നാണ് നിര്‍ദേശിച്ചത്. തൊഴിലാളികള്‍ ചെത്തിക്കൊണ്ടുവരുന്ന കള്ള് തെക്കിബസാറില്‍ ഒന്നരമണിക്കൂര്‍ സമയത്തിനുള്ളില്‍ അളക്കണം. വില്‍പ്പനയക്ക് ഇവിടെ അനുമതി നല്‍കില്ല. ഈ രീതിയില്‍ താല്‍ക്കാലികമായി ഒരാഴ്ച തുടര്‍ന്ന ശേഷം മറ്റുകാര്യങ്ങള്‍ ആലോചിച്ച് ശാശ്വതപരിഹാരമുണ്ടാക്കാമെന്നായിരുന്നു നിര്‍ദേശം. തൊഴിലാളികള്‍ അതുവരെ പ്രകടനമായി ഷാപ്പ് പരിസരത്ത് പ്രവേശിക്കില്ല. സമരസമിതിയുടെ ഉപരോധവും അവസാനിപ്പിക്കണം. സമരസമിതി പ്രതിനിധികളായ ശശികല, കവീനര്‍ എം പ്രശാന്ത് ബാബു എന്നിവര്‍ സമരസമിതി, സമരസഹായസമിതി, മറ്റ് സംഘടനകള്‍ എന്നിവയുമായി ആലോചിച്ച് തീരുമാനം ഞായറാഴ്ച 11ന് അറിയിക്കാമെന്ന് ഉറപ്പുനല്‍കി. യോഗത്തില്‍നിന്ന് പുറത്തിറങ്ങിയ സമരസമിതി പ്രതിനിധികള്‍ ഈ നിര്‍ദേശം സ്വീകാര്യമല്ലെന്നാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്

  ദേശാഭിമാനി വാര്‍ത്തയില്‍ നിന്ന്..

  ReplyDelete
 22. ഇത്രവേഗം സമവായത്തിലെത്തിയാല്‍ പിന്നെ മുതലെടുപ്പ് നടക്കുമോ? ശശികലയും പ്രശാന്ത് ബാബുവും എല്ലാം തീരുമാനിച്ചാല്‍ പിന്നെ ആര്‍.എസ്സ്.എസ്സിനും എന്‍.ഡി.എഫിനും എന്താണ് റോള്‍?

  ReplyDelete
 23. ഐ.എന്‍.ടി.യു.സി. പിന്മാറില്ല

  Posted on: 10 May 2010


  സമരത്തിനെതിരെ ചെത്ത് തൊഴിലാളികള്‍ നടത്തുന്ന പ്രതിഷേധ സമരത്തില്‍ നിന്ന് പിന്മാറുന്ന പ്രശ്‌നമില്ലെന്ന് ചെത്ത് തൊഴിലാളി ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംസ്ഥാന സെക്രട്ടറി കെ.ബാലകൃഷ്ണന്‍ പറഞ്ഞു. സമരത്തില്‍ നിന്ന് ഐ.എന്‍.ടി.യു.സി. പിന്മാറുന്നു എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണ്. പക്വതയില്ലാത്ത നേതാക്കളാണ് കള്ള്ഷാപ്പിനെതിരെയുള്ള സമരത്തിന് നേതൃത്വം നല്കുന്നത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന രജിസ്റ്റര്‍ ചെയ്ത സംഘടനയാണ് ഐ.എന്‍.ടി.യു.സി. തൊഴിലാളികളുടെ താത്പര്യമാണ് അതിന് മുഖ്യം. ആരു പറഞ്ഞാലും സമരത്തില്‍ നിന്ന് ഐ.എന്‍.ടി.യു.സി. പിന്മാറുന്ന പ്രശ്‌നമില്ലെന്നും കെ.ബാലകൃഷ്ണന്‍ പറഞ്ഞു.

  http://www.mathrubhumi.com/localnews/malayalam/news/kerala/districts/kannur/301451/2010-05-10/14/0/1/0

  ReplyDelete
 24. .....ഉപരോധത്തിന്റെ നേതൃത്വത്തിലുള്ളവര്‍ക്ക് സമൂഹ്യവിരുദ്ധരെ നിയന്ത്രിക്കാന്‍ കഴിയുമെന്ന് ഉറപ്പില്ല. മുമ്പത്തെ കെട്ടിടത്തിലും പുതിയ കെട്ടിടത്തിലും ഷാപ്പ് നടത്താന്‍ പാടില്ലെന്നത് അംഗീകരിക്കാനാവില്ല. ഉപരോധക്കാര്‍ പഴയ ഷാപ്പ് കെട്ടിടത്തിന്റെ കവാടം കൈയേറിയാണ് സമരപ്പന്തല്‍ കെട്ടിയത്. പ്രശ്നപരിഹാരത്തിനായി എന്ത് വിട്ടുവീഴ്ചയ്ക്കും തൊഴിലാളിസംഘടനകള്‍ തയ്യാറായിട്ടുണ്ട്. ഈ വിഷയത്തില്‍ കോണ്‍ഗ്രസിന്റെ നിലപാടല്ല ഐഎന്‍ടിയുസിയുടേത്. നിയമപരമായി പ്രവര്‍ത്തിക്കുന്ന ഷാപ്പിലെ തൊഴില്‍നിഷേധത്തിനെതിരെ സിഐടിയുവിനൊപ്പം ചേര്‍ന്ന് പൊരുതുമെന്നും കെ ബാലകൃഷ്ണന്‍ പറഞ്ഞു.

  ഇത് ദേശാഭിമാനിയില്‍ നിന്ന്

  ReplyDelete
 25. @നനവ്
  സമരത്തിന്‍െറ പുതിയ ചിത്രങ്ങളൊന്നും വന്നുകാണുന്നില്ല?

  ReplyDelete
 26. സമരത്തിന് പിന്തുണയുമായി നില്‍ക്കുന്ന സംഘടനകളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ഒരു ദിവസം കൂടിവേണമെന്ന് ചൊവ്വാഴ്ച ചേര്‍ന്നയോഗത്തില്‍ സമരക്കാരെ പിന്തുണക്കുന്നവര്‍ അറിയിച്ചു. ഷാപ്പിനായി 50 മീറ്റര്‍ ചുറ്റളവില്‍ സ്ഥലം കണ്ടുപിടിക്കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്തു. അതിന് കഴിയുന്നില്ലെങ്കില്‍ 400 മീറ്റര്‍ പരിധിയിലെങ്കിലും സ്ഥലം കിട്ടുമോ എന്ന് അന്വേഷിക്കണമെന്ന നിര്‍ദേശവും ഉയര്‍ന്നു. സമരത്തിന് നേതൃത്വം നല്‍കുന്ന എം കെ ശശികലയുടെ സഹോദരനില്‍നിന്ന് 34 ലക്ഷം രൂപ നല്‍കിയാണ് ഷാപ്പ് നടത്താന്‍ സ്ഥലവും കെട്ടിടവും സൊസൈറ്റി വാങ്ങിയത്. കെട്ടിടം നവീകരിച്ച് എല്ലാ സൌകര്യങ്ങളോടും കൂടിയ ഷാപ്പ് തുറക്കാനിരിക്കെയാണ് ശശികലയും ബന്ധുക്കളും മാര്‍ച്ച് 23ന് സമരം ആരംഭിച്ചത്. പിന്നീട് മുതലെടുപ്പുകാരും കപടസമരത്തെ പിന്തുണച്ചുകൊണ്ട് രംഗത്ത്വന്നു. കടലാസ് സംഘടനകള്‍ മുതല്‍ മതതീവ്രവാദസംഘടനകള്‍വരെ സമരപന്തലിലെ നിത്യസന്ദര്‍ശകരായി. തങ്ങള്‍ അധ്വാനിച്ചു ഒരുക്കൂട്ടിവച്ച പണം വാങ്ങി പോക്കറ്റിലിട്ടുവഞ്ചിച്ചവര്‍, ഷാപ്പിനെതിരെ രംഗത്ത് വന്നിട്ടും തൊഴിലാളികള്‍ സംയമനം പാലിച്ചു. 50 ദിവസം നീണ്ട സമരത്തിനിടയില്‍ തൊഴില്‍ ചെയ്ത് ജീവിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു. ഒരു ദിവസം മാത്രമാണ് തൊഴിലാളികള്‍ ഷാപ്പിലേക്ക് കയറിയത്. ചെത്തികൊണ്ടുവന്ന കള്ള് സമരക്കാര്‍ എടുത്ത് മറിച്ചിട്ടുപോലും തൊഴിലാളികള്‍ പ്രകോപിതരായില്ല. അനുരഞ്ജന ശ്രമത്തെയൊക്കെ ഉപരോധസമരക്കാര്‍ തിരസ്കരിച്ചപ്പോള്‍ സമരം തീര്‍ക്കാന്‍ നടന്ന എല്ലാ ശ്രമങ്ങളോടും അനുഭാവ പുര്‍ണമായ നിലപാടാണ് തൊഴിലാളികള്‍ സ്വീകരിച്ചത്. ജില്ലാ ഭരണകൂടം വിളിച്ചു ചേര്‍ത്തയോഗങ്ങളിലും വിട്ടുവീഴ്ച്ച സമീപനത്തിലാണ് തൊഴിലാളികള്‍.(deshabhimani)

  ReplyDelete
 27. തെക്കിബസാറിലെ കള്ളുഷാപ്പ് പ്രശ്നം ഒത്തുതീര്‍പ്പിലെത്തിക്കാനുള്ള ശ്രമത്തെ തുണച്ചുകൊണ്ട് തൊഴിലാളികള്‍ വീണ്ടും അനുരഞ്ജനയോഗതീരുമാനത്തിന് വഴങ്ങി. ഷാപ്പ്പ്രശ്നം ശാശ്വതമായി പരിഹരിക്കുന്നതിന് ഒരു ദിവസം കൂടി സാവകാശം വേണമെന്ന സമരക്കാരെ പിന്തുണക്കുന്നവരുടെ ആവശ്യം അംഗീകരിച്ച് ബുധനാഴ്ചയും സമരപാടിയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ തൊഴിലാളി സംഘടനകള്‍ തീരുമാനിച്ചു. ചൊവ്വാഴ്ച നടന്ന അനുരഞ്ജനയോഗത്തില്‍ ഷാപ്പ് സമരത്തിന്റെ മഞ്ഞുരുകുമെന്ന പ്രതീക്ഷയാണ് ഉരുത്തിരിഞ്ഞത്.

  ReplyDelete
 28. സത്യത്തിൽ അധിഷ്ഠിതമായതേ ശാശ്വതമായി നിലനിൽക്കുകയുള്ളൂ.അസത്യങ്ങൾ ആയിരം പ്രാവശ്യം ആവർത്തിച്ചാലും സത്യമാവില്ല.ധാർമ്മികതയില്ലാത്ത കാര്യങ്ങളും അധികകാലം നിലനിൽക്കുകയില്ല... പണത്തെക്കാളേറെ പ്രധാനം ധാർമ്മികതയ്ക്കുണ്ട്.മറ്റുള്ളവർക്ക് ഇത്രയേറെ ശല്ല്യമാകുന്ന ഒരു മാർഗ്ഗംവഴി പണമുണ്ടാക്കി ജീവിക്കാനുള്ള ശാഠ്യം മാറ്റിക്കൂടെ കണ്ണൂരിലെ തൊഴിലാളികൾക്ക്?...ഒരാഴ്ച കള്ളുവിൽ‌പ്പന നടത്താതെ അളക്കുക മാത്രം ചെയ്യാം എന്നൊക്കെ പറയുന്നത് സമരം പൊളിക്കാനുള്ള കുതന്ത്രം മാത്രമാണെന്ന് അറിയുന്നതിനാലാണ് സമരസമിതി ആ ഒത്തു തീർപ്പ് അംഗീകരിക്കാതിരുന്നത്.വീടുകൾക്കു മധ്യത്തിലുള്ള ഷാപ്പ് അടച്ചുപുട്ടുക എന്നല്ലാതെ പ്രശ്നം പരിഹരിക്കാൻ വേറെ മാർഗ്ഗം ഒന്നുമില്ല.കള്ളുഷാപ്പൊക്കെ കെട്ടുമ്പോൾ ,വീട് ,സ്കൂൾ ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിന്നും നിശ്ചിത അകലം പാലിക്കയെങ്കിലും വേണം.സ്ഥാപിക്കപ്പെട്ടീട്ട് എത്ര കാലമായാലും സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതുതന്നെയാണ്...

  ReplyDelete
 29. കള്ളുഷാപ്പ് സമരം തീര്‍ന്നു
  ഒരാഴ്ച മുന്നേതന്നെ സി.ഐ.ടി.യു. മുന്നോട്ടുവെച്ച നിര്‍ദ്ദേശത്തില്‍ തന്നെ ഒടുവില്‍ സമരം തീര്‍ക്കേണ്ടിവന്നു. പുതിയ ഷാപ്പില്‍ തന്നെ കള്ള് അളക്കാനും കള്ള് എന്ന ബോര്‍ഡുവെക്കാനും അനുവദിക്കണം, ഒരു മാസത്തിനുള്ളില്‍ മാറ്റേണ്ട സ്ഥലം കണ്ടെത്തിക്കൊടുക്കണം എന്നിങ്ങനെയായിരുന്നു സി.ഐ.ടി.യു. അന്ന് നിര്‍ദ്ദേശം വെച്ചത്. എന്നാല്‍, തന്‍െറ സിരകളില്‍ രക്തം ഓടുന്നിടത്തോളം കാലം ഇത് അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി വന്ന കെ. സുധാകരനാണ് പ്രശ്നപരിഹാരത്തിന് പിന്നെയും തടസ്സമായി വന്നത്. എന്തായാലും പ്രശ്നം രമ്യമായി പരിഹരിച്ചിരിക്കുന്നു. സന്തോഷം. കടലാസ് സംഘടനകള്‍ക്ക് കൊടികുത്താന്‍ ഇനി വേറെ ഇടം നോക്കാം.

  ReplyDelete
 30. //കള്ളുഷാപ്പൊക്കെ കെട്ടുമ്പോൾ ,വീട് ,സ്കൂൾ ആരാധനാലയങ്ങൾ തുടങ്ങിയവയിൽ നിന്നും നിശ്ചിത അകലം പാലിക്കയെങ്കിലും വേണം.സ്ഥാപിക്കപ്പെട്ടീട്ട് എത്ര കാലമായാലും സമൂഹത്തെ നശിപ്പിക്കുന്ന ഇത്തരം സ്ഥാപനങ്ങൾ നീക്കം ചെയ്യപ്പെടേണ്ടതുതന്നെയാണ്... //

  ഇതൊന്നും പാലിക്കാത്ത ആറോളം ബാറുകള്‍ ഞാന്‍ താങ്കള്‍ക്ക് കണ്ണൂരില്‍ കാണിച്ചുതരാം. സമരം ചെയ്യാന്‍ ധൈര്യമുണ്ടോ?
  വേണ്ട, മൂന്നുവര്‍ഷം മുമ്പ് താവക്കര സ്കൈപാലസ് ബാര്‍ തുടങ്ങുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ തുടങ്ങിയ സമരം ഏറ്റെടുക്കാന്‍ ഇത്രയധികം സംഘടനകള്‍ പോയിട്ട് ഒരാളുപോലും ഇല്ലാതിരുന്നത് എന്തുകൊണ്ട്?

  ReplyDelete
 31. ഒടുവിൽ അമ്മമാരുടെ സഹനസമരം വിജയിച്ചിരിക്കുന്നു..മീരയുടെ ചോദ്യം ആരോടാണ്?.താങ്കൾ ഈ സമൂഹത്തിന് പുറത്താണോ?മദ്യപിക്കുന്നവരുടെ പക്ഷത്താണോ?സമൂഹത്തെ ബാധിക്കുന്ന ഒരു പ്രശ്നമുണ്ടാ‍കുമ്പോൾ ചേരിതിരിഞ്ഞല്ല ആൾക്കാർ നിൽക്കേണ്ടത്.എല്ലാവരും ഒന്നിച്ച് അതിനതിരെ നിലകൊള്ളണം ....

  ReplyDelete
 32. താങ്കളെപ്പോലുള്ള കടലാസ് സംഘടനകളുടെ ആള്‍ക്കാരോട് തന്നെ

  ReplyDelete
 33. നനവ്‌ മുകളില്‍ മുമ്പ് ഒരു കമ്മെന്റില്‍ "...ഒരാഴ്ച കള്ളുവിൽ‌പ്പന നടത്താതെ അളക്കുക മാത്രം ചെയ്യാം എന്നൊക്കെ പറയുന്നത് സമരം പൊളിക്കാനുള്ള കുതന്ത്രം മാത്രമാണെന്ന് ...."
  ആരീതിയില്‍ തന്നെ ആണ് ഇപ്പോള്‍ ഒത്തുതീര്‍ന്നത്.
  ഒരു ചോദ്യം നനവിണോട്. ഒത്തുതീര്‍പ്പില്‍ " ഒരു മാസം കള്ളുവിൽ‌പ്പന നടത്താതെ അളക്കുക മാത്രം ചെയ്യാം " എന്ന വ്യവസ്ഥ ഇല്ലേ, മാധ്യമമാഫിയകള്‍ പോലും അങ്ങനെ ആണ് റിപ്പോര്‍ട്ട് ചെയ്തത്. അപ്പോള്‍ നനവ്‌ മുകളില്‍ പറഞ്ഞ സമരം നിര്‍ത്തിയത് ആ പാവം ജനങ്ങളോടുള്ള വഞ്ചന അല്ലെ ? ഇതില്‍ ദിവാകര സുദാരന്മാരില്‍ നിന്ന് എത്ര കിട്ടി ചില്ലറ എന്ന് ആരെങ്കിലും ചോദിച്ചാല്‍ എന്ത് പറയും. വീണ്ടും പറയട്ടെ
  ----സത്യത്തിൽ അധിഷ്ഠിതമായതേ ശാശ്വതമായി നിലനിൽക്കുകയുള്ളൂ.അസത്യങ്ങൾ ആയിരം പ്രാവശ്യം ആവർത്തിച്ചാലും സത്യമാവില്ല.ധാർമ്മികതയില്ലാത്ത കാര്യങ്ങളും അധികകാലം നിലനിൽക്കുകയില്ല---

  ReplyDelete
 34. സത്യസന്ധമായും,സ്വതന്ത്രമായും,സുതാര്യമായും നിർഭയമായും,നിസ്വാർത്ഥമായും ജീവിക്കുക സഹജീവികളെയും ആവാസവ്യവസ്ഥകളേയും ആവുന്ന വിധത്തിൽ സംരക്ഷിക്കുക...ഇതൊക്കെയാണ് നമ്മുടെ മാർഗ്ഗവും ലക്ഷ്യവും...

  ReplyDelete
 35. \\വേണ്ട, മൂന്നുവര്‍ഷം മുമ്പ് താവക്കര സ്കൈപാലസ് ബാര്‍ തുടങ്ങുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ തുടങ്ങിയ സമരം ഏറ്റെടുക്കാന്‍ ഇത്രയധികം സംഘടനകള്‍ പോയിട്ട് ഒരാളുപോലും ഇല്ലാതിരുന്നത് എന്തുകൊണ്ട്? ////

  ഒളി അജണ്ടകള് ഉള്ളതുകൊണ്ട്.എന്തെ "ഭൂമാഫിയാ വിരുദ്ധ സമരം"വയനാട്ടില്‍ പ്രവേശിക്കാത്തത് ? ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ള ജില്ലയാണ് വയനാട്. പ്രമാണിമാരും "പ്രീയപ്പെട്ട" മാധ്യമ മുതലാളിമാരും ഭൂസ്വാമിമാരായി ഉള്ളയിടം.ഇതിനാണ് സെലക്ടീവ് "സത്യ, ധര്‍മ്മ" പ്രഖ്യാപനം,സെലക്ടീവ് ധര്‍മ്മസമരം എന്നൊക്കെ പറയുന്നത്.ഞാന്‍ മുഖ്യധാരാ ഇടതന്‍മാരുടെ വലിയ അനുയായിയോ അനുഭാവിയോ അല്ല,എങ്കിലും ഈ ഇരട്ടത്താപ്പും കൂട്ടത്തില്‍ സത്യധര്‍മ്മ പ്രസംഗവും കണ്ടപ്പോ പ്രതികരിച്ചു പോകുന്നു.കലികാലം തന്നെ അല്ലെ നനവേ.

  ReplyDelete
 36. \\വേണ്ട, മൂന്നുവര്‍ഷം മുമ്പ് താവക്കര സ്കൈപാലസ് ബാര്‍ തുടങ്ങുമ്പോള്‍ സമീപത്തെ വീട്ടുകാര്‍ തുടങ്ങിയ സമരം ഏറ്റെടുക്കാന്‍ ഇത്രയധികം സംഘടനകള്‍ പോയിട്ട് ഒരാളുപോലും ഇല്ലാതിരുന്നത് എന്തുകൊണ്ട്? ////

  ഒളി അജണ്ടകള് ഉള്ളതുകൊണ്ട്.എന്തെ "ഭൂമാഫിയാ വിരുദ്ധ സമരം"വയനാട്ടില്‍ പ്രവേശിക്കാത്തത് ? ഇന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ ആദിവാസികള്‍ ഉള്ള ജില്ലയാണ് വയനാട്. പ്രമാണിമാരും "പ്രീയപ്പെട്ട" മാധ്യമ മുതലാളിമാരും ഭൂസ്വാമിമാരായി ഉള്ളയിടം.ഇതിനാണ് സെലക്ടീവ് "സത്യ, ധര്‍മ്മ" പ്രഖ്യാപനം,സെലക്ടീവ് ധര്‍മ്മസമരം എന്നൊക്കെ പറയുന്നത്.ഞാന്‍ മുഖ്യധാരാ ഇടതന്‍മാരുടെ വലിയ അനുയായിയോ അനുഭാവിയോ അല്ല,എങ്കിലും ഈ ഇരട്ടത്താപ്പും കൂട്ടത്തില്‍ സത്യധര്‍മ്മ പ്രസംഗവും കണ്ടപ്പോ പ്രതികരിച്ചു പോകുന്നു.കലികാലം തന്നെ അല്ലെ നനവേ.

  ReplyDelete
 37. സമരം ചെയ്യാനുള്ള ബാധ്യത എല്ലാവർക്കുമുണ്ട്...സത്യസന്ധതയും ആർജ്ജവത്വവും സഹജീവിസ്നേഹവും നിർഭയത്വവും വേണം.സമഗ്രതയിൽ കാര്യങ്ങൾ കാണുകയും വേണം...

  ReplyDelete