Sunday, June 5, 2016

ഒരു ദിനം കൂടി ....


 ഇന്ന്‍ ജൂണ്‍ 5..പതിവുപോലെ ഒരുദിനം.. മഴക്കാലം തുടങ്ങുംമുമ്പുള്ള ചെറുമഴകള്‍ ഞങ്ങളുടെ പുര്തിയാകാത്ത കൃഷിപ്പണികള്‍ക്ക്( ചേമ്പ്,വാഴ,മധുരക്കിഴങ്ങ് etc) അനുഗ്രഹമായിരിക്കുന്നു.. ഇന്നലെ തുടങ്ങിയ മധുരക്കിഴങ്ങുനടല്‍ ഇന്ന്  പൂര്‍ത്തിയാക്കി .. വിത്ത്‌സംരക്ഷണത്തിന്റെ ഭാഗമായി അഞ്ചിനം കിഴങ്ങുകള്‍ ആണ് നട്ടത്.

രാവിലെ ചെറിയ ചാററല്‍മഴ ഉണ്ടായിരുന്നു. തറകള്‍ ഇന്നലെ റെഡിയാക്കി വച്ചിരുന്നു..അതിനുമേല്‍ കരിയില യിട്ട്  അല്‍പ്പം ചാണകപ്പൊടി വിതറി ,സുന്ദരമായ മഴനനഞ്ഞുകൊണ്ട് ,രണ്ട്തറയില്‍ നട്ടു . തവളകള്‍ പാടുന്നുണ്ടായിരുന്നു . ചെമ്പോത്തുകളും മൈനകള്‍.തത്തകള്‍, കരിയിലക്കിളികള്‍, താലിക്കുരുവി, തുടങ്ങിയ പലരും ഞങ്ങള്‍ക്കൊപ്പം കൂടി. breeding plumageല്‍ അതിസുന്ദരനായ കാലിമുണ്ടി വളരെ അടുത്തു വന്നുനിന്നു .അവനെ നോക്കിനിന്നുപോകും ആരും..കൂട്ടുകാരികളും കൂടെയുണ്ടായിരുന്നു.. താലിക്കുരുവികള്‍ അവര്‍ക്കായി വച്ചുകൊടുത്ത തുവരചെടിയില്‍ വന്നിരുന്നുപാടി.. ധാരാളംപ്രാണികളെ ആകര്ഷിക്കുന്ന ചെടിയാണ് തുവര. ..
ഹരിയ്ക്ക് ഓഫീസില്‍ പോകേണ്ടതിനാല്‍ നട്ടു തീരാതെ മടങ്ങി.. 
 ഭക്ഷണശേഷം പാറുവിനേയും കണ്ണനേയും പറമ്പില്‍കൊണ്ടുപോയി കെട്ടി.. പുതുമഴസമയത്ത് ചോരകുടിക്കുന്ന വലിയ ഈച്ചകള്‍ അവയെ ആക്രമിക്കാനെത്തുന്നു.കുറച്ചുനേരം പാറുവിനെ അവയുടെ ശല്യത്തില്‍നിന്നും രക്ഷിച്ചു..പിന്നെ ആല വൃത്തിയാക്കുമ്പോള്‍  ,തലശ്ശേരിനിന്നും ഒരു ഡോക്ടര്‍ദമ്പതികള്‍ വീടുകാണാന്‍വന്നു. കുറച്ചു സമയം അവര്‍ക്കായി നല്‍കി . പിന്നെ,ചെറുമഴയത്ത് പാളത്തൊപ്പിയുംവച്ചു വയലിലേയ്ക്ക്..

കിഴങ്ങ്നട്ടു പൂര്‍ത്തിയാക്കി.. പിന്നെ, കുറച്ച് മറ്റ് പണികളും പുല്ലരിയലും.. സമയംപോയതറിഞ്ഞില്ല.. അതിനിടക്ക് കുളക്കോഴികളുടെ ചങ്ങാത്തം.. പൊതുവേ നാണംകുണ്‌ങ്ങികളായ അവര്‍ കുറച്ചുനാളായി അടുത്തുവരുന്നുണ്ട്.. അവര്‍ക്കായി വയലില്‍ ചാലുകള്‍ക്ക് അരികില്‍ തീററപ്പുല്ലും, പിന്നെ കരിമ്പും മറ്റും നല്ല ആവാസം ഒരുക്കുന്നുണ്ട് . ഞങ്ങളുടെ കാടന്‍കൃഷി അവര്‍ക്ക്നന്നായി ഇഷ്ടമായിട്ടുണ്ട്,ഒപ്പം കുളവും ഉണ്ടല്ലോ .. പക്ഷെ ഇന്നവര്‍ എന്നെ ,അത്രമേല്‍അടുപ്പംകാട്ടി അതിശയിപ്പിച്ചുകളഞ്ഞു.. കിഴങ്ങ്നടുന്നതിന് ഒന്നുരണ്ടുമീററര്‍ അപ്പുറത്ത് ഒരുകരിമ്പിന്റെ ചുവട്ടില്‍ അവള്‍ നില്‍പ്പായിരുന്നു.. പീലികളില്‍നിന്നും വെള്ളം ഉരുണ്ടുവീണുകൊണ്ടിരുന്നു.. നല്ല ചാരംകലര്‍ന്ന കറുപ്പും മുഖവും അടിവശവും വെള്ളയും ചുണ്ടിലെ ചുവപ്പും ,പിന്നെശാലീനമായ രൂപഭാവങ്ങളും..  അവളുടെ നിഷ്കളങ്കസൌന്ദര്യം എത്രനോക്കിനിന്നാലും മതിയാവില്ല. കുറച്ചുനേരം അവളോടു സംസാരിച്ചു -എന്താപരിപാടി.. ഞങ്ങളുടെ കരിമ്പില്‍ കൂടുകെട്ടാന്‍  ആഗ്രഹമുണ്ടോ? എങ്കില്‍  ഞങ്ങള്‍  അതു വെട്ടാതെ നിനക്കായിട്ടുതരാം എന്നൊക്കെപറഞ്ഞു.
. അധികനേരം കളയാനില്ലാത്തതിനാല്‍ ഞാന്‍ പണിതുടര്‍ന്നു.അപ്പോഴുണ്ട് അവള്‍ ചെറിയചിലക്കലുകള്‍.പിന്നെ ഉറക്കെ ശബ്ദിച്ചു.. കൂടുകെട്ടാനായി ഞങ്ങള്‍ കരാര്‍  ഉണ്ടാക്കിയകാര്യം കൂട്ടുകാരനെ  അറിയിച്ചതായിരിക്കുമോ .. അല്‍പ്പം കഴിഞ്ഞപ്പോള്‍ അവളുണ്ട്  നേരെ എന്‍റെ അടുത്തേക്ക് വരുന്നു !  കിഴങ്ങിന്റെ തറകളില്‍  പ്രാണികളെ അന്വേഷിച്ചു നടന്നു ..അപ്പുറത്ത് കൂട്ടുകാരന്‍ ഇരതേടുന്നുണ്ടായിരുന്നു.. 
പണി കഴിഞ്ഞു  വീട്ടില്‍ എത്തിയപ്പോള്‍ രണ്ടര ..സമയം പോയതറിഞ്ഞില്ല .. പിന്നെ ഉച്ചക്ക്  വേവിക്കാത്ത ആഹാരം . കണ്ണൂരില്‍ ഒരു മീററിംഗ് വച്ചിരുന്നു വൈകുന്നേരം .. കഴിഞ്ഞ ഒരു ദിവസം , ഹ്യുമന്‍ റൈട്സ് പ്രവര്‍ത്തകന്‍   ചന്ദ്രബാബു വിളിച്ചിട്ട് ഒരു പ്രാരംഭ മീററിംഗ്  ഞങ്ങള്‍ നാലഞ്ചുപേര്‍ കണ്ണൂരില്‍ കൂടിയിരുന്നു  .വിഷയം മരം ആണ് .. മരസംരക്ഷണത്തിനു മാത്രമായി വിശാലമായ കാന്‍വാസില്‍  ഒരു കൂട്ടായ്മ ഉണ്ടാക്കാന്‍ ആണ് ചര്‍ച്ചകള്‍ നടത്തിയത് .പക്ഷെ ഇന്ന്‍ പലര്‍ക്കും എത്താന്‍ പറ്റിയില്ല . എങ്കിലും 8 പേര്‍ വന്നു .. 

ജില്ലാ മരസംരക്ഷണ സമിതിക്കു കണ്ണൂര്‍ വീററ് ഹൌസിലെ ഈ മീടിംഗില്‍ തുടക്കം ആയിരിക്കയാണ് ,ഇത് മരങ്ങളെ സ്നേഹിക്കുന്ന ആര്‍ക്കും അണിചേരാവുന്ന  അയഞ്ഞ ചട്ടക്കൂടുള്ള  ഒരു സമിതിയാണ് വ്യക്തി കേന്ദ്രികൃതവും വാര്‍ത്തകളിലും  പബ്ളിസിറ്റിയിലും അധിഷ്ടിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതില്‍ സ്ഥാനം ഉണ്ടായിരിക്കില്ല .എല്ലാവരും വളണ്ടിയര്‍മാര്‍ മാത്രമാണ് ..മൈക്കിനു മുമ്പില്‍ മാത്രം മരസ്നേഹം തുളുമ്പുന്നവരും സ്ഥാനമോഹികളും ഇതില്‍ വന്നിട്ട് കാര്യമില്ല ..കണ്ണൂരിലെ പൊതുജനങ്ങളെ കൂടി പരമാവധി സഹകരിപിച്ചുകൊണ്ട് മരങ്ങളെ സംരക്ഷിക്കാനാണ്  വിചാരിക്കുന്നത് .. 

പ്രാരംഭമായി വിദഗ്ദരെക്കൂടി ഉള്‍പ്പെടുത്തിക്കൊണ്ട്  ഒരു സര്‍വ്വേ വരുന്ന രണ്ടാംശനി (11 6 നു ) നടത്തുന്നു .വൃക്ഷങ്ങളുടെ കണക്കെടുപ്പ് അവയുടെ പ്രായം ആരോഗ്യം ഗുണങ്ങള്‍ ഒക്കെ കണക്കെടുപ്പില്‍ രേഖപ്പെടുത്തും ...ഒപ്പം മരം നടേണ്ട സ്ഥലങ്ങളും കണ്ടെത്തും .പിന്നൊരു പ്രവര്‍ത്തനം മരങ്ങള്‍ ആണികളും ബാനറുകളും പരസ്യങ്ങളും വൃത്തിയാക്കാന്‍  നടപടി എടുക്കാന്‍ കലക്ടരോട് ആവസ്യപ്പെടും എന്നതാണ് .. ജില്ലാ പരിസ്ഥിതി സമിതി ഇത് മുമ്പ് പല പ്രാവശ്യം ചെയ്തിരുന്നു ..അധികൃതര്‍ ചെയ്യേണ്ട കാര്യം അവരെക്കൊണ്ട് തന്നെ ചെയ്യിക്കണം .അല്ലെങ്കില്‍ പിന്നെയും മരങ്ങളെ ആള്‍ക്കാര്‍ ദ്രോഹിക്കും ,,. 
ഒരു പഠനംകൂടി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട് .. നഗരത്തിലെ ഓക്സിജന്‍ ,,കാര്‍ബണ്‍ ഡൈ ഓക്സൈഡ് ,കാര്‍ബണ്‍ മൊണോക്സൈഡ് തുടങ്ങിയവയുടെ അളവ് മലിനീകരണനിയന്ത്രണ ബോര്‍ഡിനെ കൊണ്ട് ചെയ്യിച്ച് , ഇത്ര വാഹനങ്ങളും ഇത്ര മനുഷ്യരും ദിവസേന എത്തുന്ന ഒരു സ്ഥലത്ത് ശുദ്ധവായു ലഭിക്കാന്‍ ഇത്ര മരങ്ങള്‍ ഉണ്ടാവണം എന്ന ഒരു പഠന റിപ്പോര്‍ട്ട് തയ്യാറാക്കി .,അതിനനുസരിച്ച് മരങ്ങള്‍ നിലനിര്‍ത്താനും  അധികാരികളെ ക്കൊണ്ട് ചെയ്യിക്കണം ,ഇത്തരം പഠനങ്ങള്‍ ജനങ്ങളില്‍ എത്തുമ്പോള്‍ ശുദ്ധവായു തങ്ങളുടെ അവകാശവും അത് തങ്ങള്‍ക്ക് ലഭ്യമാക്കേണ്ടത് അധികാരികളുടെ കര്‍ത്തവ്യവും ആണെന്ന പൊതുബോധം ഉണ്ടാവുകയും ,അവര്‍ മരങ്ങള്‍ക്കായി മുന്നോട്ട് വരികറയും ചെയ്യും .. 

ഇതൊക്കെയാണ് പ്രാരംഭമായി ചെയ്യാന്‍ പോകുന്നത് . താത്കാലിക ഭാരവാഹികളായി ഹരിയെ ചെയര്‍മാനും ,ചന്ദ്രബാബുവിനെ കണ്‍വീനറും ആക്കി .ഉപദേശകരായി ചന്ദ്രാംഗദന്‍,ഡോ. മനോഹരന്‍  എന്നിവരെയും നിയമിച്ചു 

No comments:

Post a Comment