Saturday, March 24, 2012

ബാലപീഡനവും ഗാന്ധിനീന്ദയും.....


ഈ ഫോട്ടോ ഒന്നു ശ്രദ്ധിയ്ക്കുക. 3 വയസ്സുള്ള ഒരു കൊച്ചുകുട്ടിയെ സ്വന്തം അമ്മയുടെ കയ്യില്‍നിന്നും  പിടിച്ചുവലിച്ചെടുത്ത് റോഡില്‍ വലിച്ചിഴയ്ക്കുക.ആര്‍ക്കും എടുത്ത് ഓമനിയ്ക്കാന്‍  മാത്രം തോന്നുന്ന അവളുടെ നാഭിയില്‍ ലാത്തികൊണ്ട് കുത്തിയിട്ട് അട്ടഹസിയ്ക്കുക .അലറിക്കരഞ്ഞുകൊണ്ട്  അമ്മയെ വിളിച്ചവള്‍ നിലവിളിച്ചിട്ടും പിടി വിടാതിരിയ്ക്കുക.. അമ്മയോടൊപ്പമായിരിയ്ക്കുക എന്ന ഒരു കുഞ്ഞിന്‍റെ അവകാശം പോലും നിഷേധിയ്ക്കാന്‍ ശ്രമിയ്ക്കുക.... എന്നിട്ട് കുട്ടികളെ സമരത്തിന് കൊണ്ടുവന്നതിന് അമ്മമാരെ ഭീഷണിപ്പെടുത്തുക.. അവര്‍ക്കെതിരെ ബാലപീഡനത്തിന് കേസെടുക്കുമത്രെ... !

ഇസ്സ , വയസ്സ് 3

ആരാണ് ബാലപീഡനം നടത്തിയിരിയ്ക്കുന്നത് ? ഇത്ര ക്രൂരമായ രീതിയില്‍ ഒരു കുഞ്ഞ് പീഡിപ്പിയ്ക്കപ്പെട്ടിട്ടും ഇവിടെ ചോദിയ്ക്കാനും പറയാനും ആരുമില്ലേ ? ഇവിടെ അധികാരത്തിലേറിക്കഴിഞ്ഞാല്‍ .അധികാരികള്‍ക്കും യൂണിഫോമിട്ടുകഴിഞ്ഞാല്‍  പോലീസിനും എന്തു നിയമലംഘനവും നടത്താമെന്നാണോ ?.. സാധാരണക്കാരായ ജനങ്ങള്‍ക്ക് ഒരു അവകാശവുമില്ലേ? ചീഞ്ഞു നാറുന്ന മാലിന്യക്കൂമ്പാരത്തില്‍ തെണ്ടിപ്പട്ടികളെപ്പോലെ നിങ്ങള്‍ കഴിയണം എന്ന്‍ ഏമാന്‍മാര്‍ കല്‍പിക്കുമ്പോള്‍ വായ്ക്ക് കൈയ്യും പൊത്തിനിന്ന് മിണ്ടാതെ അനുസരിയ്ക്കണമത്രേ. ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സഹനസമരം പോലും ചെയ്യരുതത്രേ .ചെയ്താല്‍ പന്തല്‍ കത്തിയ്ക്കും .കള്ളക്കേസില്‍ പ്പെടുത്തി ജയിലിലടക്കും .. വന്‍തുകകള്‍ കെട്ടിവയ്ക്കാന്‍ പറയും.. ഗുണ്ടകളെ വിട്ടു തല്ലിയ്ക്കും...

പെട്ടിപ്പാലം സമരപ്പന്തലിന്‍റെ ചാമ്പല്‍

ഗാന്ധിജിയെന്നാല്‍ ഇന്ത്യക്കാര്‍ക്ക് വെറുമൊരു പ്രതീകമല്ല.കടലാസു നോട്ടുകളില്‍ അച്ചുകുത്തി  കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കും അട്ടിയട്ടിയായ്  സ്വിസ് ബാങ്കുകളില്‍ കൊണ്ടുവയ്ക്കാനുള്ള ഒരു ചിത്രമല്ല.  കാക്കകള്‍ക്ക് കാഷ്ഠിയ്ക്കാനായി കവലകള്‍ തോറും വയ്ക്കുന്ന പ്രതിമയല്ല .എല്ലാ ഗവര്‍മെന്‍റ് ഓഫീസുകളുടെ ചുമരുകളിലും തൂക്കിയിടാനുള്ള ഒരു ഫോട്ടോ അല്ല.. സത്യസന്ധമായി ജീവിയ്കുന്നവരുടെ, സ്വാശ്രയത്തിനായി പരിശ്രമിയ്ക്കുകയും പോരാടുകയും ചെയ്യുന്നവരുടെ ബലവും വഴികാട്ടിയുമാണ് ഗാന്ധിജി. ആ മഹാത്മാവിന്‍റെ ,  ഇന്ത്യയുടെ ഏറ്റവും മഹനീയനായ,സംപൂജ്യനായ രാഷ്ട്രപിതാവിന്‍റെ ചിത്രവും മുന്നില്‍ വച്ചായിരുന്നു പെട്ടിപ്പാലത്തെ സഹോദരിമാര്‍ നൂറിലേറെ ദിവസങ്ങളിലായി ഒരു ഉറുമ്പിനേപ്പോലും ഉപദ്രവിയ്ക്കാതെ സമരം നടത്തിയിരുന്നത്.. ആ പന്തല്‍ മുനിസിപ്പല്‍ അധികാരികള്‍ അയച്ച ഗുണ്ടകളും പോലീസും ചേര്‍ന്ന് കത്തിച്ച് ചാമ്പലാക്കിയപ്പോള്‍ മഹാത്മജിയുടെ ഫോട്ടോയും ഒരു ചവറിനേപ്പോലെ കത്തിച്ചുകളഞ്ഞു ..ഇത് മുഴുവന്‍ ഇന്ത്യക്കാരെയും അപമാനിയ്ക്കുന്നതിനു തുല്യമാണെന്നു മാത്രമല്ല, ദേശദ്രോഹം കൂടിയാണ്.. ഈ ഘോരകൃത്യം ചെയ്തവരെ ശിക്ഷിയ്ക്കാന്‍ ഇവിടെ ഒരു വ്യവസ്ഥയുമില്ലേ? 

സമരപ്പന്തലിലുണ്ടായിരുന്ന ഗാന്ധിജി
ഞങ്ങളുടെ ഒരു ടീം പെട്ടിപ്പാലത്ത് അന്വേഷിയ്ക്കാന്‍ ചെന്നപ്പോള്‍ കരളലിയിക്കുന്ന കാഴ്ചകളാണ് അവിടെ കണ്ടത്... മുഖത്ത് പോലീസിന്റെ പരുക്കന്‍ കൈകളാല്‍ അടിയേറ്റത്തിന്‍റെ ഞെട്ടല്‍ മാറാത്ത അഞ്ചും എട്ടും വയസ്സുള്ള പിഞ്ചുബാലന്മാര്‍ , കിടക്കപ്പായയില്‍നിന്നും പിടിച്ചുവലിച്ചു കൊണ്ടുപോയി തല്ലിച്ചതച്ച്, മകന്റെ മേല്‍ ,പതിനൊന്നു മണിയ്ക്ക് ആരോകത്തിച്ച ഒരു ലോറിയുടെ കുറ്റം ചാര്‍ത്തിയതില്‍ ഏങ്ങലടിച്ചുകരഞ്ഞ വയസ്സായ ഒരമ്മ.,രണ്ടു വനിതാ പോലീസുകാര്‍ചേര്‍ന്ന് രണ്ടുവശത്തുനിന്നും ഷാള്‍ കഴുത്തില്‍ മുറുക്കി വലിച്ചപ്പോള്‍ നാക്കും കണ്ണും തുറിച്ച് ശ്വാസം മുട്ടിപ്പിടഞ്ഞതിന്‍റെ ഞെട്ടല്‍ മാറാത്ത ഒരു യുവതി, നാണം മറയ്ക്കാന്‍ ധരിച്ച ഉടുവസ്ത്രം വലിച്ചു കീറപ്പെട്ട മറ്റൊരു യുവതി ,പിഞ്ചു കുട്ടിയെ ഉപദ്രവിയ്ക്കരുതെന്ന് പറഞ്ഞതിന് അടിയേറ്റ ഒരു യുവാവ് .... നീണ്ട പട്ടികയാണിത്...  ..
s.പി.ഓഫീസ് മാര്‍ച്ച്
ഗാന്ധിനിന്ദയ്ക്കും ബാലപീഡനത്തിനും മറ്റക്രമങ്ങള്‍ക്കും എതിരെ   പ്രതിഷേധിയ്ക്കാന്‍ ജില്ലാപരിസ്ഥീതിസമിതിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ വായ മൂടിക്കെട്ടിക്കൊണ്ട് എസ്, പി. ഓഫീസ് മാര്‍ച്ച് നടത്തിയപ്പോള്‍ ജലപീരങ്കിയടക്കം സജ്ജമാക്കുകയും 30 പേര്‍ സമാധാന പരമായി നടത്തിയ പ്രതിഷേധത്തെ ഡെ. സൂപ്രണ്ടിന്‍റെ നേതൃത്വത്തില്‍ മൂന്ന്‍ സി. ഐ . മാരടക്കം 400 പോലീസുകാരെ നിരത്തി എതിരിട്ടു,യുദ്ധസമാനമായ ഒരു അന്തരീക്ഷം ഉണ്ടാക്കി ശരിയ്ക്കും നാണം കെട്ടുപോയി പോലീസ്.
ഗാന്ധിജിയുടെ "ചിതാഭസ്മം"
സമാധാനപരമായി റോഡരികിലെ മരച്ചുവട്ടില്‍ അല്‍പ്പനേരം പ്രതിഷേധം നടത്തിയിട്ട് പിരിഞ്ഞു പോകാന്‍ വരെ സമ്മതിയ്ക്കാതെ പൊരിവെയിലത്ത് നടുറോഡില്‍ വന്ദ്യവയോധികാരടക്കമുള്ള സമരക്കാരെ തടഞ്ഞു വച്ചപ്പോള്‍ ഞങ്ങള്‍ക്ക് റോഡില്‍ ഇരുന്ന്‍ പ്രതിഷേധിയ്ക്കേണ്ടിവന്നു . ഞങ്ങള്‍ക്കു  മുന്നിലും പിന്നിലും ഒരു ജാഥപോലെയവരും ടൌണ്‍ ചുറ്റുകയും ഞങ്ങള്‍ പറഞ്ഞ ,മയമുള്ള സ്വരത്തിലുള്ളതെങ്കിലും, ഉപദേശങ്ങളും മറ്റും മിണ്ടാതെയവര്‍ക്ക് കേട്ടുനില്‍ക്കേണ്ടിവന്നു.. ചില ഉദ്യോഗസ്ഥര്‍ യൂണിഫോമില്‍ പേര് വയ്ക്കാതെയാണ് വന്നത് . ഏതു നിമിഷവും ഒരു ആക്രമണം ഉണ്ടാകും എന്നുതന്നെ ഞങ്ങള്‍ കരുതിയിരുന്നു.. അത്ര സഹിഷ്ണുതയില്ലാത്തതാണല്ലോഇന്നത്തെ പോലീസ് സേന..    ജനങ്ങളോട് ഈ  നിലയിലാണോ ജനകീയ സര്‍ക്കാരുകള്‍ പെരുമാറേണ്ടത്?  

പോലീസുകാര്‍ക്ക് മോഹന്‍കുമാര്‍ മാഷിന്റെ ചില ഉപദേശങ്ങള്‍ ..
പെട്ടിപ്പാലം സമരനായകന്‍ ശ്രീ. അജയകുമാര്‍ ഗാന്ധിജിയെ കത്തിച്ച ചാരം ഒരു കുടുക്കയിലാക്കി കൊണ്ടുവന്നിരുന്നു.. ചേലോറ നിന്നും ചാലോടന്‍ രാജീവന്‍ കുറെ ആള്‍ക്കാരെയും കൂട്ടി വന്നിരുന്നു. ഗാന്ധിയെ മറക്കാത്ത ചില അപൂര്‍വ്വ ഗാന്ധിയന്‍മാരും ഉണ്ടായിരുന്നു.. അടി കൊണ്ടാല്‍ പോലും നിന്നു കൊള്ളുക മാത്രം ചെയ്യുന്ന,തികഞ്ഞ അഹിംസയിലും സത്യനിഷ്ഠയിലുംജീവിയ്ക്കുന്ന ചിലര്‍ മുന്‍കൂര്‍ അനുവാദവും വാങ്ങി നടത്തിയ ഒരു പ്രതിഷേധത്തെയാണ് ഇങ്ങനെ ഒതുക്കാന്‍ ശ്രമമുണ്ടായത്..  
ജനകീയ സമരങ്ങള്‍ തികച്ചും ന്യായമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയാകുമ്പോള്‍ ഒടുവില്‍ വിജയിക്കുക തന്നെചെയ്യും .....എത്ര വലിയ അധികാരശക്തിയ്ക്കും എല്ലാനാളും അവയെ അടിച്ചമര്‍ത്താനാവില്ല. .. വികേന്ദ്രീകരിച്ച് ഏറ്റവും ലളിതവും വേണമെങ്കില്‍ ലാഭം കിട്ടുന്നതുമായ വഴികള്‍ നഗരസഭകളും ഗ്രാമസഭകളുമെല്ലാം മാലിന്യസംസ്കരണത്തിനായി തെരഞ്ഞെടുക്കുകതന്നെ വേണ്ടിവരും.. 


6 comments:

  1. ജനനം മരണം എന്ന് സാമാന്യമായി പറയാമെങ്കിലും, അതിനിടയ്ക്ക് ഒരു സമരം കൂടി ഉണ്ടെന്നു നമ്മള്‍ മറക്കരുത്....അപ്പോള്‍ ഇങ്ങനെ പറയാം..ജനനം - സമരം - മരണം! ജീവിച്ചിരിക്കുക എന്നാല്‍ സമരം തുടര്ന്നുകൊണ്ടിരിക്കുക എന്നാണ് അര്‍ഥം! നിരന്തരമായ ഈ സമരം തന്നെയാണ് ജീവിതവും! നിലനില്പിന് വേണ്ടി സമരത്തില്‍ ഏര്‍പ്പെടുക എന്നത് സ്വാഭാവികമായ ഒരു പ്രക്രിയ തന്നെയാണ്. ....അതുകൊണ്ടുതന്നെ സമരക്കാരുമായി ഐക്യപ്പെടാനും ഓരോ മനുഷ്യനും ബാധ്യസ്ഥരുമാണ്....എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

    ReplyDelete
  2. സാധാരണക്കാര്‍ക്ക് ജീവിതം സമരം മാത്രമായി മാറുന്ന ഒരു ഇരുണ്ട കാലഘട്ടത്തില്‍ ജീവിക്കുകയാണ് നാമിന്ന്.. സത്യത്തിലും അഹിംസയിലും അടിയുറച്ച് വിശ്വസിച്ചുകൊണ്ടു സമരം ചെയ്യുന്ന , അന്യായം മാത്രം സഹിയ്ക്കേണ്ടിവരുന്നവരുടെ നെഞ്ചിലെ കനല്‍ വലിയ ഒരു അഗ്നിജ്വാലയായിമാറി ചൂഷകരേയും മര്‍ദ്ദകരേയും ഒടുവില്‍ ചാമ്പലാക്കുക തന്നെ ചെയ്യും...

    ReplyDelete
  3. ആത്മ്ഭിമാനം , സ്വാതന്ത്ര്യ ബോധം സ്വയം പര്യപ്പ്തത ഇവ ഉള്ളവരെ ആര്‍കും തോല്പിക്കാന്‍ ആവില്ല ആവില്ല ആവില്ല http://insight4us.blogspot.com

    ReplyDelete