ഇത് എന്റെ കൂട്ടുകാരി അനുടീച്ചർ പറഞ്ഞ കാര്യമാണ്.സ്ത്രീയുടെ വ്യക്തിത്വത്തിന് ഈ സമൂഹം എത്രമാത്രം വില കൽപ്പിക്കുന്നു എന്നതിന് ലക്ഷക്കണക്കിന് ഉദാഹരണങ്ങൾ പറയാനുണ്ട്. അതിലൊന്നാണ് അനുടീച്ചറുടെ ജീവിതകഥ...
അനുവിന്റെ കഥ പറയും മുമ്പ് എന്റെ ജീവിതത്തെ പറ്റി രണ്ടു വാക്കു പറയേണ്ടി വരും.സ്വന്തം കാലിൽ നിൽക്കാൻ അധ്യാപികയെന്ന മാന്യമായ ജോലിയുണ്ടായിട്ടും സമൂഹത്തിന്റെ പീഢനങ്ങളും അവഹേളനങ്ങളും വളരെയേറെ എനിക്ക് സഹിക്കേണ്ടിവന്നിട്ടുണ്ട്.എന്റെ വ്യക്തിത്വത്തിന് പൂരകമായ വ്യക്തിത്വമുള്ള,എനിക്ക് മനസ്സുകൊണ്ട് അംഗീകരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ വിവാഹംചെയ്യൂ എന്ന വാശിപിടിച്ചു എന്ന ഒറ്റക്കാരണം കൊണ്ടാണ് എനിക്കതൊക്കെ അനുഭവിക്കേണ്ടി വന്നത്.അതുകൊണ്ടെനിക്കറിയാം ഈ സമൂഹം സ്ത്രീയുടെ വ്യക്തിത്വത്തിന് എത്ര മാത്രമേ വില നൽകുന്നുള്ളൂ എന്ന്.വിവാഹം ,കുടുംബം അതിലുപരി ഒരു താത്പര്യവും ഒരു സ്ത്രീക്കുണ്ടാകാൻ പാടില്ല എന്ന ലക്ഷ്മണരേഖയും വരച്ച് സമൂഹം നിൽപ്പാണ്. ഒടുവിൽ ഞാൻ എനിക്ക് യോജിക്കുന്ന കൂട്ടുകാരനെ കണ്ടെത്തിയപ്പോഴും സമൂഹത്തിന് ആശ്വസിക്കാൻ പറ്റിയില്ല.. ‘കെട്ടിക്കഴിഞ്ഞല്ലോ.ഇനി ഇവൾ വീട്ടിലിരിക്കും ‘എന്നു കരുതിയവർക്കുമുമ്പിൽ പൂർവ്വാധികം ശക്തിയോടെ സാമൂഹ്യപ്രവർത്തനം നടത്താൻ എന്റെ കൂട്ടുകാരൻ എനിക്കൊപ്പമുണ്ട്...
തനിക്കു ചേരുന്ന ഒരാളെ കണ്ടെത്തിയിട്ടും,വീട്ടുകാർക്കു വേണ്ടി, [മാനം കാക്കാൻ,ജാതി കാക്കാൻ..]അവനെ ഉപേക്ഷിച്ച്,അവർ കാണിച്ചു കൊടുത്തയാളെ കല്യാണം കഴിച്ച് പൊങ്ങുതടിപോലുള്ള[സ്വന്തം ജീവിതത്തെ അവൾ വിശേഷിപ്പിച്ചതാണ്..]ജീവിതം നയിക്കുന്ന എന്റെ പ്രിയസ്നേഹിതയായ വാരസ്യാരുകുട്ടിക്കുവേണ്ടി ഈ പോസ്റ്റ് സമർപ്പിക്കുന്നു...
ഇതൊരു വെറും ഫെമിനിസ്റ്റ് പോസ്റ്റായി കണക്കാക്കി വായിച്ചു തള്ളരുതെന്ന് ഒരഭ്യർഥനയുണ്ട്.സ്ത്രീയും മനുഷ്യവംശത്തിലെ ഒരംഗം തന്നെയാണെന്നു കരുതി,അവളുടെ പ്രശ്നത്തെ മാനുഷിക പ്രശ്നംതന്നെയെന്നു മനസ്സിലാക്കുക...
അനുവിന്റെ ജീവിതകഥ..
വിപ്ലവ പാരമ്പര്യമുള്ള ഒരു ഗ്രാമത്തിലെ ഒരു സഖാവിന്റെ മകളാണ് അനു.ഗൌഡസാരസ്വതബ്രാഹ്മണരാണെങ്കിലും[ഞങ്ങൾ കൊങ്ങിണികൾ എന്നു വിളിക്കും..]വീട്ടിൽ പരമ്പരാഗതമായ ആചാരാനുഷ്ഠാനങ്ങൾ ഒന്നും നടത്താതെ,തികച്ചും പുരോഗമനവാദിയായ അച്ഛൻ മക്കളെയും അങ്ങനെത്തന്നെ വളർത്തി...അനുവിനെ ടി.ടി.സി.യ്ക്കും വിട്ടു.
‘
മക്കളേ,നിങ്ങൾക്ക് നല്ല ഒരു ജീവിതം വേണമെങ്കിൽ നിങ്ങൾതന്നെ പറ്റിയ ആളെ കണ്ടെത്തണം,‘സ്നേഹനിധിയായ ആ അച്ഛൻ പറഞ്ഞു.പക്ഷെ ,അവർക്കതിനായില്ല, സുന്ദരിമാരായിരുന്നെങ്കിലും....“ഞങ്ങൾ ഒരു പുണ്ണാക്കിനും കൊള്ളാത്തവരായിപ്പോയി..”എന്ന് അനു.പതിനെട്ടു തികയുമ്മുമ്പെ ആലോചനകളുടെ ബഹളമായി.പെണ്ണിനല്പം ശരീരവളർച്ചയും അഴകുമുണ്ടെങ്കിൽ ഏറ്റവും ചെറുപ്രായത്തിൽതന്നെ അവളെ വലയിൽക്കുരുക്കി ബന്ധനസ്ഥയാക്കാൻ കഴുകൻ കണ്ണുകളുമായി നോട്ടമിട്ടുനിൽപ്പാണ് സമൂഹം.ഒരിക്കലും അവളുടെ വ്യക്തിത്വം വികസിക്കാൻ അവസരം നൽകില്ല.നൽകിയാൽ പിന്നെ തങ്ങളുടെ കളിപ്പാവയായി അവളെന്നും കാൽക്കീഴിൽ ചുരുണ്ടുകിടക്കില്ലല്ലോ..
മൂന്നാലുവർഷം അവർ എങ്ങനെയോ പിടിച്ചുനിന്നു.പിന്നെ നാട്ടുകാർ അച്ഛനെ ശകാരിക്കാൻ തുടങ്ങി,‘മക്കളെയിങ്ങനെ വീട്ടിൽ നിർത്താൻ പാടില്ല’..ഒടുവിൽ സമ്മർദ്ദത്തിനു വഴങ്ങി അദ്ദേഹത്തിന് മക്കളെ രണ്ടുപേരെയും പാരമ്പര്യ ആചാരാനുഷ്ഠാനങ്ങളോടെ ,അവരുടെ സമുദായനീതിപ്രകാരം നൽകേണ്ട പണ്ടങ്ങളും പാത്രങ്ങളുമടക്കം എല്ലാം നൽകി കെട്ടിച്ചുവിടേണ്ടിവന്നു..‘അതോടെ നാട്ടുകാർക്ക് സമാധാനമായി,എന്റെ സമാധാനം പോവുകയും ചെയ്തു’.അനു ഇങ്ങനെ പറയുമ്പോൾ കണ്ണുകൾ നിറഞ്ഞിരുന്നു...
വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തിയ അനുവിന് നരകതുല്യമായ ജീവിതമാണ് കിട്ടിയത്.തികച്ചും യാഥാസ്ഥിതികമായ ഒരിടം.ഇരിക്കുന്നതിനും നിൽക്കുന്നതിനും ചുമയ്ക്കുന്നതിനും കുളിയ്ക്കുന്നതിനും ഒക്കെ സമയവും ശകുനവും നോക്കണം.അതനുസരിച്ചേ എന്തും ചെയ്യാവൂ..ചൊവ്വാഴ്ച വീട്ടിൽനിന്നിറങ്ങാൻ പാടില്ല,നിലാവു നോക്കിക്കൂടാ.സന്ധ്യയായാൽ മുറ്റത്തിറങ്ങാനേ പാടില്ല,ഉറക്കെ സംസാരിക്കാനോ അമ്മായിഅമ്മയും മറ്റും പറയുന്നത് എതിർക്കാനോ പാടില്ല.കണ്ണെഴുതി,പൊട്ടുതൊട്ട് ഉടുത്തൊരുങ്ങി ആഭരണങ്ങളണിഞ്ഞ്,പണികളത്രയും ചെയ്ത്,അടങ്ങിയൊതുങ്ങി കഴിഞ്ഞുകൊള്ളണം..
ഇങ്ങനെയവിടെ ശ്വാസം മുട്ടിയും എല്ലാം സഹിച്ചും കഴിഞ്ഞ അനുവിന് ഭർത്താവ് തെല്ലും പിന്തുണ നൽകിയില്ല.അയാൾ സ്വന്തം വീട്ടുകാരുടെ കൂടെ കൂടി അവളെ ദ്രോഹിക്കാൻ കൂട്ടുനിന്നു.‘അൽപ്പം സ്നേഹം താലികെട്ടിയവനിൽ നിന്നെങ്കിലും കിട്ടിയിരുന്നെങ്കിൽ...’അനു വെറുതേ മോഹിച്ചു...
കരഞ്ഞു കരഞ്ഞ് അവൾക്ക് കണ്ണീർ വറ്റി...ജീവിതം മടുത്ത് പല തവണ ആത്മഹത്യയ്ക്കൊരുങ്ങി..ഒരു തവണ മകനെയും ഒക്കത്തെടുത്ത് കിണറ്റിൽ ചാടാൻ പോയപ്പോൾ കിണറ്റിലെ മീനിനെക്കണ്ട് മോൻ,‘അമ്മേ.മീനെ നോക്ക്,എന്തു രസമാണല്ലേ’ എന്നു നിഷ്കളങ്കതയോടെ ചോദിച്ചപ്പോൾ,അത് അവളുടെ ജീവിതത്തിലേയ്ക്കുള്ള തിരിച്ചുപോക്കായി..
പിന്നെ ,അവൾക്ക് ജോലി കിട്ടി.അതോടെ പരോൾ ലഭിച്ച ജീവപര്യന്തം തടവുകാരിയുടെ ആശ്വാസം കിട്ടി.സ്വന്തംകാലിൽ നിൽക്കാമെന്നായപ്പോൾ അൽപ്പം ധൈര്യവുമായി..ഒരു തരിപോലും സ്നേഹം പത്തുപതിനഞ്ചു വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ഒരിക്കൽ പോലും നൽകാത്ത,അവളെ കിടക്ക പങ്കിടാനും അയാളുടെ കാര്യങ്ങൾ ചെയ്തുകൊടുക്കാനുമുള്ള ഒരുപകരണം മാത്രമായി കണക്കാക്കിയ അയാളിനി തന്നെ ഉപേക്ഷിച്ചാലും തനിക്കൊന്നുമില്ല എന്ന് ഇന്നവൾക്ക് ചിന്തിക്കാനാകുന്നുണ്ട്.അവളുടെ അച്ഛൻ ധനികനൊന്നുമല്ലെങ്കിലും മകളുടെയവസ്ഥകണ്ട് സഹിക്കാനാകാതെ എങ്ങനെയോ ഒരു വീടും കെട്ടിക്കൊടുത്തിട്ടുണ്ട്.അവിടെയവൾ മറ്റൊരു പൊങ്ങുതടിയായി ജീവിക്കുന്നെങ്കിലും കുറേയൊക്കെ സ്വന്തം സ്വത്വത്തെ തിരിച്ചുകൊണ്ടുവരാൻ ശ്രമിക്കാറുണ്ട്,കണ്ണെഴുതി പൊട്ടുതൊടാതെ, ആഭരണങ്ങൾ ധരിക്കാതെ കുറച്ചൊക്കെ അവളായി ജീവിക്കാൻ അനുടീച്ചർക്കിന്നാകുന്നുണ്ട്...എങ്കിലും ഭർതൃസ്നേഹം അതവൾക്ക് ഒരു സ്വപ്നം മാത്രം...
ജോലി ലഭിച്ചതു കൊണ്ടുമാത്രം അൽപ്പം ആശ്വസിക്കാനാകുന്ന അനുമാർ,ജോലി ലഭിച്ചിട്ടും വെറും പൊങ്ങുതടിയായി ജീവിക്കുന്ന എന്റെ വാരസ്യാരുകുട്ടി,ജോലി ലഭിക്കാതെ സ്വത്വം തീർത്തും പണയം വച്ചു ജീവിക്കുന്ന സോദരിമാർ....ബഹുഭൂരിപക്ഷം സ്ത്രീകളുടെയും അവസ്ഥ ഇതൊക്കെ തന്നെയാണ്....സ്ത്രീയ്ക്കും ഒരു സ്വത്വം ഉണ്ടെന്ന് ഈ ആധുനിക യുഗത്തിലെങ്കിലും സമൂഹം ഒന്നംഗീകരിച്ചെങ്കിൽ....
ഒന്നാം തരം പോസ്റ്റ്! അഭിനന്ദനങ്ങള്‍. വിദ്യ കൊണ്ടു പ്രബുദ്ധരാകുക മാത്രമാണു സമൂഹത്തിലെ ഉച്ചനീചത്വങ്ങള്‍ ഇല്ലാതാക്കാനുള്ള മാര്‍ഗ്ഗമെന്ന് ഗുരു പറഞ്ഞ പോലെ , ഇന്ന് സ്ത്രീകള്‍ക്ക് ആത്മാഭിമാനത്തോടെ ജീവിക്കണമെന്കില്‍ ഏകമാര്‍ഗ്ഗം സാമ്പത്തികമായി സ്വതന്ത്രരാവുക എന്നതു മാത്രമാണ്. അല്ലെന്കില്‍ പുരുഷകേന്ദ്രീക്റ്തമായ സമൂഹത്തില്‍ അവര്‍ അടിമകളായി തുടരും. വെറും ഷൊക്കേസ് പീസുകളായി തീരാതെ നമ്മുടെ പെണ്‍കുട്ടികള്‍ ജോലി നേടി, തല ഉയര്‍ ത്തിനില്‍ക്കട്ടേ! തന്നെ ആശ്രയിക്കാത്ത ഭാര്യയെ പുരുഷന് ഒന്നും ചെയ്യാനാകില്ല (എന്നിട്ടും പ്രശ്നങ്ങള്‍ ഉണ്ടായാല്‍ ശക്തമായ നിയമങ്ങള്‍ അവര്‍ ക്ക് തുണയായുണ്ട്, പൊരുതുന്ന സ്ത്രീയുടെ കാലമായി.)'ഇതൊരു വെറും ഫെമിനിസ്റ്റ് പോസ്റ്റായി കണക്കാക്കി വായിച്ചു തള്ളരുതെന്ന് ഒരഭ്യർഥനയുണ്ട്.' നനവേ, ഫെമിനിസം ഒരു അശ്ളീല പദമാണെന്നതു പുരുഷപ്രചരണമാണ് സ്വയം അറിയാതെ പോകുന്ന ചില പാവം സ്ത്രീകളതില്‍ വീഴാറുണ്ടെന്നു മാത്രം. വളരെ പ്രോഗ്രസ്സീവായ നിങ്ങള്‍ അത്തരം ഒരു മുന്‍ കൂര്‍ ജാമ്യം എടുക്കേണ്ടതില്ല. അഭിനന്ദനം വീണ്ടും !
ReplyDeleteസ്ത്രീയ്ക്കായാലും പുരുഷനായാലും സന്തോഷത്തോടെ,അണ ഞ്ഞുപോകാത്ത പ്രേമത്തോടെ
ReplyDeleteദാമ്പത്യജീവിതം അനുഭവിക്കാനാവുന്നത് ഒരു മഹാഭാഗ്യമാണ്.അനുടീച്ചറിന്റെ ജീവിതത്തെപ്പറ്റി
അറിഞ്ഞപ്പോള്‍ വിഷമമായി.സാമ്പത്തികസ്വാതന്ത്ര്യമെങ്കിലും കിട്ടിയല്ലോ എന്നാശ്വസിക്കാം.എന്നല്ല,..പരാശ്രയം ഭയങ്കരമായി പെണ്‍ ജീവിതത്തെ ഇടിച്ചുതാഴ്ത്തുന്നുന്ടു.ജോലി കിട്ടിയത് നന്നായി..
പക്ഷെ അലിവും സ്നേഹവും കരുതലും നിറഞ്ഞ ഒരാളുടെ സാന്നിദ്ധ്യത്തിന് പകരമല്ല ഒന്നും.എന്ത് ചെയ്യാന്‍?
''കുറയും..ഹാ..സഖി,ഭാഗ്യശാലികള്‍...''എന്ന് അനുതാപത്തോടെ....
പ്രസക്തം തന്നെ പോസ്റ്റ്.. അഭിനന്ദനങ്ങൾ.. ഒരുപാട് അനുമാർ നമ്മുടെ ചുറ്റുമുണ്ട്..
ReplyDeleteഎന്റെ ഒരു കൂട്ടുകാരിയുടേത് പ്രണയ വിവാഹമായിരുന്നു.. ഒപ്പം ജോലിചെയ്തിരുന്ന അന്യ മതസ്ഥനെ... കല്യാണത്തിനു മുൻപേ തന്നെ ജോലി രാജി വെപ്പിച്ചു !! നല്ല കഴിവുള്ള കുട്ടിയായ അവളെ ഇങ്ങനെ അടിമയാക്കി വക്കുന്നതുകണ്ട് സഹിക്കാതെ ഞാൻ അവളെ കുറച്ച് ശകാരിച്ചു, ഇത്രയും വിധേയത്വം പാടില്ലെന്നും പറഞ്ഞ്.. അതിനു ശേഷം ഭർത്താവിന്റെ എന്തോ തെറ്റ് ഇവൾ ചൂണ്ടിക്കാട്ടിയപ്പോ എന്നോട് കൂട്ടു കൂടിയിട്ടാന്നും പറഞ്ഞ് വിലക്കിക്കളഞ്ഞു... അവളുടെ എല്ലാ ഫ്രൻസിനേം ഇങ്ങനെ ഒഴിവാക്കി പോലും..!!! ഇപ്പോ എന്താ സ്ഥിതി എന്നുപോലും അറിയില്ല... ഓർക്കുമ്പോ സങ്കടം വരും.. എന്തു കാര്യം?
ഞാൻ ആദ്യമായാണിവിടെ.
ReplyDeleteപോസ്റ്റ് ഇഷ്ടമായി.
ശ്രീ നാഥൻ പറഞ്ഞതു പോലെ ഫെമിനിസ്റ്റ് പോസ്റ്റായി കരുതേണ്ട എന്ന് മുൻ കൂർ ജാമ്യം എടുക്കേണ്ട.
പല ബ്ലോഗുകളും വായിയ്ക്കാറുണ്ടെങ്കിലും കമന്റിടാന്‍ തോന്നാറില്ല. എന്നാല്‍ ഇതു വായിച്ചപ്പോള്‍ എന്തെങ്കിലും പറയേണ്ടിയിരിയ്ക്കുന്നു എന്നു തോന്നുന്നു. പലരും പറഞ്ഞു കേട്ടിട്ടുണ്ടെങ്കിലും എന്താണ് ഈ ഫെമിനിസം എന്ന് എനിയ്ക്കിതേവരെ മനസ്സിലായിട്ടില്ല. ആരെങ്കിലും പറഞ്ഞു തരുമെന്നു കരുതുന്നു.
ReplyDeleteസമൂഹത്തിലെ പുരുഷമേധാവിത്വം ചരിത്രപരമായ പലകാരണങ്ങള്‍ കൊണ്ടുമുണ്ടായതാണ്, ഒപ്പം ജൈവീകമായ പ്രത്യേകതകളും അതിനുണ്ടാകാം. ജീവജാലങ്ങള്‍ക്ക് ഓരോ ധര്‍മ്മങ്ങള്‍ പ്രകൃതി നിശ്ചയിച്ചതനുസരിച്ചാണ് അവയുടെ ശാരീരിക ഘടന ഉണ്ടാക്കപ്പെട്ടത്. തദനുസരണമാണ് സ്ത്രീയും പുരുഷനും നിര്‍മ്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. സ്ത്രീയും പുരുഷനും ഒന്നു ചേരണമെന്നും, പുരുഷന്‍ അവളെ സംരക്ഷിക്കണമെന്നും സ്ത്രീ അവരുടെ വംശം നിലനില്‍ക്കേണ്ട പ്രവര്‍ത്തനങ്ങള്‍ ചെയ്യണമെന്നുമുള്ള നിശ്ചയമാണ് പ്രകൃതി നടത്തിയത്. അതിനനുസരിച്ച് വേണ്ട പ്രത്യേകതകള്‍ അവരുടെ ശരീരത്തിനു നല്‍കി.ആദികാലം മുതലുള്ള ഈ വ്യവസ്ത ക്രമേണ വേരുറച്ച് ഇന്നും നിലനില്‍ക്കുന്നു. ആധുനികയുഗത്തില്‍ ഈ സങ്കല്‍പ്പങ്ങള്‍ക്ക് ഏറെ മാറ്റം വരുകയും സമൂഹത്തില്‍ സ്ത്രീ അവളുടെ പല റോളുകളും പുരുഷനോടപ്പമാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്. എങ്കിലും കുടുംബം എന്ന അടിസ്ഥാന യൂണിറ്റില്‍ തന്റെ പരമ്പരാഗതമായ റോള്‍ തന്നെയാണ് സ്ത്രീ വഹിയ്ക്കുന്നത്. അതു കൊണ്ട് തന്നെ അതു കെട്ടുറപ്പോടെ നിലനിന്നു പോരുകയും ചെയ്യുന്നു. എന്നാല്‍ ഫെമിനിസ്റ്റെന്നു നടിയ്ക്കുന്നവര്‍ സമൂഹത്തിലെ അതേ റോള്‍ കുടുംബത്തിലും പ്രയോഗിയ്ക്കണമെന്നു പറയുമ്പോഴാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലീകരിയ്ക്കപെടുന്നത്. സ്ത്രീ സ്വാതന്ത്ര്യം കുടുംബങ്ങളില്‍ പ്രയോഗിയ്ക്കപെട്ട എല്ലാ സമൂഹങ്ങളിലും അത് സംഭവിച്ചു കഴിഞ്ഞിരിയ്ക്കുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ ചിലയിടത്ത് വിവാഹ നിരക്കിനേക്കാള്‍ കൂടുതലാണ് വിവാഹമോചന നിരക്ക്. ബാംഗ്ലൂര്‍ നഗരത്തില്‍ 20% ആണ് പ്രതിവര്‍ഷ നിരക്ക്. കുടുംബം എന്ന സങ്കല്‍പ്പം സ്വീകാര്യമല്ലെങ്കില്‍ സ്ത്രീകള്‍ക്ക് എല്ലാ സ്വാതന്ത്ര്യവും, എന്തിനുള്ള സ്വാതന്ത്ര്യവും ഉണ്ടാവുന്നതിനെ ഞാന്‍ അനുകൂലിയ്ക്കുന്നു. എന്നാല്‍ കുടുംബജീവിതം ആവശ്യമുണ്ടെങ്കില്‍ ചിലതൊക്കെ അംഗീകരിച്ചേ മതിയാവൂ.
ഇവിടെ എഴുത്തുകാരി രണ്ടു ഉദാഹരണങ്ങള്‍ മുന്നോട്ടു വയ്ക്കുന്നു. ഒന്നു സ്വന്തം കാര്യവും മറ്റേത് കൂട്ടുകാരിയുടെ കാര്യവും. സ്വന്തം കാര്യത്തില്‍ തന്റേടപൂര്‍വം തീരുമാനമെടുക്കുകയും ജീവിതം സന്തോഷകരമാക്കുകയും ചെയ്തു. കൂട്ടുകാരിയ്ക്കാകട്ടെ എല്ലാ അനുകൂല ഘടകവും വിദ്യാഭ്യാസവുമുണ്ടായിട്ടും അതിനു കഴിഞ്ഞില്ല. ഇവിടെ ആരാണ് അവരുടെ പരാജയത്തിന് ഉത്തരവാദി? വേണ്ട തീരുമാനം എടുക്കാനോ നടപ്പാക്കാനോ കഴിയാത്തതില്‍ സമൂഹത്തെ എന്തിനു കുറ്റപ്പെടുത്തണം? നിങ്ങള്‍ രണ്ടു പേരും ഒരേ സമൂഹത്തില്‍ ജീവിയ്ക്കുന്നവരല്ലേ?
ReplyDeleteഓരോ വ്യക്തിയുടെയും കഴിവുകള്‍ വ്യത്യസ്തമാണ്. ചിലര്‍ അവസരങ്ങള്‍ സൃഷ്ടിച്ച് നേട്ടം കൈവരിയ്ക്കുമ്പോള്‍ ചിലര്‍ അതു വരുന്നതും കാത്തു കഴിയുന്നു. അതിനാരെ കുറ്റപെടുത്തും? കൂട്ടുകാരിയുടെ ഭര്‍ത്താവ് അങ്ങനെയായത് വിവിധ ഘടകങ്ങളാല്‍ ആണ്. എത്രയോ നല്ല ഭര്‍ത്താക്കന്മാര്‍ ഉണ്ട്..!
സ്വന്തം കഴിവുകേടുകള്‍ക്ക് സമൂഹത്തെ കുറ്റപെടുത്തുകയല്ല വേണ്ടത്. സ്ത്രീകളെ തരം താണവരായി കരുതുന്ന ചിലരുണ്ട്. എന്നാല്‍ വലിയൊരു വിഭാഗം അവരെ തുല്യരായി കാണുന്നവരുമുണ്ട്. കപടബു.ജി.കളെ പോലെ കപട ഫെമിനിസ്റ്റുകളുടെ വാചക കസര്‍ത്തുകളിലല്ല, പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും ഉറച്ച പാറമേലാണ് നല്ല കുടുംബവും, ഒപ്പം നല്ല സമൂഹവും കെട്ടിപടുക്കേണ്ടത്.
@ബിജു
ReplyDeleteസ്ത്രീയെന്നാൽ എന്തെന്ന് ഒരു പോസ്റ്റിടാൻ വിചാരിക്കുന്നതിനാൽ,കമന്റിന് കുറേയധികം എഴുതാനുണ്ടെങ്കിലും ,ചില കാര്യങ്ങൾ മാത്രം ഇവിടെ കുറിക്കാം..ആദ്യമേ പറയട്ടെ,സ്ത്രീയ്ക്കു വേണ്ടിമാത്രം നിലനിൽക്കുന്ന ഫെമിനിസത്തിലല്ല,മനുഷ്യവംശത്തിനും എല്ലാ ജീവജാലങ്ങൾക്കും വേണ്ടി നിലനിൽക്കുന്ന മാനവികത എന്ന മതത്തിൽ [സ്നേഹമാണതിന്റെ രൂപം] മാത്രം വിശ്വസിക്കുന്ന ഒരാളാണ് ഈ പോസ്റ്റ് ചെയ്തയാൾ. അനു ജനിച്ചുവളർന്ന ചുറ്റുപാടിൽനിന്നും തികച്ചും എതിരായ ഒരു സാഹചര്യത്തിലേയ്ക്ക് പറിച്ചുനടപ്പെട്ടവളാണ്..അവൾ ഫെമിനിസമോ സാമൂഹ്യ പ്രവർത്തനം ചെയ്യാനുള്ള സ്വാതന്ത്ര്യമോ ഒന്നുമല്ല ആഗ്രഹിച്ചത്...അവൾക്ക് അവളുടെ അൽപ്പം ഉയർന്ന ഒരു ബോധമണ്ഡലമുണ്ട്...ചമഞ്ഞൊരുങ്ങിയും പരദൂഷണം പറഞ്ഞും പൈങ്കിളിമാസികളിലും സീരിയലുകളിലും നേരം കൊന്നും സർവ്വ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അംഗീകരിച്ചും ,മറ്റും ഒരു ശരാശരി പെണ്ണായി ജീവിക്കാനവൾ ആഗ്രഹിക്കുന്നില്ല.അതല്ലാതെ ഭർത്താവിനെ ശുശ്രൂഷിക്കില്ലെന്നോ മക്കളെ പോറ്റാനാവില്ലെന്നോ വീട്ടുജോലികൾ ചെയ്യാനാവില്ലേന്നോ ഒന്നുമവൾ പറഞ്ഞില്ല...ഇങ്ങനെ ജീവിതകാലം മുഴുവൻ ഒന്നിച്ചു കഴിയേണ്ട ഒരാളിൽനിന്ന് ഒരല്പം പരിഗണന..മറ്റുള്ളവർ പീഡിപ്പിക്കുമ്പോൾ ഒരൽപ്പം പിന്തുണ ...അതു മാത്രമേ അവൾ ആഗ്രഹിച്ചുള്ളൂ...എന്നിട്ടും സാമ്പത്തിക സ്വയം പര്യാപ്തത കൈവന്നിട്ടും അവൾ വിവാഹബന്ധം വേർപെടുത്തിയില്ല...കുടുംബിനിയായി ഇന്നുമവൾ കഴിയുന്നു...അൽപ്പം സ്വത്വബോധത്തോടെ കഴിയുന്നു എന്നുമാത്രം...
എഴുത്തുകാരിക്ക് ഏറെ നീണ്ടവർഷങ്ങൾ അസഹ്യമായ പീഡനങ്ങളത്രയും ,ജീവിതത്തെ പറ്റി സ്വന്തമായ ഒരു കാഴ്ചപ്പാട് ഉണ്ടായതിന്റെ പേരിൽ, സഹിക്കേണ്ടിവന്നിട്ടുണ്ട്...മാനസികമായും വൈജ്ഞാനികമായും ബൌദ്ധികമായുമൊക്കെ തനിക്ക് ചേരുന്ന,തനിക്കല്പം ബഹുമാനിക്കാൻ മാത്രം ഔന്നത്യമുള്ള സ്വഭാവവിശേഷങ്ങളുള്ള ഒരാളെയേ പങ്കാളിയായി സ്വീകരിക്കൂ,അങ്ങനെ ഒരാളെ കണ്ടെത്തിയില്ലെങ്കിൽ ഒറ്റയ്ക്ക് ജീവിക്കും എന്ന് തീരുമാനിച്ചപ്പോൾ ,സമൂഹത്തിൽ 99% പുരുഷന്മാരും ജീവിതത്തെപ്പറ്റി തികച്ചും യാഥാസ്ഥിതികമായ കാഴ്ചപ്പാടുകൾ മാത്രമുള്ളവരാണെന്ന സത്യം അവൾക്കു മുൻപിലെ വലിയ പ്രശ്നമായിരുന്നു...എങ്കിലും ഏറെ സഹിച്ചിട്ടും അവൾ പിടിച്ചുനിൽക്കുകയും,വൈകിയാണെങ്കിലും മനസ്സിനിണങ്ങിയ ഒരാളെ കണ്ടെത്തുകയും ചെയ്തു...അവളെപ്പോലെ അത്രയും കാക്കാൻ, സമൂഹം വീട്ടുകാർ എന്നിവരുടെ സമ്മർദ്ദങ്ങളെ ചെറുത്തു നിൽക്കാൻ ഒരുവിധം പെൺകുട്ടികൾക്കൊന്നുമാവില്ല..അതാണ് അനുവിനു പറ്റിയത്...
ഈ എഴുത്തുകാരി ഒന്നാന്തരം കുടുംബിനിയാണ്.ആ റോൾ ഏറ്റവും ഭംഗിയായും സന്തോഷത്തോടെയും സംതൃപ്തിയോടെയുമൊക്കെ നിറവേറ്റുന്നതിനൊപ്പമാണവൾ ഇന്നു ചെയ്തു കൊണ്ടിരിക്കുന്നതൊക്കെ ചെയ്യുന്നത്..
കുടുബിനിയായ ഒരു സ്ത്രീയ്ക്ക് അൽപ്പം പോലും അവളുടെ സ്വത്വപ്രകാശനമരുത് എന്ന് എന്തിനീ സമൂഹം വാശി പിടിക്കുന്നു?...അവൾ സമൂഹത്തിന്റെ കൽപ്പനകൾ അനുസരിച്ച് അടിമയായേ കഴിയാൻ പാടുള്ളൂ?ഒരുപക്ഷെ,പുരുഷനേക്കാളും, അവസരം കിട്ടിയാൽ ,എല്ലാ രംഗങ്ങളിലും ഉയരാൻ കഴിവുള്ള സ്ത്രീയ്ക്ക് അവസരങ്ങൾ നൽകിയാൽ അവൾ പിന്നെ തന്റെ ചൊല്പടിക്ക് ദാസിയെപ്പോലെ നിൽക്കില്ലെന്ന പേടികൊണ്ടാണ് ഇത്രമേൽ ശക്തിയായി സ്ത്രീകളെ ആൺകോയ്മയുള്ളയീ സമൂഹം അടിച്ചമർത്തുന്നത്...
കുടുംബം തീർച്ചയായും വിട്ടുവീഴ്ചകൾ കൊണ്ടുമാത്രം നിലനിർത്താനാകുന്ന ഒരു സ്ഥാപനമാണ്..സ്ത്രീകൾ വേണമെങ്കിൽ 70 % വിട്ടുവീഴ്ചകൾ ,പലപ്പോഴും 90% വിട്ടുവീഴ്ചകൾ ചെയ്യാൻ തയ്യാറാകുമ്പോൾ ബാക്കിയെങ്കിലും പുരുഷന്മാർ ചെയ്യേണ്ടേ.....?അവൾക്കും തന്നെപ്പോലെ ഒരു മനസ്സുണ്ടെന്ന് ചിന്തിക്കേണ്ടേ...?അവൾ വെറും മരപ്പാവയോ കല്ലോ ഒന്നുമല്ലല്ലോ,മനുഷ്യജീവി തന്നെയല്ലേ...?
ചായം തേച്ച മുഖത്തിന്റെ അകമ്പടിയോടെ കേള്‍ക്കുമ്പോള്‍ ഞാന്‍ തിരിഞ്ഞു നടക്കാറുള്ള വിഷയമാണിത്..
ReplyDeleteഎന്നാൽ ഈ എഴുത്ത് ഒരു പൊയ് മുഖത്തില്‍ നിന്നാവില്ല എന്നു തോന്നി.അതാണു ഈ കമന്റിനു പിന്നില്‍..
ശരിക്കും എന്താണിപ്പോൽ സ്ത്രീകള്‍ക്ക് പ്രശ്നം? സംവരണമില്ലേ? സമത്വമില്ലേ? സ്വാതന്ത്യമില്ലേ? പലരില്‍ നിന്നും പലപ്പോഴായി
കേട്ടിട്ടിള്ള ഇത്തരം ചോദ്യങ്ങള്‍ക്കു ഞാന്‍ കൊടുക്കാറുള്ള മറുപടി സംവരണം ആദ്യം നമ്മുടെ മനസ്സില്‍ കൊടുക്കൂ എന്നാണ്..
ജീവിത സാഹചര്യങ്ങള്‍ക്കനുസരിച്ച് അനുഭവങ്ങളും വ്യത്യസ്തമാണ്..പുറത്തുപറയാനാവാത്ത മാനസിക,ശാരീരിക പീഡനങ്ങള്‍ പേറുന്നവര്‍
കുടുംബത്തിന്റെ മാനം തന്റെ നാവിന്‍ തുമ്പിലാണെന്നു കരുതി സഹിക്കുന്നവര്‍ എത്രയോ പേരുണ്ട്..
ടോയ് ലറ്റ് സൌകര്യമില്ലാത്തതിനാല്‍ പകല്‍സമയത്ത് പട്ടിണി കിടക്കുന്ന ചേരിപ്രദേശത്തെ സഹോദരിമാരെയും
ടോയ് ലറ്റില്‍ ക്യാമറയെ ഭയക്കേണ്ടിവരുന്ന നഗരയുവതികളേയും ചേര്‍ ത്തുവായിക്കുമ്പോള്‍അടിസ്ഥാനപരമായ പ്രശ്നങ്ങളില്‍ നാമെവിടെ
നിൽക്കുന്നു എന്നു മനസ്സിലാവും.
ചിന്താഗതിയിലും വിദ്യാഭ്യാസനിലവാരത്തിലും മികവു പുലര്‍ ത്തിയിട്ടും അടുക്കളയില്‍ തളയ്ക്കപ്പെടുന്നു എന്നു പരാതി
പറയുന്ന വച്ചും വിളമ്പിയും യന്ത്രമായിപ്പോവുന്നു എന്നു പറയുന്ന സഹോദരിമാരോടും എനിക്കു പറയാനുള്ളത് ആദ്യം
ഒരു സ്ത്രീയാവുക എന്നാണ്.ഭര്‍ത്താവിനോട്, കുടുംബത്തോട്, കുട്ടികളോട് ഒക്കെ അവള്‍ക്കുള്ള കടമകള്‍ ശരിയായി നിറവേറ്റുമ്പോള്‍ അവള്‍ ഒരു സ്ത്രീ എന്ന
നിലയില്‍ വിജയമാകുന്നു.കുടുംബം സമൂഹത്തിന്റെ പരിച്ഛേദം തന്നെ!ആ കുടുംബത്തിന്റെ നട്ടെല്ല് അവള്‍ തന്നെയാണെന്നു അവിടെ തെളിയുന്നു..
ഇനി പുറത്തേക്ക് ഇറങ്ങൂ... അവള്‍ക്കു വേണ്ടി ധാരാളം മേഖലകള്‍ തുറന്നിരിപ്പുണ്ട്.. ധൈര്യമായി ഇറങ്ങിച്ചെല്ലുക.
സാമൂഹിക പങ്കാളിത്തവും സാമ്പത്തികസുരക്ഷിതത്വവും നേടിയെടുക്കുക. ഭീരുവാകാതെ മുന്നേറുക..
മനസ്സും ശരീരവും ഒരു പോലെ ശക്തമാവുന്നത് അനുഭവിച്ചറിയുക..
ആശംസകള്‍.....!
This comment has been removed by the author.
ReplyDeleteപ്രിയ എഴുത്തുകാരി, താങ്കളുടെ ഈ പോസ്റ്റ് ഫേസ്ബുക്കില്‍ ഒരു ചര്‍ച്ചയ്ക്കായി ഇട്ടിട്ടുണ്ട്. താല്പര്യമുണ്ടെങ്കില്‍ അവിടെയും പങ്കെടുക്കൂ.
ReplyDeleteസ്നേഹത്തോടെ.
ഫേസ്ബുക്ക് ലിങ്ക്‍
വായാടി ആണ് നനവിനെ പരിചയപെടുത്തി തന്നത് . താങ്കളുടെ ദര്‍ശനങ്ങളെ അംഗീകരിക്കുന്നു. വായിക്കാന്‍ ഇനിയും വരാം. ആശംസകള്‍.
ReplyDelete