ജനങ്ങൾ ആഗ്രഹിക്കുന്നത് ജൈവ ഉത്പന്നങ്ങൾ മാത്രമാണെന്ന് അടിവരയിട്ടു തെളിയിക്കുന്നതായിരുനു കണ്ണൂർ ജില്ലാ പരിസ്ഥിതിസമിതിയുടെ ആഭിമുഖ്യത്തിൽ മെയ് 27-28 തീയ്യതികളിൽ കണ്ണൂർ സ്റ്റേഡിയം കോർണറിൽ നടന്ന ജൈവോൽപ്പന്ന പ്രദർശനവിപണനമേള...വളരെ ചെറിയ തോതിൽ ,ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്നറിയാനും, ജൈവകൃഷി എന്ന ശരിയായതും 100% ശാസ്ത്രീയമായതുമായ കൃഷിരീതി കൂടുതൽ പ്രചരിപ്പിക്കാനും വേണ്ടിയായിരുന്നു മുഖ്യമായും ഈ സംരംഭം.... വിഷലിപ്തമായ വായു,ജലം ,ആഹാരം,കുടിവെള്ളം എന്നിവമാത്രം നമുക്കേകി,മാരകരോഗങ്ങളും ജനിതകവൈകല്യങ്ങളും നൽകി,മണ്ണിന്റേയും സസ്യങ്ങളുടേയും ആരോഗ്യം ക്രമേണ നശിപ്പിച്ചില്ലാതാക്കി ,കീടങ്ങളെ കൂടുതൽക്കൂടുതൽ ശക്തരാക്കിമാറ്റി അവയെ നേരിടാൻ കൂടുതൽക്കൂടൂതൽ മാരകമായ വിഷങ്ങൾ ഉപയോഗിക്കാന്മാത്രം ശുപാർശചെയ്യുന്ന,വിഷം എന്നത് ആഹാരത്തിലും കുടിവെള്ളത്തിലും കലർത്തരുതാത്ത വസ്തുവാണെന്ന പ്രാഥമികതത്വം മറന്ന്, കോടികൾ കൊയ്യാനെത്തുന്ന കീടനാശിനിക്കമ്പനിക്കാർക്കും അവരുടെ സിൽബന്ധികളായ അധികാരിവർഗ്ഗത്തിനും ,പിന്നെ ഇവരെ ആശ്രയിച്ചു നേട്ടമുണ്ടാക്കുന്ന മരുന്നു കച്ചവടക്കാരെയും അലോപ്പതി ഡോക്ടർമാരെയും ഒക്കെ മാത്രം സഹായിക്കുന്ന ,വിഷലിപ്തമായ ഒരു ലോകസൃഷ്ടിക്കായി പ്രവർത്തിക്കുന്ന എല്ലാവർക്കുമെതിരെ വിഷവിമുക്തലോകം എന്ന മുദ്രാവാക്യമുയർത്തിക്കൊണ്ട് നടത്തിയ ഈ മേള ഒരു തുടക്കം മാത്രമായിരുന്നു.വരുംനാളുകളിൽ ഈ മേഖലയിൽ അതിശക്തമായ മുന്നേറ്റമാണ് പരിസ്ഥിതിസമിതി നടത്താൻ പോകുന്നത്..
കണ്ണൂരിലെ പ്രമുഖ പ്രകൃതിജീവനക്കാരിയും പ്രകൃതിപാചകവിദഗ്ധയുമായ വസന്തേച്ചിക്ക് ചക്ക നൽകിക്കൊണ്ട് പ്രമുഖ ഗാന്ധിയനായ അപ്പേട്ടൻ [അപ്പനായർ] മേള ഉദ്ഘാടനം ചെയ്തു.
ചില ദൃശ്യങ്ങൾ
രണ്ടു ദിവസങ്ങളിലായി നടന്ന മേളയിൽ ജൈവകർഷകരായ കണ്ണേട്ടൻ, ഹരിആശ,കൃഷ്ണൻ മാസ്റ്റർ,ഹാഷിം ,രവീന്ദ്രന്മാസ്റ്റർ, തുടങ്ങിയവർ ഉൽപ്പന്നങ്ങൾ എത്തിച്ചു.അരി,തവിട് ,വെള്ളരി, നരയൻ കുമ്പളം,വെണ്ട,ചോളം, പലതരം ചീരകൾ തുടങ്ങിയ പച്ചക്കറികൾ,തേങ്ങ, ചക്ക കൈതച്ചക്ക ,ഔഷധമായും ഉപയോഗിക്കാവുന്ന ആഹാരസസ്യങ്ങൾ,തേൻ, പച്ചക്കറി വിത്തുകൾ, കുറ്റ്യാട്ടൂർ മാങ്ങാവിത്ത്, ചോളം,എള്ള്,കുരുമുളക്, കപ്പ, പച്ചക്കറിവിത്തുകൾ,ജൈവകീടനാശിനിയായ ചെണ്ടുമല്ലി [ബന്തി] വിത്ത്, ഇളനീർ,തുണിസഞ്ചി തുടങ്ങി നിരവധി ഉൽപ്പന്നങ്ങൾ മേളയിൽ അണിനിരന്നിരുന്നു.ജൈവകൃഷി ക്ലാസ്സുകളും ഉണ്ടായിരുന്നു...തനിയ്ക്ക് ജൈവകീടനാശിനിപോലും ഉപയോഗിയ്ക്കേണ്ടി വരാറില്ലെന്നാണ് കണ്ണേട്ടൻ സാക്ഷ്യപ്പെടുത്തുന്നത്...ജൈവകൃഷി ഒരു ഫാഷനായിമാത്രമേ നടത്താനാകൂ എന്ന് ഇന്നും വാദിക്കുന്നവർക്കുള്ള മറുപടി കൂടിയാണ് മേളയിലെ ഉൽപ്പന്നങ്ങൾ 
ബഹു, മന്ത്രി മേള വീക്ഷിക്കുന്നു
.
നല്ല കുമ്പളങ്ങ,ഒരെണ്ണം വാങ്ങിയാലോ...
25 രൂപ തന്ന് ബഹു. മന്ത്രി ഒരു കുമ്പളങ്ങ വാങ്ങി.75 രൂപ സംഭാവനയും തന്നു.
ബഹു.മന്ത്രി മേളയിൽ സംസാരിയ്ക്കുന്നു
.സന്ദർശകഡയറിയിലെ മന്ത്രിയുടെ കുറിപ്പ്
കേരളത്തിലെ പ്രമുഖ ജൈവ കൃഷി വിദഗ്ധനും, ഒരേഭൂമി ഒരേ ജീവൻ മാസികയുടെ പത്രാധിപരുമായ ശ്രീ. കെ.വി. ശിവപ്രസാദ് മാസ്റ്റർ ക്ലാസ്സെടുക്കുന്നു
മേളയിലെ തിരക്ക്..ചില ദൃശ്യങ്ങൾ.
ജനങ്ങളുടെ പ്രതികരണം അത്ഭുതകരമായിരുന്നു..സാധനങ്ങൾ പെട്ടെന്ന് തീർന്നു..ഒരുപാടുപേരെ മടക്കേണ്ടിവന്നു..ആഴ്ച്ചച്ചന്ത തുടങ്ങിക്കൂടെ മാസത്തിലൊരു ചന്ത നടത്തിക്കൂടെ എന്നിങ്ങനെയായിരുന്നു പ്രതികരണങ്ങൾ...ഓണത്തിനു ശേഷം ഞങ്ങൾ ആ വഴിയ്ക്ക് ശ്രമിയ്ക്കുന്നുണ്ട്...വിഷവിമുക്തമായ ഒരു ലോകത്തിനായി, വിഷം സമ്മാനിയ്ക്കുന്ന ബുദ്ധിമാന്ദ്യവും മാരകരോഗങ്ങളും ജനിതകവൈകല്യങ്ങളും ഒന്നുമില്ലാതെ പുഞ്ചിതൂകി ഓടിച്ചാടിക്കളിയ്ക്കുന്ന കുഞ്ഞുങ്ങളുള്ള ഒരു ലോകത്തിനായുള്ള വലിയ ഒരു പോരാട്ടമാണിത്..എല്ലാവരും പങ്കാളികളാകേണ്ട ഒരു അതിമഹത്തായ പോരാട്ടം..